ന്യൂഡൽഹി: കോവിഡുമായി മല്ലിട്ടു കൊണ്ടിരിക്കുന്ന ഡൽഹിയിലെ ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന നഴ്സുമാർക്ക് സഹായവുമായി ഡൽഹി മലയാളി അസോസിയേഷൻ. കഴിഞ്ഞ പത്തു ദിവസത്തിനിടെ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടയിൽ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയ അംബികയും രാജമ്മയും മലയാളികളുടെ മനസിലെ വേദനയാണ്. കൂടാതെ ആരോഗ്യ രംഗത്തെന്നപോലെ മുൻനിരയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മാധ്യമ പ്രവർത്തകനും മലയാളിയുമായ ശ്രീനിവാസനും മരണത്തിനു കീഴടങ്ങി.
ആരോഗ്യ രംഗത്തു പ്രവർത്തിക്കുന്ന മുൻനിര പോരാളികൾക്ക് ദിനംപ്രതി കോവിഡ് രോഗം കൂടി വരുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ക്വാറൈന്റയിനിൽ കഴിയുന്ന മലയാളി നഴ്സുമാർക്ക് ആവശ്യമായ ഭക്ഷണമുൾപ്പെടെ എല്ലാ സഹായങ്ങളും നൽകാൻ ഡിഎംഎ. സന്നദ്ധമാണന്ന് പ്രസിഡന്റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ എന്നിവർ പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ട്രെയിൻഡ് നഴ്സിംഗ് അസോസിയേഷൻ, യുനൈറ്റഡ് നഴ്സിംഗ് അസോസിയേഷൻ എന്നി സംഘടനകളുമായി ഇതിനോടകം ഡി..എം.എ. ഭാരവാഹികൾ ചർച്ചകൾ നടത്തിക്കഴിഞ്ഞു.
അവശത അനുഭവിക്കുന്ന നഴ്സുമാർ ഡിഎംഎയുടെ ഇരുപത്തഞ്ചു ഏരിയാ കമ്മിറ്റി ഭാരവാഹികളുമായോ കേന്ദ്രക്കമ്മിറ്റി അംഗങ്ങളുമായോ ആർ.കെ. പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചത്തിൽ നേരിട്ടോ അതുമല്ലങ്കിൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി തുടങ്ങിയവരുമായോ 9811010468, 8800398979 എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി