കൂടുതൽ ലോക്ക്ഡൗൺ ഇളവുകളിലേക്കു കേരളവും കടക്കുകയാണ്. ഇളവുകൾ ആവശ്യമെങ്കിലും ജാഗ്രത കൂടുതൽ ആവശ്യമായ വേളയാണിത്. അശ്രദ്ധയും അമിതമായ ആത്മവിശ്വാസവും അപകടം വരുത്തിവയ്ക്കും
ലോക്ക്ഡൗൺ ഇളവുകളുടെ പുതിയൊരു ഘട്ടം തുടങ്ങുന്പോൾ കേരളം കൂടുതൽ ജാഗ്രതയോടെ നീങ്ങേണ്ടതുണ്ട്. നാലാം ഘട്ട ദേശീയ ലോക്ക് ഡൗൺ ഞായറാഴ്ച അവസാനിച്ചെങ്കിലും കൂടുതൽ ഇളവുകളോടെ അഞ്ചാംഘട്ടം തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തു സ്പെഷൽ ട്രെയിൻ സർവീസുകൾ ഇന്നലെ ആരംഭിച്ചു. ജനശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെ ഏഴു ട്രെയിനുകളാണു സർവീസ് നടത്തുന്നത്. കണ്ണൂരിൽനിന്നു പുറപ്പെടേണ്ട ട്രെയിൻ കോഴിക്കോട്ടുനിന്നു യാത്ര തുടങ്ങേണ്ടിവന്നത് ആദ്യദിനത്തിലെ കല്ലുകടിയായി. അയൽജില്ല വരെ ബസ് സർവീസും തുടങ്ങും. കാറിൽ ഡ്രൈവർ ഉൾപ്പെടെ നാലുപേർക്കു യാത്ര ചെയ്യാം. ഓട്ടോറിക്ഷയിൽ ഡ്രൈവറടക്കം മൂന്നുപേർക്കും. യാത്രയിൽ മുഖകവചം നിർബന്ധിതമാണ്. ബസുകളുടെ വാതിലുകളിൽ സാനിറ്റൈസറും സജ്ജമാക്കണം.
അഞ്ചാംഘട്ട ലോക്ക്ഡൗണിനും കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാനങ്ങൾ ഇളവുകൾ അനുവദിക്കേണ്ടത്. കേന്ദ്രവുമായി ആലോചിച്ചുമാത്രമേ ഇളവുകളിൽ തീരുമാനങ്ങളെടുക്കുകയുള്ളൂവെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനാന്തര യാത്രയ്ക്കു പാസ് ആവശ്യമില്ലെന്നാണു കേന്ദ്ര നിർദേശമെങ്കിലും അതുൾപ്പെടെ ചില കാര്യങ്ങളിൽ കേരളം കർശന നിലപാടാണു സ്വീകരിച്ചിട്ടുള്ളത്.
വിദേശങ്ങളിൽനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും വരുന്നവരെ സ്വാഗതം ചെയ്യുകയെന്നതാണു സംസ്ഥാനത്തിന്റെ പൊതുനിലപാട്. സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. എന്നിരുന്നാലും പുറത്തുനിന്നു വരുന്നവരുടെ രോഗപരിശോധന, നീരീക്ഷണം, ക്വാറന്റൈൻ തുടങ്ങിയ കാര്യങ്ങളിൽ പല പരാതികളും പരിമിതികളും നിലനിൽക്കുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലെ രോഗവ്യാപനത്തോതു വിലയിരുത്തുന്പോൾ രോഗബാധിതരിൽ ബഹുഭൂരിപക്ഷവും പുറത്തുനിന്നു വന്നവരാണെന്നു കാണാം. ഇന്നലെ രോഗബാധ സ്ഥിരീകരിച്ച 57 പേരിൽ 55 പേർ പുറത്തുനിന്നു വന്നവരാണ്. വിദേശങ്ങളിൽനിന്നു വന്നവർ 27. ഇതര സംസ്ഥാനങ്ങളിൽനിന്നു വന്നവർ 28. സന്പർക്കത്തിലൂടെ രോഗബാധയുണ്ടായതു രണ്ടുപേർക്കു മാത്രം. മേയ് നാലിനു ശേഷം രോഗബാധിതരായവരിൽ 90 ശതമാനവും പുറത്തുനിന്നു വന്നവരാണ്.
വരുംദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം വർധിക്കുമെന്ന വിലയിരുത്തലാണുള്ളത്. എന്നിരുന്നാലും സമൂഹവ്യാപനം ഉണ്ടായില്ല. സമൂഹവ്യാപനം ഉണ്ടാകാതെ സൂക്ഷിക്കുന്നതിലുള്ള വിജയം സംസ്ഥാനത്തിന്റെ പൊതു പ്രതിരോധ സംവിധാനത്തിന്റെ മികവായി കണക്കാക്കാം. ഉറവിടമറിയാത്ത 30 രോഗബാധിതരുടേത് ഒറ്റപ്പെട്ട കേസുകളാണെന്നും ഇതിനെ സമൂഹവ്യാപനഫലമായി കാണേണ്ടതില്ലെന്നും ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ജാഗ്രതാ നിർദേശങ്ങളെ ജനങ്ങളിൽ പലരും വേണ്ടത്ര ഗൗരവത്തോടെ എടുക്കാത്തതായി കാണുന്നുണ്ട്. ഈ ഉദാസീനത ഒഴിവാക്കിയേ തീരൂ. നിരന്തരമായ ബോധവത്കരണം ഇനിയും തുടരണം. മാധ്യമങ്ങൾ ഇക്കാര്യത്തിൽ വലിയ സേവനമാണിപ്പോൾ ചെയ്യുന്നത്. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്പോഴും മാധ്യമങ്ങൾ ഈ സാമൂഹ്യ പ്രതിബദ്ധത അന്യൂനം പുലർത്തുന്നു.
സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതു സംബന്ധിച്ചു ജൂലൈയിലേ അന്തിമ തീരുമാനമുണ്ടാകൂ. എന്നാൽ, സാധാരണ വർഷങ്ങളിലെന്നപോലെ ഇത്തവണ ജൂൺ ഒന്നിനുതന്നെ പഠനം തുടങ്ങി. കുട്ടികൾ സ്കൂളുകളിലെത്താതെ ഓൺലൈനിലൂടെ നടത്തുന്ന ക്ലാസുകൾ നമുക്കു പുതുമയാണ്. നമ്മുടെ വിദ്യാഭ്യാസരംഗം പുതിയൊരു ബോധന ശൈലിയിലേക്കു കടക്കുകയാണ്. സ്മാർട്ട് ക്ലാസ് റൂമുകളും കംപ്യൂട്ടറുകളുമൊക്കെ സ്കൂളുകളിൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ വിദ്യാർഥികളുടെ വീടുകളിൽ ഇത്തരം പഠനോപകരണങ്ങൾ ഉണ്ടായിരുന്നാലേ ഓൺലൈൻ പഠനം കാര്യക്ഷമമാകൂ. ഇക്കാര്യത്തിൽ കേരളത്തിലെ ചില പ്രദേശങ്ങൾ ഏറെ പിന്നാക്കമാണ്. ആ പ്രദേശങ്ങളിൽ വായനശാല പോലുള്ള പൊതുസ്ഥാപനങ്ങളിൽ പഠനസൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാൽ, പഠനോപകരണങ്ങൾ ലഭ്യമായവർക്കുതന്നെ ഇൻർനെറ്റ് കണക്ടിവിറ്റി കിട്ടാത്തതുപോലുള്ള പ്രശ്നങ്ങളുണ്ട്.
കുട്ടികൾക്കു വീടുകളിൽ ഇരുന്ന് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കുമെങ്കിലും അതിനുശേഷമുള്ള സമയത്ത് അവർ സ്മാർട്ട് ഫോണും ഇന്റർനെറ്റുമൊക്കെ ഉപയോഗിക്കുന്നതിൽ രക്ഷാകർത്താക്കൾ ശ്രദ്ധ പുലർത്തണം. നവമാധ്യമങ്ങളുടെ ദുരുപയോഗം വലിയ പ്രശ്നം തന്നെയാണ്. ആധുനിക സാങ്കേതികവിദ്യകൾ ഏറെ പ്രയോജനപ്രദമാണെങ്കിലും അവയിലെ ചതിക്കുഴികളെക്കുറിച്ചു കുട്ടികൾക്കും രക്ഷിതാക്കൾക്കും അറിവുണ്ടായിരിക്കണം. ഇക്കാര്യത്തിൽ അധ്യാപകരുടെ മാർഗനിർദേശങ്ങൾ പ്രധാനമാണ്.
ഓൺലൈൻ വിദ്യാഭ്യാസത്തിനു സൗകര്യമില്ലാത്ത കുട്ടികൾക്കായി സംസ്ഥാന സർക്കാർ പുതിയൊരു പദ്ധതി ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്. ടെലിവിഷൻ ഇല്ലാത്ത കുട്ടികളുടെ വീടുകളിൽ ടെലിവിഷൻ സെറ്റുകൾ കെഎസ്എഫ്ഇ സ്പോൺസർ ചെയ്യുമെന്നാണു പ്രഖ്യാപനം. വിദ്യാർഥികൾക്കു ലാപ് ടോപ് വാങ്ങാനുള്ള പദ്ധതിയും ഈ സർക്കാർ സ്ഥാപനം തയാറാക്കിയിട്ടുണ്ട്. തീർത്തും പാവപ്പെട്ട കുട്ടികൾക്കു പൂർണമായും സൗജന്യമായി ഇതു ലഭ്യമാക്കിയാൽ നന്ന്.
ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കു പതിവായി മരുന്നു കഴിക്കുന്നവരും നിശ്ചിത ഇടവേളകളിൽ ഡോക്ടർമാരുടെ പരിശോധനയ്ക്കു വിധേയരായിരുന്നവരുമായ പലരും ലോക്ക്ഡൗൺ കാലത്ത് ആശുപത്രി സന്ദർശനം വേണ്ടെന്നുവച്ചിരിക്കുകയായിരുന്നു. ലോക്ക്ഡൗണിൽ അയവുവന്നിരിക്കുന്നതോടെ മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ പരിശോധനയ്ക്കെത്തുന്നവരുടെ എണ്ണം വർധിക്കും. ആശുപത്രികൾ രോഗവ്യാപന കേന്ദ്രങ്ങളായി മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ആരാധനാലയങ്ങൾ തുറക്കുന്നതു സംബന്ധിച്ച വിശദാംശങ്ങളിൽ ഇനിയും തീരുമാനമായിട്ടില്ല. ജനങ്ങൾക്കു ഭൗതികസൗകര്യങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം അവരുടെ ആധ്യാത്മികാവശ്യങ്ങളും നിറവേറ്റപ്പെടേണ്ടതുണ്ട്. സംഘർഷഭരിതവും ആശങ്കകൾ നിറഞ്ഞതുമായ സാഹചര്യങ്ങളിൽ ആധ്യാത്മികാനുഷ്ഠാനങ്ങൾ ഏറെപ്പേർക്ക് ആശ്വാസമാകും. സാമൂഹ്യാരോഗ്യം എന്നതിൽ ശാരീരികാരോഗ്യം മാത്രമല്ല അടങ്ങിയിട്ടുള്ളത്.
ഇളവുകളുടെ പൂർണരൂപം ഇനിയുമായിട്ടില്ല. കേരളത്തിൽ ജനജീവിതം സാധാരണ നിലയിലേക്കു മടക്കിക്കൊണ്ടുവരുന്നതിനുള്ള ഒരുക്കങ്ങളാണിപ്പോൾ നടക്കുന്നത്. ഓരോ ചുവടും ജാഗ്രതയോടെ വച്ചെങ്കിൽ മാത്രമേ ലക്ഷ്യത്തിലെത്താൻ കഴിയൂ. സമൂഹത്തിൽ ഒരാളുടെ അശ്രദ്ധപോലും വലിയ അപകടം വരുത്തിവയ്ക്കാമെന്ന കാര്യം ഓരോരുത്തരും മനസിൽവയ്ക്കട്ടെ.