അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർഷമായി. അയാൾ ജോയി, ഭാര്യ ദിവ്യ. ദിവ്യ നേഴ്സ് ആണ്. അയാൾ വിദേശത്തായിരുന്ന കാലത്താണ് ഇരുവരുടെയും വിവാഹം നടന്നത്. ജോയിക്ക് ഒരു സ്പെയർപാർട്സ് കമ്പനിയിലായിരുന്നു ജോലി. വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തിനുശേഷം ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്ന് മാറി ജോയിയും അയാളുടെ ഒരു സുഹൃത്തും കൂടി ഗൾഫിൽ സ്വന്തമായി ഒരു ബിസിനസ് തുടങ്ങി.
എന്നാൽ തുടക്കത്തിൽതന്നെ അത് പരാജയപ്പെട്ടു. സ്വന്തമായ ബിസിനസിനൊന്നും പോകേണ്ട എന്നുള്ള ഭാര്യയുടെ വാക്ക് തിരസ്കരിച്ചാണ് ജോയി അന്ന് അത്തരമൊരു ഉദ്യമത്തിന് മുതിർന്നത്. ലോണെടുത്ത പകുതി തുകയും അതിന്റെ പലിശയും അടയ്ക്കേണ്ട ബാധ്യത ദിവ്യയുടെ ചുമലിലായി. അതിന്റെ ക്ലേശം മുഴുവൻ അന്ന് അനുഭവിച്ചത് ദിവ്യ തന്നെ ആയിരുന്നു. അനുദിന ആവശ്യങ്ങൾക്കും കുട്ടികളുടെ പഠനത്തിനുമായി തന്റെ ശമ്പളം മതിയാകാതെ വന്നപ്പോൾ ദിവ്യ ഓവർടൈം ജോലി ചെയ്യാൻ തുടങ്ങി.
ഗൾഫിൽ പിന്നീട് ജോലി ഒന്നും കിട്ടാതെ വന്നപ്പോൾ ജോയി നാട്ടിലേക്ക് പോയി. എന്നാൽ കടം തീർക്കാൻ എന്നോണം തന്റെ ഭാര്യയുടെ വാക്കു കേൾക്കാതെ നാട്ടിൽ അയാൾ കാറ്ററിംഗ് തുടങ്ങി. പരിചയമില്ലാതിരുന്ന പണി ആയിരുന്നതിനാലും പരിചയസമ്പന്നരായ കാറ്ററിംഗ്കാർ പലരും നാട്ടിൽ ഉണ്ടായിരുന്നതിനാലും അയാളുടെ ആ ശ്രമവും പരാജയപ്പെട്ടു. കുട്ടികൾ രണ്ടുപേരും അയാൾക്കൊപ്പം നാട്ടിലേക്ക് പോന്നിരുന്നു.
വീട് നടത്തേണ്ട ഉത്തരവാദിത്വവും കടം വീട്ടേണ്ട ബാധ്യതയും ദിവ്യ ഏറ്റെടുക്കേണ്ടി വന്നു. ഇക്കാര്യത്തെചൊല്ലി ഇരുവരും തമ്മിൽ ഇടയ്ക്കൊക്കെ വഴക്കുണ്ടാക്കുമായിരുന്നെങ്കിലും ദിവ്യ ജോയിയെ ഒരിക്കലും തള്ളിപ്പറയുമായിരുന്നില്ല. ദിവ്യ അവധിക്ക് നാട്ടിലെത്തിയപ്പോൾ അവരിരുവരുംകൂടി എന്നെ കാണാൻ വന്നപ്പോഴാണ് ഇക്കാര്യങ്ങൾ എല്ലാം ഞാൻ അറിയുന്നത്. ദിവ്യ പറഞ്ഞതിൻ പ്രകാരം അന്ന് അവർക്ക് നാല്പതു ലക്ഷം രൂപ കടം ഉണ്ടായിരുന്നു.
പതിനഞ്ചു വർഷമായി ഗൾഫിൽ ജോലിചെയ്യുന്ന തനിക്ക് ഇതുവരെ ഒരു രൂപ പോലും സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ദിവ്യ എന്നോട് പറയുമ്പോൾ അയാൾ നിർവികാരനായി എന്നെയും തന്റെ ഭാര്യയേയും നോക്കുന്നത് ഞാൻ കണ്ടു. ജോയിയോട് വെറുപ്പ് ഉണ്ടോ എന്ന് അയാളുടെ ഭാര്യയോട് ഞാൻ ചോദിച്ചപ്പോൾ താനുംകൂടി കൈ ഒഴിഞ്ഞാൽ പിന്നെ തന്റെ ഭർത്താവിന്റെ സ്ഥിതി എന്താകും എന്നാണ് ആ സ്ത്രീ എന്നോട് ചോദിച്ചത്. ഭർത്താവിന്റെ വാക്ക് ഭാര്യ കേൾക്കണം. ഭാര്യയുടെ വാക്ക് ഭർത്താവ് കേൾക്കണ്ടേ? ഭാര്യയുടെ വാക്ക് കേൾക്കുന്നവനും അവൾക്ക് വിധേയപ്പെടുന്നവനും പെൺകോന്തൻ ആണെന്നത്രേ നാട്ടിലെ പറച്ചിൽ. കുടുംബത്തിന്റെ ഭാരം വഹിക്കുന്നത് ഇരുവരും ചേർന്ന് ആണെങ്കിൽ ഭാര്യാഭർത്താക്കന്മാർ അന്യോന്യം കേൾക്കാനും വിധേയപ്പെടാനും കടപ്പെട്ട വരല്ലേ? സ്വന്തം തോന്നലുകൾക്ക് അനുസരിച്ചുള്ള എടുത്തുചാട്ടം ഭാര്യയുടേതായാലും ഭർത്താവിന്റേതായാലും അത് വലിയ അപകടത്തിലേ കലാശിക്കു എന്നതിന് അനുഭവസ്ഥർ സാക്ഷികളാണ്.
ഭാര്യയെ ചെവിക്കൊള്ളാതെ ഒരിക്കൽ അബദ്ധത്തിൽ ചാടിയ ജോയി പിന്നെയും അതേ പാതതന്നെ തെരഞ്ഞെടുക്കുന്നതിനെ അഹങ്കാരം എന്നാണോ അവിവേകം എന്നാണോ വിശേഷിപ്പിക്കേണ്ടത്? താൻകൂടെ കൈ ഒഴി ഞ്ഞാൽ പിന്നെ തന്റെ ഭർത്താവിന്റെ സ്ഥിതി എന്താകും എന്നുള്ള ദിവ്യയുടെ വാക്കുകൾ ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്ന ഏതൊരു ഭാര്യമാർക്കും മാതൃക തന്നെയാണ്. പക്ഷേ, ഇത് പഴയ തെറ്റ് തന്നെ ആവർത്തിക്കാനാണ് ജോയിയെ പോലുള്ളവർക്ക് കാരണമാകുന്നതെങ്കിൽ അതിനെപ്പറ്റി ഞാൻ എന്താണ് പറയുക.
സിറിയക് കോട്ടയിൽ