റിയാദ് : പ്രവാസികളുടെ മടക്കം കേന്ദ്ര-കേരള സർക്കാരുകളുടെ സമീപനം തിരുത്തണമെന്ന് ആർഐസിസി പ്രവർത്തകസമിതി ഓണ്ലൈൻ യോഗം ആവശ്യപ്പെട്ടു. കൊറോണ മഹാമാരിയിൽ വിദേശ രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിൽ കേന്ദ്ര-കേരള സർക്കാരുകൾ പരസ്പരം പഴിചാരുകയാണ്. പരസ്പര വിരുദ്ധമായ പ്രസ്താവനകളും രാഷ്ട്രീയ പകപോക്കലും വിദേശ രാജ്യങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് പ്രവാസികളെയും ബന്ധുക്കളെയുമാണ് ആശങ്കയിലാക്കുന്നത്.
ജോലി നഷ്ടപ്പെട്ടവർ, ഗർഭിണികൾ, വിദ്യാർഥികൾ, മാറാരോഗങ്ങൾ ബാധിച്ചവർ, സന്ദർശക വിസയിൽ എത്തിയവർ, അടുത്ത കുടുംബാംഗങ്ങൾ മരണപ്പെട്ടവർ, ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാൻ ഇരുന്നവർ തുടങ്ങി നാലു ലക്ഷത്തോളം മലയാളികളാണ് ഗൾഫ് രാജ്യങ്ങളിൽ സർക്കാരുകളുടെ കനിവ് കാത്തിരിക്കുന്നത്. ഒന്നും രണ്ടും ഘട്ടങ്ങളിൽ രജിസ്റ്റർ ചെയ്ത പ്രവാസികളുടെ പത്ത് ശതമാനത്തിൽ താഴെ മാത്രം പ്രവാസികൾക്കാണ് നാട്ടിലേക്ക് യാത്രാ സൗകര്യം ലഭിച്ചത്. കൂടുതൽ വിമാനങ്ങൾ അനുവദിച്ചും ചാർട്ടേഡ് ഫ്ളൈറ്റുകൾക്ക് അനുമതി നൽകിയും നാട്ടിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്ന മുഴുവൻ മലയാളികളെയും എത്രയും വേഗം നാട്ടിലെത്തിക്കണം.
അപ്രായോഗിക നിബന്ധനകൾ വച്ചു ചാർട്ടഡ് ഫ്ളൈറ്റുകളുടെ അനുമതി തടയുന്ന കേരള സർക്കാർ സമീപനം പ്രതിഷേധാർഹമാണ്. പ്രതിസന്ധിയിൽ അകപ്പെട്ട പ്രവാസികളാണ് നാട്ടിലേക്ക് പോകുന്നതിൽ ബഹുഭൂരിപക്ഷവും അത്കൊണ്ട് തന്നെ വിമാന ടിക്കറ്റുകൾ സൗജന്യമായി ലഭ്യമാക്കണം. ക്വറന്ൈറൻ സൗകര്യങ്ങളും സൗജന്യമാക്കാൻ സർക്കാരുകൾ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
ഗൾഫ് നാടുകളിൽ 160 ഇൽ അധികം പ്രവാസി മലയാളികളാണ് കൊറോണ ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ മാത്രം മരണമടഞ്ഞത്. ഇപ്പോഴും നിരവധി മലയാളികൾ ഗുരുതരാവസ്ഥയിലാണ്. കൊറോണ ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് അടിയന്തിരമായി പത്ത് ലക്ഷം ധനസഹായം നൽകണം. ഗൾഫ് നാടുകളിൽ ഉള്ള പ്രവാസികൾക്ക് ചികിത്സ, ഭക്ഷണം, താമസം, ക്വറന്ൈറൻ സൗകര്യങ്ങൾ, ആബുലൻസ് സൗകര്യം എന്നിവ ലഭ്യമാക്കാൻ നോർക്കയും എംബസി-കോസുലേറ്റുകളും തയ്യാറാവണം. കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് അർഹരായ മുഴുവൻ ആളുകൾക്കും ലഭ്യമാക്കാൻ സംവിധാനം ഉണ്ടാവണം. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് പുനരധിവാസ പദ്ധതികൾ അടിയന്തിരമായി പ്രഖ്യാപിക്കാനും സർക്കാരുകൾ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
രാജ്യത്തെ സാന്പത്തിക രംഗത്ത് നിർണായക പങ്ക് വഹിക്കുന്ന പ്രവാസികളെ ദുരന്ത മുഖത്ത് അനാഥമാക്കുന്ന നടപടി പ്രതിഷേധാർഹമാണ്, ഈ നടപടിക്കെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധം രേഖപ്പെടുത്തിയത് അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ഇടയാക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
യോഗത്തിൽ അഷ്റഫ് രാമനാട്ടുകര അധ്യക്ഷത വഹിച്ചു. അഡ്വ: ഹബീബ് റഹ്മാൻ, ശിഹാബ് അലി, അബ്ദുൽ മജീദ് ചെന്ത്രാപ്പിന്നി, മുജീബ് പൂക്കോട്ടൂർ, ഇക്ബാൽ കൊല്ലം, ബഷീർ കുപ്പോടൻ, യാസർ അറഫാത്ത്, ഷനോജ് അരീക്കോട്, അബ്ദുൽ ലത്തീഫ്, നബീൽ പയ്യോളി തുടങ്ങിയവർ സംസാരിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ