റിയാദ്: സൗദിയിൽ കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന 2,369 പേർക്ക് കൂടി രോഗ മുക്തരായി. എന്നാൽ മരണവും ഓരോ ദിവസവും കൂടി വരുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നു. മുപ്പത് പേരാണ് പുതുതായി മരണപ്പെട്ടത്. ഇതോടെ ആകെ മരണം 579 ആയി. സൗദിയിൽ രോഗബാധിതരുടെ പട്ടിക 91,182 ആയി ഉയർന്നു. 22,444 പേർ മാത്രമാണ് ഇനി ചികിത്സയിലുള്ളത്. 68,159 പേർക്ക് ആകെ രോഗമുക്തിയായി.
ബുധനാഴ്ച ജിദ്ദയിൽ 13 പേരും മക്കയിലും റിയാദിലും ഒന്‍പതുപേരും മദീനയിലും തബൂക്കിലും രണ്ടു പേരും തായിഫിൽ ഒരാളുമാണ് മരണപ്പെട്ടത്. ഇപ്പോൾ ചികിത്സയിലുള്ളവരിൽ 1,321 പേരുടെ നില ഗുരുതരമാണ്. ഇതുവരെ ഒൻപത് ലക്ഷത്തോളം പേർക്ക് കോവിഡ് ടെസ്റ്റ് നടത്തി കഴിഞ്ഞു.
റിയാദിൽ 683 പേർക്കും ജിദ്ദ 418, മക്ക 279, മദീന 167, ദമ്മാം 133, തായിഫ് 85, ഖതീഫ് 70, അൽഖോബാർ 54, ഹൊഫൂഫ് 31, ജുബൈൽ 26, ഖമീസ് 25, യാന്പു 12 പേർക്കുമാണ് പുതുതായി രോഗം ബാധിച്ചത്.
ജിദ്ദയിലും റിയാദിലും നൽകിയ ഇളവുകൾ ജനങ്ങൾ അശ്രദ്ധയോടെ ഉപയോഗപ്പെടുത്തിയതാണ് രോഗം വർധിക്കാൻ കാരണമായതെന്നാണ് ആരോഗ്യ വകുപ്പ് അഭിപ്രായപ്പെടുന്നത്. കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച വേളയിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ഇത് ഉറപ്പു വരുത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു.
വാഹനത്തിൽ ഒന്നിൽ കൂടുതൽ ആളില്ലാത്ത സമയത്തും ഓഫീസുകളിൽ മറ്റാരെങ്കിലും ഇല്ലാത്ത അവസരത്തിലും മാസ്ക് നിർബന്ധമില്ല. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടികൾ സ്വീകരിക്കും. ഇത് അവനവനു വേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്ന ബോധ്യം എല്ലാവർക്കും വേണമെന്നും ആരോഗ്യ വകുപ്പ് ഓർമ്മിപ്പിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ