അയാൾ അനുജൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന്റണി കുര്യൻ. ഭാര്യ സെലീന, മക്കൾ മാളുവും അൻവിനും ആനന്ദും. മാളു ഡിഗ്രിക്കും, അൻവിൻ പ്ലസ്ടുവിനും, ആനന്ദ് ഒൻപതിലും പഠിക്കുന്നു. സെലീന തൊഴിലുറപ്പിന് പോകുന്നുണ്ട്. അനുജൻ ബ്രോക്കർ ആണ്. സ്ഥലം ഇടപാടാണ് മുഖ്യം. ഇപ്പോൾ കാര്യമായ പണിയൊന്നുമില്ല. വിൽക്കൽ വാങ്ങൽ അധികം നടക്കുന്നില്ലെന്നാണ് അയാൾ പറയുന്നത്. കൈമാറ്റം കാര്യമായി നടക്കുന്നില്ലെങ്കിലും അനുജന് വീട്ടിലിരിക്കുന്ന പതിവില്ല. വെട്ടം വീഴുമ്പോഴേ പുറത്തേക്ക് പോകും. ഇപ്പോൾ ചെലവാണ് ഏറെയും, വരവില്ല. കടം വാങ്ങിയാണ് പലപ്പോഴും കാര്യങ്ങൾ നടത്തുന്നത്.
മദ്യപാനം അനിയന് ലവലേശമില്ല എന്നൊന്നും പറയാൻ പറ്റില്ല. കിട്ടിയാൽ കുടിക്കും. തന്നെത്താൻ വാങ്ങി കുടിക്കുന്ന പതിവ് ഒന്നുമില്ല. ശീലിച്ച ബ്രോക്കർ പണി വിട്ട് ആശാൻ മറ്റൊരു പണിക്കും പോകാറില്ല എന്നത് നേരാണ്. ഇതിനെ ചൊല്ലി അനിയനും സെലീനയും തമ്മിൽ പലപ്പോഴും വഴക്ക് ഉണ്ടാക്കാറുണ്ട്. താമസം വാടക വീട്ടിലാണ്. സെലീന തൊഴിലുറപ്പിലൂടെ തനിക്ക് കിട്ടുന്നതുകൊണ്ടാണ് ഇപ്പോൾ വീട് നടത്തുന്നത്. മക്കളായ അൻവിനും ആനന്ദും പഠനത്തിൽ വളരെ പിന്നിലാണ്.
അനുജൻ എന്ന അയാൾ തന്റെ മക്കളുടെ പഠനത്തിൽ മാത്രമല്ല, അവരുടെ ഒരു കാര്യത്തിലും ശ്രദ്ധിക്കാറില്ല. വീട് അയാൾക്ക് തലചായ്ക്കാനുള്ള ഒരിടം മാത്രമാണ്. മിക്കവാറും ഭക്ഷണമൊക്കെ പുറത്തുനിന്നാണ്. രാത്രി വളരെ ഇരുട്ടിയാണ് വീട്ടിലെത്താറ്. തന്റെ മക്കളെക്കുറിച്ച് വലിയ പ്രതീക്ഷയോ അഭിപ്രായമോ ഒന്നും അനിയന് ഇല്ല. മക്കൾക്ക് അപ്പനായ അയാളെക്കുറിച്ചും അതൊക്കെത്തന്നെയാണ് പറയാനുള്ളത്. അപ്പനും മക്കൾക്കും ഇടയിൽ കിടന്ന് ശ്വാസം മുട്ടുന്നത് താനാണെന്നാണ് സെലീന പറയുന്നത്.
കൈവിട്ടുപോകുന്ന കുടുംബം, അതാണ് അനിയന്റെ കുടുംബത്തെ പറ്റി ഇപ്പോൾ പറയാൻ തോന്നുന്നത്. അനിയൻ തന്റെ ചിന്താഗതികളും പ്രവർത്തന ശൈലികളും മാറ്റുമെന്നും മക്കൾ ഭാവിയിൽ കുടുംബത്തിന് താങ്ങായി മാറുമെന്നുമുള്ള ശുഭ പ്രതീക്ഷയിലാണ് സെലീന. സെലീനയുടെ പ്രതീക്ഷ പോലെ ഭാവിയിൽ കാര്യങ്ങളൊക്കെ നടക്കട്ടെ. പ്രതീക്ഷ യാണല്ലോ എല്ലാ മനുഷ്യരെയും ജീവിതത്തിൽ മുന്നോട്ടു നയിക്കുന്നത്. ആവേശത്തോടെ വിവാഹജീവിതത്തെ പുൽകുന്ന പലരുടെയും ആവേശം പെട്ടെന്ന് കെട്ടടങ്ങുന്നത് തന്റെ കുടുംബത്തിൽ തനിക്ക് മാത്രം നിർവഹിക്കാൻ കഴിയുന്ന അനന്യമായ ചില ഉത്തരവാദിത്വങ്ങളുണ്ട് എന്നുള്ള തിരിച്ചറിവ് ഇല്ലാത്തതാണ് എന്ന് തോന്നുന്നു.
അനുജൻ അത്തരത്തിലുള്ള ഒരാളാണെന്നാണ് എന്റെ വിലയിരുത്തൽ. താൻ അധ്വാനിച്ചില്ലെങ്കിലും കുടുംബത്തിന്റെ അനുദിന ആവശ്യങ്ങൾക്കായി താനായിട്ട് പ്രത്യേകിച്ച് ഒന്നും സമ്പാദിച്ചി ല്ലെങ്കിലും കാര്യങ്ങൾ മുറപോലെ നടന്നുകൊള്ളും എന്ന ചിന്ത നിരുത്തരവാദിയായ ഒരു കുടുംബനാഥന്റേതാണ്. ശീലിച്ച തൊഴിലേ ചെയ്യൂ എന്ന് പിടിവാശി പിടിക്കുന്ന ചിലരെങ്കിലും ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. മനുഷ്യന്റെ ആവശ്യങ്ങൾ വർദ്ധിക്കുന്നതിനും മാറുന്നതിനുമസരിച്ച് പുത്തൻ തൊഴിൽസാധ്യതകൾ ഉണ്ടാകുന്നുണ്ടല്ലോ. പുത്തൻ തൊഴിലുകളും തൊഴിൽ രീതികളും പരിശീലിച്ചെടുക്കുക എന്നത് ഏതൊരാൾക്കും കഴിയേണ്ടതാണ്. തൊഴിലും തൊഴിലവസരങ്ങളും ആരെയും തേടിയെത്തുകയില്ല.
നൂതന സാധ്യതകൾ അന്വേഷിച്ചിറങ്ങുന്ന യാതൊരാൾക്കും ജീവിതത്തിൽ നിരാശപ്പെടേണ്ടിവരില്ല. സ്വാർത്ഥസ്നേഹത്തിൽ നിന്ന് കുടുംബ സ്നേഹത്തിലേക്ക് മനസ്സു മാറ്റുക എന്നത് ഇക്കാര്യത്തിൽ പ്രധാനപ്പെട്ടതാണ്. അന്വേഷിപ്പിൻ കണ്ടെത്തും, മുട്ടുവിൻ തുറന്നു കിട്ടും, എന്ന ബൈബിൾ വചനം ഇവിടെ പ്രസക്തമാണ് എന്ന് എനിക്ക് തോന്നുന്നു. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാതെ അതെല്ലാം തന്റെ ഭാര്യയെ ഏൽപ്പിച്ചിട്ട് കൈകഴുകി മാറിനിൽക്കുന്ന ഒരു അപ്പനെ മക്കളിൽ ആർക്കാണ് സ്നേഹിക്കാൻ കഴിയുന്നത്.
അനിയനെ അയാളുടെ മക്കൾക്ക് ആദരിക്കാനും സ്നേഹിക്കാനും കഴിയാതെ പോകുന്നതിന് കാരണം ഇതുതന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത്. മക്കളുടെ കാര്യത്തിൽ ശ്രദ്ധിച്ചാൽ പോലും അവർ വഴിതെറ്റിപ്പോകാൻ സാധ്യതയുള്ള ഇക്കാലത്ത് അനിയൻ തന്റെ മക്കളുടെ വളർച്ചയോട് ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ മുഴുവൻ ഭാര്യയുടെ തലയിൽ കെട്ടിവച്ചിട്ടു മാറിനിൽക്കുന്നതിനെ ആർക്കാണ് ന്യായീകരിക്കാൻ സാധിക്കുക.
സിറിയക് കോട്ടയിൽ