റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ ഒട്ടുമിക്ക മേഖലകളും സ്തംഭിച്ചിരിക്കുന്ന അവസ്ഥയിൽ കേരള സർക്കാരിന്റെ വിദ്യാഭാസ മേഖലയിലെ ധീരമായ നടപടികളെ താറടിച്ചു കാണിക്കാൻ ഓണലൈൻ അധ്യാപികമാരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച സാമൂഹ്യ വിരുദ്ധർക്ക് എതിരെ കേരളാ പോലീസ് കൈക്കൊണ്ട നടപടികൾ സ്വാഗതം ചെയ്യുന്നതായി കേളി കലാസാംസ്കാരിക വേദി.
കേരളത്തിൽ പുതിയ അദ്ധ്യയനവർഷം ആരംഭിക്കുന്ന ജൂണ്‍ ഒന്നിന് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ടിവി-ഓണ്‍ലൈൻ അധ്യാപനം കേരള സമൂഹം, വിശിഷ്യാ കുട്ടികളും അവരുടെ രക്ഷിതാക്കളും, രണ്ടുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. എന്നാൽ നൂതനമായ ഇത്തരം വിദൂര ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരെ പ്രത്യേകിച്ചും അധ്യാപികമാരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കാനും അവഹേളിക്കാനുമുള്ള ശ്രമങ്ങൾ നിന്ദ്യവും അത്യന്തം അപലപനീയവുമാണ്.
അധ്യാപകരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ച ഇത്തരം സാമൂഹ്യ വിരുദ്ധർക്കെതിരേ ശക്തമായ നിയമനടപടികൾ കൈക്കൊള്ളണമെന്നും നൂതന മാർഗ്ഗങ്ങളിലൂടെ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരിശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും കേളി സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.