കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്തു വീട്ടമ്മയെ കൊലപ്പെടുത്തുകയും ഭർത്താവിനെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി കസ്റ്റഡിയിൽ. കൊല്ലപ്പെട്ട ഷീബയുടെയും ആക്രമിക്കപ്പെട്ട സാലിയുടെയും ബന്ധുവും സാന്പത്തിക ഇടപാടുകാരനുമായിരുന്ന കുമരകം ചെങ്ങളം സ്വദേശിയാണ് പോലീസിന്റെ പിടിയിലായത്.
ദീർഘനാളായി ഇവർ തമ്മിൽ സാന്പത്തിക ഇടപാടുകൾ നടത്തിവരികയായിരുന്നു. സാന്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.
മോഷണം പോയ കാറിനെപ്പറ്റി അന്വേഷണസംഘത്തിനു വ്യക്തമായ സൂചന ലഭിച്ചതോടെയാണു പ്രതി വലയിലായത്. കോട്ടയം - ആലപ്പുഴ ജില്ലാതിർത്തിയിലെ പെട്രോൾ പന്പിൽനിന്നു കാറിന്റെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
ബന്ധുക്കളുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ ഒരു യുവാവിനെ നാട്ടിൽ കാണാനില്ലെന്നു ബന്ധുക്കൾതന്നെ പോലീസിനോടു സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് ഇയാളെ തേടി പോലീസ് തെരച്ചിൽ തുടങ്ങിയത്. ഇയാളാണ് ഇപ്പോൾ കസ്റ്റഡിയിൽ ആയിരിക്കുന്നത്.
പാറപ്പാടം ഷീബ മൻസിലിൽ ഷീബ (60)യാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ എം.എ. അബ്ദുൾ സാലിയു(65)ടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. വീട്ടിൽനിന്നു കടത്തിയ കാർ എറണാകുളം ഭാഗത്തേക്കു പോയതായി ആദ്യം പോലീസിനു സൂചന ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണു ജില്ലയ്ക്കു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചത്.
മുൻവാതിൽ വഴി
വീടിന്റെ മുൻ വാതിലിലൂടെയാണു പ്രതി ഉള്ളിൽ കടന്നതെന്നു പോലീസ് ഉറപ്പിക്കുന്നു. മോഷണം മാത്രമാണ് ലക്ഷ്യമെങ്കിൽ വീട്ടുകാരെ ആക്രമിച്ചു വീഴ്ത്തിയ ശേഷം കവർച്ച നടത്തി എത്രയും വേഗം രക്ഷപ്പെടാനാണ് സാധാരണ ശ്രമിക്കുക. വീടിന്റെ വാതിലുകൾ അടച്ചു പൂട്ടാനോ മരണം ഉറപ്പാക്കാനോ കാത്തു നിൽക്കുകയില്ലെന്നു പോലീസ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.
എറണാകുളം, ആലപ്പുഴ, തലയോലപ്പറന്പ് കേന്ദ്രീകരിച്ചു സാന്പത്തിക ഇടപാടുകളെപ്പറ്റിയും പോലീസ് അന്വേഷിക്കുന്നു. കുമരകം ഭാഗത്തുകൂടി വൈക്കത്തേക്കു കാർ എത്തിയതു കണക്കിലെടുത്ത് എറണാകുളം, ആലപ്പുഴ ജില്ലകളിൽവാഹനത്തിനായി പരിശോധന നടത്തിയിരുന്നു.
കുടുംബവുമായി ബന്ധമുള്ള എട്ടു പേരെ ഇതിനോടകംതന്നെ പോലീസ് വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. ഇവരുടെ വീട്ടിൽ സ്ഥിരമായി എത്തിയിരുന്നവരെയാണു പോലീസ് ചോദ്യം ചെയ്തത്. ഇന്നലെ കൊലപാതകം നടന്ന വീടും പരിസരവും പോലീസ് വീണ്ടും പരിശോധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.