ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ ചൈന ഉയർത്തുന്ന യുദ്ധ ഭീഷണിക്കു മുന്നിൽ വഴങ്ങില്ലെന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിലാണു തീരുമാനം. കോവിഡ്-19 മഹാമാരിക്കിടയിലും അതിർത്തി സംഘർഷം വഷളാക്കുന്നതിലൂടെ മേഖലയിലെ മേധാവിത്വം ഉറപ്പിക്കാനും ഇന്ത്യയെ പലതലത്തിലും കൂടുതൽ സമ്മർദ്ദത്തിലാക്കാനുമാണ് ചൈനയുടെ ശ്രമമെന്നാണു വിലയിരുത്തൽ.
ഏറ്റവും ദുഷ്കരമായ സ്ഥിതി നേരിടാനും ആവശ്യമെങ്കിൽ യുദ്ധത്തിനും തയാറായിരിക്കാൻ ചൈനയുടെ സൈനികരോട് പ്രസിഡന്റ് ഷി ജിംഗ് പിംഗ് നിർദേശിച്ചു. പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ)യുടെയും പീപ്പിൾസ് ആംഡ് ഫോഴ്സിന്റെയും സംയുക്ത പ്ലീനറി സമ്മേളനത്തിലായിരുന്നു പ്രസിഡന്റിന്റെ നിർദേശം. എന്നാൽ, ഇന്ത്യയുമായുള്ള നിയന്ത്രണ രേഖയിൽ സ്ഥിതി ’നിയന്ത്രണവിധേയവും സ്ഥിരതയുള്ളതുമാണ്’ എന്ന് ചൈന അവകാശപ്പെട്ടു.
ചൈന നുഴഞ്ഞുകയറിയ ഇന്ത്യൻ മേഖലയിൽ നിന്നു പിന്മാറേണ്ടതില്ലെന്നും എന്നാൽ ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരാനുമാണ് ഇന്ത്യയുടെ നിലപാട്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവി ജനറൽ വിപിൻ റാവത്ത് എന്നിവരാണു പങ്കെടുത്തത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അഭാവം ശ്രദ്ധേയമായി.
സംയുക്ത സേനാ മേധാവി വിപിൻ റാവത്തിനെയും കര, നാവിക, വ്യോമ സേനാ മേധാവികളുടെയും പ്രത്യേക യോഗം ചൊവ്വാഴ്ച വിളിച്ചാണ് പ്രതിരോധ മന്ത്രി സ്ഥിതി വിലയിരുത്തിയത്. റോഡ് നിർമാണം നിർത്തിവയ്ക്കില്ലെന്നും അതുവരെ നിലവിലെ സൈനിക വിന്യാസം തുടരാനുമാണു യോഗത്തിൽ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) വിന്യസിച്ചതിനോടു കിടപിടിക്കാവുന്ന സൈനിക വിന്യാസം നടത്താനും ഇന്ത്യ നടപടികളാരംഭിച്ചു.
പ്രാദേശിക സൈനിക കമാൻഡർമാരുടെ മാത്രമല്ല ബെയ്ജിംഗിലെ ഉന്നതരുടെ അനുമതിയോടെയാണു ലഡാക്ക് അതിർത്തിയിൽ ചൈന സംഘർഷം സൃഷ്ടിക്കുന്നതെന്ന് ഇന്ത്യ പറയുന്നു. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ വൻതോതിൽ ചൈനയുടെ സൈനിക വിന്യാസം നടക്കുന്പോഴും ഈ താഴ്വരയുടെ തെക്കു കിഴക്കായുള്ള ഹോട്ട് സ്പ്രിംഗ്സ് എന്നറിയപ്പെടുന്ന മേഖലയിലെ ചിലയിടങ്ങളിൽ ഒന്നു മുതൽ മൂന്നു കിലോമീറ്റർ വരെ ചൈനയുടെ പട്ടാളം കടന്നുകയറി ടെന്റുകൾ സ്ഥാപിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയും ചൈനയും തമ്മിൽ ലഡാക്ക് മേഖലയിൽ കൃത്യമായ അതിർത്തിയില്ലെന്നതാണ് പ്രശ്നങ്ങൾക്കു വഴിതെളിക്കുന്നത്. നിയന്ത്രണ രേഖയെന്നതു ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാടിൽ ചിലയിടങ്ങളിലെങ്കിലും വ്യത്യാസങ്ങളുണ്ട്. നിയന്ത്രണ രേഖയിലെ ടിബറ്റ് മുതൽ ലഡാക്ക് വരെ നീണ്ടുകിടക്കുന്ന 134 കിലോമീറ്റർ വിസ്താരമുള്ള വലിയ പാങ്ങോംഗ് തടാകത്തിന്റെ പല അതിരുകളിലും ഇരുസൈനികരും തമ്മിൽ സംഘർഷമുണ്ട്. തടാകത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ചൈനയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണപ്രദേശമായ ടിബറ്റിലാണ്.
ഈ മാസം അഞ്ചിന് വൈകുന്നേരമാണ് ചൈനയുടെ ഒരു വലിയ സംഘം പട്ടാളക്കാർ കല്ലും വടികളുമായി ഇന്ത്യൻ പട്ടാളക്കാരെ ആക്രമിച്ചത്. ഇന്ത്യൻ സൈനികരും അതേ രീതിയിൽ കല്ലേറു നടത്തി തിരിച്ചടിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. രൂക്ഷമായ കല്ലേറിൽ പരിക്കേറ്റു നിരവധി പട്ടാക്കാരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.
ജോർജ് കള്ളിവയലിൽ