അയാളുടെ മരണം ആ നാട്ടുകാർക്ക് എല്ലാവർക്കും അവിശ്വസനീയമായ ഒരു വാർത്തയായിരുന്നു. അയാൾ കുമാർ എന്ന് നാട്ടുകാർ വിളിച്ചിരുന്ന കുര്യൻ മാത്യു. അയാളുടെ സ്വന്തം നാട് അതല്ല. കുമളിയിൽനിന്ന് കുടുംബസമേതം പത്തു വർഷം മുമ്പ് അവിടെ വന്ന് താമസിച്ച ആളാണ് അയാൾ. ഹാർട്ട് അറ്റാക്ക് ആയിരുന്നു. ഭാര്യ സൂസൻ. മക്കൾ അഞ്ജന, ആര്യ. അഞ്ജനയുടെ വിവാഹം രണ്ടു വർഷം മുമ്പും, ആര്യയുടെ വിവാഹം കഴിഞ്ഞ മാസവുമാണ് നടന്നത്. ഇരുവരും ഭർത്താക്കന്മാർക്ക് ഒപ്പം വിദേശത്താണ്. നഴ്സുമാരാണ്.
കുമളിയിലെ കുടുംബസ്വത്ത് വിറ്റിട്ടാണ് കുമാർ അടൂർ സിറ്റിക്ക് അടുത്ത് ഒരേക്കർ സ്ഥലം വാങ്ങിയത്. സിറ്റിയിൽ പലചരക്ക് വ്യാപാരം നടത്തിയിരുന്ന അയാൾ ആദ്യകാലത്ത് സാമ്പത്തികമായി മുൻപിൽ ആയിരുന്നെങ്കിലും പിന്നീടങ്ങോട്ട് അക്കാര്യത്തിൽ പിന്നോട്ടു പോകുകയായിരുന്നു. മക്കളുടെ വിദ്യാഭ്യാസവും പിന്നീട് അവരുടെ വിവാഹവും വളരെ ബുദ്ധിമുട്ടിയാണ് അയാൾ നടത്തിയത്.
ആ വഴിക്ക് അയാൾക്ക് അത്ര ചെറുതല്ലാത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു എന്ന കാര്യം അയാളോട് അടുപ്പമുണ്ടായിരുന്ന പലർക്കും അറിയാമായിരുന്നു.
സ്വന്തമായുണ്ടായിരുന്ന സ്ഥലവും വീടും ഉൾപ്പെടെയുള്ള സ്വത്തിന്റെ ആധാരം വർഷങ്ങളായി ബാങ്കിൽ പണയത്തിലാണ്. സൂസൻ റാന്നിക്കാരിയാണ്. അപ്പനും അമ്മയും മരണമടഞ്ഞു. രണ്ട് ആങ്ങളമാരും ഒരു അനുജത്തിയും ഉണ്ട്. അവരെല്ലാവരും കുടുംബാംഗങ്ങൾക്കൊപ്പം പല സ്ഥലങ്ങളിൽ ആണ് താമസിക്കുന്നത്.
കുമാറിന്റെ മരണാനന്തര കർമ്മങ്ങൾക്ക് സൂസന്റെ സഹോദരങ്ങളും ബന്ധുക്കളിൽ പലരും വന്നെങ്കിലും പെട്ടെന്ന് അവരെല്ലാവരും തിരികെ പോയി. തന്റെ സഹോദരങ്ങൾ തന്റെ ഭാവി കാര്യങ്ങളെ പറ്റി തന്നോട് ആരായും എന്നാണ് സൂസൻ വിചാരിച്ചിരുന്നത് എങ്കിലും അവരാരും അക്കാര്യത്തെപ്പറ്റി യാതൊന്നും തന്നെ സൂസനോട് സംസാരിച്ചില്ല.
മക്കൾ ഇരുവരും വിദേശത്തായതിനാൽ അവർക്കും അമ്മയുടെ കാര്യത്തെപ്പറ്റി പ്രായോഗികമായ തീരുമാനം ഒന്നും കൈക്കൊള്ളാൻ കഴിഞ്ഞില്ല. മൃത സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം അധികം താമസിയാതെ അവരിരുവരും ഭർത്താക്കന്മാർക്കൊപ്പം വിദേശത്തേക്ക് തിരികെപ്പോയി. വിഷമസന്ധിയിൽ ആയ സൂസന് പിന്തുണയുമായി എത്തിയത് സൂസന്റെ അങ്കിളിന്റെ മകനാണ്. റാന്നിയിൽ റബർ വ്യാപാരം നടത്തുകയാണ് അയാൾ.
തങ്കച്ചൻ എന്ന അയാളുടെ മാനസിക പിന്തുണ ലഭിച്ചതോടെ സൂസൻ തന്റെ ഭർത്താവ് നടത്തിവന്നിരുന്ന പലചരക്ക് വ്യാപാരം തുടർന്ന് നടത്താൻ തുടങ്ങി. സൂസന്റെ ബന്ധത്തിൽപ്പെട്ട സുനിലും സൂസന് പിന്തുണയുമായെത്തി.
സൂസനൊപ്പം അടൂരുള്ള വീട്ടിൽ താമസിക്കാനും കടയിൽ സഹായിക്കാനുമായി തങ്കച്ചൻതന്നെ തന്റെ നാട്ടിലുള്ള ഒരു സാധു കുടുംബത്തിലെ പെൺകുട്ടിയെ തരപ്പെടുത്തി. ദൃഢനിശ്ചയത്തോടെ വ്യാപാരത്തിൽ ശ്രദ്ധ ചെലുത്തിയ സൂസൻ സാവധാനം ആ മേഖലയിൽ വിജയിച്ചു. ലാഭത്തിൽ നിന്ന് ബാങ്ക് ലോൺ തിരിച്ചടയ്ക്കാൻ തുടങ്ങി. റോഡിനോട് ചേർന്ന് കിടന്നിരുന്ന 20 സെന്റ് സ്ഥലം വിറ്റ് ലോൺ മുഴുവനായും തിരിച്ചടച്ചു.
പലചരക്ക് വ്യാപാരം കൂടാതെ സാധിക്കുന്ന ഇതര കച്ചവടസ്ഥാപനങ്ങളും തുടങ്ങാനുള്ള ആത്മവിശ്വാസത്തിലാണ് സൂസൻ ഇപ്പോൾ. സ്ത്രീയായാലും പുരുഷനായാലും ഓരോ വ്യക്തിയും വിവിധ സാധ്യതകളുടെ ഇരിപ്പിടമാണ്. വിത്ത് മുളയ്ക്കുന്നതുപോലെ സാഹചര്യങ്ങൾ അനുകൂലമായി വരുമ്പോൾ വ്യക്തികളിലെ സാധ്യതകൾ ഫലം ചൂടും. സൂസനെപ്പോലെ ജീവിതവഴിയിൽ ഒറ്റയ്ക്ക് ആകാൻ വിധിക്കപ്പെട്ടവരുടെ മുമ്പിൽ സാധ്യതകളേറെയാണ്.
ആത്മവിശ്വാസവും അധ്വാനിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ വിധവകളായ സ്ത്രീകൾ എന്നല്ല ഒരാളും ജീവിതത്തിൽ പരാജയപ്പെടില്ല. സൂസനെ പ്പോലെ ജീവിതമധ്യത്തിൽ വിധവകളായിത്തീരുന്ന സ്ത്രീകൾക്ക് ആത്മധൈര്യം പകരാൻ അവരുടെ പ്രിയപ്പെട്ടവരായ ആർക്കെങ്കിലുമൊക്കെ സാധിച്ചാൽ വലിയ വിജയത്തിലേക്ക് ആവും അവർ എത്തുക.
ജീവിതം അവസാനിച്ചു, സർവ്വരാലും ഉപേക്ഷിക്കപ്പെട്ടു, ഒറ്റയ്ക്കായി എന്നൊക്കെ ചിന്തിക്കാതെ ചെറുതെങ്കിലും കൺമുമ്പിൽ കാണുന്ന സാധ്യതകളെ പ്രയോജനപ്പെടുത്താൻ മനസ്സു കാണിച്ചാൽ വലിയ നേട്ടങ്ങൾ ആയിരിക്കും അവരെ കാത്തിരിക്കുക. തന്നെയുമല്ല ഇത്തരമൊരവസ്ഥയിൽ എത്തുന്ന അനേകം സ്ത്രീകൾക്ക് അത് ഉത്തേജനം ആകുകയും ചെയ്യും.
സിറിയക് കോട്ടയിൽ