കുവൈത്ത് സിറ്റി : കൊവിഡ് നിയന്ത്രണ വിധേയമായി വരുന്ന രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾക്ക് നേരിയ ഇളവ് വന്നതോടെ ഭാഗിക കർഫ്യൂ പ്രദേശങ്ങളിൽ ജനജീവിതം സാധാരണ നിലയിലായി തുടങ്ങി. സാധാരണ ജീവിതത്തിലേക്ക് കരുതലുകളോടെയാണ് രാജ്യം പോകുന്നത്. മാസ്കും കൈയുറകളും ധരിച്ചു നടക്കുന്നവർ എവിടെയും സ്ഥിരം കാഴ്ചകളാണ്.
റോഡുകളിൽ കർഫ്യൂ ഇളവ് സമയത്തിൽ തിരക്കേറി. ശൂന്യമായിക്കിടന്നിരുന്ന പാർക്കിംഗ് ഏരിയകളിൽ വാഹനങ്ങളുടെ ഇരന്പലും എണ്ണവും പെരുകിത്തുടങ്ങിട്ടുണ്ട്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളുൾപ്പെടെ കൂടുതൽ സ്ഥാപനങ്ങൾ തുറന്നു. പൊതുഗതാഗതം, ബാർബർഷോപ്പുകൾ, മാളുകൾ, സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവ ഒഴിച്ചാൽ പ്രധാനമാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും സാധാരണ നിലയിൽ പ്രവർത്തിച്ചുതുടങ്ങി. കടകളുടെ പ്രവർത്തന സമയം രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ്. ബാങ്കുകളും ഭാഗികമായി പ്രവർത്തനമാരംഭിച്ചു. രാവിലെ ഒന്‍പത് മുതൽ ഒരുമണി വരെയാണ് പ്രവർത്തന സമയം. ലോക്കൽ മണി ട്രാൻസ്ഫർ, ഇൻറർനാഷനൽ ട്രാൻസ്ഫർ, എടിഎം മെഷീൻ തുടങ്ങി ബാങ്കിംഗ് സേവനങ്ങളും ഓണ്‍ലൈൻ ഇടപാടുകളും ബ്രാഞ്ചുകളിൽ ലഭ്യമാകും.
മണി എക്സ്ചേഞ്ച് കന്പനികളുടെ മുന്നിലും നീണ്ട ക്യൂവുകളായിരുന്നു. കർശനമായ ആരോഗ്യ മാർഗ നിർദ്ദേശങ്ങൾ പാലിച്ചാണ് ഉപഭോക്താക്കൾ നീണ്ട നിരയിൽ കാത്തിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതോടൊപ്പം താപ നിലയും പരിശോധിക്കുന്നുണ്ട്. അതിനിടെ രാജ്യത്തെ പണമയയ്ക്കൽ 90 ശതമാനം വരെ വർധിച്ചതായി ബാങ്കിംഗ് വൃത്തങ്ങൾ പറഞ്ഞു. റെസിഡൻഷ്യൽ ഏരിയകളിലെ 908 പള്ളികൾ കർശന നിയന്ത്രണങ്ങളോടെ തുറന്ന് കൊടുക്കും. പ്രാർഥനക്ക് വരുന്ന വിശ്വാസികൾ തമ്മിൽ രണ്ടു മീറ്റർ അകലം പാലിക്കണം. പള്ളികളിൽ നമസ്കാര സമയത്ത് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. രോഗികൾ, കുട്ടികൾ, വയോധികർ എന്നിവരെ പ്രവേശിപ്പിക്കില്ല.
റിപ്പോർട്ട്: സലിം കോട്ടയിൽ