എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗം കേരള രാഷ്ട്രീയത്തിലെന്നതുപോലെ സംസ്ഥാനത്തിന്റെ സാമൂഹ്യ, സാംസ്കാരിക, മാധ്യമ രംഗങ്ങളിലും വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. സർഗാത്മക സോഷ്യലിസ്റ്റും കുലീനനായ സാംസ്കാരിക നേതാവും വിശാലവീക്ഷണമുള്ള മനുഷ്യസ്നേഹിയുമായിരുന്നു അദ്ദേഹം
രാഷ്ട്രീയത്തിലും മാധ്യമരംഗത്തും സാഹിത്യത്തിലും സാംസ്കാരികമേഖലയിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു അന്തരിച്ച എം.പി. വീരേന്ദ്രകുമാർ. അടിസ്ഥാനപരമായി അദ്ദേഹമൊരു സോഷ്യലിസ്റ്റായിരുന്നു. സോഷ്യലിസ്റ്റ് ചിന്താഗതികളോടു സമരസപ്പെടാത്ത ചിന്താധാരകളുമായി അദ്ദേഹം നിരന്തരം കലഹിച്ചു. വർഗീയ, വിധ്വംസക ശക്തികൾക്കെതിരേ പോരാടിയ അദ്ദേഹം മതേതരത്വത്തിനുവേണ്ടി ഉറച്ച നിലപാടെടുത്തു.
വലിയ ഭൂസ്വത്തുക്കളുള്ള ജന്മികുടുംബത്തിൽ പിറന്ന വീരേന്ദ്രകുമാർ സോഷ്യലിസ്റ്റ് പാതയിലേക്കു കടന്നുവന്നതുതന്നെ അദ്ദേഹത്തിന്റെ അസാധാരണത്വങ്ങളിലൊന്നാണ്. സ്കൂൾ പഠന കാലത്തുതന്നെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ വീരേന്ദ്രകുമാർ ജയപ്രകാശ് നാരായണിൽനിന്നാണു സോഷ്യലിസ്റ്റ് പാർട്ടി അംഗത്വം സ്വീകരിച്ചത്. പിതാവ് എം.കെ. പത്മപ്രഭാ ഗൗഡർ മദിരാശി നിയമസഭാംഗവും ഇളയച്ഛൻ എം.കെ. ജിനചന്ദ്രൻ പാർലമെന്റ് അംഗവുമായിരുന്നു.
നാല്പത്തൊന്നാം വയസിലാണു വീരേന്ദ്രകുമാർ മാതൃഭൂമി ദിനപത്രത്തിന്റെ ഭാഗമാകുന്നത്. പത്രാധിപരുടെ കസേരയിൽ ഇരുന്നില്ലെങ്കിലും കന്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമെന്ന നിലയിൽ പത്രത്തെയും അനുബന്ധ പ്രസിദ്ധീകരണങ്ങളെയും കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചു വളർത്താൻ അദ്ദേഹം അക്ഷീണം യത്നിച്ചു. ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ പ്രസിഡന്റ് എന്ന നിലയിൽ പത്രസ്ഥാപനങ്ങളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുകയും പത്രങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്കുവേണ്ടി നിലകൊള്ളുകയും ചെയ്തു. പിടിഐ ചെയർമാൻ, പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ട്രസ്റ്റി, കോമൺവെൽത്ത് പ്രസ് യൂണിയനിലും ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിലും അംഗം തുടങ്ങി മാധ്യമലോകവുമായി ബന്ധപ്പെട്ട നിരവധി പദവികളിൽ അദ്ദേഹം തിളങ്ങിയതു രാഷ്ട്രീയത്തിലെ തിരക്കുകൾക്കിടയിൽത്തന്നെയാണ്.
രാഷ്ട്രീയബന്ധങ്ങളിൽ ലാഭനഷ്ടങ്ങളേക്കാൾ ആശയപരമായ പാരസ്പര്യങ്ങളായിരുന്നു അദ്ദേഹം പരിഗണിച്ചിരുന്നത്. കേരള രാഷ്ട്രീയത്തിൽ ഇരുമുന്നണികളുടെയും ഭാഗമായിരുന്നിട്ടുണ്ട് അദ്ദേഹം. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ നിയമസഭാംഗബലമോ സ്വാധീനമോ പരിഗണിക്കാതെതന്നെ അദ്ദേഹത്തിന് മുന്നണികളിൽ എന്നും പ്രമുഖ സ്ഥാനമുണ്ടായിരുന്നു. സിപിഎംകാരനല്ലാതെ ഒരാൾ ഇടതുമുന്നണി കൺവീനറായതു വീരേന്ദ്രകുമാർ മാത്രമാണ്. അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനായിരുന്നു. ജനതാ പാർട്ടിയുടെ രൂപവത്കരണത്തിൽ അദ്ദേഹം വലിയ പങ്കു വഹിച്ചു.
1971ൽ കോഴിക്കോടുനിന്നു പാർലമെന്റിലേക്കു മത്സരിച്ചു പരാജയപ്പെട്ടെങ്കിലും കാൽ നൂറ്റാണ്ടിനുശേഷം അതേ മണ്ഡലത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര മന്ത്രിസഭയിൽ തൊഴിൽവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി, ധനകാര്യ സഹമന്ത്രി എന്നീ പദവികളും വഹിച്ചു. ഭരണകാലം രണ്ടു മാസം മാത്രം. പക്ഷേ, രാജ്യചരിത്രത്തിൽ ഇടംപിടിച്ചതായിരുന്നു ആ നാളുകൾ. 1987ൽ കേരള നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിനു വനം വകുപ്പു മന്ത്രിയായി രണ്ടു ദിവസമേ അധികാരത്തിലിരിക്കാൻ കഴിഞ്ഞുള്ളൂ. വനമേഖലയിൽനിന്നു മരം മുറിക്കുന്നതു നിരോധിച്ചുകൊണ്ടുള്ള ശ്രദ്ധേയമായ ഉത്തരവ് ആ രണ്ടു ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ഇറക്കി.
പരിസ്ഥിതി വിഷയങ്ങളിൽ ഏറെ താത്പര്യമുണ്ടായിരുന്ന വീരേന്ദ്രകുമാർ പരിസ്ഥിതി സംബന്ധമായ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. പ്ലാച്ചിമടയിലെ ജലചൂഷണത്തിനെതിരായ സമരത്തിന്റെ മുന്നണിയിൽ അദ്ദേഹമുണ്ടായിരുന്നു. കാസർഗോട്ടെ എൻഡോസൾഫാൻ ഇരകൾക്കുവേണ്ടിയും വീരേന്ദ്രകുമാറിന്റെ ശബ്ദം ഏറെ മുഴങ്ങി. ജലചൂഷണത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം കേരള സമൂഹത്തിന് എത്രയോ കാലംമുന്പുതന്നെ മുന്നറിയിപ്പു നൽകിയിരുന്നു. പരിസ്ഥിതി സംരക്ഷണം പറഞ്ഞുള്ള കപടബുദ്ധി വ്യായാമമായിരുന്നില്ല അദ്ദേഹത്തിന്റെ രചനകളും പ്രവർത്തനങ്ങളും. ഉത്തമബോധ്യത്തിൽനിന്നും പഠനത്തിൽനിന്നും ഉൾക്കൊണ്ട അറിവുകളാണ് അദ്ദേഹം പങ്കുവച്ചത്. അന്തർദേശീയ സാന്പത്തികരംഗവും അദ്ദേഹത്തിന്റെ പഠനവിഷയമായിരുന്നു. "ഗാട്ടും കാണാച്ചരടുകളും', "ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും' എന്നീ രചനകൾ രാഷ്ട്രീയാവബോധമുള്ളൊരു സാന്പത്തിക നിരീക്ഷകന്റെ സംഭാവനകളാണ്.
സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ വീരേന്ദ്രകുമാർ മികച്ച വാഗ്മിയായിരുന്നു. പരന്ന വായനയും ജനങ്ങളുമായുള്ള നിരന്തര സന്പർക്കവും അദ്ദേഹത്തിന്റെ എഴുത്തിനെയും ദർശനങ്ങളെയും ഏറെ സ്വാധീനിച്ചു. ചരിത്രബോധവും ആധുനിക ചിന്തകളും സമന്വയിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ എഴുത്തും പ്രഭാഷണങ്ങളും. യാത്രകളും ആത്മീയചിന്തകളുമൊക്കെ അദ്ദേഹത്തിന്റെ രചനകൾക്കു വിഷയമായിട്ടുണ്ട്. ഹൈമവതഭൂവിൽ, ആമസോണും കുറെ വ്യാകുലതകളും, ഡാന്യൂബ് സാക്ഷി, രാമന്റെ ദുഃഖം, ബുദ്ധന്റെ ചിരി തുടങ്ങിയ ഗ്രന്ഥങ്ങൾ വിപുലമായ നിരീക്ഷണങ്ങളുടെയും ആഴമേറിയ ചിന്തകളുടെയും ഉത്പന്നങ്ങളാണ്.
മികച്ച യാത്രാവിവരണത്തിനുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ എൻഡോവ്മെന്റ് അവാർഡ്, ഓടക്കുഴൽ പുരസ്കാരം, വയലാർ അവാർഡ് എന്നിങ്ങനെ അദ്ദേഹത്തിന്റെ രചനാ വൈഭവത്തിനു ലഭിച്ചിട്ടുള്ള ബഹുമതികളുടെ പട്ടിക നീളുന്നു. എഴുത്തിന്റെയും വായനയുടെയും വഴികളിൽ അദ്ദേഹത്തിനു വിശ്രമമില്ലായിരുന്നു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ഈയിടെയും അദ്ദേഹം മാതൃഭൂമിയിലൊരു ലേഖനം എഴുതി. മനുഷ്യരാശിയെക്കുറിച്ചുള്ള തത്ത്വചിന്താപരമായ ഒരു നിരീക്ഷണമായിരുന്നു അത്. സ്നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും നാളുകളായാണു ലോക്ക് ഡൗൺ കാലത്തെ അദ്ദേഹം വിലയിരുത്തിയത്.
ദീപികയുമായി ഉറ്റ ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ദീപികയുടെ നിരവധി പരിപാടികൾ തന്റെ സാന്നിധ്യംകൊണ്ടു ധന്യമാക്കിയത് ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. ദീപികയുടെ പത്രാധിപന്മാരുമായും രാഷ്ട്രദീപിക കന്പനി സാരഥികളുമായും ഉറ്റ സൗഹൃദവും ഊഷ്മളമായ വ്യക്തിബന്ധവും പുലർത്തിയിരുന്നു. മാധ്യമലോകത്തിനു മറക്കാനാവാത്ത മാനേജ്മെന്റ് വിദഗ്ധനെയും സർഗാത്മകതയുള്ളൊരു രാഷ്ട്രീയക്കാരനെയുമാണു വീരേന്ദ്രകുമാറിന്റെ മരണത്തിലൂടെ കേരളത്തിനു നഷ്ടപ്പെട്ടിരിക്കുന്നത്. മാതൃഭൂമി കുടുംബത്തോടും വീരേന്ദ്രകുമാറിന്റെ കുടുംബാംഗങ്ങളോടും ദീപിക അനുശോചനം അറിയിക്കുന്നു; അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്യുന്നു.