മസ്കറ്റ്: ലോാക്ക്ഡൗണ്‍ മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായുള്ള വന്ദേഭാരത് ദൗത്യത്തിന്റെ അടുത്ത ഘട്ടം ജൂണ്‍ പത്തിനാരംഭിക്കും. സലാലയിൽ നിന്ന് കണ്ണൂരിലേക്കുള്ള ഒരു സർവീസ് ഒഴിച്ചാൽ ബാക്കി ഏഴും മസ്കറ്റിൽ നിന്നാണ്. മസ്കറ്റിൽ നിന്നും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും കണ്ണൂരിലേക്ക് ഒരു സർവീസുമാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇതുവരെ ഇന്ത്യയിലേക്ക് നടത്തിയ 28 സർവീസുകളിൽ പതിനെട്ടും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കായിരുന്നു. കഴിഞ്ഞ ഘട്ടത്തിലെ അവസാന രണ്ട് സർവീസുകൾ വ്യാഴാഴ്ച മസ്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമായിരുന്നു. ആയിരക്കണക്കിന് പ്രവാസികളാണ് എംബസിയിൽ പേരുകൾ രജിസ്റ്റർ ചെയ്ത് തങ്ങളുടെ ഉൗഴത്തിനായി കാത്തിരിക്കുന്നത്.
വ്യാഴാഴ്ച ഒമാനിൽ 738 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 414 പേർ വിദേശികളാണ്. ഒമാനിൽ ഇതുവരെ 68 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഐസൊലേഷനിൽ കഴിയുന്ന രോഗികളോട് ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു.
റിപ്പോർട്ട്: സേവ്യർ കാവാലം