തിരുവനന്തപുരം: പരിസ്ഥിതിക്കു കോട്ടം തട്ടാത്ത തരത്തിലുള്ള സുസ്ഥിര വികസന മാതൃകയാണു കാലഘട്ടത്തിന്റെ ആവശ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു മുന്നിൽ കണ്ടുകൊണ്ടാണു തുടക്കം മുതൽ സർക്കാർ ഇടപെടുന്നതെന്നും പ്രളയാനന്തര നവകേരള നിർമാണത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതിയുടെ സ്വാഭാവിക നിലനിൽപ്പുകളെ മാനിച്ചുകൊണ്ടുമുള്ള വികസന സമീപനത്തിനു സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും ലോക പരിസ്ഥിതി ദിനം പ്രമാണിച്ചു പ്രസിദ്ധീകരണത്തിനു നൽകിയ ലേഖനത്തിൽ അദ്ദേഹം പറഞ്ഞു.
ജൈവ വൈവിധ്യമാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ സന്ദേശമായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്തത്. ജൈവ വൈവിധ്യത്തിന്റെ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിന്റെ അനിവാര്യതയാണ്. മനുഷ്യന്റെ ഇടപെടലിൽ ജൈവവൈവിധ്യങ്ങൾക്കു നാശനഷ്ടം വരുന്നു എന്നത് വസ്തുതയാണ്. അതിവർഷം, ആഗോളതാപനം, സമുദ്രങ്ങളുടെ മലിനീകരണം, മരുഭൂമിവൽക്കരണം, കൊടും വരൾച്ച- ഇങ്ങനെ അനേകം പ്രതിസന്ധികളെ ലോകം ഇന്ന് അഭിമുഖീകരിക്കുന്നു.
ഇത്തരമൊരു അവസ്ഥയിൽ നമ്മുടെ പച്ചപ്പും ജൈവ വൈവിധ്യവും എങ്ങനെ സംരക്ഷിക്കാം എന്നതാണ് മുന്നിലുള്ള പ്രധാന പ്രശ്നം. വരും തലമുറകൾക്കു വേണ്ടി കൂടിയുള്ളതാണ് ഭൂമി. ശ്വസിക്കാൻ ശുദ്ധവായുവും കുടിക്കാൻ തെളിനീരും കഴിക്കാൻ പോഷകസമൃദ്ധിയുള്ള ഭക്ഷണവും ഉറപ്പാക്കുന്നതിനു കൂടിയാവണം നമ്മുടെ ശ്രമങ്ങൾ.
ജൈവവൈവിധ്യ സംരക്ഷണത്തിന്റ അനിവാര്യത ഉദ്ഘോഷിക്കുന്നതിനൊപ്പം പ്രകൃതിയെ തകർക്കുന്ന പ്രവണതകൾക്കെതിരായ അവബോധമുണർത്തുന്നതു കൂടിയാണ് പരിസ്ഥിതി ദിനാചരണം. കേരളത്തിന്റെ ഹരിതകേരളം മിഷൻ അത്തരമൊരു മുൻകൈയാണ്. കേരളത്തിന്റെ സവിശേഷതകളായി പ്രകീർത്തിക്കപ്പെട്ടിരുന്ന വൃത്തിയും ജല സമൃദ്ധിയും വീണ്ടെ ടുക്കുക, സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം വർധിപ്പിക്കുക എന്നിവയാണ് ഹരിത കേരളം മിഷന്റെ മുഖ്യ ലക്ഷ്യങ്ങളെന്ന് അതിന്റെ മാർഗരേഖ വ്യക്തമാക്കുന്നു. ഭൂമിയും മണ്ണും വായുവും ജലവും മലിനമാക്കാതെ വികസന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്ന സുസ്ഥിര വികസന പരിപ്രേക്ഷ്യം കേരളത്തിന്റെ പാരിസ്ഥിതിക സമനില വീണ്ടെ ടുക്കുന്നതിൽ ഏറ്റവും പ്രധാനമാണ്.
പരിസ്ഥിതിയും ജീവജാലങ്ങളും തമ്മിലുള്ള സ്വാഭാവിക ബന്ധത്തെ ചൈതന്യവത്താക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനം പോലെയുള്ള വെല്ലുവിളികൾ നേരിടുന്നതിനുള്ള പ്രാദേശിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതും ഫലവൃക്ഷങ്ങൾ, വിവിധോദ്ദേശ്യ വൃക്ഷങ്ങൾ, ഒൗഷധ സസ്യങ്ങൾ എന്നിവ വെച്ചുപിടിപ്പിക്കുന്നതും ഹരിത കേരളം മിഷന്റെ ലക്ഷ്യങ്ങളിൽ പെടുന്നു. 2016-17ൽ 86 ലക്ഷം വൃക്ഷത്തൈകൾ ഇങ്ങനെ കേരളത്തിൽ നട്ടു. തുടർന്നുള്ള വർഷങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നടുന്ന പദ്ധതി നടപ്പാക്കി.
തുടർച്ചയായ രണ്ടു വർഷങ്ങളിലെ പ്രളയം തൈകളുടെ നിലനിൽപ്പിനെ സാരമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് വൃക്ഷവത്കരണ പ്രവർത്തനങ്ങളെ സ്ഥായിയാക്കുന്നതിനും കൃത്യമായ തുടർപ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയോ സന്നദ്ധ സംഘടനകളുടെയോ പൊതു സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ നേതൃത്വത്തിൽ ഭൂമി കണ്ടെ ത്തി, തദ്ദേശീയമായ ജൈവ വൈവിദ്ധ്യം സംരക്ഷിക്കാൻ ഉതകുന്ന വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയും ജൈവ വേലിയടക്കം സ്ഥാപിച്ച് പരിപാലിക്കുകയും ചെയ്യുന്നതാണ് പച്ചത്തുരുത്ത്.
ഈ വർഷം ഒരുകോടി ഒമ്പതു ലക്ഷം വൃക്ഷത്തൈകൾ നട്ടാണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നത്. ജൂണ് അഞ്ചിന് 81 ലക്ഷം തൈകൾ നടും. ജൂലൈ ഒന്നുമുതൽ 27 വരെയുള്ള ദിവസങ്ങളിൽ 28 ലക്ഷം തൈകൾ നടും. കൃഷിവകുപ്പും വനംവകുപ്പും ചേർന്നാണ് തൈകൾ തയ്യാറാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ 12 ലക്ഷം തൈകൾ ഒരുക്കി. പ്ലാവ്, മാവ്, മുരിങ്ങ, കറിവേപ്പ്, റംബൂട്ടാൻ, മാങ്കോസ്റ്റിൻ, ഓറഞ്ച് തുടങ്ങിയവയുടെ തൈകളാണ് വിതരണത്തിന് തയാറാക്കിയിട്ടുള്ളത്. ’ഭൂമിക്ക് കുടചൂടാൻ ഒരുകോടി മരങ്ങൾ’ എന്ന ശീർഷകത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
കോവിഡനന്തര കേരളം ഭക്ഷ്യസുരക്ഷയിൽ പിന്നാക്കം പോകരുത് എന്ന കാഴ്ചപ്പാടാണ് സുഭിക്ഷ കേരളം പദ്ധതിയിലേക്ക് സർക്കാരിനെ നയിച്ചത്. ഈ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരളത്തിന്റെ മണ്ണിലേക്ക് ഇറങ്ങുന്ന ഒരുകോടി വൃക്ഷവേരുകൾ നമ്മുടെ നല്ല നാളേക്കുള്ള ഉറപ്പാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.