അയാൾക്ക് പ്രായം ഇരുപത്തിയാറായി. കഴിഞ്ഞ ഒരു വർഷമായി വിവാഹം ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പെങ്കൊച്ചിന്റെ ആലോചന ഏതാണ്ട് ഉറച്ചുവന്നതാണ്. കാര്യമായ അന്വേഷണം നടത്തിയപ്പോഴാണ് പെണ്ണിന് ഒരു പയ്യനുമായി അടുപ്പമുണ്ടായിരുന്നു എന്നറിയുന്നത്. അപ്പനമ്മമാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് കല്യാണത്തിന് വഴങ്ങിയതെന്നും പ്രണയിച്ച ആളെ മറക്കാൻ അവൾ തയ്യാറായതെന്നുമാണ് അവർക്ക് അറിയാൻ കഴിഞ്ഞത്. ഏതായാലും വലിയൊരു കുരുക്കിൽ നിന്നാണ് തങ്ങൾ രക്ഷപ്പെട്ടത് എന്നാണ് അയാളും അയാളുടെ മാതാപിതാക്കളും പറയുന്നത്.
അയാൾ അജി, മാതാപിതാക്കൾ ഫ്രാൻസിസും കുസുമവും. തിരക്ക് കൂട്ടി വിവാഹാലോചന ഒന്നും ഇനി വേണ്ടെന്ന തീരുമാനത്തിലാണ് അവർ. വിവരങ്ങൾ അറിഞ്ഞു പെണ്ണിന്റെ അമ്മയുടെ ആങ്ങളമാർ അജിയെയും അയാളുടെ മാതാപിതാക്കളെയും കാണാനെത്തി. അനന്തരവളുടെ പ്രേമം കുട്ടിക്കളിയായി മാത്രം കണ്ടാൽ മതിയെന്നും ഈ വിവാഹം നടത്തുന്നതുകൊണ്ട് ഭാവിയിൽ ദോഷകരമായതൊന്നും ഉണ്ടാകില്ലെന്നും അജിക്കും അയാളുടെ മാതാപിതാക്കൾക്കും അവർ ഉറപ്പുനൽകി. വേണമെങ്കിൽ കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് പെൺകൊച്ചിനെക്കൊണ്ട് എഴുതിവയ്പിക്കാം എന്നും അവർ പറഞ്ഞു.
ഇത് കേട്ടപ്പോൾ അജിയുടെ അപ്പൻ ഫ്രാൻസിസ് അവരോട് ചോദിച്ചത് ഇങ്ങനെയുള്ള ഒരു പെങ്കൊച്ചിന്റെ ആലോചന അവരുടെ ആൺമക്കൾക്ക് വന്നാൽ കല്യാണം അവർ ഉറപ്പിക്കുമോ എന്നാണ്. ഫ്രാൻസിസിന്റെ ഭാഗത്തുനിന്നുണ്ടായ ആ ഒരു ചോദ്യത്തിന് അമ്മാച്ചന്മാരായ അവരാരുംതന്നെ ഉത്തരം നൽകിയില്ല. ഈയൊരു കാര്യത്തിൽ ഇനി ഒരു വീണ്ടുവിചാരം ഉണ്ടാകില്ല എന്ന് പറഞ്ഞാണ് അന്ന് അവരെ ഫ്രാൻസിസും കുടുംബവും യാത്രയാക്കിയത്. ഒരു പ്രേമം ഇത്രമാത്രം വലിയ ഒരു പ്രശ്നം ഉണ്ടാക്കുമോ എന്ന ചിന്തയിലാണ് അവർ അന്ന് തങ്ങളുടെ ഭവനങ്ങളിലേക്ക് തിരിച്ചുപോയത്. കാര്യങ്ങൾ അറിഞ്ഞ പെൺകുട്ടി തന്റെ മാതാപിതാക്കളോട് പറഞ്ഞത് തന്നെക്കുറിച്ച് ആരും വിഷമിക്കേണ്ട എന്നും താൻ പ്രേമിച്ച ആളെത്തന്നെ താൻ കെട്ടിക്കോളാം എന്നുമാണ്. ആ പെണ്ണ് ആഗ്രഹിക്കുംപോലെ അവൾ പ്രേമിച്ച പുരുഷനെ അവൾക്ക് വിവാഹം കഴിക്കാൻ കഴിയുമോ എന്തോ? കഴിയട്ടെ, അത്രമാത്രമല്ലേ വായനക്കാർക്കും എനിക്കും ചിന്തിക്കാനും പറയാനും പറ്റൂ.
അശ്രദ്ധയോടെയും അവിവേകത്തോടെയും ഉള്ള ചില പെൺകുട്ടികളുടെ ഇത്തരത്തിലുള്ള എടുത്തു ചാട്ടങ്ങൾ എത്രയോ കുടുംബങ്ങളെയാണ് തീരാവേദനയിൽ ആക്കിയിട്ടുള്ളത്. അത്തരത്തിൽ വേദന തിന്നുന്ന കുറേപ്പേരെങ്കിലും ഇല്ലേ വായനക്കാരുടെ ഇടയിൽ. മുമ്പിൽ വിളമ്പിയ ഭക്ഷണം തട്ടിത്തെറിപ്പിച്ചു പോകുന്നവർ. അങ്ങനെമാത്രമേ ഇത്തരക്കാരായ പെൺകുട്ടികളെപ്പറ്റി എനിക്ക് പറയാനാകൂ.
ന്യൂജൻ കൗമാര പ്രണയങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണ് നിങ്ങളെങ്കിൽ അജിയുടെ അപ്പൻ ഫ്രാൻസിസ് ചോദിച്ച ചോദ്യം ഞാൻ കടമെടുത്തു നിങ്ങളോടും ചോദിക്കുകയാണ്, ഇത്തരത്തിലുള്ള ഒരു ആലോചന നിങ്ങളുടെ മകനോ മകൾക്കോ വന്നാലോ? മറ്റൊരു ആലോചനയും കൂടാതെ പ്രസ്തുത ആലോചന നിങ്ങൾ ഉറപ്പിക്കുമോ, അതോ പുനർവിചാരം നടത്തുമോ? പുനർ വിചാരം നടത്തുമെന്നാണോ ഉത്തരം. അത്തരത്തിൽ ആണെന്ന് ഞാൻ കരുതുന്നു. പക്വമായ ചിന്തയില്ലാതെ തോന്നുംപോലെ അരുതാത്ത പരിചയങ്ങളിലേക്കും അതുവഴി പ്രണയത്തിലേക്കും ഒക്കെ വരുന്നത് സ്വന്തം ഭാവി തകർക്കാനേ ഉപകരിക്കൂ എന്ന് ഇത്തരത്തിൽ അബദ്ധങ്ങളിൽ ചാടുന്ന പെൺകുട്ടികൾ മനസിലാക്കിയിരുന്നെങ്കിൽ. പ്രേമം പാടില്ലന്നാണോ പറയുന്നത് എന്നാകും ഇപ്പോഴത്തെ നിങ്ങളുടെ ചോദ്യം. ഞാൻ അങ്ങനെയൊന്നും പറയുന്നില്ല.
ചപലമായ പ്രേമങ്ങൾ നീണ്ടുനിൽക്കുന്ന വിവാഹജീവിതത്തിനും ആരോഗ്യകരമായ കുടുംബജീവിതത്തിനും എത്രകണ്ട് ഉപകരിക്കുമെന്ന് ചിന്തിക്കണം എന്നാണ് എന്റെ പക്ഷം. സൗഹൃദവും പ്രേമവും രണ്ടായി കാണണം എന്നാണ് ഇതിനോട് ബന്ധപ്പെട്ട് എനിക്കുള്ള മറ്റൊരു അഭിപ്രായം. കളിതമാശയ്ക്കുവേണ്ടി പ്രേമിക്കുന്നവർ തങ്ങളുടെ തന്നെ ഭാവി ജീവിതമാകും അതുവഴി തച്ചുടയ്ക്കുന്നത് എന്ന് ചിന്തിച്ചാൽ നന്ന്.