ന്യൂഡല്‍ഹി: ഇന്ത്യയിലെ ലോക്ക്ഡൗണ്‍ പരാജയമെന്ന് പ്രധാനമന്ത്രിയുടെ കോവിഡ് നാഷണല്‍ ടാസ്ക് ഫോഴ്സ് വിലയിരുത്തിയതായി റിപ്പോര്‍ട്ട്.
കോവിഡിനെ നേരിടുന്നതിനെക്കുറിച്ച് ആലോചിക്കാനും ഉപദേശം നല്കാനുമായി നീതി ആയോഗ് അംഗം വിനോദ് പോള്‍ അധ്യക്ഷനായി രൂപീകരിച്ച ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും വിദഗ്ധരും അടങ്ങിയ കര്‍മസമിതിയുടെ ശിപാര്‍ശ ഇല്ലാതെയാണു നാലു തവണയായി രണ്ടു മാസം നീണ്ട ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതെന്നും ആരോപണമുണ്ട്.
രാജ്യവും 130 കോടി ജനങ്ങളെയും രണ്ടു മാസം തുടര്‍ച്ചയായി അടച്ചിട്ട കര്‍ശന ലോക്ക്ഡൗണിലൂടെ ഇന്ത്യയില്‍ കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനായില്ലെന്നു മാത്രമല്ല, സമ്പദ്ഘടന തകര്‍ന്നു തരിപ്പണവുമായി. നോവല്‍ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായിരുന്ന ചൈനയെ പിന്നിലാക്കി ഏഷ്യയിലെയും പസഫിക് മേഖലയിലെയും പുതിയ പ്രഭവകേന്ദ്രമായി ഇന്ത്യ മാറുന്നു എന്ന അപായസൂചനയും നിലവിലുണ്ട്. ഒരു ദിവസം 6,000ലേറെയാണ് പുതിയ കോവിഡ് കേസുകള്‍ ഇപ്പോള്‍ രാജ്യത്തു റിപ്പോര്‍ട്ട് ചെയ്യുന്നത്.
"ലോക്ക്ഡൗണ്‍ പരാജയപ്പെട്ടെന്ന കാര്യത്തില്‍ സംശയമില്ല.' കോവിഡ് കര്‍മസമിതി അംഗമായ എപ്പിഡെമിയോളജിസ്റ്റ് പറഞ്ഞു. സാമൂഹ്യ അകലം പാലിക്കുക, മാസ്കുകള്‍ ധരിക്കുക, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് അടക്കമുള്ള വ്യക്തി ശുചിത്വം എന്നിവയെല്ലാം ചേര്‍ന്നാല്‍ രോഗവ്യാപനം പരമാവധി തടയാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണ്‍ കൊണ്ട് വൈറസ് വ്യാപനം തടയാനാകുമെന്നു തെളിവുകളില്ല. ജനസംഖ്യ കുറവുള്ള പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ ഇന്ത്യയില്‍ ഫലപ്രദമാകില്ല. സാമൂഹ്യ അകലവും ആരോഗ്യമേഖലയിലെ സൗകര്യങ്ങള്‍ കൂട്ടലും അടക്കമുള്ളവയാണ് ഇന്ത്യയില്‍ വേണ്ടതെന്നും പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണിലൂടെ രോഗവ്യാപനം തടയാമെന്നതു തെറ്റായ ധാരണയാണെന്ന് ഐക്യരാഷ്ട്രസഭയുടെ എയിഡ്സ് പ്രതിരോധ (യുഎന്‍എയിഡ്സ്) സമിതിയുടെ മേഖലാ ഉപദേശകന് ഡോ. പി. സലീല്‍ പറഞ്ഞു. ലോകത്തെ തന്നെ ഏറ്റവും കഠിനവും നീണ്ടതുമായ ലോക്ക്ഡൗണ്‍ ഇന്ത്യയില്‍ പ്രഖ്യാപിച്ചതിനു പിന്നില്‍ വേണ്ടത്ര ശാസ്ത്രീയ കാരണങ്ങളോ, വിലയിരുത്തലോ ഉണ്ടായിരുന്നില്ലെന്നാണു ആരോപണം.
കോവിഡ് മഹാമാരിയെ നേരിടുന്നതിന് ആവശ്യമായ പുതിയ ആശുപത്രികള്‍ സ്ഥാപിക്കുന്നതിലും പിപിഇകളും വെന്റിലേറ്ററുകളും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ സമയത്ത് ഒരുക്കുന്നതിലും വ്യാപകമായ ടെസ്റ്റിംഗ്, രോഗ വ്യാപന സാധ്യതകള്‍ കണ്ടെത്തല്‍, സപ്ലൈ ശൃംഖല ഒരുക്കല്‍ എന്നിവയിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാക്കളും കുറ്റപ്പെടുത്തി. ഇവയ്ക്കെല്ലാമുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനും ജനങ്ങളില്‍ അവബോധവും ഗൗരവവും വളര്‍ത്തുന്നതിനുമാണ് മിക്ക രാജ്യങ്ങളിലും ഒരു മാസത്തോളം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 25ന് ലോക്ക്ഡൗണ്‍ തുടങ്ങുമ്പോള്‍ രാജ്യത്താകെ മൊത്തം 618 കോവിഡ് കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കവിഞ്ഞു. മരിച്ചവരുടെ എണ്ണവും 3800നോട് അടുക്കുകയാണ്. ജൂണ്‍ അവസാനത്തോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിന്മടങ്ങു കൂടി പത്തു ലക്ഷം കടന്നേക്കുമെന്നാണു ചില വിലയിരുത്തലുകള്‍.
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ തലേന്നു മാര്‍ച്ച് 24 വരെ രാജ്യത്താകെ 13 കോവിഡ് രോഗികളാണു മരിച്ചത്. ചൈനയില്‍ അന്ന് 80,000ലേറെ കോവിഡ് ബാധിതരും മൂവായിരത്തിലേറെ മരണവും റിപ്പോര്‍ട്ടു ചെയ്തിരുന്നു. ലോക്ക്ഡൗണിനു മുമ്പ് പാക്കിസ്ഥാനില്‍ പോലും ഇന്ത്യയേക്കാള്‍ കൂടുതല്‍ 800 കോവിഡ് കേസുകള്‍ ഉണ്ടായിരുന്നു. മാര്‍ച്ച് 24 വരെ പാക്കിസ്ഥാനില്‍ ആറു മരണവും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്, ഇംഗ്ലണ്ട്, അമേരിക്ക, ഇറാന് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് കേസുകളും മരണങ്ങളും ആ ദിവസങ്ങളില്‍ കുത്തനെ ഉയര്‍ന്നിരുന്നു.
പക്ഷേ ഏറ്റവും വഷളായിരുന്ന ഇറ്റലിയും സ്പെയിനും മുതല്‍ താരതമ്യേന കുറവായിരുന്ന പാക്കിസ്ഥാനില്‍ വരെ സ്ഥിതിനേരിയ തോതിലെങ്കിലും പ്രതീക്ഷയ്ക്കു വക നല്‍കുന്നുണ്ട്. എന്നാല്‍, രണ്ടു മാസത്തിലേറെ നീളുന്ന ലോക്ക്ഡൗണിനു ശേഷവും ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഭയാനകമായ തോതിലേക്കു കുത്തനെ ഉയരുകയാണ്.
കഴിഞ്ഞ ജനുവരി 30നാണ് ചൈനയിലെ വുഹാനില്‍ നിന്ന് രേളത്തിലെ തൃശൂരിലെത്തിയ ഒരാള്‍ക്ക് രാജ്യത്താദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. 40 ദിവസം കഴിഞ്ഞ് മാര്‍ച്ച് 10നാണു രാജ്യത്ത് ആകെ കോവിഡ് കേസുകള്‍ 50 ആയി ഉയര്‍ന്നത്. പിന്നീട് ആഴ്ച തോറും കേസുകള്‍ പടിപടിയായി കൂടുകയായിരുന്നു. നിര്‍ണായകമായ ആദ്യത്തെ ഒരു മാസം കേന്ദ്രസര്‍ക്കാര്‍ പാഴാക്കിയതാണ് രോഗവ്യാപനം ഇപ്പോള്‍ ലക്ഷങ്ങളിലേക്കു വളരാന്‍ ഇടയാക്കിയതെന്നു വ്യക്തം. ഫ്രെബ്രുവരി 24-ന് ഗുജറാത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സ്വീകരണം ഒരുക്കുന്ന തെരക്കിയിലായിരുന്നു പ്രധാനമന്ത്രി മോദിയും സര്‍ക്കാരും.
റിപ്പോർട്ട്: ജോര്‍ജ് കള്ളിവയലില്‍