ന്യൂഡൽഹി: പൊതുമാപ്പിനെ തുടർന്ന് കുവൈത്തിൽ ഡീപോർട്ടഷൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് പ്രവാസി ലീഗൽ സെൽ.
ഏപ്രിൽ മാസം ആരംഭിച്ച പൊതുമാപ്പിനെ തുടർന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലെത്തുന്നതിനായി കുവൈത്ത് സർക്കാരിന്റെ ആംനസ്റ്റി സ്കീം പ്രയോജനപ്പെടുത്തിയത്. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് ഒരാളെപ്പോലും ഇന്ത്യയിലെത്തിക്കാൻ ഇതുവരെയും സാധിച്ചിരുന്നില്ല.
വിദേശത്തുനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ പിന്നീട് തീരുമാനമെടുത്തെങ്കിലും പൊതുമാപ്പ് ആനുകൂലം പ്രയോജനപ്പെടുത്തിയവരെ പരിഗണിച്ചിരുന്നില്ല. ഇതുകൂടാതെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മുഴുവൻ ആളുകളെയും കുവൈത്ത് വിമാനങ്ങളിൽ സൗജന്യമായി ഇന്ത്യയിൽ എത്തിക്കാമെന്ന് കുവൈത്ത് സർക്കാർ അറിയിച്ചിരുന്നെങ്കിലും കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നില്ല. ഇതിനെതിരെ പ്രവാസി ലീഗൽ സെല്ലിന്റെ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. കോടതിയുടെ പരിഗണയിലിരിക്കവെയാണ് കുവൈത്തിൽ ഡീപോർട്ടഷൻ കേന്ദ്രങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് പുറത്തിറക്കിയത്.
ബുധനാഴ്ച കുവൈത്ത് ഐർവെയ്സ്, ജസീറ എയർവെയ്സ് എന്നീ വിമാനങ്ങളിൽ മലയാളികളുൾപ്പെടെ 117 യാത്രക്കാർ വീതം മന്ധ്യപ്രദേശിലെ ഇൻഡോറിൽ എത്തിക്കാണാനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
കുവൈത്തിലെ ഡീപോർട്ടഷൻ കേന്ദ്രങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരുടെ ബുദ്ധിമുട്ടുകളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും സാമൂഹ്യപ്രവർത്തകനായ ബാബു ഫ്രാൻസിസ്, ഷൈനി ഫ്രാങ്ക് തുടങ്ങിയവർ മുഖാന്തിരമാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെല്ലിനെ അറിയിച്ചതും തുടർന്ന് ഹർജി സമർപ്പിച്ചതും.