പാലക്കാട്: ഭക്ഷണത്തിനായി ജനവാസമേഖലയിലെത്തിയ ഗർഭിണിയായ പിടിയാന പടക്കം നിറച്ച കൈതച്ചക്ക തിന്ന് ദാരുണമായി ചെരിഞ്ഞ സംഭവത്തിൽ പ്രതിഷേധവും രോഷവും ശക്തമാകുന്നു.
മണ്ണാർക്കാട് തിരുവിഴാംകുന്നിലാണ് വായിലിരുന്നു പടക്കം പൊട്ടി മുറിവേറ്റ കാട്ടാന ചരിഞ്ഞത്. പടക്കം ഉള്ളിൽ വച്ചുകൊടുത്ത പൈനാപ്പിൾ കടിച്ചപ്പോൾ പടക്കംപൊട്ടി ഗുരുതരാവസ്ഥയിലായാണ് ആന ചെരിഞ്ഞതെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് സോഷ്യൽ മീഡിയയിലടക്കം സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധമുയർന്നത്.
ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീം, ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അനുഷ്ക ശർമ, ജോൺ ഏബ്രഹാം, ടൈഗർ ഷ്രെഫ്, വരുൺ ധവാൻ,രൺദീപ് ഹുഡ, ആദിത്യ ഷെട്ടി എന്നിവർ രംഗത്തെത്തി.
മണ്ണാർക്കാട് തിരുവിഴാംകുന്ന് അന്പലപ്പാറയിലാണ് വായിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്നു കരുതുന്ന മുറിവുകളോടെ കാട്ടാനയെ കണ്ടത്. സൈലന്റ് വാലി വനമേഖലയിൽനിന്നു പുറത്തിറങ്ങിയ 15 വയസ് തോന്നിക്കുന്ന ആനയാണ് കഴിഞ്ഞ 27 നു ചരിഞ്ഞത്. പിടിയാന ഭക്ഷണം കഴിക്കുന്നതിനിടയിൽ വായിൽ വച്ചു പടക്കമോ മറ്റോ പൊട്ടിത്തെറിച്ചതാകാം അതീവ ഗുരുതരമായി പരിക്കേൽക്കാൻ കാരണമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ തെളിഞ്ഞത്.
വായുടെ ഒരു ഭാഗവും നാവും ചിതറിപ്പോയിരുന്നു. അതിരൂക്ഷമായ വേദനയോടെ ആന ദിവസങ്ങളോളം ഒന്നും കഴിക്കാനാകാതെ ഓടിനടന്നിരുന്നു. വ്രണങ്ങളിൽ പുഴുവും ഈച്ചയുമായി നദിയിൽ ഇറങ്ങി വായ് വെള്ളത്തിൽ താഴ്ത്തിയാണ് ആന നിന്നിരുന്നത്. അവശനിലയിലായ ആനയെ രക്ഷിക്കാൻ വനംവകുപ്പ് രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. രണ്ടു കുങ്കിയാനകളെ എത്തിച്ചു രക്ഷിക്കാൻ പരിശ്രമിച്ചെങ്കിലും പിടിയാന വെള്ളത്തിൽനിന്നും കയറാൻ കൂട്ടാക്കിയില്ല. ഒടുവിൽ നിന്നനില്പിൽ ചരിഞ്ഞു.
പിടിയാന ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെ ആനയെ മരണത്തിലേക്കു തള്ളിവിട്ടവർക്കെതിരെ കർശന നടപടി വേണമെന്നു വ്യാപക ആവശ്യമുയർന്നിട്ടുണ്ട്. ആനയുടെ വയറ്റിൽനിന്നും കിട്ടിയ കുട്ടിയുടെ ചിത്രമെന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ ചിത്രവും പ്രചരിക്കുന്നുണ്ട്. ഈ ചിത്രം യഥാർഥ ചിത്രംതന്നെയാണ്.
ശ്വാസകോശത്തിൽ വെള്ളം കയറി മരണം
ശ്വാസകോശത്തിൽ വെള്ളം കയറിയതിനാലാണ് ആന ചെരിഞ്ഞതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന ഗർഭിണിയാണെന്നും റിപ്പോർട്ടിൽ വ്യക്തമായി.
പടക്കം പൊട്ടി ആനയുടെ വായ്ഭാഗം പൂർണമായും തകർന്നിരുന്നുവെന്നു കാട്ടാനയെ പോസ്റ്റ്മോർട്ടം ചെയ്ത തൃശൂരിലെ ഫോറസ്റ്റ് സർജൻ ഡോ.ഡേവിഡ് ഏബ്രഹാം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.