എനിക്ക് നന്നായി അറിയാം ആ കുടുംബത്തെ. ഒത്തിരി നാളുകൾക്കുശേഷമാണ് ബേബിച്ചൻ എനിക്ക് ഫോൺ ചെയ്യുന്നത്. ബേബിച്ചന്റെ മകളുടെ കല്യാണമാണ്. ഞാൻ കല്യാണത്തിന് ചെല്ലണമെന്ന് അയാൾക്ക് വലിയ നിർബന്ധം. ബേബിച്ചന് നാല് മക്കളാണ്. സൂസിയാണ് ഭാര്യ. സന്തോഷകരമായ കുടുംബം, അങ്ങനെയാണ് ബേബിച്ചന്റെ കുടുംബത്തെക്കുറിച്ച് എനിക്ക് പറയാൻ പറ്റുന്നത്. അയാളും ഭാര്യയും മാതൃകാ ദമ്പതികളാണ്. ബേബിച്ചൻ വിദേശത്തായിരുന്നു.
ഖത്തറിലെ ജോലി അവസാനിപ്പിച്ചു വന്നിട്ട് അഞ്ച് വർഷമേ ആയിട്ടുള്ളു.
ബേബിച്ചൻ വിദേശത്തായിരുന്ന കാലത്തു മുഴുവൻ വീട്ടുകാര്യങ്ങളും മക്കളുടെ കാര്യങ്ങളും ബേബിച്ചന്റെ മാതാപിതാക്കളുടെ കാര്യങ്ങളുമെല്ലാം വീഴ്ച കൂടാതെ നോക്കി നടത്തിയിരുന്നത് അയാളുടെ ഭാര്യ ആയിരുന്നു. അക്കാര്യത്തെ സംബന്ധിച്ച് അയാൾക്ക് തന്റെ ഭാര്യയെക്കുറിച്ച് വലിയ അഭിമാനം ഉണ്ട്. അത് അയാൾ അവളോട് പല തവണ തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇപ്പോൾ ബേബിച്ചൻ വീടിനടുത്ത് ഒരു ബേക്കറി നടത്തുന്നുണ്ട്. അയാളുടെ ഭാര്യയും അക്കാര്യത്തിൽ അയാളെ സഹായിക്കുന്നുണ്ട്. തങ്ങളുടെ മക്കളെക്കുറിച്ച് ബേബിച്ചനും ഭാര്യക്കും വലിയ മതിപ്പാണ്. അവർ നാലുപേരും നന്നായി പഠിച്ചു. മൂത്ത പെൺകുട്ടികൾക്ക് രണ്ടുപേർക്കും അവരുടെ നേരേ ഇളയവനും ജോലി ആയി.
അവർ മൂന്നുപേരും കുടുംബകാര്യങ്ങളിൽ ഇടപെടുകയും സാമ്പത്തികമായി തന്നെ പിന്തുണയ്ക്കുകയും ചെയ്യുന്നതിൽ അയാൾക്ക് വലിയ സന്തോഷമുണ്ട്. ഭാവിയിൽ തങ്ങളുടെ മക്കൾക്ക് നല്ല കുടുംബങ്ങൾക്ക് രൂപം നൽകാൻ ആകുമെന്ന് ഉറപ്പായി അയാൾ പറയുന്നു. പരസ്പരം മതിപ്പ് ഉളവാക്കാൻ ഇടയാകും വിധം കരുതലോടെ പ്രവർത്തിക്കുന്ന ഭാര്യാഭർത്താക്കൻമാർ. ഇതിനെക്കാൾ തങ്ങളുടെ മക്കൾക്ക് അവർ എന്ത് മാതൃകയാണ് നൽകേണ്ടത് . ഈ ഒരു മാതൃകയാകാം മാതാപിതാക്കൾക്ക് അഭിമാനം ഉളവാക്കാൻ ഇടയാകുംവിധം മക്കളുടെ വളർച്ചയ്ക്ക് കാരണമായത്. നന്മ കാണാനും പറയാനും പിശുക്കു കാട്ടുന്ന ദമ്പതികളെ അങ്ങിങ്ങായി കാണാൻ ഇടയായിട്ടുണ്ട്.
നല്ല വാക്കും പ്രോത്സാഹനവും പരസ്പര ബന്ധത്തെയും കുടുംബജീവിതത്തെയും ആരോഗ്യകരമായി വളർത്തുമെങ്കിൽ അക്കാര്യത്തിൽ നാമെന്തിനാണു ലുബ്ധു കാട്ടുന്നത്.ബാലനായ യേശുവും കന്യകാമറിയവും വിശുദ്ധ ജോസഫും നസ്രത്തിലെ കുടുംബത്തെ എപ്രകാരമാണ് അന്യോന്യ സഹകരണത്തോടെ മുൻപോട്ട് കൊണ്ടുപോകുന്നതെന്ന് നോക്കു. അന്യോന്യം പഴിക്കാതെ ദൈവഹിതം നിറവേറ്റാൻ പരസ്പരം അവർ പ്രോത്സാഹിപ്പിക്കുന്നതായി നാം കാണുന്നു. അവർ അന്യോന്യം കാട്ടുന്ന ആദരവും കരുതലും അനുകരണീയം തന്നെയാണ്.ബേബിച്ചനും അയാളുടെ ഭാര്യയും വീട്ടുകാര്യങ്ങളിൽ പരസ്പരം സഹായിച്ചും സഹകരിച്ചും മുന്നോട്ട് പോകുന്നതുപോലെതന്നെ അവരുടെ മക്കളും ചെയ്യുന്നത് മക്കളായി പിറന്ന ഏവർക്കും അനുകരണീയമായ ഒന്നാണെന്ന് നിസംശയം പറയാൻ കഴിയും.
ഫാമിലി വിഷന്റെ വായനക്കാർക്കെല്ലാവർക്കും ക്രിസ്മസിന്റെ ആ ശംസകൾ