ആനന്ദ് ഹോട്ടൽ ആ ഗ്രാമപ്രദേശത്തെ നല്ലൊരു ഹോട്ടൽ ആണ്. ഹോട്ടൽ പ്രൊപ്രൈറ്റർ ആയ ആനന്ദ് വിവാഹിതനാണ്. നാല് മക്കളാണ് അയാൾക്ക്. ഭാര്യ ലൗലി ചങ്ങനാശേരിക്കാരിയാണ്. ആനന്ദും ലൗലിയും തോളോടുതോൾ ചേർന്നാണ് തങ്ങളുടെ കുടുംബത്തെ മുന്നോട്ട് നയിച്ചുപോന്നിരുന്നത്. അവർക്കിരുവർക്കും അന്യോന്യം അറിയാൻ പാടില്ലാത്ത രഹസ്യം ഒന്നുംതന്നെ ഇല്ലായിരുന്നു എന്നുവേണം പറയാൻ.
ലൗലിയുടെ ഏക സഹോദരൻ ജിബു അവിവാഹിതനാണ്. ലൗലിയുടെ നിർബന്ധപ്രകാരമാണ് ആനന്ദ് തന്റെ അളിയന് തന്നെ ഹോട്ടൽ കാര്യങ്ങളിൽ സഹായിക്കുന്നതിനായി അവിടെ ജോലി നൽകിയത്. മദ്യപാനിയായ അയാൾ നന്നാവും എന്ന വിചാരത്തോടെ ആണ് അയാളുടെ മാതാപിതാക്കളും മരുമകന്റെ അടുത്തേക്ക് അയാളെ അയച്ചത്. ആ വഴിക്ക് അയാൾ നന്നായില്ല എന്നുമാത്രമല്ല ഹോട്ടലിൽ ചില അല്ലറ ചില്ലറ സാമ്പത്തിക തിരിമറികൾ അയാൾ നടത്തുകയും ചെയ്തു. ഇക്കാര്യത്തെ ചൊല്ലി ആനന്ദും ലൗലിയും തമ്മിൽ അന്ന് ആദ്യമായി വഴക്കുണ്ടായി.
വഴക്കുണ്ടായത് ഹോട്ടലിൽ വച്ചല്ല വീട്ടിൽവച്ചാണ്. അതോടെ ഹോട്ടൽ നടത്തിപ്പിൽ വീഴ്ചകൾ ഉണ്ടായിത്തുടങ്ങി എന്നുവേണം പറയാൻ. വർഷങ്ങളായി ഭാര്യാഭർത്താക്കന്മാരായ അവരിരുവരും ചേർന്ന് ചെയ്തിരുന്ന ഹോട്ടൽ പണികൾ പിന്നീടങ്ങോട്ട് ആനന്ദിന്റെ മാത്രം ഉത്തരവാദിത്തമായി. വീട്ടുജോലിയും ഹോട്ടൽ കാര്യവും ഒന്നിച്ച് തനിക്ക് കൊണ്ടുപോകാൻ ആകില്ലെന്ന് പറഞ്ഞാണ് ലൗലി ഹോട്ടൽ പണി കളിൽനിന്ന് പിൻവാങ്ങിയത്. അളിയനും പെങ്ങളും തന്റെ പേരിൽ വഴക്ക് തുടങ്ങിയതോടെ അതിന് തീകൊളുത്തിയ ജിബു താമസിയാതെതന്നെ തന്റെ വീട്ടിലേക്ക് തിരിച്ചുപോയി.
ഇക്കാര്യങ്ങളൊക്കെ കേട്ടറിഞ്ഞ ലൗലിയുടെ അങ്കിൾ, റിട്ടയേർഡ് അധ്യാപകൻ തൊമ്മൻ സാർ ഒരു ദിവസം പ്രശ്നപരിഹാരത്തിനായി ആ വീട്ടിലേക്ക് ചെല്ലുകയും ഭാര്യാഭർത്താക്കൻമാർ ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിക്കുകയും ചെയ്തു. തങ്ങൾ ഇരുവരും അന്യോന്യം എത്രകണ്ട് സ്നേഹിക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം ആ പങ്കുവയ്ക്കലിലൂടെയാണ് തങ്ങൾക്ക് മനസിലായത് എന്നാണ് ആനന്ദും ലൗലിയും പറഞ്ഞത്. ഏതായാലും അതോടെ ഹോട്ടൽ പഴയ അവസ്ഥയിൽ എത്തി, ആനന്ദിന്റെയും ലൗലിയുടെയും വഴക്കും അവസാനിച്ചു.
വഴിയിലൂടെ പോയവൻ കുടുംബത്തിൽ കയറി കലമുടയ്ക്കുന്നത് ഇതാദ്യമല്ല. കുടുംബ ജീവിതം നയിക്കുന്നവർ വലിയ ജാഗ്രത പാലിക്കേണ്ട ഒരു കാര്യമാണിത്. നന്നായി പോകുന്ന ഭാര്യാഭർതൃ ബന്ധത്തിൽ വിള്ളൽ ഉണ്ടാകാൻ ബന്ധുക്കളായ ചിലരുടെ അ വിവേകത്തോടെയും സ്വാർത്ഥപരവുമായ പ്രവൃത്തികൾ കാരണമാകും എന്നതിൽ സംശയമില്ല. അത്തരത്തിലുള്ള ഒന്നാണ് ദീപുവിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ജിബുവിനെ പോലുള്ളവരെ നന്നാക്കാനായി ആനന്ദിനെയും ലൗലിയെയും പോലുള്ള ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ സ്വകാര്യതകളിലേക്ക് അവരെ സ്വാഗതം ചെയ്യുമ്പോൾ വളരെയേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ആനന്ദും ലൗലിയും മാനസികമായി അകന്നുകഴിഞ്ഞ ദിനങ്ങളിൽ ഒരു കാര്യവും തങ്ങൾക്ക് ശ്രദ്ധയോടെയും കാര്യക്ഷമമായും ചെയ്യാൻ കഴിഞ്ഞിരുന്നില്ല എന്നാണ് ഇരുവരും സാക്ഷ്യപ്പെടുത്തിയത്. ഇരുവർക്കും അന്യോന്യം ഉണ്ടായിരുന്ന ബന്ധവും സ്നേഹവും ആണ് ഇരുവരെയും ഉന്മേഷം ഉള്ളവരും കാര്യക്ഷമതയുള്ളവരും ആക്കിയിരുന്നത് എന്ന സത്യം അപ്പോൾ മാത്രമാണ് അവരിരുവരും തിരിച്ചറിഞ്ഞത്. ഭാര്യാഭർത്താക്കൻമാർ ഇരുവരും അന്യോന്യം പ്രകടമാക്കുന്ന സ്നേഹവും പ്രോത്സാഹനവും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ ഊർജ്ജസ്വലതയോടെ നിലകൊള്ളുന്നതിന് അവരെ സഹായിക്കും എന്നത് തർക്കമറ്റ കാര്യമാണ്.
ഭാര്യാഭർതൃ ബന്ധത്തിൽ മാത്രമല്ല മക്കളുടെ ജീവിതത്തിലും വീട്ടിൽ അതിഥികളായി എത്തുന്നവരുടെ അതിരുവിട്ടുള്ള പെരുമാറ്റങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്നുള്ളത് യാഥാർഥ്യമാണ്. അതിഥികൾക്ക് അതിർവരമ്പുകൾ നിശ്ചയിക്കേണ്ടത് പക്വതയുള്ള മാതാപിതാക്കൾ തന്നെയാണ്. മേൽപ്പറഞ വർക്ക് പല കുടുംബങ്ങളിലും നൽകിയിട്ടുള്ള അമിതസ്വാതന്ത്ര്യം പ്രശ്നങ്ങളുടെ നൂലാമാലകളിലേക്ക് പല കുടുംബങ്ങളെയും നയിച്ചിട്ടുണ്ട് എന്നുള്ളത് സത്യമാണ്. മറ്റുള്ളവർക്കു മുൻപിൽ വീടിന്റെ കതകുകൾ കൊട്ടിയടയ്ക്കണം എന്നല്ല പറയുന്നത്, ഇക്കാര്യങ്ങളിലൊക്കെ വിവേകത്തോടുകൂടിയുള്ള നിയന്ത്രണം ഉണ്ടാകണമെന്നാണ്.
സിറിയക് കോട്ടയിൽ