അരുണ്‍ എന്നാണ് അവന്റെ പേര്. ഡിഗ്രി പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ടുണ്ടായ ഒരു അടിപിടി കേസിൽ പ്രതിയായതോടെ അവൻ കോളജിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു. ഇക്കാര്യങ്ങളൊക്കെ അവന്റെ അപ്പനായ ജോസും അമ്മയായ രേഖയും അറിയുന്നത് മാസം ഒന്ന് കഴിഞ്ഞാണ്. അരുണ്‍ അവരുടെ മൂന്നാമത്തെ മകനാണ്. അവനു താഴെ ഒരു പെണ്ണ് കൂടി ഉണ്ട് അവർക്ക്.
കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ അരുണിന്റെ ഉൗരുചുറ്റലുകൾ കൂടി എന്നുവേണം പറയാൻ. വല്ലപ്പോഴും മാത്രം മദ്യപിച്ചിരുന്ന അവൻ അതോടെ കൂടെക്കൂടെ മദ്യപിക്കാൻ തുടങ്ങി. കൂട്ടുകാരുടെ എണ്ണവും അടിക്കടി കൂടിവന്നു. ആ ദിവസങ്ങളിൽ കുടുംബ പ്രാർത്ഥനയോ പള്ളിയിൽ പോക്കോ ഒന്നും തന്നെ അവനില്ലായിരുന്നു. അപ്പനായ ജോസ് അറിയാതെ അമ്മ രേഖയെ ഭീഷണിപ്പെടുത്തി മദ്യപിക്കുന്നതിനും അനാവശ്യ ചെലവുകൾ ചെയ്യുന്നതിനും ഒക്കെയായി അവൻ പണം വാങ്ങുമായിരുന്നു. കലഹം ഉണ്ടാകുമല്ലൊ എന്ന് വിചാരിച്ചു രേഖ അക്കാര്യം ഒന്നുംതന്നെ ഭർത്താവ് ജോസിനോട് പറയുമായിരുന്നില്ല. അങ്ങനെ വർഷം രണ്ട് കടന്നുപോയി.
അരുണ്‍ ഇതിനോടകം നാട്ടുകാർ അറിയുന്ന ഒരു മദ്യപനും വഴക്കാളിയും ആയി മാറിക്കഴിഞ്ഞിരുന്നു. അപ്രതീക്ഷിതമായാണ് കരൾരോഗം അവനെ പിടികൂടിയത്. രോഗനിർണയം ചെയ്യുന്പോൾ കാര്യങ്ങളൊക്കെ ഏതാണ്ട് കൈവിട്ടുപോയിരുന്നു. കരൾമാറ്റശസ്ത്രക്രിയയ്ക്കു ഡോക്ടർമാർ ഉപദേശിച്ചെങ്കിലും ജോസിന്റെ കുടുംബത്തിന്റെ സാന്പത്തിക അവസ്ഥയ്ക്ക് അതത്ര എളുപ്പമായിരുന്നില്ല. എങ്കിലും അയാൾ പരിചയവും ബന്ധവും ഉള്ള കുറേ ആളുകളിൽ നിന്നായി കടം ആയും സംഭാവനയായും കുറെയേറെ പണം സ്വരൂപിച്ചു.
ഇതിനോടകം അരുണിന്റെ രോഗം മൂർച്ഛിച്ചു.ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജോസിനും ഭാര്യക്കും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു അരുണിന്റെ മരണം. ഓരോ കുടുംബത്തിലും മക്കൾ ഓരോരുത്തരും ജനിക്കുന്പോൾ തുടങ്ങി അപ്പനമ്മമാർ അവരെ ഓരോരുത്തരെയും ഓർത്താണ് തങ്ങളുടെ ജീവിതം മുന്നോട്ടു നയിക്കുന്നത്.
തങ്ങളുടെ ജീവിതത്തിലെ വ്യക്തിപരമായ പല കാര്യങ്ങളും അവർ ബോധപൂർവ്വം മറന്നുകളയുന്നതും വേണ്ടെന്നു വയ്ക്കുന്നതും അവർ ഓരോരുത്തരെയും ഓർത്തു തന്നെയാണ്. ഞാൻ ഓർക്കുന്നുണ്ട് ആ മനുഷ്യനെ. അയാൾ ഒരു ചുമട്ടുതൊഴിലാളിയാണ്. നാല് മക്കളാണ് അയാൾക്ക്. രാവിലെ എട്ടിനു തുടങ്ങുന്ന അധ്വാനം വൈകുന്നേരം ഏഴുവരെ നീളും. ഞാൻ ഒരിക്കൽ അയാളോട് ചോദിച്ചു, ചുമട് അല്ലേ തൊഴിൽ എല്ലാദിവസവും ഇത്തിരി കുടിക്കാറുണ്ട് അല്ലേ? അയാൾ പറഞ്ഞ മറുപടി എന്നെ അദ്ഭുതപ്പെടുത്തി.
“മറ്റ് പലരെയുംപോലെ മദ്യപിക്കണമെന്നൊക്കെ എനിക്കും തോന്നാറുണ്ട്. പക്ഷേ, കുടുംബത്തെയും മക്കളെയും ഒക്കെ ഓർക്കുന്പോൾ അത് വേണ്ടെന്നു വയ്ക്കും.” അയാൾ എന്നോട് ചോദിച്ചു, തനിക്ക് കിട്ടുന്ന കൂലികൊണ്ട് താൻ കുടിക്കാൻ പോയാൽ ഭാര്യയുടെയും പിള്ളേരുടെയും കാര്യം പിന്നെ ആര് നോക്കുമെന്ന്. മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളെക്കുറിച്ച് ഓർമയുള്ളതുപോലെതന്നെ മക്കൾക്കും അവരുടെ മാതാപിതാക്കളെക്കുറിച്ച് ഓർമ്മയുണ്ടാകണം.
ആ ഓർമയാണ് അരുതുകളിൽനിന്ന് അരുതുകളിലേക്ക് പോകാതെ അവയൊക്കെ വെറുത്തുപേക്ഷിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. ഇന്ന് നമ്മുടെ ആണ്മക്കളും പെണ്മക്കളും ഒക്കെ നാശത്തിന്റെ ഗർത്തങ്ങളിലേക്ക് വഴുതിവീഴാൻ ഇടയുള്ള സാഹചര്യങ്ങളിലേക്കും ചെയ്തികളിലേക്കും പോകുന്നുണ്ടെങ്കിൽ അവർ എപ്പോഴും ഓർക്കേണ്ട തങ്ങളുടെ മാതാപിതാക്കളെ ബോധപൂർവമോ അല്ലാതെയോ മറന്നുകളയുന്നു എന്നതാണ് സത്യം. അരുണിന്റെ ജീവിതവും തകർന്നടിയാൻ കാരണം അത് തന്നെയല്ലേ?
സിറിയക് കോട്ടയിൽ