അയാൾ ഒരു ഗ്രാമീണൻ ആണ്. തനി നാടൻ എന്ന് പറഞ്ഞാൽ അത് അയാളെക്കുറിച്ച് നൂറുശതമാനവും ശരിയാണ്. വളരെ ബുദ്ധിമുട്ടിയാണ് അയാൾ പഠിച്ചതും ജോലി സമ്പാദിച്ചതും. ബാബു. സേവ്യർ എന്നാണ് ഒഫീഷ്യൽ പേര്. വിവാഹിതനാണ്. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായി.
ബാബു എന്ന സേവ്യറുടെ ഭാര്യ സുമിത ബാങ്ക് ഉദ്യോഗസ്ഥയാണ്. എൻജിനീയറിംഗിനും എം ബി എ യ്ക്കും ശേഷം ബാങ്ക് ടെസ്റ്റ് പാസായി ജോലി നേടിയ ആളാണ് സുമിത. ബാബുവിന്റെ കുടുംബവീടും മാതാപിതാക്കളും ഒക്കെ നാട്ടിൽ ആണെങ്കിലും അയാൾ ഇപ്പോൾ താമസിക്കുന്നത് പട്ടണത്തിലാണ്. അയാൾക്ക് ജോലി സെക്രട്ടേറിയറ്റിൽ ആണ്.
സുമിതയ്ക്കും അയാൾക്കും ജോലിക്ക് പോകാൻ സൗകര്യത്തിനാണ് ഇരുവരും ഒരുമിച്ച് ടൗണിൽ താമസം തുടങ്ങിയത്. വിദേശത്ത് ജോലി ചെയ്യുന്ന ജോസുകുട്ടി എന്ന ആളിന്റെ ഫ്ലാറ്റിൽ വാടകയ്ക്ക് ആണ് ഇരുവരും ഇപ്പോൾ താമസിക്കുന്നത്. സുമിത ടൗണിൽ ജനിച്ചുവളർന്ന ആളാണ്. പട്ടണത്തിന്റെ പരിഷ്കാരങ്ങൾ ഒട്ടൊക്കെ സുമിതയെ സ്വാധീനിച്ചിട്ടുണ്ട്. സുമിതയുടെ വേഷവിധാനത്തിലും അക്കാര്യം വളരെ വ്യക്തമാണ്.
കുറേ ദിവസങ്ങളായി സുമിതയും ബാബുവും തമ്മിൽ പിണക്കത്തിലാണ്. ആഴ്ചയിൽ ഒന്നെങ്കിലും തന്റെ വീട്ടിലും നാട്ടിലും പോകണം എന്ന് നിർബന്ധമുള്ള ആളാണ് ബാബു എങ്കിലും സുമി തയ്ക്ക് അക്കാര്യത്തിൽ അത്ര താല്പര്യമില്ല. ആഴ്ചയിൽ ഒരു ദിവസം കിട്ടുമ്പോഴാണ് വാഷിംഗ് ഉൾപ്പെടെ പല പണികളും താൻ ചെയ്യുന്നതെന്നും അവധി കിട്ടുന്ന ആ ഒരു ദിവസം നഷ്ടപ്പെട്ടാൽ അത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്നുമുള്ള സുമിതയുടെ അഭിപ്രായത്തെ ബാബു തെല്ലും മാനിച്ചില്ല. തന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട് എന്നും രോഗാവസ്ഥയിൽ ആയിരിക്കുന്ന അവരെ ആഴ്ചയിൽ ഒരിക്കലെങ്കിലും ചെന്ന് കാണുക എന്നത് തന്റെ കടമയാണെന്നും തന്റെ ഉദ്ദേശശുദ്ധിയെ തിരിച്ചറിയാൻ കഴിയാത്ത തന്റെ ഭാര്യയ്ക്ക് തന്നോടും തന്റെ മാതാപിതാക്കളോടും തെല്ലും സ്നേഹം ഇല്ലെന്നും മറ്റുമുള്ള ബാബുവിന്റെ വാക്കുകൾ സുമിതയെ ചൊടിപ്പിച്ചു.
തനിക്കും മാതാപിതാക്കൾ ഉണ്ടെന്നും സ്വന്തം മാതാപിതാക്കളെ ബാബു കാണാൻ പോകുന്നതുപോലെ തന്റെ മാതാപിതാക്കളെയും ഇടയ്ക്കൊക്കെ തനിക്കും പോയി കാണാൻ ആഗ്രഹമുണ്ടെന്നും അക്കാര്യത്തിൽ തന്റെ ഭർത്താവിന് ഒരു ഇത്തിരി പോലും താൽപര്യമില്ലെന്നും തന്റെ മനസ്സ് അറിയാൻ ശ്രമിക്കാത്ത ഭർത്താവിന്റെ മനസ്സ് അറിയാനും ആ മനസ്സിന് ഒത്ത് പ്രവർത്തിക്കാനും തനിക്കക്കുമത്ര താല്പര്യം ഇല്ലന്നും സുമിത പറഞ്ഞത് ബാബുവിനെ അരിശപ്പെടുത്തി. അയാൾ അവളോട് പരുഷമായി സംസാരിച്ചു.
ആഴ്ച ഒന്നായി ഇരുവരും ഇക്കാര്യത്തെ ചൊല്ലി പിണങ്ങിയിട്ട്. ചെറിയൊരു പ്രശ്നം. നാട്ടുഭാഷയിൽ പറഞ്ഞാൽ ഒരു സൗന്ദര്യപ്പിണക്കം. അന്യോന്യം തുറന്നു സംസാരിക്കാത്തതിന്റെയും പരസ്പരം മനസ്സിലാക്കാത്തതിന്റെയും പരിണിത ഫലം. ഭാര്യാഭർത്താക്കന്മാർക്ക് ഇരുവർക്കും ഉള്ള താൽപര്യങ്ങളെ അന്യോന്യം മാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുക എന്നത് ആ ബന്ധം ആരോഗ്യകരമായി വളരാൻ പ്രധാനപ്പെട്ടതാണ്.
ഇരുവരും അന്യോന്യം നടത്തുന്ന ന്യായവും യുക്തവുമായ അഭ്യർത്ഥനകളെ പരസ്പരം മാനി ക്കേണ്ടതല്ലേ? ബാബുവിന്റെയും സുമിതയുടെയും മാതാപിതാക്കൾ അവർ ഇരുവരെയും സംബന്ധിച്ച് തുല്യപ്രാധാന്യം ഉള്ളവരല്ലേ? അത് അവർ പരസ്പരം താല്പര്യപൂർവ്വം പ്രകടമാക്കേണ്ടതല്ലേ? ഓരോ ആഴ്ചയിലും മാറി മാറി ഇരുവരുടെയും മാതാപിതാക്കളെ കാണാൻ അവർക്കിരുവർക്കും ഒരുമിച്ച് പോയിക്കൂടെ? എല്ലാ ആഴ്ചയിലും പോകാതെ രണ്ടാഴ്ചയിലൊരിക്കൽ അപ്രകാരം പോയാൽ പോരെ? സുമിതയും ജോലിക്കാരി ആയതിനാൽ വാഷിംഗ് തുടങ്ങിയ കാര്യങ്ങൾക്കായി മറ്റാരുടെയെങ്കിലും സഹായം തേടിക്കൂടെ? ബാബുവിനും അക്കാര്യങ്ങളിൽ സുമിതയെ സാധിക്കുന്നത്ര സഹായിക്കാൻ പറ്റുകയില്ലേ? ചെറിയ പ്രശ്നങ്ങൾ നാം ഒരിക്കലും വഷളാക്കരുത്. എനിക്ക് അത്രമാത്രമേ പറയാനുള്ളു.
സിറിയക് കോട്ടയിൽ