കുവൈത്തിൽ 723 പേർക്ക് കോവിഡ്; എട്ടു മരണം
കുവൈത്ത് സിറ്റി: രാജ്യത്ത് ജൂൺ അഞ്ചിനു പുറത്തിറക്കിയ റിപ്പോർട്ടിൽ 723 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ചികത്സയിലായിരുന്ന എട്ടു പേര് കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് മരണം 244 ആയി.
ഫർവാനിയ ഗവർണറേറ്റിൽ 296,അഹ്മദി ഗവർണറേറ്റിൽ 148,ജഹ്റ ഗവർണറേറ്റിൽ 145,ഹവല്ലി ഗവർണറേറ്റിൽ 89,കാപിറ്റൽ ഗവർണറേറ്റിൽ 45 എന്നിങ്ങനെയാണ് പുതിയ കേസുകള്‍. 1054 പേർ രോഗ മുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 18277 ആയി. 12123 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. 197 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിൽ കോവിഡ് ബാധിച്ചു തൃശൂർ സ്വദേശി മരിച്ചു
കുവൈത്ത് സിറ്റി : കോവിഡ് ബാധിച്ചു ചികിൽസയിലായിരുന്ന തൃശൂർ സ്വദേശി മരിച്ചു. ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് ജമാലുദ്ദീൻ (46) ആണ് മരിച്ചത്. കൊറോണ ബാധയെ തുടർന്നു അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഇദ്ദേഹം, വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. യർമൂഖിൽ സ്വദേശിയുടെ വീട്ടിൽ ജോലിചെയ്തു വരികയായിരുന്നു .
പിതാവ് : മൊയ്തീൻ കുഞ്ഞു. മാതാവ്: ആയിഷമോൾ.ഭാര്യ:ഷമീറ. മക്കൾ: ജസീം, ജസീർ, ജാഫർ.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിൽ പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
കുവൈത്ത് സിറ്റി : പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. കടമ്മനിട്ട മണൽ നിരവേൽ എം.പി യോഹന്നാൻ (57) ആണ് മരിച്ചത്. അങ്കാറയിൽ അൽജാബ്രി കമ്പനിയിൽ ജീവനക്കാരനായിരുന്നു.
ഭാര്യ : ബീന. മക്കൾ : ഫ്രിറ്റി, ബിൽഗേറ്റ്.
മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
അബുദാബിയിൽ വെയർഹൗസിനു തീപിടിച്ചു, ആർക്കും പരിക്കില്ല
അബുദാബി: അൽ മഫ്രാക് ഇൻഡസ്ട്രിയൽ ഏരിയയിലെ മാലിന്യ വെയർഹൗസിൽ വൻ തീപിടുത്തം. വെള്ളിയാഴ്ച ഉണ്ടായ തീപിടുത്തത്തിൽ ആർക്കും പരിക്കില്ലെന്ന് അബുദാബി സിവിൽ ഡിഫൻസ് അറിയിച്ചു.
അബുദാബി പോലീസ് സെൻട്രൽ ഓപ്പറേഷൻ സെക്ടറിലെ ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ വെയർഹൗസിൽ തീ പടർന്നതായി റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ സിവിൽ ഡിഫൻസ് ടീമുകൾ അപകട സ്ഥലത്തു എത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
വ്യാവസായിക മേഖലയിലുള്ള ഫാക്ടറികളുടെയും വെയർഹൗസുകളുടെയും ഉടമകളോട്, അഗ്നി പ്രതിരോധത്തിന്റെയും മറ്റു സുരക്ഷ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കണമെന്നും വസ്തുവകകൾ ക്രമരഹിതമായി സംഭരിക്കരുതെന്നും ഇടയ്ക്കിടെ സുരക്ഷ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പു വരുത്തണമെന്നും പോലീസ് അഭ്യർഥിച്ചു.
റിപ്പോർട്ട്: അനില്‍ സി. ഇടിക്കുള
മടങ്ങിയെത്തിയ പ്രവാസികളുടെ ആശങ്കകൾ പ്രവാസി ലീഗൽ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
കേരളത്തിലേക്ക് മടങ്ങിയെത്തിയ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ: ജോസ് അബ്രഹാമാണ് നിവേദനം സമർപ്പിച്ചത്.
വിമാനത്താവളത്തിൽ ഇറങ്ങിയ സമയം മുതൽ ആരംഭിക്കുന്ന പ്രവാസികളുടെ ആശങ്കകളിലേക്ക് നിവേദനത്തിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. .വിമാനതാവളങ്ങളിൽ നിന്ന് ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ക്രമീകരണങ്ങളെക്കുറിച്ച് വ്യക്തത ആവശ്യമാണെന്നും ഇടുങ്ങിയ ബസുകളിൽ മണിക്കൂറുകളോളം യാത്ര ചെയ്തിട്ടും ക്വാറൻരൈൻ കേന്ദ്രങ്ങൾ കൃത്യസമയത്ത് അനുവദിക്കാത്തതിന്റെ പ്രശ്നങ്ങളും , സംസ്ഥാനത്തെ ക്വാറന്റൈനുമായി ബന്ധപ്പെട്ട് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരിൽ നിന്ന് പ്രതീക്ഷിക്കുന്ന സഹായത്തിന്റെ അഭാവവും നിവേദനത്തിൽ വിശദമാക്കിയിട്ടുണ്ട്.
വിവിധ സ്ഥലങ്ങളിലെ കോവിഡ് കെയർ സെന്ററുകളുടെ മോശം അവസ്ഥയെക്കുറിച്ചും പല കെയർ സെന്ററുകളും അടിസ്ഥാന ഭക്ഷണം കൃത്യസമയത്ത് നൽകുന്നില്ലെന്ന പരാതിയും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോവിഡ് കെയർ സെന്ററുകളിലെ രോഗികളുടെ പരിചരണത്തിലുണ്ടാകുന്ന വീഴ്ചകൾ മൂലം ഗർഭിണികൾ, പ്രായമായവർ, പ്രമേഹ രോഗികൾ എന്നിവർക്ക് ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങളും നിവേദനത്തിൽ പരാമർശിച്ചിട്ടുണ്ട്. മടങ്ങി വരുന്ന പ്രവാസികളോട് കൂടുതൽ അനുകമ്പയോടെ പെരുമാറാൻ, സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകാനും ക്വാറന്റൈൻ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവാസികൾക്കും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ക്രമീകരണങ്ങളൊരുക്കാവാനായി ബന്ധപ്പെട്ട വകുപ്പുകൾക്കും പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിക്കാനും മുഖ്യമന്ത്രിയോട് നിവേദനത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.
സർക്കാരിന്റെ നടപടികൾ വഴി ക്വാറന്റൈൻ ക്രമീകരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള അവ്യക്തത പ്രവാസികളുടെ മനസിൽ നിന്ന് ഒഴിവാക്കാനാകുമെന്നും വരുമാനനഷ്ടവും വൈറസ് പിടിപെട്ടിട്ടുണ്ടോ എന്ന ഭയവും കാരണം ഇതിനകം കടുത്ത വിഷമം അനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസം പകരാൻ നിവേദനത്തിൽ ആവശ്യപ്പെട്ട നടപടികൾ കേരള സർക്കാർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
കുവൈത്ത് സാധാരണ ജീവതത്തിലേക്ക്; സൂപ്പർ മാർക്കറ്റിലും എക്സ്ചേഞ്ച്കളിലും വലിയ തിരക്ക്
കുവൈത്ത് സിറ്റി : കൊവിഡ് നിയന്ത്രണ വിധേയമായി വരുന്ന രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾക്ക് നേരിയ ഇളവ് വന്നതോടെ ഭാഗിക കർഫ്യൂ പ്രദേശങ്ങളിൽ ജനജീവിതം സാധാരണ നിലയിലായി തുടങ്ങി. സാധാരണ ജീവിതത്തിലേക്ക് കരുതലുകളോടെയാണ് രാജ്യം പോകുന്നത്. മാസ്കും കൈയുറകളും ധരിച്ചു നടക്കുന്നവർ എവിടെയും സ്ഥിരം കാഴ്ചകളാണ്.
റോഡുകളിൽ കർഫ്യൂ ഇളവ് സമയത്തിൽ തിരക്കേറി. ശൂന്യമായിക്കിടന്നിരുന്ന പാർക്കിംഗ് ഏരിയകളിൽ വാഹനങ്ങളുടെ ഇരന്പലും എണ്ണവും പെരുകിത്തുടങ്ങിട്ടുണ്ട്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളുൾപ്പെടെ കൂടുതൽ സ്ഥാപനങ്ങൾ തുറന്നു. പൊതുഗതാഗതം, ബാർബർഷോപ്പുകൾ, മാളുകൾ, സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവ ഒഴിച്ചാൽ പ്രധാനമാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും സാധാരണ നിലയിൽ പ്രവർത്തിച്ചുതുടങ്ങി. കടകളുടെ പ്രവർത്തന സമയം രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ്. ബാങ്കുകളും ഭാഗികമായി പ്രവർത്തനമാരംഭിച്ചു. രാവിലെ ഒന്‍പത് മുതൽ ഒരുമണി വരെയാണ് പ്രവർത്തന സമയം. ലോക്കൽ മണി ട്രാൻസ്ഫർ, ഇൻറർനാഷനൽ ട്രാൻസ്ഫർ, എടിഎം മെഷീൻ തുടങ്ങി ബാങ്കിംഗ് സേവനങ്ങളും ഓണ്‍ലൈൻ ഇടപാടുകളും ബ്രാഞ്ചുകളിൽ ലഭ്യമാകും.
മണി എക്സ്ചേഞ്ച് കന്പനികളുടെ മുന്നിലും നീണ്ട ക്യൂവുകളായിരുന്നു. കർശനമായ ആരോഗ്യ മാർഗ നിർദ്ദേശങ്ങൾ പാലിച്ചാണ് ഉപഭോക്താക്കൾ നീണ്ട നിരയിൽ കാത്തിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതോടൊപ്പം താപ നിലയും പരിശോധിക്കുന്നുണ്ട്. അതിനിടെ രാജ്യത്തെ പണമയയ്ക്കൽ 90 ശതമാനം വരെ വർധിച്ചതായി ബാങ്കിംഗ് വൃത്തങ്ങൾ പറഞ്ഞു. റെസിഡൻഷ്യൽ ഏരിയകളിലെ 908 പള്ളികൾ കർശന നിയന്ത്രണങ്ങളോടെ തുറന്ന് കൊടുക്കും. പ്രാർഥനക്ക് വരുന്ന വിശ്വാസികൾ തമ്മിൽ രണ്ടു മീറ്റർ അകലം പാലിക്കണം. പള്ളികളിൽ നമസ്കാര സമയത്ത് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. രോഗികൾ, കുട്ടികൾ, വയോധികർ എന്നിവരെ പ്രവേശിപ്പിക്കില്ല.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിൽ വ്യാഴാഴ്ച ആറു മരണം; 562 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി: രാജ്യത്ത് 562 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതർ 29,921 പേരായി . ആറുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 236 ആയി. ഫർവാനിയ ഗവർണറേറ്റിൽ 148 , അഹ്മദി ഗവർണറേറ്റിൽ 200, ജഹ്റ ഗവർണറേറ്റിൽ 105 , ഹവല്ലി ഗവർണറേറ്റിൽ 54 , കാപിറ്റൽ ഗവർണറേറ്റിൽ 55 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച 1473 പേർ ഉൾപ്പെടെ 17,223 പേർ രോഗമുക്തരായി. 12,462 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 184 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
വന്ദേഭാരത് ദൗത്യം: ഒമാനിൽ നിന്ന് കേരളത്തിലേക്ക് എട്ടു സർവീസുകൾ
മസ്കറ്റ്: ലോാക്ക്ഡൗണ്‍ മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായുള്ള വന്ദേഭാരത് ദൗത്യത്തിന്റെ അടുത്ത ഘട്ടം ജൂണ്‍ പത്തിനാരംഭിക്കും. സലാലയിൽ നിന്ന് കണ്ണൂരിലേക്കുള്ള ഒരു സർവീസ് ഒഴിച്ചാൽ ബാക്കി ഏഴും മസ്കറ്റിൽ നിന്നാണ്. മസ്കറ്റിൽ നിന്നും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും കണ്ണൂരിലേക്ക് ഒരു സർവീസുമാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇതുവരെ ഇന്ത്യയിലേക്ക് നടത്തിയ 28 സർവീസുകളിൽ പതിനെട്ടും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കായിരുന്നു. കഴിഞ്ഞ ഘട്ടത്തിലെ അവസാന രണ്ട് സർവീസുകൾ വ്യാഴാഴ്ച മസ്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമായിരുന്നു. ആയിരക്കണക്കിന് പ്രവാസികളാണ് എംബസിയിൽ പേരുകൾ രജിസ്റ്റർ ചെയ്ത് തങ്ങളുടെ ഉൗഴത്തിനായി കാത്തിരിക്കുന്നത്.
വ്യാഴാഴ്ച ഒമാനിൽ 738 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 414 പേർ വിദേശികളാണ്. ഒമാനിൽ ഇതുവരെ 68 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഐസൊലേഷനിൽ കഴിയുന്ന രോഗികളോട് ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു.
റിപ്പോർട്ട്: സേവ്യർ കാവാലം
കുവൈത്തിൽ തിരുവനന്തപുരം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
കുവൈത്ത് സിറ്റി: തിരുവനന്തപുരം വർക്കല സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. വർക്കല റാത്തിക്കൽ സ്വദേശി ചാരുവിള വീട് അഷീർഖാൻ (45) ആണ് മരിച്ചത്. ഭാര്യ: ഷാഹിദ. മക്കൾ: അലി, ശിഫ. ടാക്സി ഡ്രൈവറായിരുന്നു അഷീർഖാൻ. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റെസിഡൻസി നിയമങ്ങളിൽ സമൂല മാറ്റത്തിനായി കുവൈത്ത്; ഭേദഗതികൾ തയാറായി
കുവൈത്ത് സിറ്റി: താമസ നിയമങ്ങളിൽ മാറ്റങ്ങളുമായി കുവൈത്ത് സർക്കാർ. ഇത് സംബന്ധമായ നിർദ്ദേശങ്ങളും ഭേദഗതികളും തയ്യാറായതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹ്, ഫത്വ, നിയമനിർമ്മാണ വകുപ്പ്, ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമകാര്യ വകുപ്പ്, സിവിൽ സർവീസ് കമ്മീഷൻ, കുവൈറ്റ് യൂണിവേഴ്സിറ്റിയിലെ കുവൈറ്റ് നിയമജ്ഞർ, ആരോഗ്യ പ്രതിനിധികൾ എന്നിവർ അടങ്ങിയ സംഘമാണ് റിപ്പോർട്ടുകൾ തയ്യാറാക്കിയത്. മന്ത്രിസഭയുടെ അംഗീകാരത്തിനുമായി സമർപ്പിക്കുന്ന ഭേദഗതി നിർദ്ദേശങ്ങൾ തുടർന്ന് ദേശീയ അസംബ്ലിയുടെ പരിഗണിക്കായി സമർപ്പിക്കും.
പുതിയ ശുപാർശ അനുസരിച്ച് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന റെസിഡൻസി നിയമ ലംഘകരെ അറസ്റ്റ് ചെയ്താൽ തൊഴിലുടമകൾക്കെതിരെ പിഴകളുടെ തുകയും വർധിപ്പിക്കും. അത്തരം തൊഴിലുടമകളുടെ ലേബൽ ഫയൽ കരിന്പട്ടികയിൽ ഉൾപ്പെടുത്താനും സ്പോണ്‍സർമാരെ അന്വേഷണത്തിന് വിധേയമാക്കാനും നിർദ്ദേശമുണ്ട്. അതോടൊപ്പം തൊഴിലാളിയെ നാടു കടത്താൻ ആവശ്യമായ യാത്ര ടിക്കറ്റ്, താമസം, ഭക്ഷണം തുടങ്ങിയ സാന്പത്തിക ചിലവും തൊഴിലുടമ വഹിക്കണമെന്നും പുതിയ നിയമത്തിൽ ശുപാർശ ചെയ്തു. റെസിഡൻസി ലംഘനത്തിനുള്ള പ്രതിദിന പിഴ 20 ദിനാറായി ഉയർത്തൂം പക്ഷേ 500 ദിനാറിൽ കവിയരുത്. നാട് കടത്തുന്ന വിദേശിയെ മൂന്ന് വർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കും.
നിർദ്ദിഷ്ട നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് റെസിഡൻസി സ്റ്റാന്പ് ചെയ്യാൻ തൊഴിലുടമയുടെ സാന്നിധ്യം ആവശ്യമാണ്. അതോടൊപ്പം ആശുപത്രികളിലെ ചികിത്സയും മരുന്നുകളുടെ ചിലവും ഉൾക്കൊള്ളുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസും നിർബന്ധമാക്കും. ഡ്രൈവർ, മൻദൂപ് തൊഴിലുകളിലൊഴികെ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസുകൾ നൽകില്ല. ലൈസൻസ് ലഭിക്കാൻ 500 ദിനാർ ശന്പളം നിർബന്ധമാക്കുകയും ലൈസൻസ് കാലാവധി വിസാ കലാവധിയുമായി ബന്ധിപ്പിക്കുകയും ചെയ്യും. ലൈസൻസ് ഇഷ്യു ഫീസ് 200 ദിനാർ ആക്കണമെന്ന നിർദ്ദേശവും സംഘം നൽകിയിട്ടുണ്ട്.
നിയമം ലംഘിച്ചതിന് വിദേശികളെ നാടുകടത്തുന്നതിന് ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നതിനായി പൊതു സുരക്ഷാ ഉദ്യോഗസ്ഥർക്കും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ഇമിഗ്രേഷൻ, റെസിഡൻസി അഫയേഴ്സ് വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും വിപുലമായ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതികൾ. ഇപ്പോഴത്തെ സ്പോണ്‍സർഷിപ്പ് സംവിധാനം റദ്ദാക്കി വിദേശികളെ സർക്കാരിന് കീഴിലുള്ള ഏജൻസി നിശ്ചിത സംഖ്യ ഫീസ് ഈടാക്കി സ്വകാര്യമേഖലയ്ക്ക് നൽകുന്ന സംവിധാനവും പുതിയ ശുപാർശയിലുണ്ട്. അതോടൊപ്പം റെസിഡൻസിയും ബാങ്ക് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കാനും നിർദ്ദേശമുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ
പ്രവാസികളുടെ മടക്കം: കേന്ദ്ര-കേരള സർക്കാരുകളുടെ സമീപനം തിരുത്തണമെന്ന് ആർഐസിസി
റിയാദ് : പ്രവാസികളുടെ മടക്കം കേന്ദ്ര-കേരള സർക്കാരുകളുടെ സമീപനം തിരുത്തണമെന്ന് ആർഐസിസി പ്രവർത്തകസമിതി ഓണ്‍ലൈൻ യോഗം ആവശ്യപ്പെട്ടു. കൊറോണ മഹാമാരിയിൽ വിദേശ രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിൽ കേന്ദ്ര-കേരള സർക്കാരുകൾ പരസ്പരം പഴിചാരുകയാണ്. പരസ്പര വിരുദ്ധമായ പ്രസ്താവനകളും രാഷ്ട്രീയ പകപോക്കലും വിദേശ രാജ്യങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് പ്രവാസികളെയും ബന്ധുക്കളെയുമാണ് ആശങ്കയിലാക്കുന്നത്.
ജോലി നഷ്ടപ്പെട്ടവർ, ഗർഭിണികൾ, വിദ്യാർഥികൾ, മാറാരോഗങ്ങൾ ബാധിച്ചവർ, സന്ദർശക വിസയിൽ എത്തിയവർ, അടുത്ത കുടുംബാംഗങ്ങൾ മരണപ്പെട്ടവർ, ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാൻ ഇരുന്നവർ തുടങ്ങി നാലു ലക്ഷത്തോളം മലയാളികളാണ് ഗൾഫ് രാജ്യങ്ങളിൽ സർക്കാരുകളുടെ കനിവ് കാത്തിരിക്കുന്നത്. ഒന്നും രണ്ടും ഘട്ടങ്ങളിൽ രജിസ്റ്റർ ചെയ്ത പ്രവാസികളുടെ പത്ത് ശതമാനത്തിൽ താഴെ മാത്രം പ്രവാസികൾക്കാണ് നാട്ടിലേക്ക് യാത്രാ സൗകര്യം ലഭിച്ചത്. കൂടുതൽ വിമാനങ്ങൾ അനുവദിച്ചും ചാർട്ടേഡ് ഫ്ളൈറ്റുകൾക്ക് അനുമതി നൽകിയും നാട്ടിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്ന മുഴുവൻ മലയാളികളെയും എത്രയും വേഗം നാട്ടിലെത്തിക്കണം.
അപ്രായോഗിക നിബന്ധനകൾ വച്ചു ചാർട്ടഡ് ഫ്ളൈറ്റുകളുടെ അനുമതി തടയുന്ന കേരള സർക്കാർ സമീപനം പ്രതിഷേധാർഹമാണ്. പ്രതിസന്ധിയിൽ അകപ്പെട്ട പ്രവാസികളാണ് നാട്ടിലേക്ക് പോകുന്നതിൽ ബഹുഭൂരിപക്ഷവും അത്കൊണ്ട് തന്നെ വിമാന ടിക്കറ്റുകൾ സൗജന്യമായി ലഭ്യമാക്കണം. ക്വറന്ൈറൻ സൗകര്യങ്ങളും സൗജന്യമാക്കാൻ സർക്കാരുകൾ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
ഗൾഫ് നാടുകളിൽ 160 ഇൽ അധികം പ്രവാസി മലയാളികളാണ് കൊറോണ ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ മാത്രം മരണമടഞ്ഞത്. ഇപ്പോഴും നിരവധി മലയാളികൾ ഗുരുതരാവസ്ഥയിലാണ്. കൊറോണ ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് അടിയന്തിരമായി പത്ത് ലക്ഷം ധനസഹായം നൽകണം. ഗൾഫ് നാടുകളിൽ ഉള്ള പ്രവാസികൾക്ക് ചികിത്സ, ഭക്ഷണം, താമസം, ക്വറന്ൈറൻ സൗകര്യങ്ങൾ, ആബുലൻസ് സൗകര്യം എന്നിവ ലഭ്യമാക്കാൻ നോർക്കയും എംബസി-കോസുലേറ്റുകളും തയ്യാറാവണം. കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് അർഹരായ മുഴുവൻ ആളുകൾക്കും ലഭ്യമാക്കാൻ സംവിധാനം ഉണ്ടാവണം. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് പുനരധിവാസ പദ്ധതികൾ അടിയന്തിരമായി പ്രഖ്യാപിക്കാനും സർക്കാരുകൾ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
രാജ്യത്തെ സാന്പത്തിക രംഗത്ത് നിർണായക പങ്ക് വഹിക്കുന്ന പ്രവാസികളെ ദുരന്ത മുഖത്ത് അനാഥമാക്കുന്ന നടപടി പ്രതിഷേധാർഹമാണ്, ഈ നടപടിക്കെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധം രേഖപ്പെടുത്തിയത് അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ഇടയാക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
യോഗത്തിൽ അഷ്റഫ് രാമനാട്ടുകര അധ്യക്ഷത വഹിച്ചു. അഡ്വ: ഹബീബ് റഹ്മാൻ, ശിഹാബ് അലി, അബ്ദുൽ മജീദ് ചെന്ത്രാപ്പിന്നി, മുജീബ് പൂക്കോട്ടൂർ, ഇക്ബാൽ കൊല്ലം, ബഷീർ കുപ്പോടൻ, യാസർ അറഫാത്ത്, ഷനോജ് അരീക്കോട്, അബ്ദുൽ ലത്തീഫ്, നബീൽ പയ്യോളി തുടങ്ങിയവർ സംസാരിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
ആലപ്പുഴ കുട്ടനാട് സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: മൂന്ന് പതിറ്റാണ്ട് കാലം റിയാദിൽ സാമൂഹ്യ കലാ സാംസ്കാരിക രംഗത്ത് പരിചിതനായിരുന്ന ആലപ്പുഴ കുട്ടനാട് പുളിങ്കുന്ന് സ്വദേശി മാത്യു ജേക്കബ് (പ്രിൻസ്-61) ഹൃദയാഘാതത്തെ മരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി അസുഖ ബാധിതനായി റിയാദ് ഖുറൈസ് റോഡിലെ സുലൈമാൻ അൽ ഹബീബ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയിരുന്നു.
പുളിങ്കുന്ന് വാച്ചാപറന്പിൽ പാറശേരിൽ കുടുംബാംഗമായ മാത്യു റിയാദിലെ നിരവധി സംഘടനയുടെ നേതൃത്വം വഹിച്ചിരുന്നു. റിയാദിലെ ബിദായ ഹൗസ് ഫിനാൻസ് എന്ന കന്പനിയിലെ അക്കൗണ്ട്സ് മാനേജർ ആയിരുന്നു മാത്യു. മല്ലപ്പള്ളി സ്വദേശിനി റാണി മാത്യുവാണ് ഭാര്യ. അങ്കിത് മാത്യു, അബിത് മാത്യു, അമൃത് മാത്യു, ആൻ മേരി മാത്യു എന്നിവർ മക്കളാണ്. ശ്രുതി മരുമകളാണ്. റിയാദിലെ കുടുംബ കൂട്ടായ്മയായ തറവാടിന്റെ സ്ഥാപക അംഗവും ഭാരവാഹിയുമാണ്. കുട്ടനാട് അസോസിയേഷന്റെ രക്ഷാധികാരിയായിരുന്നു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
ഇന്ത്യൻ അംബാസിഡർ ഐസിഎസ്ജി ഫുഡ് കിറ്റുകൾ ജലീബിൽ വിതരണം ചെയ്തു
കുവൈത്ത്: കുവൈത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിന്റെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ അംബാസിഡർ ജീവസാഗർ അബ്ബാസിയ പ്രദേശം സന്ദർശിക്കുകയും അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ചു അംബാസിഡർ ജീവസാഗറും ഐസിഎസ്ജി അംഗങ്ങളും ചേർന്ന് ഭക്ഷണകിറ്റുകൾ ദുരിതം അനുഭവിക്കുന്നവർക്ക് കൈമാറാനായി വിവിധ സംഥാനങ്ങളിൽ നിന്നുള്ള സംഘടന പ്രതിനിധികൾക്ക് വിതരണം ചെയ്തു.
കഴിഞ്ഞ മാസം 16ന് എംബസിയിൽ കൂടിയ വ്യവസായ-സാമൂഹിക-സംഘടനാ പ്രവർത്തകരുടെ യോഗത്തിന് ശേഷമാണ് കൊറോണ കാലത്ത് ഇന്ത്യൻ സമൂഹത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പ് രൂപികരിച്ചത്. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് രാജ്പാൽ ത്യാഗിയുടെ നേതൃത്വത്തിൽ 10 അംഗങ്ങളും, കൂടാതെ, ലുല്ലു ഗ്രൂപ്പ്, ഓണ്‍ കോസ്റ്റ്, സിറ്റി സെന്റർ, ഹൈവേ സെന്റർ തുടങ്ങിയ സ്ഥാപനങ്ങളിലെ ഓരോ പ്രതിനിധികളെയും ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഐസിഎസ്ജിയുടെ ഘടന. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അമിതാബ് രഞ്ചനാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. ഇന്ത്യക്കാരായ വ്യവസായികളുടെ സന്പാത്തിക സഹകരണത്തോടെയാണ് സംരഭത്തിന്റെ പ്രവർത്തനം.
![](/nri/icsg_food2_2020june04.jpg)
ഈ കമ്മിറ്റീയുടെ ചീഫ് കോഓർഡിനേറ്ററായി നിയോഗിതനായിരിക്കുന്ന സുരേഷ് കെ.പിയാണ് എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇന്ത്യൻ സംഘടനകളെ ഏകോപിച്ചുള്ള പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കുവൈത്തിലെ അറുപതിലധികം സംഘടനാ പ്രതിനിധികൾ ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പുമായി ചേർന്ന് ഈ ദുരിതാശ്വാസ പ്രവർത്തങ്ങളിൽ കുവൈറ്റിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു.
ഐസിഎസ്ജി കമ്മിറ്റി കണ്‍വീനർ രാജ്പാൽ ത്യാഗി ഇന്ത്യൻ പൗര·ാരെ സഹായിക്കുന്നതിൽ ഇന്ത്യൻ എംബസി കാണിച്ച ആർദ്രതയാർന്ന സമീപനത്തിനേയും, പ്രതിബദ്ധതയെയും അഭിനന്ദിച്ചു. സമുദായത്തിലെ ദുരിതബാധിതരെ സഹായിക്കുന്നതിൽ വ്യക്തിപരമായ ഇടപെടലിന് തയ്യാറായ അംബാസിഡർ ജീവസാഗറിനോട് അദ്ദേഹം പ്രത്യേക അഭിനന്ദനം അറിയിച്ചു.
![](/nri/icsg_food1_2020june04.jpg)
അംബാസിഡർ എന്ന നിലയിൽ ഐസിഎസ്ജി കമ്മിറ്റീ രൂപീകരിക്കുക മാത്രമാണ് ചെയ്തതെന്നും എന്നാൽ ഇന്ന് ഇത്രയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചെയ്തത്തിന്റെ എല്ലാ ക്രെഡിറ്റും ഐസിഎസ്ജി കമ്മിറ്റീ അംഗങ്ങൾക്ക് മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സംഘടനകളും സന്നദ്ധപ്രവർത്തകരും ഇതോടൊപ്പം ഐക്യത്തോടെ സഹോദര്യത്തോടെ ഒത്തുചേരുന്നുള്ള പ്രവർത്തനത്തിൽ അംബാസിഡർ സന്തോഷം രേഖപ്പെടുത്തി.
ഐസിഎസ്ജി കമ്മിറ്റി അംഗങ്ങളായ അശോക് കൽറ, ജതിന്ദർ സൂരി, അജയ് ഗോയൽ, രമേഷ് ടിഎ, റീവന് ഡിസൂസ, അമിതാഭ് രഞ്ജൻ (എംബസി പ്രതിനിധി - ഐസിഎജി കമ്മിറ്റി), ജോണ്‍തോമസ് (യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ) എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർന്ന മീറ്റിംഗിൽ പങ്കെടുത്തവർ സാമൂഹിക അകലം പാലിക്കുകയും മാസ്ക്, കൈയുറ എന്നിവയുൾപ്പെടെ എല്ലാ ആരോഗ്യ പ്രോട്ടോക്കോളുകളും പാലിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ കാര്യക്ഷമതയില്ലാത്ത ടയറുകളുടെ ഉപയോഗം അപകടം: അബുദാബി പോലീസ്
അബുദാബി: വായുവിന്റെ താപനില ഉയരുന്നതിന്റെ ഫലമായി കാര്യക്ഷമതയില്ലാത്ത ടയറുകളുടെ ഉപയോഗം വേനൽക്കാലത്ത് ഗുരുതരമായ ഗതാഗത അപകടങ്ങൾക്ക് കാരണമായേക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ടയർ പരിശോധിച്ചു അതിൽ കേടുപാടുകളോ വിള്ളലുകളോ ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് അബുദാബി പോലീസ് ന്ധന്ധസേഫ് ട്രാഫിക് സമ്മർ’’ കാന്പയിന്റെ ഭാഗമായി ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.
സെൻട്രൽ ഓപ്പറേഷൻ സെക്ടറിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ബാഹ്യ മേഖല ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ മുഹമ്മദ് സേലം അൽ-ഷെഹി, ഡ്രൈവർമാരോട് മാനദണ്ഡങ്ങൾ പാലിക്കുന്ന അനുയോജ്യമായ ടയർ ഇനങ്ങൾ ഉപയോഗിക്കണമെന്നും ഉപയോഗിച്ച ടയറിന്റെ അനുയോജ്യത, അതിന്റെ അളവ്, അത് വഹിക്കുന്ന താപനില, ഉചിതമായ ലോഡ്, ഉൽപ്പാദന വർഷം, എന്നിവ നിയമ പ്രകാരം പാലിക്കണമെന്നും പറഞ്ഞു.
വേനൽക്കാലത്ത് ട്രാഫിക് അപകടങ്ങളിലേയ്ക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ, ടയറുകളുടെ കാലഹരണപ്പെടൽ, ടയറുകളിലെ വായു മർദ്ദത്തിന്റെ അഭാവം അല്ലെങ്കിൽ വർധനവ്, അമിതഭാരം, ദീർഘദൂര ദൂരം യാത്ര ചെയ്യുന്നവർ പതിവായി ടയർ പരിശോധിക്കാതിരിക്കൽ എന്നിവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം നിയമ ലംഘനങ്ങൾക്ക് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 82 പ്രകാരം 500 ദിർഹവും നാലു ട്രാഫിക് പോയിന്റുകളും പിഴയും, ഒരാഴ്ച വരെ വാഹനം കണ്ടുകെട്ടുകയും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനും വേനൽക്കാലത്തു ടയർ പൊട്ടിത്തെറിച്ചുണ്ടാവുന്ന അപകടങ്ങൾ തടയുന്നതിനും വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചു നടത്തുന്ന ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി അബുദാബി പോലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ന്ധന്ധസേഫ് സമ്മർ ട്രാഫിക് കാന്പെയ്ൻ’’ എന്ന പേരിൽ വിവിധ മാധ്യമങ്ങളിലൂടെയും ബോധവൽക്കരണ കാന്പയിൻ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം 2019 ലെ വേനൽക്കാലത്ത് ടയർ സ്ഫോടനത്തിലുണ്ടായ ട്രാഫിക് അപകടങ്ങളിൽ മൂന്നുപേർ മരിക്കുകയും മറ്റു രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും പോലീസ് ഓർമിപ്പിക്കുന്നു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ദുബായ് പോലീസിന് ആദരവ്; ഒരു ലക്ഷം മാസ്കുകൾ കൈമാറി
ദുബായ്: കോവിഡ് 19 ദുരിതത്തിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച രക്ഷാ പ്രവർത്തകർക്ക് ആദരവായി നാഷണൽ എയർ കാർഗോ ഒരു ലക്ഷം മാസ്കുകളും ഗ്ലൗസുകളും ദുബായ് പോലീസിന് കൈമാറി.
![](/nri/dubai_police1_2020june04.jpg)
ദുബായ് പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ നാഷണൽ എയർ കാർഗോ പ്രസിഡന്റ് ജേക്കബ് മാത്യു, വൈസ് പ്രസിഡന്റ് അലൻ വൈറ്റ്, റിട്ട. മേജർ ജനറൽ മഹേഷ് സേനാനായക, യുസഫ് ബൈദൂൻ എന്നിവർ ചേർന്ന് ദുബായ് പോലീസ് ലോജിസ്റ്റിക്സ് ഡയറക്ടർ മേജർ ജനറൽ അബ്ദുള്ള ഹുസ്സൈൻ അലി ഖാന് മാസ്കുകളും ഗ്ലൗസുകളും കൈമാറി. ഡോ. അബ്ദുള്ള അൽ റാസി, ഡോ. മൻസൂർ അൽ മുല്ല എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള സൗദിയിൽ ബുധനാഴ്ച കോവിഡ് മരണം മുപ്പതായി ; 2,369 പേർ രോഗമുക്തരായി
റിയാദ്: സൗദിയിൽ കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന 2,369 പേർക്ക് കൂടി രോഗ മുക്തരായി. എന്നാൽ മരണവും ഓരോ ദിവസവും കൂടി വരുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നു. മുപ്പത് പേരാണ് പുതുതായി മരണപ്പെട്ടത്. ഇതോടെ ആകെ മരണം 579 ആയി. സൗദിയിൽ രോഗബാധിതരുടെ പട്ടിക 91,182 ആയി ഉയർന്നു. 22,444 പേർ മാത്രമാണ് ഇനി ചികിത്സയിലുള്ളത്. 68,159 പേർക്ക് ആകെ രോഗമുക്തിയായി.
ബുധനാഴ്ച ജിദ്ദയിൽ 13 പേരും മക്കയിലും റിയാദിലും ഒന്‍പതുപേരും മദീനയിലും തബൂക്കിലും രണ്ടു പേരും തായിഫിൽ ഒരാളുമാണ് മരണപ്പെട്ടത്. ഇപ്പോൾ ചികിത്സയിലുള്ളവരിൽ 1,321 പേരുടെ നില ഗുരുതരമാണ്. ഇതുവരെ ഒൻപത് ലക്ഷത്തോളം പേർക്ക് കോവിഡ് ടെസ്റ്റ് നടത്തി കഴിഞ്ഞു.
റിയാദിൽ 683 പേർക്കും ജിദ്ദ 418, മക്ക 279, മദീന 167, ദമ്മാം 133, തായിഫ് 85, ഖതീഫ് 70, അൽഖോബാർ 54, ഹൊഫൂഫ് 31, ജുബൈൽ 26, ഖമീസ് 25, യാന്പു 12 പേർക്കുമാണ് പുതുതായി രോഗം ബാധിച്ചത്.
ജിദ്ദയിലും റിയാദിലും നൽകിയ ഇളവുകൾ ജനങ്ങൾ അശ്രദ്ധയോടെ ഉപയോഗപ്പെടുത്തിയതാണ് രോഗം വർധിക്കാൻ കാരണമായതെന്നാണ് ആരോഗ്യ വകുപ്പ് അഭിപ്രായപ്പെടുന്നത്. കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച വേളയിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ഇത് ഉറപ്പു വരുത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു.
വാഹനത്തിൽ ഒന്നിൽ കൂടുതൽ ആളില്ലാത്ത സമയത്തും ഓഫീസുകളിൽ മറ്റാരെങ്കിലും ഇല്ലാത്ത അവസരത്തിലും മാസ്ക് നിർബന്ധമില്ല. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടികൾ സ്വീകരിക്കും. ഇത് അവനവനു വേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്ന ബോധ്യം എല്ലാവർക്കും വേണമെന്നും ആരോഗ്യ വകുപ്പ് ഓർമ്മിപ്പിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
കുവൈത്തിൽ 710 പേർക്ക് കോവിഡ്; നാലു മരണം
കുവൈത്ത് സിറ്റി : രാജ്യത്ത് 143 ഇന്ത്യക്കാർ ഉൾപ്പെടെ 710 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 29359 ആയി. കൊറോണ ചികത്സയിലായിരുന്ന നാലുപേർ കൂടി മരിച്ചതോടെ ആകെ മരണം 230 ആയി ഉയർന്നു.
ഫർവാനിയ ഗവർണറേറ്റിൽ 282,അഹമദി ഗവർണറേറ്റിൽ 130, ഹവല്ലി ഗവർണറേറ്റിൽ 88, കേപിറ്റൽ ഗവർണറേറ്റിൽ 70, ജഹറ ഗവർണറേറ്റിൽ 140 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 1469 പേരാണ് ഇന്നലെ രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 15750 ആയി. 13379 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. 191 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോട്ടയം സ്വദേശി സൗദിയിൽ മരിച്ചു
ചങ്ങനാശേരി: സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുറിച്ചി സ്വദേശി മരിച്ചു. കുറിച്ചി പുത്തൻ പറന്പിൽ ജോർജ് - മേരിദന്പതികളുടെ മകൾ സിനി ജോർജ് (45) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ജിദ്ദ മഹ്ജർ കിംഗ് അബ്ദുൾ അസീസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് .
കൂടെ ജോലി ചെയ്യുന്നവരാണ് നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ചത്. അഞ്ച് വർഷമായി ജിദ്ദയിലെ അൽ-ഹനൂഫ് കോണ്‍ട്രാക്ടിങ്ങ് കന്പനിക്ക് കീഴിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സിനി ജോലി ചെയ്തിരുന്നത്. 2019 മാർച്ച് 19 നാണ് അവസാനമായി നാട്ടിലെത്തിയത്.ഭർത്താവ്: തിരുവല്ല കോട്ടത്തോട് പരിയാരത്ത് വീട്ടിൽ സുരേഷ് ആനന്ദ്. മക്കൾ: സനിഴ എസ്. ആനന്ദ് ( ഡിഗ്രിവിദ്യാർഥിനി), റിച്ചു എസ്. ആനന്ദ് (പ്ലസ് വണ്‍ വിദ്യാർഥി).മൃതദേഹം ജിദ്ദയിൽ സംസ്കരിക്കും.
മലയാളി നഴ്സ് റിയാദിൽ മരിച്ചു
റിയാദ്: അൽ യമാമ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ പത്തനംതിട്ട ഇടയാറ·ുള സ്വദേശി മോടിയിൽ ഏലിയാമ്മ (58) റിയാദിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. മുപ്പതു വർഷമായി റിയാദിൽ താമസിച്ചു വരുന്നു. ഭർത്താവ്: എ.സി തോമസ്. മക്കൾ: സുനീഷ്, സുബിൻ, ക്രിസ്റ്റി. ലഹശ്യമാമബ2020ഷൗില03.ഷുഴ
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
അഴിമതിക്കാർ ആരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ്
കുവൈത്ത് സിറ്റി : രാജ്യത്ത് ആര് അഴിമതി കാണിച്ചാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ്. കഴിഞ്ഞ ദിവസം പ്രാദേശിക പത്രങ്ങളുടെ എഡിറ്റർമാരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ആരോഗ്യ രംഗം സുസ്ഥിരവും ആശ്വാസകരവുമാണ്. കൊറോണയെന്ന മാഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് നാം. ആരോഗ്യ വകുപ്പും മറ്റു സർക്കാർ ഏജൻസികളും നൽകുന്ന മാർഗനിർദ്ദേശങ്ങൾ പാലിക്കുവാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് ആഗോള അടിസ്ഥാനത്തിൽ വലിയ സാന്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എണ്ണയെന്ന ഒരു വിഭവത്തെ മാത്രം ആശ്രയിച്ച് രാജ്യത്തിന് നിലനിൽക്കാൻ കഴിയില്ലെന്നും രാജ്യത്തെ വരുമാന സ്രോതസുകളെ വൈവിധ്യവൽകരിക്കണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനസംഖ്യ 48 ലക്ഷമാണ്. 14.5 ലക്ഷം സ്വദേശികളും 33.5 ലക്ഷം വിദേശികളുമാണ് രാജ്യത്ത് അധിവസിക്കുന്നത്. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നത് കടുത്ത വെല്ലുവിളിയാണെങ്കിലും സർക്കാർ ഈ പ്രതിസന്ധിയെ മറികടക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഓഗസ്റ്റ് അവസാനത്തോടെ രാജ്യം സാധാരണ നിലയിലേക്ക് എത്തുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പ്രതിസന്ധിയുടെ തുടക്കം മുതൽ സർവപിന്തുണയും നൽകിയ രാജ്യത്തിന്റെ അമീറിനെ ദൈവം അവനെ സംരക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെയെന്ന് അദ്ദേഹം പ്രാർഥിച്ചു. അതോടൊപ്പം ആരോഗ്യ പ്രതിസന്ധിയെ നേരിടാൻ സർക്കാരിനോടപ്പം തന്നെ നിന്ന കുവൈത്ത് ജനതയോടും വിദേശികളോടും പ്രധാനമന്ത്രി പ്രത്യേകം നന്ദി രേഖപ്പെടുത്തി. കൊറോണയുടെ അനന്തരഫലങ്ങളുടെ അസാധാരണമായ സാഹചര്യങ്ങളെക്കുറിച്ച് മനസിലാക്കിയ ദേശീയ അസംബ്ലിയും പാർലിമെൻറ് സ്പീക്കർ മർസൂക് അൽ ഗാനിമും പരിപൂർണ പിന്തുണയാണ് സർക്കാറിന് നൽകിയത്. അവരോടുള്ള കൃതജ്ഞതയും അറിയിക്കുന്നതായി ഷെയ്ഖ് സബ അൽ ഖാലിദ് പറഞ്ഞു.
രാജ്യത്തിന്റെ സന്പദ്വ്യവസ്ഥ പ്രധാനമാണ്. എന്നാൽ പൗരന്റെയും താമസക്കാരുടെയും ആരോഗ്യവും കൂടുതൽ പ്രധാനമാണെന്നും വിപണിയിലെ സാന്പത്തിക പ്രതിസന്ധി മറികടക്കുവാൻ സർക്കാർ പ്രഖ്യാപിച്ച സാന്പത്തിക ഉത്തേജക പാക്കേജിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് രാഷ്ട്രങ്ങളിലെ തർക്കം പൂർണമായി പരിഹരിക്കുവാൻ സാധിച്ചിട്ടില്ലെന്നും രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ തീർക്കുവാനുള്ള ശ്രമത്തിലാണെന്നും ഉടൻ തന്നെ എല്ലാം പരിഹരിക്കുവാൻ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
വന്ദേ ഭാരത് മിഷൻ: സൗദിയിൽ നിന്നും 20 വിമാനങ്ങൾ കൂടി
റിയാദ്: കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദിയിൽ നിന്നുള്ള മൂന്നാം ഘട്ടത്തിൽ ജൂണ്‍ 10 മുതൽ 16 വരെയായി 20 വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ഇതിൽ 11 സർവീസും കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കാണ്. 26 ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള സൗദി അറേബ്യയിൽ നിന്നും നാട്ടിലേക്ക് പോകാൻ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന സർവീസുകൾ തീർത്തും അപര്യാപ്തമാണെന്നും കൂടുതൽ വിമാനങ്ങൾ വേണമെന്നുമാണ് പ്രവാസി സാമൂഹ്യപ്രവർത്തകരുടെയും സംഘടനകളുടെയും ആവശ്യം.
ദമ്മാമിൽ നിന്നും റിയാദിൽ നിന്നും കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും എയർ ഇന്ത്യ വിമാനം പറക്കും. ജിദ്ദയിൽ നിന്നും കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് ഓരോ സർവീസ് വീതവും ഉണ്ടായിരിക്കും. ജൂണ്‍ 10 ന് റിയാദിൽ നിന്നും കോഴിക്കോട്ടേക്കും ദമ്മാമിൽ നിന്നും കണ്ണൂരിലേക്കും ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കും വിമാനമുണ്ടായിരിക്കും. ഇത് മൂന്നും കേരളത്തിൽ നിന്നും മുംബൈയിലേക്കും സർവീസുണ്ട്.
ജൂണ്‍ 13 ന് ദമ്മാമിൽ നിന്നും കോഴിക്കോട് വഴി ഹൈദരാബാദിലേക്കും സർവീസുണ്ട്. റിയാദിൽ നിന്നും കൊച്ചിയിലേക്ക് ജൂണ്‍ 14 നുള്ള എയർ ഇന്ത്യയും ദമ്മാമിൽ നിന്നും തിരുവനന്തപുരത്തേക്ക് ജൂണ്‍ 15 നുള്ള എയർ ഇന്ത്യയും മുംബൈ വരെ സർവ്വീസ് നീട്ടിയിട്ടുണ്ട്.
അതോടൊപ്പം റിയാദിൽ നിന്നും ഡൽഹിയിലേക്ക് ജൂണ്‍ പത്തിനും ദമ്മാം - ബംഗളുരു, റിയാദ് - ഹൈദരാബാദ് എന്നിവ ജൂണ്‍ 12 നും ജിദ്ദ - ബംഗളുരു ജൂണ്‍ 13 നും ദമ്മാം - ഡൽഹി, ജിദ്ദ - ഹൈദരാബാദ് എന്നിവ ജൂണ്‍ 14 നും റിയാദ് - ബംഗളുരു, ജിദ്ദ - ഡൽഹി എന്നിവ ജൂണ്‍ 15 നും സർവ്വീസ് നടത്തും. ദമ്മാമിൽ നിന്നും ഹൈദരാബാദിലേക്കുള്ള വിമാനം ജൂണ്‍ പതിനാറിന് പറക്കുമെന്നും ഇന്ത്യൻ എംബസ്സി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമാണ് ഈ വിമാനങ്ങളിൽ നാട്ടിലേക്ക് പോകാൻ അവസരമുണ്ടാവുക. 19 വിമാനങ്ങളാണ് ഇതുവരെയുള്ള രണ്ടു ഘട്ടങ്ങളിലായി സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് സർവീസ് നടത്തിയത്.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാൻ
ഓണ്‍ലൈൻ ക്ലാസ് അധ്യാപികമാരെ സമൂഹ മാധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ സ്വീകരിച്ച നടപടി സ്വാഗതാർഹം: കേളി
റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ ഒട്ടുമിക്ക മേഖലകളും സ്തംഭിച്ചിരിക്കുന്ന അവസ്ഥയിൽ കേരള സർക്കാരിന്റെ വിദ്യാഭാസ മേഖലയിലെ ധീരമായ നടപടികളെ താറടിച്ചു കാണിക്കാൻ ഓണലൈൻ അധ്യാപികമാരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച സാമൂഹ്യ വിരുദ്ധർക്ക് എതിരെ കേരളാ പോലീസ് കൈക്കൊണ്ട നടപടികൾ സ്വാഗതം ചെയ്യുന്നതായി കേളി കലാസാംസ്കാരിക വേദി.
കേരളത്തിൽ പുതിയ അദ്ധ്യയനവർഷം ആരംഭിക്കുന്ന ജൂണ്‍ ഒന്നിന് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ടിവി-ഓണ്‍ലൈൻ അധ്യാപനം കേരള സമൂഹം, വിശിഷ്യാ കുട്ടികളും അവരുടെ രക്ഷിതാക്കളും, രണ്ടുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. എന്നാൽ നൂതനമായ ഇത്തരം വിദൂര ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരെ പ്രത്യേകിച്ചും അധ്യാപികമാരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കാനും അവഹേളിക്കാനുമുള്ള ശ്രമങ്ങൾ നിന്ദ്യവും അത്യന്തം അപലപനീയവുമാണ്.
അധ്യാപകരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ച ഇത്തരം സാമൂഹ്യ വിരുദ്ധർക്കെതിരേ ശക്തമായ നിയമനടപടികൾ കൈക്കൊള്ളണമെന്നും നൂതന മാർഗ്ഗങ്ങളിലൂടെ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരിശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും കേളി സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മലയാളി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി. പത്തനംതിട്ട ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി ജോസഫ് മത്തായി (50) ആണ് ജഹ്റ ആശുപത്രിയിൽ നിര്യാതനായത്. ദോഹ പവർ പ്ലാൻറിൽ ടെക്നീഷ്യനായിരുന്നു. മൃതദേഹവുമായി ബന്ധപ്പെട്ട നടപടികൾ കെ.കെ.എം.എ മാഗ്നറ്റ് പ്രവർത്തകരും കന്പനി പ്രതിനിധിയും ചേർന്ന് നിർവഹിക്കുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി. കോഴിക്കോട് കുറ്റിച്ചിറ സൂപ്പിക്കാവീട്ടിൽ മുഹമ്മദ് നജീബ് (64) ആണ് മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നു ചൊവ്വാഴ്ച രാവിലെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം രാത്രിയോടെയാണ് മരിച്ചത്. 40 വർഷമായി ഇദ്ദേഹം കുവൈത്തിലെത്തിയത്. കുവൈത്തിൽ അൽ ഫാർസി ഫാബ്രിക്കേഷൻ കന്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സഫിയ. മക്കൾ: അദ്നാൻ (കുവൈത്ത്), ഫഹദ്. ാൗവമാാലറബ2020ഷൗില03.ഷുഴ റിപ്പോർട്ട്: സലിം കോട്ടയിൽ
കേവിഡ്: ഗള്‍ഫില്‍ ഒരാള്‍കൂടി മരിച്ചു
അബുദബി: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ചാലാട് പന്നേന്‍പാറ ചാക്കാട്ടില്‍ പീടികയ്ക്ക് സമീപത്തെ ഷിജിത്ത് കല്ലാളത്തില്‍ (45) ആണ് മരിച്ചത്. അബുദബി ഇത്തിഹാദ് എയര്‍വേയ്സ് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ടെക്നീഷ്യനായിരുന്നു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 168 ആയി.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള
സൗദിയിൽ കോവിഡ് മരണം വർധിക്കുന്നു: 65,790 രോഗമുക്തി നേടി
റിയാദ്: കോവിഡ് വൈറസ് ബാധിതരിൽ അധികംപേരും രോഗമുക്തി നേടുമ്പോഴും കോവിഡ് മൂലമുള്ള മരണവും സൗദിയിൽ വർധിക്കുന്നു. ചൊവ്വാഴ്ച 24 പേർ കൂടി മരിച്ചതോടെ ആകെ മരണം 549 ആയി. പുതുതായി രോഗം ബാധിച്ചത് 1869 പേർക്കാണ്. കോവിഡ് വൈറസിന്റെ പിടിയിലായവരുടെ എണ്ണം ഇതോടെ 89,011 ആയി വർധിച്ചു. എന്നാൽ ഇപ്പോൾ ചികിത്സയിലുള്ളവർ 22,672 പേർ മാത്രമാണ്.
പുതുതായി മരണമടഞ്ഞവർ മക്ക (6), ജിദ്ദ (9), റിയാദ് (6), മദീന, ദമ്മാം, ഖുൻഫുദ എന്നിവിടങ്ങളിൽ ഒന്ന് വീതവുമാണ്.
പുതിയ രോഗികളുടെ പ്രവിശ്യ തിരിച്ചുള്ള കണക്ക്: റിയാദ് 556, മക്ക 300, ജിദ്ദ 279, ദമ്മാം 129, ഹൊഫൂഫ് 119, ഖതീഫ് 78, ദരിയ്യ 72, മദീന 57, ഖോബാർ 36, തായിഫ് 27, ഹദ്ദ 27, അൽമുബറസ് 17, യാമ്പു 16, ബേഷ് 16, നജ്റാൻ 16, അൽജഫർ 13, മഹായിൽ 9, തബൂക് 9.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
സ്വകാര്യ മേഖലയില്‍ ജീവനക്കാരുടെ ശമ്പളം വെട്ടി കുറക്കുവാന്‍ അനുമതി
കുവൈറ്റ് സിറ്റി : കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ കമ്പിനികള്‍ക്ക് ആശ്വാസവുമായി കുവൈത്ത് സര്‍ക്കാര്‍. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുന്നതിന് അനുമതി നല്‍കിയുള്ള നിയമ ഭേദഗതി തൊഴില്‍ നിയമത്തില്‍ കൊണ്ട് വന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മാസങ്ങളായി സര്‍ക്കാരിന്റെ കോവിഡ് നിയനന്ത്രണങ്ങളെ തുടര്‍ന്നു ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നില്ല.കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു പല കമ്പിനികളും നിലനില്‍പ്പിനായുള്ള ശ്രമത്തിലാണ്. ഭേദഗതിനിർദേശങ്ങൾ സർക്കാർ പാർലമെൻറിന്റെ ധനകാര്യ സമിതിയുടെ പരിഗണനക്ക് വിട്ടു.കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി പൂർണമായോ ഭാഗികമായോ പ്രവർത്തിക്കാത്ത സ്ഥാപനങ്ങൾക്ക് ഭേദഗതി ബാധകമായിരിക്കും.
പ്രസ്തുത കാലയളവിലെ കുറഞ്ഞ കൂലി മന്ത്രിസഭ തീരുമാനിക്കും. പ്രതിസന്ധി കാലത്ത് മാസശമ്പളത്തിൽ 50%വരെ കുറവ് വരുത്താൻ തൊഴിലുടമയും തൊഴിലാളിയും തമ്മിൽ ധാരണയാകാം. ശമ്പളം നൽകുമ്പോൾ ജോലി ചെയ്ത മണിക്കൂറുകൾ കൃത്യമായി കണക്കാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിയാദില്‍ രണ്ട് മലയാളികള്‍ മരിച്ചു
റിയാദ്: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഡി. ജി. എം മുഹമ്മദ് ഹക്കിം മര്‍ച്ചന്റ് (55) ഹൃദയാഘാതം മൂലം റിയാദിലെ ഉബൈദ് ആശുപത്രിയില്‍ മരിച്ചു. മുംബൈ സ്വദേശിയായ മുഹമ്മദ് ഹക്കിം റിയാദിലെ അല്‍ യാസ്മിനിലെ ലുലു റൂഫ് മാളിലായിരുന്നു ജോലി ചെയ്തിരുന്നത്.
റിയാദ് :മങ്കട പുത്തനങ്ങാടി സ്വദേശി കൂരിത്തൊടി അബ്ദുല്‍ ഗഫൂര്‍ (47) റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. റിയാദ് നസീം ഏരിയയില്‍ വീട്ടു ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. മാതാവ് പാത്തുമ്മ. സൈനബ ഭാര്യയും മുഹമ്മദ് ഷാഫി, മുഹമ്മദ് സെന്‍ഫീര്‍ എന്നിവര്‍ മക്കളുമാണ്. മൃതദേഹം റിയാദില്‍ മറവു ചെയ്യാനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
കുവൈത്തിൽ ചൊവ്വാഴ്ച ആറ് മരണം; 887 പേർക്ക് കൂടി കോവിഡ്
കുവൈത്ത് സിറ്റി: രാജ്യത്ത് 887 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികത്സയിലായിരുന്ന ആറ് കോവിഡ് ബാധിതർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 226 ആയി ഉയർന്നു.
ചൊവ്വാഴ്ച വൈറസ് സ്ഥിരീകരിച്ചവരിൽ 201 പേർ ഇന്ത്യക്കാരാണ്. 1382 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തരായവർ 14,281 ആയി. ഇതുവരെ 28,649 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 14,142 പേർ ചികിത്സയിലുണ്ട്. ഇതിൽ 187 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഫർവാനിയ ഗവർണറേറ്റിൽ 300 , അഹ്മദി ഗവർണറേറ്റിൽ 216 , ജഹ്റ ഗവർണറേറ്റിൽ 173 , ഹവല്ലി ഗവർണറേറ്റിൽ 117 , കാപിറ്റൽ ഗവർണറേറ്റിൽ 81 എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് കെഎംസിസി ചാർട്ടേർഡ് വിമാനം: രജിസ്ട്രേഷൻ പതിനായിരത്തോളം കടന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി ചാർട്ടേർഡ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനായി രജിസ്ട്രേഷൻ ചെയ്തവരുടെ എണ്ണം പതിനായിരത്തോളമായതായി കുവൈത്ത് കെ.എംസിസി. സംസ്ഥാന കമ്മിറ്റി അറിയിച്ചു. മുൻകൂർ പണം വാങ്ങുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാന്പ്രയും പ്രസ്താവനയിൽ അറിയിച്ചു.
കെ.എംസിസിയുടെ പേരിൽ പണം അടക്കുന്നതിനായി ആരെങ്കിലും ബന്ധപ്പെട്ടാൽ അവരുടെ പേരും നന്പറും സഹിതം ലിങ്കിൽ കാണുന്ന ഫോണ്‍ നന്പറിൽ വിളിച്ച് അറിയിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു. വിമാനത്തിന്റെ സമയക്രമം പ്രസിദ്ധീകരിക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. അതിനു ശേഷം മാത്രമേ ടിക്കറ്റ് നൽകാനായി ബന്ധപ്പെടുകയുള്ളൂവെന്നും അവർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കല കുവൈറ്റ് അംഗം താമസസ്ഥലത്ത് മരിച്ചു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മെഹബുള്ള നോർത്ത് യൂണിറ്റ് അംഗവും എറണാകുളം കാലടി സ്വദേശിയുമായ ക്ലീറ്റസ് മാണിക്കത്ത് (52) താമസ സ്ഥലത്തുവച്ചു മരിച്ചു. കുവൈത്തിൽ HEISCO കന്പനി ജീവനക്കാരനാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കമ്മ്യുണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും ടിക്കറ്റ് നൽകാൻ നടപടി സ്വീകരിക്കണം: വെൽഫെയർ കേരള കുവൈത്ത്
കുവൈത്ത് സിറ്റി : കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും തുക ഈടാക്കി ടിക്കറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്ന് വെൽഫെയർ കേരള കുവൈത്ത് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു ഇന്ത്യൻ പ്രധാനമന്ത്രിക്കും കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും വിദേശകാര്യ സഹമന്ത്രിക്കും കത്തയച്ചതായി പ്രസിഡന്റ് റസീന മുഹിയുദ്ധീൻ പറഞ്ഞു.
മെയ് 27 ന് കേരള ഹൈകോടതി പുറപ്പെടുവിച്ച വിധിയിൽ താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് കമ്മ്യുണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും ടിക്കറ്റ് തുക അനുവധിക്കണമെന്ന് പ്രസ്താവിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് ടിക്കറ്റ് ലഭ്യമാക്കാൻ തുടർനടപടികൾ സ്വീകരിക്കണമെന്നും അതിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഫോറവും മാർഗനിർദേശങ്ങളും എംബസി വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
കമ്മ്യുണിറ്റി വെൽഫെയർ ഫണ്ട് ഇന്ത്യൻ സമൂഹത്തിന്റെ പൊതുസ്വത്താണ് കോവിഡ് പോലെയുള്ള മഹാമാരി വിതച്ച പ്രത്യാഘാതങ്ങളുടെ സാഹചര്യത്തിൽ ജോലിയും ശന്പളവും നഷ്ട്ടപെട്ടു നാട്ടിലേക്ക് മടങ്ങുന്ന മുഴുവൻ പ്രവാസികൾക്കും ഈ തുക ഉപയോഗപ്പെടുത്തി സൗജന്യ ടിക്കറ്റ് ലഭ്യമാക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഗർഭിണികളായ പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇടപെടമെന്നാവശ്യപ്പെട്ടു പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു
കുവൈത്ത്: ഗർഭിണികളായ ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്
അടിയന്തിരമായ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യ മന്ത്രാലയത്തിനും, ജിസിസി രാജ്യങ്ങളിലെ അംബാസഡർമാർക്കും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം നിവേദനം സമർപ്പിച്ചു.
വൈദ്യസഹായത്തിനും പരിചരണത്തിനുമായി സ്വന്തം നാട്ടിലേക്ക് വരാൻ തയാറായിട്ടും,
ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഗർഭിണികളായ സ്ത്രീകളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചു കൊണ്ടിരിക്കുന്നതിനാലാണ് , പ്രവാസി ലീഗൽ സെൽ ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ ഉന്നയിച്ചു കൊണ്ട് നിവേദനം സമർപ്പിച്ചത്.
സൗദി അറേബ്യയിൽ നിന്ന് ഗർഭിണികളായ മെഡിക്കൽ പ്രൊഫഷണലുകളെ തിരികെ കൊണ്ടുവന്നതിന്
സുപ്രീം കോടതിയിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം സമർപ്പിച്ച ഹർജിയിൽ -സനീഷ തോമസ് & ഓർസ്വി. യൂണിയൻ ഓഫ് ഇന്ത്യ, (ഡയറി നന്പർ 11045/2020) പ്രവാസികളെ സ്വദേശത്തേക്കു മടക്കി കൊണ്ടുവരുന്ന പ്രക്രിയയിൽ ഗർഭാവസ്ഥയുടെ ഘട്ടാടിസ്ഥാനത്തിൽ ഉയർന്ന മുൻഗണന നൽകാൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കുന്ന കോടതി ഉത്തരവും നിവേദനത്തൊടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
പ്രവാസി ലീഗൽ സെൽ സമർപ്പിച്ച നിവേദനം പരിഗണിച്ചു കൊണ്ട്, വിദേശ കാര്യ മന്ത്രാലയവും, അംബാസഡർമാരും, നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഗർഭിണികളായ ഇന്ത്യൻ സ്ത്രീകൾക്ക് ആശ്വാസം പകരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ കുവൈറ്റ് കണ്ട്രി ഹെഡ് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫനും പത്രക്കുറിപ്പിൽ അറിയിച്ചു.
കുവൈത്തിൽ മരിച്ച റാഷിദിന്റെ സംസ്കാരം നടത്തി
കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കുവൈത്ത് കെ.എംസിസി. അംഗവും തൃക്കരിപ്പൂർ ചെറുവത്തൂർ പഞ്ചായത്തിലെ തുരുത്തി സ്വദേശി റാഷിദ് ടി.പി.(40) യുടെ സംസ്കാരം നടത്തി. കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനാൽ മരണ കാരണം ഹൃദയാഘാതമാണെന്നു ആശുപത്രി വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു.
കുവൈത്ത് കെഎംസിസി ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ് പേരാന്പ്രയുടെ നേതൃത്വത്തിൽ സംസ്കാര ചടങ്ങിൽ കെഎംസിസി നേതാക്കളായ ഹാരിസ് വള്ളിയോത്ത്, ഇക്ബാൽ മാവിലാടം, ഷാഫി കൊല്ലം, നിസാർ അലങ്കാർ, മുനീർ പാലോളി, അബ്ദുള്ള മാലിയിൽ, തസ്ലീം തുരുത്തി, റഫീഖ് തുരുത്തി, ഫത്താഹ് മാവിലാടം, അഹ്മദ് അജ്മൽ, താഹ തുരുത്തി, സംസം റഷീദ് എന്നിവർ പങ്കെടുത്തു. സംസ്കാരവുമായി ബന്ധപ്പെട്ട ഒൗദ്യോഗിക നടപടികൾ സംസ്ഥാന പ്രവർത്തക സമിതിയംഗം ഇഖ്ബാൽ മാവിലാടം നേരെത്തെ പൂർത്തിയാക്കിയിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
പൽപക് ചാർട്ടേർഡ് ഫ്ളൈറ്റ് സർവീസ് നടത്തുവാൻ ഒരുങ്ങുന്നു
കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ബദുർ ട്രാവൽസിന്റെ സഹകരണത്തോടെ കുവൈറ്റിൽ നിന്ന് നാട്ടിലേയ്ക്ക് യാത്ര പോകുവാൻ ഉദേശിക്കുന്നവർക്കു വേണ്ടി ചാർട്ടേർഡ് ഫ്ളൈറ്റ് സർവീസ് നടത്തുവാൻ ഒരുങ്ങുന്ന വിവരം പൽപക് ഭാരവാഹികൾ അറിയിച്ചു.
യാത്രകാർക്കുള്ള രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നുയെന്നും സർവീസ് നടത്തുവാനുള്ള അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ ആണന്നും പ്രസിഡന്റെ പി.എൻ. കുമാർ അറിയിച്ചു. കഴിഞ്ഞ ദിവസം മരണമടഞ്ഞ മാതൃഭൂമി മാനേജിംഗ് ഡയറക്ടറും, രാജ്യസഭാ അംഗവും, മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ദേഹവിയോഗത്തിലുള്ള അനുശോചനം രേഖപെടുത്തുന്നതായും പൽപക് പത്രകുറപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
വിമാന സർവീസിന് അനുമതി നിഷേധിച്ച നിലപാട് പ്രതിഷേധാർഹമെന്ന് കുവൈത്ത് കെഎംസിസി
കുവൈത്ത് സിറ്റി: കേരളത്തിലേക്ക് പ്രവാസികൾ എത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തയച്ചതായ കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ പ്രവാസികളെ കൊലയ്ക്ക് കൊടുക്കുന്ന നിലാപാടാണെന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. തക്കം കിട്ടുന്പോഴൊക്കെ പ്രസ്താവനകളിലൂടെ പ്രലോഹിപപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന ഇടതു പക്ഷ സർക്കാറിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വെളിവായതെന്നും കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാന്പ്രയും വാർത്താകുറിപ്പിൽ പറഞ്ഞു.
ഗൾഫ് നാടുകളിലെ ലോക്ഡൗണ്‍ കാരണം പാവപ്പെട്ട പ്രവാസികൾ അവരുടെ ജോലി നഷ്ടപ്പെട്ട്, വേതനമില്ലാതെ, ഭക്ഷണത്തിനോ താമസ വാടകയ്ക്കോ പണമില്ലാതെ, പത്തും പതിനഞ്ചും പേരുള്ള മുറികളിൽ ഏതു നിമിഷവും കൊവിഡ് ബാധയേൽക്കാമെന്ന ഭയത്താൽ പ്രയാസപ്പെടുന്പോൾ അത് കണ്ടില്ലെന്ന് നടിക്കുന്നത് മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമാണ്.
പ്രവാസികളെ സഹായിക്കാൻ ഉത്തരവാദിത്വപ്പെട്ട ഇരു സർക്കാറുകളും അതിനു മടിക്കുന്പോൾ കെ.എം.സി.സി. പോലുള്ള സന്നദ്ധ സംഘടനകൾ വിമാന ചാർട്ട് ചെയ്ത് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികളെല്ലാം പൂർത്തീകരിച്ച് അന്തിമ ഘട്ടത്തിലെത്തിയപ്പോൾ അതിനും തുരങ്കംവയ്ക്കുന്ന സംസ്ഥാന സർക്കാർ നിലപാട് വഞ്ചനാപരമാണെന്നും കുവൈത്ത് കെഎംസിസി നേതാക്കൾ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിയാദിൽ രണ്ടു മലയാളികൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
റിയാദ്: പാലക്കാട് ജില്ലയിലെ പട്ടാന്പി കൊപ്പം പ്രഭാപുരം സ്വദേശി പുല്ലാട്ടു പറന്പിൽ മുസ്തഫ (44)ആണ് അതീഖയിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. പുല്ലാട്ടുപറന്പിൽ മൊയ്തു ഹാജിയുടെയും പാത്തുമ്മുവിന്റെയും മകനാണ്. ഉമ്മുസൽമയാണ് ഭാര്യ. മാജിദ ഷെറിൻ, മുഹ്സിദ ഷെറിൻ, ഫാത്തിമ മിൻഹ, ഫാത്തിമ മിഫല, മെഹ്ന ഷെറിൻ എന്നിവരാണ് മക്കൾ. സൈതലവി, നൗഫൽ, ഹസീന, ബൾക്കീസ്, ജുമൈലത്ത് എന്നിവർ സഹോദരങ്ങളാണ്.
മൃതദേഹം റിയാദിൽ സംസ്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ എംസിസി ജീവകാരുണ്യ പ്രവർത്തകരായ തെന്നൽ മൊയ്തീൻ കുട്ടി, റഫീഖ് മഞ്ചേരി എന്നിവർ രംഗത്തുണ്ട്.
റിയാദ്: പാലക്കാട് തച്ചന്പാറ മച്ചാൻതോട് സ്വദേശി കള്ളിയത്തൊടി അബു (50) ഹൃദയാഘാതം മൂലം മരിച്ചു.. ഭാര്യ റംലയും മകൾ റിസ്വാനയും മരുമകൻ ജംനാസും റിയാദിലുണ്ട്. മകൻ സാനു നാട്ടിലാണ്. മൃതദേഹം ശുമേസി കിംഗ് സഉൗദ് ആശുപത്രി മോർച്ചറിയിലാണ്. അനന്തരനടപടികൾ സിദ്ദീഖ് തുവ്വൂർ, ഫസൽ റഹ്മാൻ, മുസ്തഫ, അലി മണ്ണാർക്കാട് എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു വരുന്നു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
അങ്കമാലി സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: ഏറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി തറയിൽ സാബു ടി. മാത്യു (52) ആണ് റിയാദിൽ തിങ്കളാഴ്ച പുലർച്ചെ മരിച്ചത്. റിയാദിൽ 10 വർഷമായി പ്രവാസിയായ ഇദ്ദേഹം പഴയ സനയ്യയിൽ വര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്നു. റിയാദിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. ഭാര്യ: ബിനി സാബു. മക്കൾ: സാന്ദ്ര സാബു, സലൻ സാബു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
ഇരിട്ടി സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: കണ്ണൂർ ഇരിട്ടി ആറളം സ്വദേശി നരിക്കോടൻ അശോകൻ (57) റിയാദിലെ സ്വകാര്യ ക്ലിനിക്കിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ദേഹാസ്വാസ്ഥ്യം മൂലം ക്ലിനിക്കിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേളു, കല്യാണി ദന്പതിമാരുടെ മകനാണ്. സലീനയാണ് ഭാര്യ. മക്കൾ:ആതിര, അഞ്ജന. അനന്തര നടപടികൾക്കായി റിയാദ് കെ എംസിസി ജീവകരുണ്യ പ്രവർത്തകൻ തെന്നല മൊയ്ദീൻ കുട്ടി രംഗത്തുണ്ട്. റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
ഇലന്തൂർ സ്വദേശി ദുബായിൽ മരിച്ചു
ദുബായ്: കോവിഡ് രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന പത്തനംതിട്ട ഇലന്തൂർ കോയിക്കലേത്ത് ജോർജ് കെ.ജി (ജോയി- 71) ദുബായ് ബർഷയിലെ കിംഗ്സ് ഹോസ്പിറ്റലിൽ ചികിത്സയിരിക്കെ മരിച്ചു. കോവിഡ് പരിശോധനയിൽ നെഗറ്റീവായെങ്കിലും ശ്വാസതടസം മാറാതിരുന്നതിനാൽ ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു. ഭാര്യ: എലിസബത്ത്. മക്കൾ: സിബി , സിനി .
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
കൂടണഞ്ഞവർ 17000 , കാത്തിരിക്കുന്നത് മൂന്നേകാൽ ലക്ഷം, കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ തീരുമാനം കാത്ത് പ്രവാസികൾ
അബുദാബി : വന്ദേഭാരത് ദൗത്യം ആരംഭിച്ചതു മുതൽ ജൂൺ ഒന്നു വരെ യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത് 17,312 പ്രവാസികൾ . ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ മെയ് 9 നാണ് ആദ്യ വിമാനം അബുദാബിയിൽ നിന്നും പറന്നുയർന്നത് .
ജൂൺ ഒന്നാം തീയതി വരെ എയർഇന്ത്യ എക്സ്പ്രസിന്റെ 88 വിമാനങ്ങളിലും ഒമ്പത് ചാർട്ടേഡ് വിമാനങ്ങളിലുമായാണ് ഇത്രയധികം പ്രവാസികൾ കൂടണഞ്ഞത് . ദുബായിയിൽ നിന്നും 11296 പേരും അബുദാബിയിൽ നിന്നും 6016 പേരുമാണ് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് പറന്നത് . വിവിധ കമ്പനികൾ ഏർപ്പാട് ചെയ്ത ചാർട്ടർ വിമാനങ്ങളിൽ പോയ 1568 ജീവനക്കാരും ഇതിൽ ഉൾപ്പെടും .43 പ്രവാസികളുടെ മൃതദേഹങ്ങളും ഈയവസരത്തിൽ നാട്ടിലെത്തിച്ചു .
ഗർഭിണികളും, തൊഴിൽനഷ്ടമായവരും കുറഞ്ഞ വേതനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളും , സന്ദർശക വിസയിലെത്തി.കുടുങ്ങിയവരും രോഗികളും ,പ്രായമായവരും ,വിദ്യാർത്ഥികളും യാത്രചെയ്തവരിലുണ്ട് .
എന്നാൽ രജിസ്റ്റർ ചെയ്ത പ്രവാസികളിൽ കഷ്ടിച്ച് 5 ശതമാനം മാത്രമാണ് നാട്ടിലെത്തിയതെന്ന യാഥാർഥ്യം കൂടുതൽ ഫലപ്രദമായ നടപടികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തിര പരിഗണന അർഹിക്കുന്നു . മെയ് രണ്ടാം വാരം ഇന്ത്യൻ എംബസ്സി നൽകിയ കണക്കുകൾ പ്രകാരം മൂന്നര ലക്ഷം പേരാണ് നാട്ടിലെത്താൻ രജിസ്റ്റർ ചെയ്തിരിക്കുന്നത് . ഏഴായിരത്തോളം ഗർഭിണികൾ രജിസ്റ്റർ ചെയ്തതിൽ നിന്നും പകുതി പോലും നാട്ടിലെത്തിയിട്ടില്ല. പ്രസവം അടുത്ത സ്ത്രീകളെയാണ് ആദ്യ വിമാനങ്ങളിൽ പരിഗണിച്ചത്. നാട്ടിൽ ചികിത്സ തുടരേണ്ടവരും ,ജോലി നഷ്ടപ്പെട്ടവരുമായി അനേകായിരങ്ങൾ ഇനിയും എംബസിയിൽ നിന്നുള്ള വിളിയും കാത്ത് കഴിയുകയാണ് .
ഇതിനിടെ, ചാർട്ടർ വിമാന സർവീസ് ആരംഭിക്കുന്നതിന് കെ എം സി സി അടക്കമുള്ള ചില പ്രവാസി സംഘടനകൾ മുൻപോട്ടു വന്നിട്ടുണ്ടെങ്കിലും സാങ്കേതിക തടസ്സങ്ങൾ മാറ്റുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടലുകൾ ആവശ്യമായിരിക്കുകയാണ് .
റിപ്പോർട്ട്: അനിൽ സി ഇടിക്കുള
അബുദബിയിൽ സഞ്ചാരനിയന്ത്രണം നിലവിൽ വന്നു. നഗരാതിർത്തി കടക്കാൻ പെർമിറ്റ് വേണം
അബുദബി : കോവിഡ് പ്രതിരോധനടപടികൾ വിപുലവും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച സഞ്ചാരനിയന്ത്രണം ജൂൺ രണ്ടാം തീയതി മുതൽ നിലവിൽ വന്നു. ഇതനുസരിച്ച് മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദബിയിലേക്ക് പ്രവേശിക്കുന്നതിനും അബുദാബിയില്‍ നിന്ന് പുറത്തുപോകുന്നതിനും വിലക്കുണ്ട്. അബുദബി, അല്‍ ഐന്‍, അല്‍ ദഫ്റ എന്നീ മേഖലകളിൽ താമസിക്കുന്നവർ മറ്റു മേഖലകളിലേക്ക് പോകുന്നത് നിരോധിച്ചു .
സഞ്ചാരനിയന്ത്രണം ഫലപ്രദമാക്കുന്നതിന് 12 ഇടങ്ങളിൽ അബുദാബി പോലീസ് ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചതായി ട്രാഫിക് ആൻഡ് പട്രോൾസ് ഡപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ സാലേം അബ്ദുള്ള ബിൻ ബരാക് അൽ ദാഹിരി അറിയിച്ചു .
നഗരാതിർത്തി കടന്ന് യാത്ര ചെയ്യേണ്ടവർക്ക് അബുദാബി പോലീസിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന 'മൂവ് പെർമിറ്റ് ' എടുത്തിരിക്കണം . എന്നാൽ അവരവർ താമസിക്കുന്ന നഗരാതിർത്തിക്കുള്ളിൽ സഞ്ചരിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല . മൂവ് പെർമിറ്റ് ലഭിക്കാൻ ഈ ലിങ്കിൽ അപേക്ഷിക്കാം
https://es.adpolice.gov.ae/en/movepermit .
ജൂണ്‍ രണ്ട് ചൊവ്വാഴ്ച മുതല്‍ ഒരാഴ്ചത്തേക്കായിരിക്കും ഈ നിയന്ത്രണങ്ങളെന്ന് അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു. കൊവിഡിനെതിരായ ദേശീയ പരിശോധന പദ്ധതി കൂടുതല്‍ ഫലപ്രദമാക്കുന്നതിനായാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത് .ഇതിന്റെ ഭാഗമായി സൗജന്യ കോവിഡ് പരിശോധന ജനസാന്ദ്രതയേറിയ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിന് നടപടികൾ ആരംഭിച്ചു . താമസ കേന്ദ്രങ്ങളിൽ വൈറസ് വ്യാപനം തടഞ്ഞ് പൊതുജന ആരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യമാക്കുന്നത് .
റിപ്പോർട്ട് : അനിൽ സി ഇടിക്കുള
അബുദാബി ടാക്സി: ഓൺലൈൻ സംവിധാനം ഒരുക്കി
അബുദാബി : നഗരത്തിലെ ഏഴായിരത്തോളം വരുന്ന ടാക്സികളിൽ ഓൺലൈൻ പണമിടപാടിന് സൗകര്യം ഒരുക്കിയതായി മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വിഭാഗത്തിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു .
ടാക്സി യാത്രക്കാർ മൊബൈലുകളിൽ ഇതിനായി അബുദാബി ടാക്സി ആപ്പ് പകർത്തിയ ശേഷം ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം . ഈ ആപ്പ് ഉപയോഗിച്ച് ടാക്സി ബുക്ക് ചെയ്യുന്നതിനും പണം നൽകുന്നതിനും സാധ്യമാകും . യാത്ര അവസാനിപ്പിക്കുമ്പോൾ ടാക്സി മീറ്ററിൽ തെളിയുന്ന ക്യു ആർ കോഡ് മൊബൈലിലെ ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്താണ് യാത്രക്കൂലി നൽകേണ്ടത് . ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേയിലും ടാക്സി ആപ്പ് ലഭ്യമാണ് .
അബുദാബിയിലെ ഏഴ് കമ്പനികളുടെ കീഴിലുള്ള മുഴുവൻ ടാക്സികളിലും കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായും യാത്രക്കാരുടെ ആരോഗ്യസുരക്ഷക്കായുമുള്ള അണുനശീകരണം നിരന്തരമായി നടത്തുന്നുണ്ടെന്ന് ഐ റ്റി സി അധികൃതർ വ്യക്തമാക്കി .
റിപ്പോർട്ട്: അനിൽ സി ഇടിക്കുള
സൗദിയിൽ കോവിഡ് മരണം 22; കോവിഡ് ബാധിതർ 87148
റിയാദ്: കോവിഡ് ബാധിച്ചു 22 പേർ കൂടി തിങ്കളാഴ്ച മരിച്ചതോടെ സൗദിയിൽ ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 525 ആയി. പുതുതായി രോഗം ബാധിച്ചത് 1881 പേർക്കാണ്. 1863 പേർ തിങ്കളാഴ്ച രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളത് 22,312 പേർ മാത്രമാണ്.
ജിദ്ദയിൽ 13 പേരും മക്കയിൽ നാല് പേരും ദമാം തബൂക് എന്നിവിടങ്ങളിൽ രണ്ടു പേർ വീതവും ബുറൈദയിൽ ഒരാളുമാണ് തിങ്കളാഴ്ച മരിച്ചത്. ആകെയുള്ള രോഗബാധിതരിൽ 64,305 പേർ രോഗമുക്തി നേടി. സൗദിയുടെ വിവിധ പ്രദേശങ്ങളിലായി 8,22,769 കോവിഡ് ടെസ്റ്റുകൾ നടന്നു.
റിയാദിൽ 668, ജിദ്ദ 293, ദമ്മാം 290, മക്ക 164, ജുബൈൽ 62, ഹൊഫൂഫ് 39, മുസാഹ്മിയ 27, ഖതീഫ് 22, ഖുലൈസ് 21, അൽഖർജ് 20, മദീന 19, ഹായിൽ 19, തായിഫ് 17, ദഹ്റാൻ 14, അൽകോബാർ 11 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ പ്രധാന പട്ടണങ്ങളിലെ കണക്ക്.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
സൗദിയിൽ കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു
റിയാദ് : കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു. താമരശേരി കോരങ്ങാട് സുബ്രമണ്യൻ (54) ആണ് റിയാദിലെ ഫാമിലി കെയർ ആശുപത്രിയിൽ മരിച്ചത്. പ്രമേഹ രോഗിയായിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുമ്പാണ് ന്യൂമോണിയ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസം നേരിട്ടത് മൂലം കഴിഞ്ഞ രണ്ട് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ആയിരുന്നു.
റിയാദിലെ അബ്സാൽ പോൾ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. റിയാദിലെ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യം കൂടിയായിരുന്നു മണിയേട്ടൻ എന്ന ഓമന പേരിലറിയപ്പെടുന്ന സുബ്രമണ്യൻ.
ഭാര്യ: ശൈലജ.. മകൻ ഷാൻ. പിതാവ്: ഗോപാലൻ താഴത്ത്, അമ്മ കല്യാണി.
മൃതദേഹത്തിന്റെ നടപടികൾ പൂർത്തിയാക്കാൻ കമ്പനി കൊമേർഷ്യൽ മാനേജർ മൈക്കിൾ ജോസഫ്, അഡ്മിനിസ്ട്രേറ്റർ ഷൈൻ എന്നിവരോടൊപ്പം റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദിഖ് തുവൂർ, മുനീർ മക്കാനി എന്നിവർ രംഗത്തുണ്ട്.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
രോഗികളായ രണ്ട് യാത്രക്കാർക്ക് കെഎംസിസി ടിക്കറ്റ് നൽകി
റിയാദ്: കെഎംസിസി ബേപ്പൂർ മണ്ഡലം കമ്മിറ്റി അടിയന്തരമായി നാട്ടിലെത്തേണ്ട രണ്ട് പേർക്ക് യാത്രാ ടിക്കറ്റ് നൽകി. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കോവിഡ് പദ്ധതിയിലുൾപ്പെടുത്തിയാണ് ഇരുവർക്കും ടിക്കറ്റ് നൽകിയത്. അസുഖങ്ങൾ മൂലം പ്രയാസപ്പെട്ടിരുന്ന ഇരുവരും അടിയന്തരമായി ചികിത്സ ആവശ്യമുള്ളവരായിരുന്നു. ഇതിലൊരാൾ അർബുദ ബാധിതനും മറ്റൊരാൾ അപകടത്തിൽ പൊള്ളലേറ്റ് ബുദ്ധിമുട്ടിലുമായിരുന്നു. ഇരുവരുടെയും പ്രയാസങ്ങൾ മനസിലാക്കിയ കെഎംസിസി എംബസിയിൽ രജിസ്ട്രേഷൻ നടത്തുകയും മുൻഗണനാ പട്ടികയിൽ ഇടം ലഭിക്കാൻ ശ്രമം നടത്തുകയും ചെയ്തു. ഇതേ തുടർന്ന് ഞായാറാഴ്ച റിയാദിൽ നിന്നും തിരുവന്തപുരത്തേക്കുള്ള വിമാനത്തിൽ ഇരുവർക്കും അവസരം ലഭിച്ചതിനെത്തുടർന്ന് കെഎംസിസി രണ്ട് പേരുടെയും ടിക്കറ്റ് ചെലവ് വഹിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലക്കാരനായ പ്രവാസി സംരംഭകനാണ് ടിക്കറ്റ് സ്പോൺസർ ചെയ്തത്.
അസുഖങ്ങൾ മൂലം വളരെ പ്രയാസപ്പെട്ട് കഴിയുന്നതിനിടയിലാണ് കോവിഡിന്റെ ആശങ്കയുമെത്തുന്നത്. നാട്ടിൽ പോകാനുള്ള ഇവരുടെ ആഗ്രഹം അന്താരാഷ്ട്ര സർവീസുകൾ നിർത്തിയതോടെ അനിശ്ചിതത്വത്തിലുമായി. ഒടുവിൽ നാട്ടിലേക്ക് തിരിക്കാനായതിൽ കോഴിക്കോട് ജില്ലക്കാരായ ഇരുവരും സന്തോഷം പകടിപ്പിച്ചു.
ബേപ്പൂർ മണ്ഡലം കെഎംസിസി പ്രസിഡന്റ് മനാഫ് മണ്ണൂർ, ജനറൽ സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ, വെൽഫെയർ വിംഗ് ചെയർമാൻ ഹസനലി കടലുണ്ടി എന്നിവർ ടിക്കറ്റ് കൈമാറി.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
ബിഷപ് ഡോ. പോള്‍ ഹിന്‍ഡർ പുതിയ വടക്കന്‍ അറേബ്യന്‍ രാജ്യങ്ങളിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ
കുവൈറ്റ് സിറ്റി: വടക്കന്‍ അറേബ്യന്‍ രാജ്യങ്ങളിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി ബിഷപ് ഡോ. പോള്‍ ഹിന്‍ഡറെ വത്തിക്കാന്‍ നിയമിച്ചു. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള കപ്പൂച്ചിന്‍ സഭാംഗമായ ബിഷപ് ഹിന്‍ഡര്‍ നിലവില്‍ ദക്ഷിണ അറേബ്യയുടെ അപ്പസ്തോലിക് വികാര്‍ ആയി അബുദാബി കേന്ദ്രമായി പ്രവര്‍ത്തിച്ചു വരികയാണ്.
യുഎഇ, ഒമാന്‍, കുവൈറ്റ്, ബഹറിന്‍, സൗദി അറേബ്യ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ റോമന്‍ കത്തോലിക്കാ വിശ്വാസികളുടെ ചുമതല ഇനി ബിഷപ് ഹിന്ഡര്ക്കായിരിക്കും.
കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ജൂലൈയിൽ ചുമതലയേൽക്കും
ന്യൂഡല്‍ഹി: കുവൈത്തിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പാലാ സ്വദേശി സിബി ജോര്‍ജ് ജൂലൈയില്‍ ചുമതലയേല്‍ക്കും. വത്തിക്കാന്റെ അധിക ചുമതല കൂടിയുള്ള സ്വിറ്റ്സര്‍ലന്‍ഡിലെ അംബാസഡറായ സിബിയെ കുവൈറ്റ് അംബാസഡറായി മാറ്റി നിയമിച്ചുള്ള ഔദ്യോഗിക ഉത്തരവ് മേയ് 31 നു വിദേശകാര്യമന്ത്രാലയം പുറത്തിറക്കി.
വിമാന സര്‍വീസുകള്‍ പുനഃരാംരഭിക്കുന്നതു കണക്കിലെടുത്ത് ചുമതലയേക്കുന്ന തീയതി പിന്നീട് തീരുമാനിക്കുമെന്ന് സിബി ജോര്‍ജ് സിറ്റ്സര്‍ലന്‍ഡിലെ ബേണില്‍ നിന്ന് ദീപികയോടു പറഞ്ഞു. കുവൈറ്റ് അംബാസഡറായി സിബി നിയമിതനാകുമെന്ന് ദീപിക നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റിപ്പോർട്ട്: ജോർജ് കള്ളിവയലിൽ
വേൾഡ് മലയാളി ഫെഡറേഷൻ കുവൈറ്റ് നാഷണൽ കൗൺസിൽ ഭാരവാഹികൾ
കുവൈത്ത് സിറ്റി: പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ആഗോള ശൃംഖലയായ വേൾഡ് മലയാളി ഫെഡറേഷൻ കുവൈറ്റ് ചാപ്റ്ററിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി
നയാഫ് സിറാജ് (നാഷണൽ കോഓർഡിനേറ്റർ), എൽദോസ് ജോയ് (പ്രസിഡന്റ്) , ടോം മൈലാടിയിൽ (ജനറൽ സെക്രട്ടറി), രഞ്ജിത് പിള്ള (ട്രഷറർ), സലിം ഐഡിയൽ ,രസ്ന രാജേഷ് (വൈസ് പ്രസിഡന്റുമാർ) , രഞ്ജിനി വിശ്വനാഥ് , ശൈഖിൽ മോഹൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരേയും 17 അംഗ എസ്സിക്യൂട്ടിവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ കൂടി നടന്ന മീറ്റിംഗിൽ ഗ്ലോബൽ ക്യാബിനറ്റ് അംഗം എസ്.എസ്. സുനിൽ, ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ടോം ജേക്കബ് , ജയ്സൺ കാളിയാനിൽ , മിഡിൽ ഈസ്റ്റ് എക്സിക്യൂട്ടീവ് അംഗം വർഗീസ് പോൾ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിന് ആശ്വാസ ദിനം; രോഗമുക്തരായുടെ എണ്ണത്തില്‍ വന്‍ വര്‍ധന
കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് രോഗമുക്തരായുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്ന് 1513 പേരാണ് രോഗമുക്തി നേടിയത്. അതിനിടെ 719 പേർക്കാണ് പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 27,762 ആയി.
156 ഇന്ത്യക്കാര്‍ക്കാണ് ഇന്നു വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ വൈറസ് ബാധിതരില്‍ 8446 പേർ ഇന്ത്യക്കാരാണ്. എട്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 220 ആയി. 14,643 പേരാണ് ചികിത്സയിലുള്ളത്. 204 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഫർവാനിയ ഗവർണറേറ്റിൽ 209 പേർ, അഹ്മദി ഗവർണറേറ്റിൽ 184 പേർ, ജഹ്റ ഗവർണറ്റേിൽ 170 പേർ, ഹവല്ലി ഗവർണറേറ്റിൽ 101 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 55 പേർ എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ