ആ കുടുംബനാഥൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. ഭാര്യ അധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനി രണ്ടു വർഷംകൂടി ഉണ്ട്. അയാൾ റോയി തോമസ്, ഭാര്യ അജിത. മക്കൾ അലനും അമൂല്യയും അഞ്ജനയും. അമൂല്യയുടെ വിവാഹം കഴിഞ്ഞു. അലന്റെയും അഞ്ജനയുടെയും വിവാഹമാണ് ഇനി നടക്കാനുള്ളത്. അമൂല്യയും ഭർത്താവ് കിരണും ബാംഗ്ലൂരാണ്. ഒരു കുട്ടിയുണ്ട് അവർക്ക്.
കിരൺ നല്ലൊരു മരുമകൻ ആണെന്നാണ് അജിത ടീച്ചർ എന്നോട് പറഞ്ഞത്. മക്കൾ മൂവരും അപ്പനമ്മമാരായ തങ്ങൾക്ക് വിധേയരായാണ് ജീവിച്ചതെന്നും അവരെ ക്കുറിച്ചോർക്കുമ്പോൾ തങ്ങൾക്കെന്നും അഭിമാനം ആണെന്നും ടീച്ചർ എന്നോട് പറയുമ്പോൾ ടീച്ചറുടെ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു. ടീച്ചർ പിന്നീട് എന്നോട് സംസാരിച്ചത് തന്റെ വിവാഹത്തിന്റെ ആരംഭം മുതൽ ഉള്ള ചില കാര്യങ്ങളാണ്. അജിത ടീച്ചറിന്റേത്, ടീച്ചറും മൂത്ത സഹോദരൻ അലനും മാതാപിതാക്കളും അടങ്ങുന്ന കൊച്ചു കുടുംബമായിരുന്നെങ്കിലും കെട്ടി കയറിച്ചെന്നത് ഏഴ് മക്കളുള്ള ഒരു വലിയ കുടുംബത്തിലേക്കായിരുന്നു. ടീച്ചറിന്റെ അപ്പന് ടീച്ചർ വിവാഹിതയാകുന്ന കാലത്ത് അൻപതിനാല് വയസാണ്.
ടൗൺ അന്തരീക്ഷത്തിൽ ജനിച്ചുവളർന്ന ടീച്ചർ വിവാഹം ചെയ്ത് കയറിച്ചെന്നത് ഒരു തനി ഗ്രാമീണ കുടുംബത്തിലേക്കാണ്. അമ്മായിയപ്പൻ അധ്യാപകനായിരുന്നു. ടീച്ചർ വിവാഹിതയായി ചെല്ലുമ്പോൾ അദ്ദേഹത്തിന് എഴുപത്തിനാല് വയസാണ്. തന്റെ പപ്പയുടെ സ്വഭാവത്തിൽ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു തന്റെ ഭർതൃപിതാവിന്റെ സ്വഭാവം എന്നും, നിർബന്ധബുദ്ധിക്കാരനായ അദ്ദേഹത്തോടോ കുടുംബാംഗങ്ങളോടോ മല്ലടിക്കാൻ താനന്ന് പോയില്ലെന്നും, ആ വീടിന്റെ രീതികളോട് പരമാവധി ചേർന്നുപോകാൻ ആത്മാർത്ഥമായി ശ്രദ്ധിച്ചെന്നും, അത് താനും തന്റെ ഭർത്താവുമായുള്ള ബന്ധത്തെ ഊട്ടി ഉറപ്പിക്കാൻ സഹായകമായെന്നും, അതിന്റെ അനുഗ്രഹം ദൈവം തനിക്ക് തന്നെന്നും ടീച്ചർ എന്നോട് പറഞ്ഞു.
തന്റെ സ്നേഹവും ശുശ്രൂഷയും സ്വീകരിച്ച് ഇരുകൈകളും തന്റെ ശിരസിൽ വച്ച് തന്നെ അനുഗ്രഹിച്ചാണ് തന്റെ അമ്മായിയപ്പൻ മരണമടഞ്ഞതെന്ന് പറയുമ്പോൾ ടീച്ചറുടെ ഇരുകണ്ണുകളും നിറയുന്നത് ഞാൻ കണ്ടു.
കയറിച്ചെല്ലുന്ന വീടിനെയും അതിന്റെ സംവിധാനങ്ങളെയും മാറ്റിമറിച്ചു തനിക്കും തന്റെ ഇഷ്ടങ്ങൾക്കും അനുകൂലമാക്കാൻ ശ്രമിച്ച് പരാജയമടയുന്ന വിവാഹിതരായ കുറേ സ്ത്രീകളെ കാണാനും കേൾക്കാനും എനിക്ക് ഇടയായിട്ടുണ്ട്. അതിൽനിന്നൊക്കെ വ്യത്യസ്തമാണ് അജിത ടീച്ചറുടെ ജീവിതം എന്നത് പകൽപോലെ വ്യക്തമാണ്. ടീച്ചർ ശ്രമിച്ചത് താൻ കയറിച്ചെന്ന വീടിനെയും അവിടത്തെ രീതികളെയും തനിക്കായി മാറ്റാൻ അല്ല, ആ കുടുംബത്തിനായി തന്നെ ത്തന്നെ മാറ്റാനാണ്. ടീച്ചറിന്റെ ജീവിതവിജയത്തിന് കാരണം അതു തന്നെയാണെന്ന് ടീച്ചർ സമ്മതിക്കുമ്പോൾ തന്നെ കണ്ടുപഠിച്ച പെണ്മക്കൾ രണ്ടുപേരും മേൽപറഞ്ഞ കാര്യത്തിൽ തന്നെ അനുകരിക്കും എന്നാണ് തന്റെ വിശ്വാസം എന്നും എന്നോട് പറഞ്ഞു.
സ്വാർത്ഥമോഹങ്ങളോടെ ഭർതൃകുടുംബത്തോടും അതിലെ അന്തേവാസികളോടും മല്ലടിച്ച് ജീവിതം തകർത്തുകളയുന്ന കുറേയേറെ സ്ത്രീകളെ കാണാൻ ഇടയായിട്ടുണ്ട്. അത്തരക്കാരെപ്പോലെ തങ്ങളുടെ പെൺമക്കളും മാറാതിരിക്കാൻ അവരുടെ മാതാപിതാക്കൾ അതീവ ശ്രദ്ധയും ജാഗ്രതയും കാട്ടേണ്ടതാണ്.
അജിത ടീച്ചർ ഭർതൃഗൃഹത്തിൽ വിജയിക്കാൻ ഇടയായി എങ്കിൽ അതിനു പിന്നിൽ ടീച്ചറുടെ മാതാപിതാക്കൾക്കും വലിയൊരു പങ്കുണ്ടായിരുന്നു. ഭർതൃ ഭവനത്തിലെ പുത്തൻ രീതികളോട് പൊരുത്തപ്പെട്ടുപോകാനും ആ കുടുംബത്തിന്റെ സ്വന്തമായി മാറാനും നിരന്തരം തങ്ങളുടെ മകളെ അവർ പ്രോത്സാഹിപ്പിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.
ഭർതൃഭവന ത്തോട് മല്ലടിക്കാൻ അല്ല ചേർന്നുപോകാൻ ആണ് വിവാഹിതരാകുന്ന പെൺകുട്ടികളുടെ മാതാപിതാക്കൾ അവരെ പരിശീലിപ്പിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും. വിവാഹത്തോട് ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ അടിക്കടി വർദ്ധിക്കുമ്പോൾ വേറിട്ട് ചിന്തിക്കാനും പ്രവർത്തിക്കാനും പ്രേരണയും മാതൃകയും നൽകുന്നുണ്ട് അജിത ടീച്ചറിനെ പോലെയുള്ളവരുടെ ജീവിതങ്ങൾ.
സിറിയക് കോട്ടയിൽ