വലിയ വ്യഥയോടെയാണ് വൃദ്ധ ദന്പതികളായ അവരിരുവരും എന്നെ കാണാൻ വന്നത്. ഞങ്ങൾക്ക് അന്യോന്യം മുൻകൂട്ടി പരിചയം ഒന്നുമില്ല. എന്റെ പരിചയക്കാരനും അവരുടെ ബന്ധുവുമായ മാത്യൂസ് വഴിയാണ് അവരെന്നെക്കുറിച്ച് അറിഞ്ഞത്.ഗാർഡനിൽ വെള്ളം നനച്ചുകൊണ്ടിരുന്ന ഞാൻ അവരെ കണ്ട് പെട്ടെന്ന് എന്റെ മുറിയിലേക്കു വന്നു. ഇരുവരും വളരെ ക്ഷീണിതരാണ്. പ്രായം ഇരുവർക്കും എഴുപതിന് മേൽ വരും.
സംസാരിച്ച് തുടങ്ങിയത് ആ സ്ത്രീയാണ്. റിട്ടയേഡ് അധ്യാപികയാണ്. അയാൾക്ക് ഇൻകം ടാക്സ് ഓഫീസിലായിരുന്നു ജോലി. മക്കൾ നാലുപേരാണ്, രണ്ടാണും രണ്ടു പെണ്ണും. ആണ്മക്കൾ ഇരുവരും പെണ്മക്കൾക്ക് താഴെ ഉള്ളവരാണ്. ആദ്യത്തെ മൂന്നുപേരുടെയും വിവാഹം കഴിഞ്ഞു.ഇനിയും വിവാഹം കഴിക്കാനുള്ളത് ഏറ്റവും ഇളയവനായ മനു മാത്രമാണ്. അവനെക്കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോൾ തന്നെ ആ സ്ത്രീകരയാൻ തുടങ്ങി. പിന്നീട് അവർ എന്നോട് പറഞ്ഞ കാര്യങ്ങളിൽ നിന്ന് എനിക്ക് മനസിലായി, മനുവാണ് ഇപ്പോൾ ഇവരുടെ തലവേദന.
അവൻ ഡിഗ്രിക്കാരനാണ്. കഷ്ടിച്ചാണ് പ്ലസ്ടുവും ഡിഗ്രിയും മനു പാസ്സായത്.പത്താം ക്ലാസ് വരെ നന്നായി പഠിച്ചു കൊണ്ടിരുന്ന അവൻ പ്ലസ് വണ്ണിലേക്ക് പ്രവേശിച്ചതോടെയാണ് പഠന കാര്യത്തിലും ഇതര കാര്യങ്ങളിലും അധപ്പതിക്കാൻ തുടങ്ങിയത്. മനുവിന്റെ സുഹൃദ്വലയം വളരെ മോശമായിരുന്നു എന്ന് മാത്രമല്ല, അവന്റെ മാതാപിതാക്കളുടെ കൈയിൽനിന്ന് അവരെ ഭീഷണിപ്പെടുത്തിപ്പോലും അനാവശ്യ കാര്യങ്ങൾക്കായി അവൻ കണക്കില്ലാതെ പണം വാങ്ങുമായിരുന്നു.
മനുവിന്റെ നേരേ മൂത്തവനും കല്യാണം കഴിക്കുന്നതുവരെ ഇങ്ങനെയൊക്കെ ആയിരുന്നെന്ന് അവർ ഓർക്കുന്നു. തങ്ങൾ ഇരുവരുടെയും അധ്വാനം വഴി മക്കൾക്കും അവരുടെ മക്കൾക്കും സുഭിക്ഷമായി കഴിയാനുള്ളതൊക്കെ തങ്ങൾ ഉണ്ടാക്കീട്ടുണ്ടെന്നും ജോലി ചെയ്തിരുന്ന കാലത്ത് തങ്ങൾ ഇരുവരും ഒരു രൂപ പോലും ധൂർത്തടിച്ചിട്ടില്ലെന്നും തങ്ങളുടെ അത്യാവശ്യ കാര്യങ്ങൾക്ക് പോലും നോക്കീം കണ്ടുമാണ് തങ്ങൾ ചെലവഴിച്ചിട്ടുള്ളതെന്നും അതെല്ലാം തങ്ങളുടെ മക്കൾ ഭാവിയിൽ സുഭിക്ഷമായി ജീവിക്കണമെന്ന ഉദ്ദേശ്യ ത്തോടുകൂടിയായിരുന്നെന്നും പറയുന്ന ഇവർ ഇപ്പോൾ വലിയ നഷ്ടബോധത്തിലും ദുഃഖത്തിലുമാണ്.
ഇട്ടു മൂടാൻ പറ്റുന്നത്ര പണം മക്കൾക്ക് വേണ്ടി സന്പാദിച്ചിട്ട് ദുഃഖത്തിന്റെയും നഷ്ടബോധത്തിന്റെയും നീർക്കയത്തിൽ മുങ്ങിത്താഴാൻ വിധിക്കപ്പെടുന്ന കുറെയേറെ മാതാപിതാക്കളുടെ പ്രതിനിധികൾ മാത്രമാണ് മുകളിൽ കണ്ട ദന്പതികൾ. തങ്ങൾക്ക് അനുവദനീയമായ ന്യായമായ സുഖങ്ങൾ പോലും വേണ്ടെന്നുവച്ച് മക്കൾക്കു വേണ്ടി എല്ലാം സൂക്ഷിച്ചുവയ്ക്കുന്ന ഇത്തരം മാതാപിതാക്കൾ ഒരു പരിധിവരെ തങ്ങളുടെ മക്കളെ അലസരും നിരുത്തരവാദികളും ആക്കുന്നതിൽ പങ്കുകാരാകുന്നില്ലേ എന്ന കാര്യത്തിൽ എനിക്ക് ബലമായ സംശയമുണ്ട്.അപ്പൻ കണ്ട മുതലിനെക്കാൾ അധ്വാനിച്ചുണ്ടാക്കുന്ന മുതൽ നഷ്ടപ്പെടുന്പോൾ മാത്രമേ ഓരോരുത്തനും നൊന്പരം ഉണ്ടാകൂ എന്ന പക്ഷക്കാരനാണ് ഞാൻ.വിയർപ്പൊഴുക്കാതെ അപ്പനമ്മമാരുടെ അധ്വാനത്തിന്റെ ഫലം കൊണ്ട് അടിച്ച് പൊളിച്ച് ജീവിക്കുന്നവർക്ക് തങ്ങളുടെ ജീവിതത്തെ സംബന്ധിച്ച് അഭിമാനിക്കാനായി എന്താണുള്ളത്.
മക്കളുടെ നല്ല ഭാവിക്കു വേണ്ടി കരുതൽ ധനം സ്വരുക്കൂട്ടാൻ നെട്ടോട്ടമോടുന്ന പല മാതാപിതാക്കളും ജീവിതത്തിന്റെ സുഖ സന്തോഷങ്ങൾ കാര്യമായൊന്നും അനുഭവിക്കാൻ കഴിയാതെ ഒരു നാൾ വാർദ്ധക്യത്തിന്റെ നിസ്സഹായാവസ്ഥയിലേക്ക് വഴുതി വീഴുന്പോൾ അവർക്ക് നിരാശ ഉണ്ടാകുന്നതിൽ അതിശയിക്കാനൊന്നുമില്ല.
മക്കളെ നിരുത്തരവാദിത്വത്തിലേക്കും അലസതയിലേക്കും തള്ളിവിടാൻ ഇടയായേക്കാവുന്ന വിധത്തിൽ അവർക്കും അവരുടെ സന്തതിപരന്പരകൾക്കും കഴിയാൻ വേണ്ടുന്നതൊക്കെയും കണക്കില്ലാത്ത വിധത്തിൽ കരുതിവയ്ക്കേണ്ടതുണ്ടോ? മിടുക്കരായ മക്കൾക്ക് ജന്മം നൽകി നല്ല വിദ്യാഭ്യാസം ഉൾപ്പെടെയുള്ളതൊക്കെ അവർക്ക് നൽകി നല്ല വ്യക്തിത്വ രൂപീകരണവും നൽകി കുടുംബത്തിനും നാടിനും അഭിമാനിക്കത്തക്ക നിലയിൽ അവരെ എത്തിക്കാൻ കഴിഞ്ഞാൽ അതിനെക്കാൾ മറ്റെന്ത് സ്വത്താണ് അപ്പനമ്മമാർക്ക് തങ്ങളുടെ മക്കൾക്ക് നൽകാൻ കഴിയുന്നത്.
അങ്ങനെയാകുന്പോൾ കുടുംബത്തിന്റെയും നാടിന്റെയും യശസ്സ് ഉയർത്തുന്ന ഉത്തമ പൗരൻമാരായി അവർ മറുകയില്ലേ? മക്കളുടെ സാധ്യതകളെയും അഭിരുചികളെയും കണ്ടറിഞ്ഞ് അനുയോജ്യമായ വിദ്യാഭ്യാസം അവർക്ക് നൽകി നല്ല മക്കളായി അവരെ വളർത്തി പരിശീലിപ്പിച്ചാൽ ഭാവിയിൽ എന്താണ് അവർക്ക് നേടാൻ കഴിയാതെ പോവുക.
അപ്പനമ്മമാർ ഉണ്ണാതെയും ഉടുക്കാതെയും മക്കളുടെ ഭാവിക്കായി എല്ലാം കൂട്ടിവച്ച് കൊടുത്താൽ അധ്വാനിക്കാനും അദ്ഭുതങ്ങൾ ചെയ്യാനുമുള്ള അവരിലെ സാധ്യതകളാകും അതുവഴി തല്ലിക്കെടുത്തുക.മക്കൾ അധ്വാനിക്കാതെ സുഖിച്ചോട്ടെ എന്ന് കരുതിയാണ് മാതാപിതാക്കൾ എല്ലാം അവർക്കായി കരുതിവയ്ക്കുന്നതെങ്കിൽ അവർ ജീവിച്ചിരിക്കെത്തന്നെ മക്കളുടെ നാശം കാണാനാകും. ഞാൻ ഇപ്പറഞ്ഞതിന്റെ ഒക്കെ പൊരുൾ മക്കൾക്കു വേണ്ടി യാതൊന്നും കരുതിവയ്ക്കണ്ടെന്നല്ല, ഒന്നും അധികമാകാൻ പാടില്ലന്നാണ്.
സിറിയക് കോട്ടയിൽ