അവർ എന്നെ കാണാൻ വന്നത് വലിയ മാനസിക വിഷമത്തോടെയാണ്. ജോണി മാത്യുവും ഭാര്യ ആലീസും. നാലു മക്കളാണ് അവർക്ക്, രണ്ടാണും രണ്ടു പെണ്ണും. മൂത്ത മക്കൾ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു. മൂന്നാമത്തേത് പെണ്ണാണ്. സൈക്കോളജി പഠനം കഴിഞ്ഞ ദീപ എന്ന അവൾ സഭയുടെ കീഴിലുള്ള സ്ഥാപനത്തിൽ ഇപ്പോൾ കൗൺസലർ ആയി ജോലി നോക്കുകയാണ്.
മൂത്ത മൂന്നു മക്കളെക്കുറിച്ചും നല്ലതു മാത്രം പറയുന്ന ജോണിക്കും ആലീസിനും ഏറ്റവും ഇളയവനായ ദീപക്കിനെക്കുറിച്ച് നല്ല അഭിപ്രായമല്ല ഉള്ളത്. ദീപക്കിന് ദീപയെക്കാൾ അഞ്ചു വയസ് ഇളപ്പമുണ്ട്. പ്ലസ് ടു വിദ്യാർഥിയായ അവൻ തന്റെ മാതാപിതാക്കൾക്ക് മാത്രമല്ല പ്രിൻസിപ്പലിനും അധ്യാപകർക്കും ഒരു തലവേദനയാണ്. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ അവൻ പഠനത്തിൽ ഇപ്പോൾ വളരെ പിന്നിലാണ്.
ക്ലാസിലിരുന്ന് ഉറങ്ങുന്നതും കൂടെയുള്ള മറ്റു കുട്ടികളെ ക്ലാസ് സമയത്ത് ശല്യപ്പെടുത്തുന്നതും ലേഡി ടീച്ചർമാരെ കളിയാക്കുന്നതുമൊക്കെ ഇപ്പോൾ അവന്റെ ശീലമാണ്. പത്താംക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങിയ ഇവന് എന്തുപറ്റി എന്ന് അവന്റെ അധ്യാപകർ പരസ്പരം ചോദിക്കുന്നു.
എന്റെ നിർദേശപ്രകാരം ജോണിയും ആലീസും ദീപക്കിന്റെ പ്രിൻസിപ്പലിനെ കാണാൻ പോയി. സാറും അവരെ കാണാൻ കാത്തിരിക്കുകയായിരുന്നു. ദീപക്കിന്റെ ഫോണിൽ കണ്ട ചില സംശയകരമായ സന്ദേശങ്ങളെപ്പറ്റി ജോണി പ്രിൻസിപ്പലിനോട് സംസാരിച്ചു. ദീപക് ഏതോ ഒരു മയക്കുമരുന്ന് ശൃംഖലയിലെ കണ്ണി ആണെന്ന പ്രിൻസിപ്പലിന്റെ ഊഹം ശരിയെന്ന് ഉറപ്പിക്കുന്നത് ആയിരുന്നു അവന്റെ അടുത്ത കാലത്തെ പെരുമാറ്റങ്ങൾ.
മാതാപിതാക്കളുടെ സമ്മതത്തോടെ പ്രിൻസിപ്പൽ തന്നെയാണ് ലോക്കൽ പോലീസ് സ്റ്റേഷനിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എസ്ഐ വഴി ചൈൽഡ് കെയറിലും ഡി അഡിക്ഷൻ സെന്ററിലും കൗൺസലിംഗും ശ്രദ്ധയും കിട്ടിയതോടെ ദീപക്കിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. പത്തുവർഷം മുമ്പ് വരെ കേട്ടുകേൾവി പോലുമില്ലാതിരുന്ന ഒരു കാര്യമാണ് കഞ്ചാവിന്റെയും ഇതര മയക്കുമരുന്നുകളുടെയും കുട്ടികളുടെ ഇടയിൽ ഉള്ള ഉപയോഗം. ഇന്ന് അത് സർവസാധാരണമായിക്കൊണ്ടിരിക്കുന്നു.
സാമ്പത്തിക നേട്ടത്തിനു വേണ്ടിയോ ഭയം കൊണ്ടോ എന്നറിയില്ല എക്സൈസ് വകുപ്പ് പോലും ഇക്കാര്യങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു. കാരണമില്ലാതെ പോലും ആരുടെയും നേരെ മെക്കിട്ട് കേറുന്ന മാധ്യമങ്ങൾക്ക് ഇതൊന്നും ഒരു വിഷയമേ അല്ല. ഭരണത്തിലിരിക്കുന്ന വർക്ക് ഇതിനൊന്നിനും തടയിടാൻ കഴിയുന്നുമില്ല.
വീട്ടുകാരും നാട്ടുകാരും ഒക്കെ നല്ലവർ എന്ന് പറഞ്ഞിരുന്ന പല കുടുംബങ്ങളിലെയും സൽസ്വഭാവികളായിരുന്ന കുട്ടികളിൽ ചിലരെങ്കിലും ഇന്ന് കഞ്ചാവ് മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികളും അവയുടെ ഉപഭോക്താക്കളും ആയിരിക്കുന്നു എന്നത് സമൂഹത്തിന്റെയും കുടുംബങ്ങളുടെയും നന്മ ആഗ്രഹിക്കുന്ന ഏതൊരാളെയും ഭയപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. നമ്മുടെ പല സ്കൂളുകളുടെയും പരിസരങ്ങൾ ഇന്ന് ഇത്തരം സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ട മേഖലകളായിരിക്കുന്നു. ഭാവിതലമുറയെ സംരക്ഷിക്കുന്നതിനായി മാതാപിതാക്കളുടെയും സാമൂഹ്യ സംഘടനകളുടെയും നിയമപാലകരുടെയും യോജിച്ചുള്ള പ്രവർത്തനം ഇക്കാര്യത്തിൽ അനിവാര്യമാണ്. ഭയപ്പെട്ടാണ് പ്രിൻസിപ്പൽമാരും ഹെഡ്മാസ്റ്റർമാരും അനുദിനം ഇന്ന് സ്കൂൾ നടത്തിക്കൊണ്ടുപോകുന്നത്.
ഇത്തരം സംഘങ്ങൾക്കെതിരേ ശബ്ദമുയർത്തുന്ന വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതും ശല്യം ചെയ്യുന്നതുംആക്രമിക്കുന്നതും ഒറ്റയാൻ സമരങ്ങളെ നിർവീര്യമാക്കാൻ കാരണമാക്കുന്നു. മാതാപിതാക്കൾ ഒറ്റയ്ക്കോ സ്കൂളുകൾ വെവ്വേറെയോ ഇവർക്കെതിരേ പൊരുതിയയാൽ പോരാ. കൂട്ടായ മുന്നേറ്റം ആണ് ഇവിടെ ആവശ്യം. ഉണരാം തിന്മയുടെ ശക്തികൾക്കെതിരേ നമുക്ക് അണിചേരാം.