പത്തിരുപതു വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. അന്ന് എനിക്ക് കുട്ടനാട്ടിലെ ഒരു പള്ളിയുടെ ഉത്തരവാദിത്വമുണ്ട്. ഒപ്പം ഒരു കുടുംബ മാസികയുടെ എഡിറ്ററുമാണ് ഞാൻ. ഒരു ദിവസം മാസികയുടെ പണികൾ ഒക്കെ കഴിഞ്ഞു സന്ധ്യമയങ്ങും നേരത്ത് ഞാൻ തിരിച്ചു പള്ളിയിലേക്ക് പോകുകയാണ്. ആലപ്പുഴ-ചങ്ങനാശേരി റോഡിലൂടെയാണ് യാത്ര. മങ്കൊമ്പ് ഭാഗത്തെത്തിയപ്പോൾ അപ്രതീക്ഷിതമായി എന്റെ വാഹനം വലിയ ഒരു ഗട്ടറിൽ നിപതിച്ചു. വണ്ടി പിടിച്ചിട്ട് കിട്ടിയില്ല. മറിഞ്ഞ വാഹനത്തിന് ഒപ്പം ഞാനും വീണു. വണ്ടി കുഴിയിൽ നിന്നും ഒരു വിധത്തിൽ ആണ് ഞാൻ ഉയർത്തിയത്.
എന്റെ വെപ്രാളവും വിഷമവും കണ്ട് ഒരു വഴിയാത്രക്കാരൻ എന്റെ സഹായത്തിനെത്തി. സ്കൂട്ടർ ഞാൻ വീണ്ടും സ്റ്റാർട്ട് ആക്കി നോക്കിയെങ്കിലും സ്റ്റാർട്ട് ആകുന്നില്ല.അയാൾ എന്നോട് പറഞ്ഞു അടുത്തൊരു സൈക്കിൾ വർക്ഷോപ്പുണ്ടെന്ന്. വണ്ടി തള്ളി വർക്ക്ഷോപ്പ് വരെ ഞാൻ എത്തിച്ചു. ഷോപ്പ് ഉടമ രാധാകൃഷ്ണൻ തനിക്ക് സ്കൂട്ടർ പണി കാര്യമായൊന്നും വശമില്ലെന്ന് പറഞ്ഞെങ്കിലും സ്കൂട്ടറിൽ എന്തൊക്കെയോ ചില പണികൾ ചെയ്തു. ദൈവാധീനം, വണ്ടി സ്റ്റാർട്ടായി. നന്ദി പറഞ്ഞ് ചെറിയൊരു പണിക്കൂലി രാധാകൃഷ്ണനെ ഏൽപ്പിച്ചിട്ട് ഞാൻ വണ്ടി മുന്നോട്ടെടുത്തപ്പോൾ അയാളുടെ വക എനിക്ക് ഒരു ഉപദേശം, 'വണ്ടിയേ നന്നായുള്ളു, മുന്നോട്ടുള്ള വഴി വളരെ മോശമാണ്.' നമ്മുടെ ജീവിതത്തിൽ നാമും നമ്മുടെ മക്കളും ഉള്ളിൽ എപ്പോഴും സൂക്ഷിച്ച് വയ്ക്കേണ്ട ഒരു അറിവ്, നമ്മൾ എത്ര നല്ലവരായാലും നാം ജീവിക്കുന്ന സാഹചര്യങ്ങൾ കുഴപ്പം പിടിച്ചതാണ്.
ആ അപ്പനും അമ്മയും നിറകണ്ണുകളോടെ ആണ് എന്നോട് സംസാരിച്ചത്. നന്നായി പഠിക്കുമായിരുന്നു അവരുടെ മകൾ ജിന്റ. അവൾ മരിച്ചിട്ട് ഒരു വർഷം ആകുന്നതേയുള്ളു . പോലീസിന്റെ നിഗമനത്തിൽ അത് ഒരു ആത്മഹത്യയായിരുന്നു. പക്ഷേ രഹസ്യ സാക്ഷിമൊഴികളും മരണത്തിന് തൊട്ടു മുൻപ് ഉണ്ടായ ചില സംഭവങ്ങളും ഒക്കെവച്ച് നോക്കുമ്പോൾ അത് ഒരു ആത്മഹത്യ ആയിരുന്നില്ല, കൊലപാതകം തന്നെ ആയിരുന്നു. പലരെയും പലതിനെയും ഭയന്നിട്ടാണ് അപ്പനും അമ്മയും കേസിനു പോകാത്തതും അവർക്കുള്ള സംശയങ്ങളൊക്കെ ആരോടും തുറന്നു പറയാത്തതും.
ആ യുവാവ് നിരന്തരം അവളെ ശല്യപ്പെടുത്തുമായിരുന്നു. അക്കാരണത്താൽ തന്നെയാണ് ഡിഗ്രി രണ്ടാം വർഷം ആയപ്പോൾ മുതൽ കോളേജ് ഹോസ്റ്റലിൽ നിന്ന് അവൾ പഠിക്കാൻ തുടങ്ങിയത്. ഹോസ്റ്റലിൽ നിന്ന് അവധിക്ക് വീട്ടിൽ എത്തേണ്ട ജിന്റയെ സന്ധ്യയായിട്ടും കാണാതായതോടെ ആണ് മാതാപിതാക്കളും ബന്ധുക്കളും അവളെ അന്വേഷിച്ചിറങ്ങിയത്. രണ്ടു ദിവസങ്ങൾക്കുശേഷമാണ് വനത്തോട് ചേർന്നുള്ള ഭാഗത്ത് ജിന്റയുടെ ജഡം കണ്ടെത്തിയത്.
മക്കളെ വളർത്തുമ്പോൾ മാതാപിതാക്കൾക്കും മക്കൾക്കും ഇന്ന് ജാഗ്രത ഉണ്ടായാൽ പോരാ, അതീവജാഗ്രത ഉണ്ടാകണം. അവർ ജീവിക്കുന്ന സാഹചര്യങ്ങളെയും അവയുടെ പ്രത്യേകതകളെയും കുറിച്ച് വലിയ തിരിച്ചറിവ് ഇരുകൂട്ടർക്കും ഉണ്ടാകണം. ബന്ധങ്ങളും പരിചയങ്ങളും കെണികളിൽ വീഴിക്കില്ല എന്ന ഉറപ്പ് മക്കൾക്ക് ഉണ്ടായേ പറ്റൂ. ആരെയും സുഹൃത്തുക്കൾ ആക്കാം, ആരോടും എന്തും തുറന്നു പറയാം, എന്നിങ്ങനെയുള്ള വിചാരങ്ങൾ തിരുത്തപ്പെടേണ്ടവയാണ്. മാതാപിതാക്കളുടെയും ഗുരുജനങ്ങളുടെയും വാക്കുകളെ തിരസ്കരിക്കുന്നത് കൗമാരക്കാരും യുവജനങ്ങളും ആയ മക്കളുടെ ഇടയിൽ സ്വീകാര്യമായ ഒരു കാര്യമായി ഇന്ന് മാറിയിട്ടുണ്ട് എന്നത് ആശങ്കയ്ക്ക് ഇട നൽകുന്നതാണ്.
മേൽപ്പറഞ്ഞ ഇരുകൂട്ടരും മക്കളുടെ നല്ല ഭാവിയും സുസ്ഥിതിയും മറ്റാരെയുംകാൾ ആഗ്രഹിക്കുന്നവരാണെന്നും അവരുടെ ജീവിതാനുഭവത്തിന് മക്കൾ നേടുന്ന അറിവിനേക്കാൾ നൂറുമടങ്ങ് വിലയും പ്രാധാന്യവും ഉണ്ടെന്നുമുള്ള തിരിച്ചറിവ് മക്കൾ അപകടക്കെണികളിൽ വീഴാതിരിക്കാൻ അവർക്ക് നിർബന്ധമായും ഉണ്ടാകേണ്ടിയിരിക്കുന്നു. കെണികളിൽ പെട്ടാലും പിന്നീട് ജീവിതം തിരിച്ചു പിടിക്കാമല്ലോ എന്ന് കരുതാൻ മാത്രം നാമാരും വിഡ്ഢികൾ ആയിക്കൂടാ.
സിറിയക് കോട്ടയിൽ