ഒരധ്യാപകന്റെ മകനാണയാൾ. പേര് ചെറിയാൻ. ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. റിട്ടയർ ചെയ്തിട്ട് അഞ്ച് വർഷമായി.ചെറിയാന്റെ ഭാര്യ കുഞ്ഞമ്മയും ബാങ്ക് ഉദ്യോഗസ്ഥയാണ്. അടുത്ത വർഷം റിട്ടയർ ചെയ്യും.ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്, നിത്യയും നിധിനും. നിത്യ ടീച്ചറും നിധിൻ ഖത്തറിൽ ഒരു വിദേശ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ ഫ്ലോർ മാനേജരുമാണ്. നിധിൻ ഹോട്ടൽ മാനേജ്മെന്റ് പഠിച്ച ആളാണ്. ചെറിയാനും നിധിനും ഇപ്പോൾ അത്ര യോജിപ്പിലല്ല.
അപ്പനും മകനും തമ്മിലുള്ള മാനസികാകൽച്ചയുടെ മുഴുവൻ നീറ്റലും അനുഭവിക്കുന്നത് കുഞ്ഞമ്മയും മകൾ നിത്യയുമാണ്. നിത്യ വിവാഹിതയാണ്.നിധിന്റെ വിവാഹം കഴിഞ്ഞിട്ട് ആറ് മാസമേ ആയിട്ടുള്ളു. ഭാര്യ മഞ്ജു നിധിനോടൊപ്പം ഖത്തറിലാണ്. നിധിൻ വിദേശത്ത് ജോലി ചെയ്യാൻ തുടങ്ങിയിട്ട് അഞ്ച് വർഷമായെങ്കിലും ഇതുവരെയും ഒന്നും സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല എന്ന നഷ്ടബോധം പുലർത്തുന്ന ആളാണ്. തന്റെ ശമ്പളം മാത്രമല്ല നഴ്സായ തന്റെ ഭാര്യയുടെ ശമ്പളവും മാസം തോറും തന്റെ പപ്പയുടെ പേർക്ക് അയച്ചു കൊടുക്കേണ്ടിവരുന്നതിനാലാണ് താനിപ്പോഴും പാപ്പരായി കഴിയുന്നത് എന്നാണ് അയാൾ പറയുന്നത്.
ഇക്കാര്യത്തെപ്രതി അപ്പനും മകനും തമ്മിൽ വഴക്കുണ്ടാകുകയും ആ വഴക്ക് ഇരുവരെയും മാനസികമായി അകറ്റുകയും ചെയ്തു. വിവാഹത്തിന് മുമ്പ് തന്റെ മകന് തന്റെ നേരെയൊന്ന് നോക്കാൻ പോലും ധൈര്യം ഇല്ലായിരുന്നെന്നും വിവാഹശേഷം അവനിൽ ഉണ്ടായ മാറ്റത്തിന് കാരണം അവന്റെ ഭാര്യയും അവളുടെ മാതാപിതാക്കളുമാണെന്നും പറയുന്ന ചെറിയാൻ തന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് തന്റെ മകനോട് ഒന്നും സംസാരിക്കാറില്ല. ബാങ്കിൽ ജോലിയിലായിരുന്ന കാലത്ത് മാത്രമല്ല പിന്നീടും ആവശ്യത്തിൽ കവിഞ്ഞ് ഭൂമി വാങ്ങിക്കൂട്ടുന്ന ആളാണ് ചെറിയാൻ.
തനിക്ക് ഇതിന്റെയൊന്നും ആവശ്യമില്ലെന്നും പപ്പ വാങ്ങിക്കൂട്ടുന്ന സ്ഥലമൊക്കെ ഭാവിയിൽ നോക്കി നടത്താൻ തന്നെക്കൊണ്ടാവില്ലെന്നും തന്റെ പപ്പയോട് നിധിൻ കെഞ്ചി പറഞ്ഞിട്ടും ചെറിയാൻ തന്റെ മകന്റെ വാക്കുകൾക്ക് ചെവികൊടുത്തില്ല.പുതിയ ഭൂമി വാങ്ങുന്നതിനായി ലോൺ എടുക്കുന്നതിനുള്ള തയാറെടുപ്പിലാണ് അയാൾ ഇപ്പോഴും. ഒരു ചെറിയ ജീവിതത്തിന് വേണ്ടി വലിയ സമ്പാദ്യങ്ങളുടെ പിന്നാലെ പോകുകയും ആ വഴിക്ക് ജീവിതത്തിന്റെ സന്തോഷം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന കുറെയേറെ മനുഷ്യരുടെ പ്രതിനിധിയാണ് ചെറിയാൻ.
ജീവിതത്തിന് വേണ്ടിയുള്ള പലതിനെയും കാൾ ജീവിതത്തെ തന്നെ വലിയ സമ്പത്തായി കാണുക എന്നതാണ് സന്തോഷത്തോടെ ജീവിക്കുന്നതിനുള്ള മുഖ്യ ഉപാധി. എന്നും കടം വാങ്ങലും പലിശ അടയ്ക്കലും കടം വീട്ടലും ഒക്കെ ആയി കഴിയുന്ന ചില മനുഷ്യരുണ്ട് നമ്മുടെ ചുറ്റുപാടും. ഇക്കൂട്ടരുടെ വീടുകളിൽ സമാധാനം എന്നൊന്ന് ഒരു കാലത്തും ഉണ്ടാകുകയില്ല. അവർ എന്നും കൂട്ടലും കിഴിക്കലുമൊക്കെയായിട്ടായിരിക്കും കഴിയുന്നത്.
എന്നാൽ ജീവിതത്തിന്റെ കണക്ക് അവർക്ക് പിഴയ്ക്കും എന്നത് നേരാണ്.ചെറിയാന് ഇതെന്തിന്റെ കേടാണ്. ഇനിയുമെങ്കിലും അയാൾക്ക് വാങ്ങിക്കൂട്ടലുകൾ ഒന്ന് നിർത്തിക്കൂടേ? അയാൾ വാങ്ങിക്കൂട്ടുന്നതൊക്കെ അനുഭവിക്കേണ്ട അയാളുടെ മകന് അവയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞിട്ടും അവന്റെയും അവന്റെ ഭാര്യയുടെയും മാസശമ്പളത്തിന്റെ ചില്ലിക്കാശ് പോലും കൈയിൽ വയ്ക്കാൻ അവരെ അനുവദിക്കാതെ അത് മുഴുവൻ പിടിച്ചുപറിക്കുന്നതിനെപ്പറ്റി എന്ത് പറയാനാണ്. ഇന്ന് സന്തോഷമായി ജീവിക്കാൻ ദൈവം നൽകുന്നത് അതിനായി വിനിയോഗിക്കാതെ നാളത്തേക്കു് സൂക്ഷിച്ച് വച്ചിട്ട് എന്ത് കാര്യം.
ഇന്ന് സന്തോഷമായി ജീവിക്കാതെ നാളെ ജീവിക്കാം എന്ന് വിചാരിച്ചിട്ട് എന്താണ് പ്രയോജനം?. മക്കൾ തങ്ങളോളമായാൽ അവരോട് അഭിപ്രായം ചോദിക്കുന്നതും അവക്ക് പ്രാധാന്യം കൽപിക്കുന്നതും നിസ്സാരമായി അപ്പനമ്മമാർ കരുതരുത്. മക്കൾ തന്നെയും മാതാപിതാക്കളെ മാനിക്കുന്നതിനുള്ള വഴിയാണത്. താൻ ചിന്തിക്കുന്നതും തന്റെ തീരുമാനവുമാണ് ശരിയെന്ന് ചിന്തിച്ച് പ്രായപൂർത്തിയായ മക്കളുടെ നിർദ്ദേശങ്ങളെ പുഛിച്ച് തള്ളുന്നത് പരസ്പര ബന്ധത്തകർച്ചയ്ക്കേ ഉപകരിക്കൂ.
സിറിയക് കോട്ടയിൽ