ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ പുനരാരംഭിച്ചിരിക്കുന്ന പൊതുഗതാഗതം അതിന്റെ പ്രധാന ഉപയോക്താക്കളായ സാധാരണക്കാർക്കു കൂടുതൽ പ്രയോജനപ്പെടുന്ന വിധത്തിൽ പുനഃക്രമീകരിക്കണം
കോവിഡ് അനുബന്ധ ലോക്ക് ഡൗണിൽ വരുത്തിയിരിക്കുന്ന ഇളവുകളുടെ ഭാഗമായി പൊതുഗതാഗതം പുനരാരംഭിച്ചിരിക്കുകയാണ്. കേരളത്തിൽ റെയിൽ - റോഡ് - ജലഗതാഗതം ഭാഗികമായി തുറന്നത് അത്യാവശ്യ യാത്രകൾപോലും മുടങ്ങിയിരുന്ന സാധാരണക്കാർക്ക് ആശ്വാസമാണ്. ദീർഘദൂര യാത്രക്കാരും സ്വന്തമായി വാഹനമില്ലാത്തവരും പ്രായമായവരും സ്ത്രീകളും കുട്ടികളും പൊതുഗതാഗതത്തെ കൂടുതൽ ആശ്രയിക്കുന്നവരായിരുന്നു. സ്കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുന്നതുകൊണ്ടും വ്യാപാരശാലകളും മറ്റും പൂർണമായ തോതിൽ പ്രവർത്തിക്കാത്തതുകൊണ്ടും ബസ് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. സർക്കാർ ഓഫീസുകളിൽ ഇപ്പോൾ അന്പതു ശതമാനം ജീവനക്കാരെങ്കിലും ഹാജരാകണമെന്നും ബാക്കിയുള്ളവർ അവരവരുടെ ജില്ലകളിൽ ജില്ലാ ഭരണകൂടം നിർദേശിക്കുന്ന ജോലികളിൽ ഏർപ്പെടണമെന്നുമാണു സർക്കാർ നിർദേശം.
സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി സർക്കാർ ജീവനക്കാർക്കും മറ്റു ജോലിക്കാർക്കും പൊതുഗതാഗതം വളരെ സഹായകമാണ്. ഇപ്പോൾ തുറന്നിരിക്കുന്ന പൊതുഗതാഗത സംവിധാനത്തിലെ ചില്ലറ പാളിച്ചകൾ ഒഴിവാക്കി കുറേക്കൂടി ആസൂത്രിതമാക്കിയാൽ യാത്രക്കാരുടെ വൈഷമ്യങ്ങൾ കുറയ്ക്കാൻ കഴിയും.
ജില്ലാ പരിധിക്കുള്ളിൽ മാത്രമാണിപ്പോൾ ബസ് ഗതാഗതം അനുവദിച്ചിരിക്കുന്നത്. ജോലിസ്ഥലത്തോ വാസസ്ഥലത്തോ എത്താൻ ഒരു ജില്ലാ പരിധിയിലുള്ള സ്റ്റോപ്പിലിറങ്ങി ഏറെദൂരം നടന്നു അടുത്ത ജില്ലയിലെ ബസ് സ്റ്റോപ്പിലെത്തി യാത്ര തുടരേണ്ട സ്ഥിതിയാണിപ്പോൾ. കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്കു പോകേണ്ടവർ വൈക്കം വെച്ചൂർ അംബികാ മാർക്കറ്റിൽ ഇറങ്ങി ദീർഘമായ തണ്ണീർമുക്കം ബണ്ടു കടന്നുചെന്നു വേണം ചേർത്തലയ്ക്കോ ആലപ്പുഴയ്ക്കോ ബസ് പിടിക്കാൻ. എറണാകുളത്തേക്കു പോകേണ്ടവർ രണ്ടു കിലോമീറ്ററോളം നടന്നോ ഓട്ടോ പിടിച്ചോ പൂത്തോട്ട പാലം കടന്ന് എറണാകുളം ബസിൽ കയറണം. കോട്ടയത്തുനിന്ന് ഇടുക്കി ജില്ലയിലെയോ പത്തനംതിട്ട ജില്ലയിലെയോ ഏതെങ്കിലും സ്ഥലത്തേക്കു പോകാനും ഇത്തരം പ്രയാസങ്ങളുണ്ട്. മലപ്പുറത്തുനിന്നോ കോഴിക്കോടുനിന്നോ പാലക്കാടുനിന്നോ തൊട്ടടുത്ത ജില്ലകളിലേക്കു കടക്കാനും ജില്ലാതിർത്തി കടന്ന് ഏറെ നടക്കേണ്ടിവരും. എല്ലാ ജില്ലകളിലുംതന്നെ ഇത്തരം പ്രശ്നങ്ങളുണ്ട്. അവ പരിഹരിക്കാൻ എന്തു ചെയ്യാനാവുമെന്നു സർക്കാരും ഗതാഗതവകുപ്പും ചിന്തിക്കണം. യാത്രക്കാരെ ഇങ്ങനെ വിഷമിപ്പിക്കുന്നതുകൊണ്ടു വാസ്തവത്തിൽ എന്തു പ്രയോജനമുണ്ട്? സത്വരമായി പരിഹരിക്കേണ്ടവയാണ് ഇത്തരം പ്രശ്നങ്ങൾ. പൊതുഗതാഗതം മാത്രം ആശ്രയമായുള്ളവരുടെ വിഷമങ്ങൾ സർക്കാർ മനസിലാക്കണം.
സാമൂഹ്യ അകലം പാലിക്കേണ്ടതുകൊണ്ട് ബസിൽ പകുതി സീറ്റിലേ ആളുകളെ കയറ്റുന്നുള്ളൂ. അതുകൊണ്ട് ബസിൽ കയറിപ്പറ്റണമെങ്കിൽത്തന്നെ ഊഴം കാക്കണം. യാത്രാനിരക്കിലെ കഠിനമായ വർധന ഈ സാഹചര്യത്തിൽ യാത്രക്കാർ പരാതി കൂടാതെ സഹിക്കുകയാണ്. അതിന്റെകൂടെ ഓട്ടോക്കൂലികൂടി കൊടുക്കാൻ പലർക്കും ത്രാണിയുണ്ടായിരിക്കില്ല. കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും അല്പം അതിർത്തി വിട്ടാലും സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ആളുകളെ കയറ്റിയാൽ ഉദ്ദിഷ്ട ഫലമുണ്ടാക്കാം. ഇക്കാര്യത്തിൽ സർക്കാർ വ്യക്തമായ ഉത്തരവു പുറപ്പെടുവിച്ചാൽ മാത്രമേ ബസുകൾക്കു ജില്ലാതിർത്തി കടക്കാൻ കഴിയൂ.
ലോക്ക് ഡൗണിനെത്തുടർന്നു നിർത്തിവച്ച കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ച ആദ്യദിനം 60 ലക്ഷം രൂപയായിരുന്നു കോർപറേഷനു നഷ്ടം. 1319 ബസുകളാണ് ആദ്യദിവസം സർവീസ് നടത്തിയത്. ഇന്ധന ഇനത്തിൽത്തന്നെ 19 ലക്ഷം രൂപ നഷ്ടമുണ്ടായി. സ്വകാര്യ ബസുകൾ നാമമാത്രമായി സർവീസ് ആരംഭിച്ചിട്ടുണ്ട്. ബസ് ചാർജിൽ വർധന വരുത്തിയിട്ടുണ്ടെങ്കിലും അവർക്കു വരുമാനം തീരെക്കുറവാണ്. നടത്തിപ്പു ചെലവുപോലും തിരിച്ചുകിട്ടാത്ത അവസ്ഥയിൽ സ്വകാര്യബസുകൾ സർവീസ് നടത്താൻ വിമുഖത കാട്ടുകയാണ്. പൊതുഗതാഗതം പുനരാരംഭിക്കാൻ കൂടുതൽ ആനുകൂല്യങ്ങൾ നൽകണമെന്നാണു ബസുടമാ സംയുക്ത സമിതിയുടെ ആവശ്യം. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ ഉപയോഗിക്കാവൂ എന്നു നിർദേശമുള്ളതുകൊണ്ട് വരുമാനത്തിൽ വലിയ കുറവുണ്ടാകും.
രണ്ടു മാസമായി സർവീസ് നടത്താതെ കിടന്ന ബസുകളുടെ അറ്റകുറ്റപ്പണികൾ നടത്തി മാത്രമേ സർവീസിനിറക്കാനാവൂ. യാത്രാസമയം രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയാക്കി പരിമിതപ്പെടുത്തിയതും ഷോപ്പിംഗ് മാളുകളുടെ പ്രവർത്തനം പുനരാരംഭിക്കാത്തതും പൊതുചടങ്ങുകൾ ഒഴിവാക്കിയിരിക്കുന്നതും ബസുകളുടെ കളക്ഷനെ ബാധിക്കും. ഈ സാഹചര്യത്തിൽ സ്വകാര്യ ബസുകൾക്കു നികുതിയിളവും മറ്റു സാധ്യമായ ആനുകൂല്യങ്ങളും നൽകേണ്ടതാണ്.
കെഎസ്ആർടിസിക്കും സർക്കാർ പ്രത്യേക സഹായം അനുവദിക്കണം. കോവിഡിനു മുന്പേതന്നെ രോഗാതുരമാണു കെഎസ്ആർടിസി. ശന്പളവും പെൻഷനും നൽകാൻ ക്ലേശിക്കുന്ന ഈ പൊതുമേഖലാ സ്ഥാപനമാണ് ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥരെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെയും യഥാസ്ഥാനങ്ങളിൽ എത്തിക്കാൻ ഏറെ പ്രയോജനപ്പെടുന്നതെന്ന കാര്യം വിസ്മരിക്കരുത്.
സർവീസ് ആരംഭിച്ച ചില സ്വകാര്യ ബസുകൾക്കുനേരേ കോഴിക്കോട്ട് ആക്രമണമുണ്ടായി. ബസുകളുടെ ചില്ലു തകർക്കുകയും മറ്റും ചെയ്തു. എന്തു കാരണത്താലായാലും ഈ കോവിഡ് കാലത്ത് ഇത്തരം അക്രമങ്ങൾ കടുത്ത ദ്രോഹംതന്നെ. നഷ്ടമുണ്ടാവുമെന്നറിഞ്ഞുകൊണ്ടുതന്നെ ജനങ്ങൾക്ക് ഉപകാരപ്രദമായൊരു കാര്യം ചെയ്യുന്നതിനോട് ഇത്തരത്തിൽ പ്രതികരിക്കുന്നതു കേരളത്തിനേറെ ദുഷ്കീർത്തിയുണ്ടാക്കിയിട്ടുള്ള അക്രമസമരങ്ങളുടെ തുടർച്ചയായി ചിത്രീകരിക്കപ്പെടും.
കാറുകളിൽ ഡ്രൈവറെക്കൂടാതെ കുടുംബാംഗങ്ങളാണെങ്കിൽപ്പോലും മൂന്നുപേർക്കേ ഇപ്പോൾ യാത്രാനുവാദമുള്ളൂ. വീട്ടിൽ ഒരുമിച്ചു താമസിക്കുന്ന കുടുംബാംഗങ്ങൾക്ക് സ്വകാര്യ വാഹനങ്ങളിൽ സീറ്റിംഗ് കപ്പാസിറ്റി മുഴുവൻ ഉപയോഗപ്പെടുത്താൻ എന്തുകൊണ്ട് അനുവാദം കൊടുത്തുകൂടാ? ഓട്ടോറിക്ഷായാത്ര പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ഓട്ടോയിൽ ഒരാൾക്കു മാത്രമാണു യാത്രാനുവാദമുള്ളത്. കുടുംബാംഗങ്ങളാണെങ്കിൽ മൂന്നു പേർക്കു യാത്രയാവാം. ജനജീവിതം സാധാരണനിലയിലെത്താത്തത് ഓട്ടോകളുടെ ഓട്ടവും കുറയ്ക്കുന്നു. നികുതിയിളവുപോലുള്ള സഹായം ഓട്ടോകൾക്കും ലഭ്യമാക്കണം. സംസ്ഥാനത്തെ പതിനായിരക്കണക്കിനാളുകളുടെ ജീവസന്ധാരണമാർഗമാണ് ഓട്ടോറിക്ഷകൾ. ടാക്സികൾക്കും ഓടാൻ അനുവാദമുണ്ടെങ്കിലും അവയ്ക്കും യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ട്.
പൊതുഗതാഗതവും ഓട്ടോ, ടാക്സി സർവീസുകളും കേരളത്തിലെ ജനജീവിതത്തിന്റെ അവശ്യഭാഗമാണ്. സാമൂഹ്യ അകലം പാലിച്ചുകൊണ്ടും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുകൊണ്ടും പൊതുഗതാഗതം കഴിയുന്നത്ര സുഗമമാക്കേണ്ടത് ജനജീവിതം സാവധാനമെങ്കിലും സാധാരണനിലയിൽ എത്താൻ ആവശ്യമത്രേ.