ന്യൂഡൽഹി: പൊതുമാപ്പിനെ തുടർന്ന് കുവൈത്തിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ഹർജി. നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന മലയാളിയായ ഗീത, ഷൈനി തുടങ്ങിയവരാണ് ഹർജിക്കാർ.
ഏപ്രിൽ മാസം ആരംഭിച്ച പൊതുമാപ്പിനെ തുടർന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലെത്തുന്നതിനായി കുവൈത്ത് സർക്കാരിന്റെ ആംനസ്റ്റി സ്കീം പ്രയോജനപ്പെടുത്തിയത്. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് ഒരാളെപ്പോലും ഇന്ത്യയിലെത്തിക്കാൻ സാധിച്ചിരുന്നില്ല. വിദേശത്തുനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യാ ഗവണ്മെന്റ് തീരുമാനമെടുത്തെങ്കിലും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയവരെ നാട്ടിലെത്തിക്കാത്തതിനെ തുടർന്നാണ് പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന സുപ്രീംകോടതിയെ സമീപിച്ചത്.
കുവൈത്തിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരുടെ വിഷമം നിറഞ്ഞ അവസ്ഥ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. കൂടാതെ കോവിഡ് പടർന്നുപിടിക്കുന്നതുമൂലമുള്ള ഭീതിയും മറ്റുംമൂലം കടുത്ത മാനസിക പ്രശ്നത്തിലാണ് ഭൂരിഭാഗം പേരും. ഇവരനുഭവിക്കുന്ന നിരവധിയായ പ്രശ്നങ്ങൾ കുവൈത്തിലെ സാമൂഹ്യപ്രവർത്തകനായ ബാബു ഫ്രാൻസിസ്, ഷൈനി ഫ്രാങ്ക് തുടങ്ങിയവർ മുഖാന്തിരമാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെല്ലിനെ അറിയിക്കുന്നതും തുടർന്നു ഹർജി നൽകിയതും.
പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മുഴുവൻ ആളുകളെയും സൗജന്യമായി ഇന്ത്യയിൽ എത്തിക്കാമെന്ന് കുവൈത്ത് നേരത്തെ അറിയിച്ചുവെങ്കിലും അവരുടെ വിമാനങ്ങൾക്ക് അനുമതി നൽകാൻ ഇന്ത്യ ഗവണ്മെന്റ് ഇതുവരെ തയാറായിട്ടില്ല. ഇവരെയെല്ലാം അടിയന്തിരമായി ഇന്ത്യ ഗവണ്മെന്റ് നാട്ടിലെത്തിക്കണമെന്നും കുറഞ്ഞപക്ഷം ഇവരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് സർക്കാർ വിമാനങ്ങൾക്ക് അനുമതി നൽകണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.