കുവൈത്ത് സിറ്റി: കേരളത്തിലേക്ക് പ്രവാസികൾ എത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തയച്ചതായ കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ പ്രവാസികളെ കൊലയ്ക്ക് കൊടുക്കുന്ന നിലാപാടാണെന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. തക്കം കിട്ടുന്പോഴൊക്കെ പ്രസ്താവനകളിലൂടെ പ്രലോഹിപപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന ഇടതു പക്ഷ സർക്കാറിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വെളിവായതെന്നും കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാന്പ്രയും വാർത്താകുറിപ്പിൽ പറഞ്ഞു.
ഗൾഫ് നാടുകളിലെ ലോക്ഡൗണ്‍ കാരണം പാവപ്പെട്ട പ്രവാസികൾ അവരുടെ ജോലി നഷ്ടപ്പെട്ട്, വേതനമില്ലാതെ, ഭക്ഷണത്തിനോ താമസ വാടകയ്ക്കോ പണമില്ലാതെ, പത്തും പതിനഞ്ചും പേരുള്ള മുറികളിൽ ഏതു നിമിഷവും കൊവിഡ് ബാധയേൽക്കാമെന്ന ഭയത്താൽ പ്രയാസപ്പെടുന്പോൾ അത് കണ്ടില്ലെന്ന് നടിക്കുന്നത് മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമാണ്.
പ്രവാസികളെ സഹായിക്കാൻ ഉത്തരവാദിത്വപ്പെട്ട ഇരു സർക്കാറുകളും അതിനു മടിക്കുന്പോൾ കെ.എം.സി.സി. പോലുള്ള സന്നദ്ധ സംഘടനകൾ വിമാന ചാർട്ട് ചെയ്ത് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികളെല്ലാം പൂർത്തീകരിച്ച് അന്തിമ ഘട്ടത്തിലെത്തിയപ്പോൾ അതിനും തുരങ്കംവയ്ക്കുന്ന സംസ്ഥാന സർക്കാർ നിലപാട് വഞ്ചനാപരമാണെന്നും കുവൈത്ത് കെഎംസിസി നേതാക്കൾ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ