ന്യൂഡൽഹി: കേരളത്തിൽ പ്രവാസികളുടെ തിരിച്ചുവരവ് ഉൗർജിതമായതോടെ അവർക്കു താമസസൗകര്യം ഒരുക്കാൻ തയാറായി ഡൽഹിയിലെ ഫരീദാബാദ രൂപത രംഗത്ത്. തൊടുപുഴയ്ക്കടുത്തുള്ള തൊമ്മൻകുത്തിലാണ് ഈ സെമിനാരി. ഇവിടെ നാൽപതോളം പേർക്ക് താമസിക്കാൻ സാധിക്കും. ഇതു സംബന്ധിച്ചു രേഖകൾ ജില്ലാ കലക്ടറും വില്ലേജ് അധികൃതരും റെക്ടർ ഫാ. ജേത്തബ് നങ്ങേലിമാലിക്ക് കൈമാറി.
ഇടുക്കി ജില്ലാ ദുരന്തനിർമാർജന അതോറിറ്റി ചെയർമാനാണ് ഇതു സംബന്ധിച്ചുള്ള അറിയിപ്പ് നടത്തിയത്. കൊറോണ പ്രതിരോധ രംഗത്തും പുനരധിവാസ തലത്തിലും സജീവ സാന്നിധ്യമായ ഫരീദാബാദ് രൂപതയുടെ കേരളത്തിലെ മിഷൻ സെന്ററാണ് തൊമ്മൻകുത്തിലെ ഈ സ്ഥാപനം.
സമൂഹ ന·ക്കായുള്ള ഇത്തരം സംരംഭങ്ങളുമായി സഹകരിക്കുവാനും ഈ മഹാവ്യാധിയിൽപെട്ടവരെ സഹായിക്കുവാനും ഫരീദാബാദ് രൂപത എന്നും സന്നദ്ധമാണെന്ന് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. ഫാ. ജേക്കബ് നങ്ങേലിമാലിൽ, ഫാ. അരുണ്‍ മഠത്തുംപടി എന്നിവരുടെ നേതൃത്വത്തിൽ വരുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് രൂപത അറിയിച്ചു. എല്ലാ സർക്കാർ നിബന്ധനകൾക്കനുസരിച്ചും സാമൂഹ്യവ്യാപനം ഒഴിവാക്കിയും അയിരിക്കും ചെയ്യുക.
സ്ഥലത്തെ ആരോഗ്യ വകുപ്പും പോലീസ് വിഭാഗവുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഈ കാര്യത്തിൽ പ്രാദേശിക സന്നദ്ധ സംഘടനകളുടെ സഹകരണവും പ്രതീക്ഷിക്കുന്നുണ്ടെന്നു സെമിനാരി അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്