കൽപ്പറ്റ: തെക്കേവയനാട്ടിൽ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ചതോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിനു കീഴിലുള്ള പൂക്കോട് ഇക്കോ ടൂറിസം സെന്ററിൽ സന്ദർശകരുടെ തിരക്ക് വർധിച്ചു.
വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കുറുവ, ചെന്പ്രമല, മീൻമുട്ടി, ബാണാസുരമല വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ അടച്ചതിനുശേഷം പൂക്കോട് എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ 20 ശതമാനത്തിനടുത്ത് വർധനയുണ്ടായതായി ടൂറിസം സെന്റർ മാനേജർ എം.എസ്. ദിനേശ് പറഞ്ഞു. നൈസർഗിക തടാകവും പ്രകൃതിസൗന്ദര്യവുമാണ് പൂക്കോട് സെന്ററിലേക്കു സഞ്ചാരികളെ ആകർഷിക്കുന്നത്.
സെന്ററിൽ സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ സൈക്കിൾ സവാരിക്കും പുതുതായി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. തടാകത്തിനു ചുറ്റുമായി നിർമിച്ച രണ്ടു കിലോമീറ്റർ നടപ്പാതയിൽ 1,750 മീറ്ററിലാണ് സൈക്കിൾ സവാരി അനുവദിക്കുന്നത്. 50 രൂപ ഫീസ് നൽകിയാൽ 20 മിനിറ്റ് തടാകതീരത്തു സൈക്കിളിൽ ചുറ്റിയടിക്കാം. 15 സൈക്കിളുകളാണ് സെന്ററിലുള്ളത്. ദിവസം ശരാശരി 150 സന്ദർശകർ സൈക്കിൾ സവാരി നടത്തുന്നുണ്ട്.
വിദേശികളടക്കം യുവസഞ്ചാരികളാണ് സൈക്കിൾ യാത്രയിൽ കൂടുതൽ താത്പര്യം കാട്ടുന്നത്. കുടുംബസമേതം എത്തുന്ന സന്ദർശകർക്കു തടാകത്തിൽ ബോട്ടുയാത്ര നടത്തുന്നതിലാണ് കന്പം. തുഴ ബോട്ടുകളും പെഡൽ ബോട്ടുകളും സെന്ററിലുണ്ട്. കേരളത്തിൽ വിസ്തൃതിയിൽ രണ്ടാം സ്ഥാനത്തുള്ള ശുദ്ധജല തടാകമാണ് പൂക്കോടേത്. സമുദ്രനിരപ്പിൽനിന്നു ഏകദേശം 700 മീറ്റർ ഉയരത്തിലാണിത്.