ന്യൂഡൽഹി: പൊതുമാപ്പിനെ തുടർന്ന് കുവൈത്തിൽ ഡീപോർട്ടഷൻ കേന്ദ്രങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി നൽകിയ ഹർജി ഒരു നിവേദനമായി പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഏപ്രിൽ മാസം ആരംഭിച്ച പൊതുമാപ്പിനെ തുടർന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലെത്തുന്നതിനായി കുവൈറ്റ് സർക്കാരിന്റെ ആംനസ്റ്റി സ്കീം പ്രയോജനപ്പെടുത്തിയത്. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് ഒരാളെപ്പോലും ഇന്ത്യയിലെത്തിക്കാൻ സാധിച്ചിരുന്നില്ല. പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മുഴുവൻ ആളുകളെയും കുവൈത്ത് വിമാനങ്ങളിൽ സൗജന്യമായി ഇന്ത്യയിൽ എത്തിക്കാമെന്ന് കുവൈത്ത് സർക്കാർ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും അനുമതി നൽകിയില്ല. പിന്നീട് വിദേശത്ത് നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുവാൻ നടപടികൾ സ്വീകരിച്ചപ്പോഴും ഇവരെ പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് കുവൈത്തിലെ ഡീപോർട്ടഷൻ കേന്ദ്രങ്ങളിൽ കേന്ദ്രത്തിൽ കഴിയുന്ന മലയാളികളായ ഗീത, ഷൈനി തുടങ്ങിയവർ പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേനെ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
കുവൈത്തിൽ നിന്നും ഡീപോർട്ടഷൻ കേന്ദ്രങ്ങളിൽ കഴിയുന്ന 234 ഇന്ത്യക്കാരെ മധ്യപ്രദേശിലെ ഇൻഡോറിൽ എത്തിച്ചതായി കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യകത്മാക്കി. ബാക്കിവരുന്ന ഇന്ത്യക്കാരെയും തിരികെയെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ ആയിരത്തിലധികം വരുന്ന ഇന്ത്യക്കാരാണ് കുവൈത്തിലെ ഡീപോർട്ടഷൻ കേന്ദ്രങ്ങളിൽ കഴിയുന്നെതെന്നും ഇവരെയെല്ലാം അടിയന്തരമായി തിരികെയെത്തിക്കണമെന്ന ഹർജിക്കാരുടെ ആവശ്യത്തെ തുടർന്നാണ് ജസ്റ്റിസ് എൽ നാഗേശ്വര റാവു, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് ബി ആർ ഗവായി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ഹർജി ഒരു നിവേദനമായി പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്.
ഹർജികാർക്കുവേണ്ടി സീനിയർ അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ, അഡ്വ. ജോസ് എബ്രഹാം എന്നിവർ സുപ്രീം കോടതിയിൽ ഹാജരായി.
കുവൈറ്റിലെ ഡീപോർട്ടഷൻ കേന്ദ്രങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരുടെ ബുദ്ധിമുട്ടുകളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും സാമൂഹ്യപ്രവർത്തകനായ ബാബു ഫ്രാൻസിസ്, ഷൈനി ഫ്രാങ്ക് തുടങ്ങിയവർ മുഖാന്തിരമാണ് പ്രവാസി ലീഗൽ സെല്ലിനെ അറിയിച്ചതും തുടർന്ന് ഹർജി സമർപ്പിച്ചതും.