ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ മധ്യേ മഹാ മനസകതയുടെ മാതൃകയായി ഫരീദാബാദ് രൂപതയിലെ വൈദികർ ശ്രദ്ധേയരാകുന്നു. രൂപതയിലെ പല ഇടവകകളിലും മാസംതോറുമുള്ള വെള്ളം, വൈദ്യുതി, ജോലിക്കാരുടെ ശബളം എന്നീ അത്യാവശ്യ കാര്യങ്ങൾക്കുവേണ്ടി സാന്പത്തികമായി ബുദ്ധിമുട്ടുന്പോഴാണ്, ഈ സാഹചര്യം ഏറ്റവും അടുത്ത് അറിയാവുന്ന വൈദികർ ഈ ലോക്ഡൗണ് കാലത്ത് ഒരു മാസത്തെ അലവൻസ് ഉപേക്ഷിക്കാൻ സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുന്നത്. ഈ മഹാമാരി സാഹചര്യത്തിൽ തന്നെ ചില സ്ഥലങ്ങളിൽ കൂടുതൽ പിരിവുകൾക്കും സംഭാവനകൾക്കും ആഹ്വാനങ്ങൾ ഉയരുന്പോൾ, തലസ്ഥാന നഗരിയിലെ സീറോ-മലബാർ വൈദികർ അതിൽ നിന്നും വേറിട്ട രീതിയിൽ അവംലംബിക്കുകയാണ്.
സാധാരണയായി ഫരീദാബാദ് രൂപതയിൽ, സീറോ-മലബാർ സഭയിൽ പൊതുവെയും, അതാത് ശുശ്രുഷിക്കുന്ന ഇടവകയുടെ സാന്പത്തിക ബുദ്ധിമുട്ട് മനസിലാക്കി ക്രിയാത്മകമായി പ്രതികരിക്കുവാൻ നമ്മുടെ വൈദികർ എടുത്ത ധീരമായ തീരുമാനം ശ്ലാഘനീയമാണെന്നു ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.
2012ൽ സ്ഥാപിതമായ ഈ രൂപത ഇന്നത്തെ സ്ഥിതിയിലേക്ക് വളർന്നതിൽ നല്ലൊരു പങ്കും ഈ രൂപതയിലെ ഇടവകകളിൽ നിന്നും വിശ്വാസികൾ വർഷംതോറും നൽകിവരുന്ന സംഭാവന/തിരട്ട് ഫീസാണ്. വൈദികരുടെ ഈ സാലറി ചലഞ്ചിന്ധനോടൊപ്പം, ഓരോ ഇടവകയും രൂപതയ്ക്ക് നൽകേണ്ട തിരട്ട് ഫീസിൽ ഗണ്യമായ ഇളവ് പ്രഖ്യാപിക്കുയാണെന്ന് ആർച്ച്ബിഷപ്പ് ഭരണികുളങ്ങര പറഞ്ഞു.
കേരളത്തിലുള്ള ഇടവകകൾക്ക് കെട്ടിട വാടക, പള്ളി പറന്പിൽ നിന്നുള്ള ആദായം, സ്ഥാപനങ്ങളിൽ നിന്നുള്ള വരുമാനം തുടങ്ങിയവയെല്ലാം ഉള്ളപ്പോൾ, പ്രവാസി രൂപതകളിലുള്ള ഇടവകൾ പൂർണമായും വിശ്വാസ സമൂഹത്തിന്റെ ഉദാരമായ സംഭാവനകൾ കൊണ്ട് മാത്രമാണ് പ്രവർത്തിക്കുന്നത്. ഞായറാഴ്ച പിരിവുകളും മറ്റും ഇല്ലാത്തതുകൊണ്ട് മിക്ക ഇടവകകളും അത്യാവശ്യ ചിലവുകൾക്കുപോലും ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ, ഓരോ ഇടവകയും രൂപതാകേന്ദ്രത്തിൽ ഏൽപിക്കേണ്ട തുകയുടെ 50 ശതമാനം കുറവാണ് ഈ സാന്പത്തിക വർഷത്തിൽ ആർച്ച്ബിഷപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്