അബുദാബി: വായുവിന്റെ താപനില ഉയരുന്നതിന്റെ ഫലമായി കാര്യക്ഷമതയില്ലാത്ത ടയറുകളുടെ ഉപയോഗം വേനൽക്കാലത്ത് ഗുരുതരമായ ഗതാഗത അപകടങ്ങൾക്ക് കാരണമായേക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ടയർ പരിശോധിച്ചു അതിൽ കേടുപാടുകളോ വിള്ളലുകളോ ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് അബുദാബി പോലീസ് ന്ധന്ധസേഫ് ട്രാഫിക് സമ്മർ’’ കാന്പയിന്റെ ഭാഗമായി ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.
സെൻട്രൽ ഓപ്പറേഷൻ സെക്ടറിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ബാഹ്യ മേഖല ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ മുഹമ്മദ് സേലം അൽ-ഷെഹി, ഡ്രൈവർമാരോട് മാനദണ്ഡങ്ങൾ പാലിക്കുന്ന അനുയോജ്യമായ ടയർ ഇനങ്ങൾ ഉപയോഗിക്കണമെന്നും ഉപയോഗിച്ച ടയറിന്റെ അനുയോജ്യത, അതിന്റെ അളവ്, അത് വഹിക്കുന്ന താപനില, ഉചിതമായ ലോഡ്, ഉൽപ്പാദന വർഷം, എന്നിവ നിയമ പ്രകാരം പാലിക്കണമെന്നും പറഞ്ഞു.
വേനൽക്കാലത്ത് ട്രാഫിക് അപകടങ്ങളിലേയ്ക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ, ടയറുകളുടെ കാലഹരണപ്പെടൽ, ടയറുകളിലെ വായു മർദ്ദത്തിന്റെ അഭാവം അല്ലെങ്കിൽ വർധനവ്, അമിതഭാരം, ദീർഘദൂര ദൂരം യാത്ര ചെയ്യുന്നവർ പതിവായി ടയർ പരിശോധിക്കാതിരിക്കൽ എന്നിവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം നിയമ ലംഘനങ്ങൾക്ക് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 82 പ്രകാരം 500 ദിർഹവും നാലു ട്രാഫിക് പോയിന്റുകളും പിഴയും, ഒരാഴ്ച വരെ വാഹനം കണ്ടുകെട്ടുകയും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനും വേനൽക്കാലത്തു ടയർ പൊട്ടിത്തെറിച്ചുണ്ടാവുന്ന അപകടങ്ങൾ തടയുന്നതിനും വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചു നടത്തുന്ന ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി അബുദാബി പോലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ന്ധന്ധസേഫ് സമ്മർ ട്രാഫിക് കാന്പെയ്ൻ’’ എന്ന പേരിൽ വിവിധ മാധ്യമങ്ങളിലൂടെയും ബോധവൽക്കരണ കാന്പയിൻ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം 2019 ലെ വേനൽക്കാലത്ത് ടയർ സ്ഫോടനത്തിലുണ്ടായ ട്രാഫിക് അപകടങ്ങളിൽ മൂന്നുപേർ മരിക്കുകയും മറ്റു രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും പോലീസ് ഓർമിപ്പിക്കുന്നു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള