മക്കളിൽ മൂത്തവളാണവൾ, റിനി. നേരെ ഇളയവൾ റിനീഷ. ഏറ്റവും ഇളയവൻ റിനോഷ്.റിനോഷ് പി.ജി വിദ്യാർത്ഥിയാണ്.റിനോഷും റിനിയും തമ്മിൽ ആറുവയസിന്റെ വ്യത്യാസമുണ്ട്. റിനീഷ ബിഡിഎസുകാരിയാണ്. ജോലി ബംഗളൂരുവിലാണ്. റിനി അധ്യാപികയാണ്. പള്ളിവക സ്കൂളിൽ സ്ഥിരമായിട്ട് മൂന്ന് വർഷമായി. കുടുംബനാഥനായ സാംസൺ ബിസിനസ് കാരനാണ്. ഭാര്യ മിനി ഹൗസ് വൈഫാണ്.
സന്തുഷ്ട കുടുംബമെങ്കിലും കുടുംബനാഥനെയും കുടുംബനാഥയേയും അലട്ടുന്ന ഒരു പ്രശ്നം ഇപ്പോൾ ഈ കുടുംബത്തിൽ നിലനിൽക്കുന്നുണ്ട്. ഇരുപത്തേഴ് വയസുകാരിയായ റിനിക്ക് ഇരുപത്തിനാല് വയസ് മുതൽ കല്യാണാലോചന നടത്തുന്നതാണെങ്കിലും തനിക്ക് കല്യാണം വേണ്ടെന്ന നിലപാടിലാണവൾ. അവിവാഹിതയായി കഴിയാനാണ് തനിക്ക് ഇഷ്ടമെങ്കിൽ ചാച്ചനും അമ്മയ്ക്കും എന്താ പ്രശ്നമെന്നാണ് അവൾ ചോദിക്കുന്നത്.വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യങ്ങൾക്ക് തങ്ങളാണ് ഉത്തരം പറയേണ്ടതെന്നും മൂത്തവളുടെ വിവാഹം കഴിഞ്ഞാലേ ഇളയവളുടെ ആലോചന തങ്ങൾക്ക് തുടങ്ങാൻ പറ്റുകയുള്ളുവെന്നും അവരിരുവരും അവളോട് പറഞ്ഞിട്ടും അവൾക്ക് കുലുക്കമൊന്നും ഉണ്ടായില്ല.
തന്റെ കല്യാണം നടക്കുന്നതിനു മുമ്പ് അനുജത്തിയുടെ കല്യാണം നടത്തുന്നതിന് തനിക്ക് എതിർപ്പൊന്നുമില്ലെന്നും അതിനെച്ചൊല്ലി താൻ പ്രശ്നമൊന്നും ഉണ്ടാക്കുകയില്ലെന്നും പറയുന്ന റിനിയുമായാണ് മാതാപിതാക്കൾ ഇരുവരും എന്നെ കാണാൻ വന്നത്.വിവാഹത്തോട് ബന്ധപ്പെട്ട് റിനിക്കുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും മാറ്റിയാണ് അന്ന് അവൾ എന്റെ മുറി വിട്ട് മാതാപിതാക്കൾക്കൊപ്പം മടങ്ങിപ്പോയത്. മാതാപിതാക്കൾ ഇരിക്കെത്തന്നെയാണ് ഞാൻ അവളോട് സംസാരിച്ചത്.
അപ്പന്റെ സംരക്ഷണയിലും ചെലവിലും കഴിയാമെന്നിരിക്കെ അവൾ ജോലി ചെയ്ത് വരുമാനം നേടേണ്ടതുണ്ടോ എന്ന് ഞാൻ അവളോട് ചോദിച്ചു. ദൈവം തനിക്ക് ബുദ്ധിയും കഴിവും ആരോഗ്യവും തന്നിരിക്കുന്നത് താനും അധ്വാനിക്കാനും വരുമാനം നേടാനും അതുവഴി തന്റെ കുടുംബത്തിന്റെ ജീവിതത്തിൽ തന്റേതായ പങ്ക് നിർവഹിക്കാനും ആണെന്നാണ് അവൾ എന്നോട് അപ്പോൾ പറഞ്ഞത്.അങ്ങനെയെങ്കിൽ വിവാഹത്തിലൂടെ മക്കൾക്ക് ജന്മം നൽകാനും ജനിച്ചു വളർന്ന കുടുംബത്തിന്റെ വളർച്ചയിലും നിലനിൽപ്പിലും തന്റെ ഭാഗം നിർവഹിക്കാനും വിവാഹ ജീവിതത്തിലൂടെ അവൾക്കും കഴിയേണ്ടതല്ലേ എന്ന എന്റെ ചോദ്യത്തിന് മുന്നിൽ അവൾ നിശബ് ദയാവുകയാണ് ചെയ്തത്.
ഒരു വ്യക്തിക്കുസ്ത്രീത്വത്തിന്റെയും പുരുഷത്വത്തിന്റെയും തനിമയും പൂർണതയും ലഭിക്കുന്നുണ്ടെങ്കിൽ അത് വ്യക്തമാക്കുന്നത് ആ വ്യക്തി വിവാഹത്തിലേക്കും അതുവഴി സന്താനോത്പാദനത്തിലേക്കും പോകണമെന്നാണ്. അക്കാര്യത്തിൽ സ്ത്രീ പുരുഷ ഗണത്തിൽപ്പെടുന്ന ആരെങ്കിലും വിമുഖത കാട്ടുന്നതിനെ ന്യായീകരിക്കാൻ ആവുകയില്ല. അത് ഒരാൾ തന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഓടി ഒളിക്കുന്നതാണെന്നും ഭീരുത്വമാണെന്നും ഞാൻ പറഞ്ഞത് വളരെ ശ്രദ്ധയോടെയാണ് റിനി കേട്ടത്.
ഒരു സ്ത്രീയുടെ ശാരീരിക വളർച്ചയും ലൈംഗികവും മാനസികവും വൈകാരികവുമായ പ്രത്യേകതകളും റിനിക്ക് ഉണ്ടെന്ന് തോന്നുന്നുണ്ടോ എന്ന എന്റെ ചോദ്യത്തിന് സംതൃപ്തമായ ഉത്തരമാണ് അവൾ നൽകിയത്.വിവാഹ ജീവിതവും കുടുംബജീവിതവുമൊക്കെ സ്ത്രീ പുരുഷൻമാരെന്ന നിലയിൽ ഓരോരുത്തരും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമാണ്.
പഠനം പൂർത്തീകരിക്കുന്ന ഒരു വ്യക്തി ജോലി നേടി തന്റെ കരിയറിലേക്ക് പ്രവേശിക്കുന്നതു പോലെയാണത്. വിവാഹ ജീവിതത്തിലൂടെയും സന്താനോത്പാദനത്തിലൂടെയും ഒരു വ്യക്തി തന്റെ കുടുംബത്തോടും തലമുറകളോടും മാത്രമല്ല, സമൂഹത്തോടുള്ള കടപ്പാട് കൂടിയാണ് നിർവഹിക്കുന്നത്.കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളും ക്ലേശങ്ങളും ഏറ്റെടുക്കുന്നതിനുള്ള വിമുഖത ചിലരെ വിവാഹം വേണ്ട എന്ന ചിന്തയിലേക്ക് നയിക്കാറുണ്ട്.
വിവാഹജീവിതത്തോട് ബന്ധപ്പെട്ട് ചിലർക്കുള്ള സംശയങ്ങളും ഭയവും അവരെ അവിവാഹിതരായി ജീവിക്കാൻ പ്രേരിപ്പിക്കാറുണ്ട്. വിവാഹിതരായ ചിലരുടെ ജീവിതത്തിലെ ദുരനുഭവങ്ങളും സ്വന്തം മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും കുടുംബ ജീവിതത്തിലെ വീഴ്ചകളും ചില ആളുകളെ വിവാഹത്തോട് നിഷേധാത്മക നിലപാട് പുലർത്താൻ പ്രേരിപ്പിക്കാറുണ്ട്. ചില വാഹനങ്ങൾ അപകടപ്പെടാറുണ്ട് എന്നുകരുതി താൻ ഒരിക്കലും വാഹനം ഓടിക്കില്ല എന്ന് ഒരാൾ ചിന്തിച്ചാലോ? ശ്രദ്ധയോടെയും ട്രാഫിക് നിയമങ്ങൾ പാലിച്ചും വാഹനങ്ങൾ ഓടിക്കുക എന്നതല്ലേ സ്വീകാര്യമായ മാർഗം. ബൈബിളിൽ ഇങ്ങനെ കാണുന്നു; ആദം ഏകനായി ഇരിക്കുന്നത് നന്നല്ല എന്നുകണ്ട് ദൈവം അവന് ചേർന്ന ഇണയെ നൽകി.
സിറിയക് കോട്ടയിൽ