റിയാദ്: കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദിയിൽ നിന്നുള്ള മൂന്നാം ഘട്ടത്തിൽ ജൂണ്‍ 10 മുതൽ 16 വരെയായി 20 വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ഇതിൽ 11 സർവീസും കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കാണ്. 26 ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള സൗദി അറേബ്യയിൽ നിന്നും നാട്ടിലേക്ക് പോകാൻ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന സർവീസുകൾ തീർത്തും അപര്യാപ്തമാണെന്നും കൂടുതൽ വിമാനങ്ങൾ വേണമെന്നുമാണ് പ്രവാസി സാമൂഹ്യപ്രവർത്തകരുടെയും സംഘടനകളുടെയും ആവശ്യം.
ദമ്മാമിൽ നിന്നും റിയാദിൽ നിന്നും കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും എയർ ഇന്ത്യ വിമാനം പറക്കും. ജിദ്ദയിൽ നിന്നും കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് ഓരോ സർവീസ് വീതവും ഉണ്ടായിരിക്കും. ജൂണ്‍ 10 ന് റിയാദിൽ നിന്നും കോഴിക്കോട്ടേക്കും ദമ്മാമിൽ നിന്നും കണ്ണൂരിലേക്കും ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കും വിമാനമുണ്ടായിരിക്കും. ഇത് മൂന്നും കേരളത്തിൽ നിന്നും മുംബൈയിലേക്കും സർവീസുണ്ട്.
ജൂണ്‍ 13 ന് ദമ്മാമിൽ നിന്നും കോഴിക്കോട് വഴി ഹൈദരാബാദിലേക്കും സർവീസുണ്ട്. റിയാദിൽ നിന്നും കൊച്ചിയിലേക്ക് ജൂണ്‍ 14 നുള്ള എയർ ഇന്ത്യയും ദമ്മാമിൽ നിന്നും തിരുവനന്തപുരത്തേക്ക് ജൂണ്‍ 15 നുള്ള എയർ ഇന്ത്യയും മുംബൈ വരെ സർവ്വീസ് നീട്ടിയിട്ടുണ്ട്.
അതോടൊപ്പം റിയാദിൽ നിന്നും ഡൽഹിയിലേക്ക് ജൂണ്‍ പത്തിനും ദമ്മാം - ബംഗളുരു, റിയാദ് - ഹൈദരാബാദ് എന്നിവ ജൂണ്‍ 12 നും ജിദ്ദ - ബംഗളുരു ജൂണ്‍ 13 നും ദമ്മാം - ഡൽഹി, ജിദ്ദ - ഹൈദരാബാദ് എന്നിവ ജൂണ്‍ 14 നും റിയാദ് - ബംഗളുരു, ജിദ്ദ - ഡൽഹി എന്നിവ ജൂണ്‍ 15 നും സർവ്വീസ് നടത്തും. ദമ്മാമിൽ നിന്നും ഹൈദരാബാദിലേക്കുള്ള വിമാനം ജൂണ്‍ പതിനാറിന് പറക്കുമെന്നും ഇന്ത്യൻ എംബസ്സി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമാണ് ഈ വിമാനങ്ങളിൽ നാട്ടിലേക്ക് പോകാൻ അവസരമുണ്ടാവുക. 19 വിമാനങ്ങളാണ് ഇതുവരെയുള്ള രണ്ടു ഘട്ടങ്ങളിലായി സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് സർവീസ് നടത്തിയത്.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാൻ