ന്യൂഡൽഹി: കൊറോണ വൈറസ് മൂലം സൗദിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളായ ഗർഭിണികളെ നാട്ടിലിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു.
സൗദിയിൽ ജോലിചെയ്യുന്ന മലയാളികളായ ഒരു ഡോക്ടറും പതിനേഴ് നഴ്സുമാരും അടങ്ങുന്ന സംഘമാണ് പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഇവരിൽ ഭൂരിഭാഗം പേരും പ്രസവത്തിനും ബദ്ധപ്പെട്ട ചികിത്സയ്ക്കും വേണ്ടി മുൻപേ തന്നെ ജോലി രാജി വച്ചും ലീവ് എടുത്തും നാട്ടിലേക്ക് വരുന്നതിനായി മാർച്ച് ഏപ്രിൽ മാസങ്ങളിൽ ടിക്കറ്റ് എടുത്തിരുന്നു. പക്ഷെ കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുൾപ്പടെ രാജ്യങ്ങൾ വിമാന സർവീസുകൾ റദ്ദാക്കിയതിനാലാണ് വിദേശത്ത് തന്നെ തുടരുവാൻ ഇവർ നിർബന്ധിതരായത്. ഈ സാഹചര്യത്തിലാണ് തങ്ങളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സൗദി അറേബ്യ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചി മുഖേനെ പ്രവാസി ലീഗൽ സെല്ലിനെ സമീപിക്കുകയും സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തത്.
കോവിഡ് പ്രതിരോധത്തിനായി സൗദിയിലുള്ള സർക്കാർ ആശുപത്രികൾ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റിയതിനാൽ ആവശ്യമായ ചികിത്സ ലഭിക്കാൻ ബുദ്ധിമുട്ടുള്ളതായും നിലവിൽ ജോലിയോ കുടുംബാംഗളുടെ സാമീപ്യമോ ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനുള്ള സാമ്പത്തിക സ്ഥിതിയെല്ലെന്നും ഹർജിയിൽ പറയുന്നു.