കുവൈത്ത്: ഗർഭിണികളായ ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്
അടിയന്തിരമായ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യ മന്ത്രാലയത്തിനും, ജിസിസി രാജ്യങ്ങളിലെ അംബാസഡർമാർക്കും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം നിവേദനം സമർപ്പിച്ചു.
വൈദ്യസഹായത്തിനും പരിചരണത്തിനുമായി സ്വന്തം നാട്ടിലേക്ക് വരാൻ തയാറായിട്ടും,
ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഗർഭിണികളായ സ്ത്രീകളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചു കൊണ്ടിരിക്കുന്നതിനാലാണ് , പ്രവാസി ലീഗൽ സെൽ ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ ഉന്നയിച്ചു കൊണ്ട് നിവേദനം സമർപ്പിച്ചത്.
സൗദി അറേബ്യയിൽ നിന്ന് ഗർഭിണികളായ മെഡിക്കൽ പ്രൊഫഷണലുകളെ തിരികെ കൊണ്ടുവന്നതിന്
സുപ്രീം കോടതിയിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം സമർപ്പിച്ച ഹർജിയിൽ -സനീഷ തോമസ് & ഓർസ്വി. യൂണിയൻ ഓഫ് ഇന്ത്യ, (ഡയറി നന്പർ 11045/2020) പ്രവാസികളെ സ്വദേശത്തേക്കു മടക്കി കൊണ്ടുവരുന്ന പ്രക്രിയയിൽ ഗർഭാവസ്ഥയുടെ ഘട്ടാടിസ്ഥാനത്തിൽ ഉയർന്ന മുൻഗണന നൽകാൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കുന്ന കോടതി ഉത്തരവും നിവേദനത്തൊടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
പ്രവാസി ലീഗൽ സെൽ സമർപ്പിച്ച നിവേദനം പരിഗണിച്ചു കൊണ്ട്, വിദേശ കാര്യ മന്ത്രാലയവും, അംബാസഡർമാരും, നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഗർഭിണികളായ ഇന്ത്യൻ സ്ത്രീകൾക്ക് ആശ്വാസം പകരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ കുവൈറ്റ് കണ്ട്രി ഹെഡ് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫനും പത്രക്കുറിപ്പിൽ അറിയിച്ചു.