കടുത്ത മാനസിക സമ്മർദത്തിന്റെ സാഹചര്യത്തിലേക്കാണു കോവിഡ് ധാരാളം പേരെ കൊണ്ടെത്തിച്ചിരിക്കുന്നത്. വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, രോഗികൾ, ആരോഗ്യപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി അനേകം പേർ ഈ സമ്മർദം താങ്ങാനാവാതെ ക്ലേശിക്കുന്നുണ്ടാവും. ആ സമ്മർദം കുറയ്ക്കാൻ സമൂഹത്തിനാവണം
കോവിഡ് ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങളെ സമഗ്രമായി വിലയിരുത്തേണ്ടതുണ്ട്. വൈദ്യശാസ്ത്ര ഗവേഷകരും സാമൂഹ്യ ശാസ്ത്രജ്ഞരും ഭരണാധികാരികളും അതു ചെയ്യുന്നുണ്ടെന്നു കരുതാം. അടുത്തകാലത്തു കേരളത്തിൽ എത്തിയ പകർച്ചവ്യാധികളിൽ താരതമ്യേന കുറഞ്ഞ മരണനിരക്ക് കോവിഡിനാണെന്നത് ആശ്വാസകരമാണ്. പക്ഷേ, കോവിഡ് രോഗം മനുഷ്യരിൽ ഉണ്ടാക്കിയിരിക്കുന്ന മാനസികാഘാതം വളരെ വലുതാണ്. രോഗവ്യാപനം ആഗോളതലത്തിൽ വർധിക്കുംതോറും ജനങ്ങളിൽ ആശങ്ക ഉയരുന്നു. ഈ ആശങ്ക കൂടുതൽ ആരോഗ്യപ്രശ്നങ്ങളിലേക്ക് ആളുകളെ നയിക്കുന്നു.
പ്രതിസന്ധികളെ നേരിടുന്പോഴാണു മനസിന്റെ കരുത്ത് വിലയിരുത്തപ്പെടുന്നത്. അതുപോലെ വൻദുരന്തങ്ങളെ നേരിടുന്പോഴാണു സമൂഹത്തിന്റെ കെട്ടുറപ്പും ഭരണാധികാരികളുടെ കാര്യക്ഷമതയുമൊക്കെ അളക്കപ്പെടുന്നത്. കേരളത്തിൽ നിപ്പാ വൈറസ് അപകടകരമായി പടർന്നപ്പോൾ അതിനെ ചെറുക്കാൻ സംസ്ഥാനം ഒറ്റക്കെട്ടായി പ്രയത്നിച്ചു. നഴ്സ് ലിനിയെപ്പോലുള്ളവരുടെ ആത്മബലി ആ പ്രയത്നത്തിനു വർധിതവീര്യം പകർന്നു. ഒരുപക്ഷേ, കോവിഡിനോടു കേരളം നടത്തുന്ന പോരാട്ടം നിപ്പായെ നേരിട്ട രീതിയുടെ ചുവടുപിടിച്ചുള്ളതാണ്.
ശാരീരിക അകലം പാലിക്കുക എന്നതു കോവിഡിനെ തടയുന്നതിൽ വളരെ പ്രധാനമാണ്. അതേസമയം ആളുകൾ തമ്മിലുള്ള മാനസികമായ ഐക്യം കൂടുതൽ ദൃഢമാവുകയും വേണം. ശാരീരികമായി അകന്നിരിക്കുന്നതു മാനസികമായ അകൽച്ചയ്ക്കു കാരണമാകണമെന്നില്ല. മറിച്ച്, ചില അവസരങ്ങളിൽ ഭൗതികമായ അകലം മാനസികമായ അടുപ്പം വർധിപ്പിക്കുകയും ചെയ്യും. അടുത്തു കഴിയേണ്ടവരായ അനവധിയാളുകളെ കോവിഡ് ഭൗതികമായി അകറ്റിയിരിക്കയാണ്. അകന്നുനിൽക്കേണ്ടിവരുന്ന സാഹചര്യം വ്യക്തികളുടെ മനസുകളെ തമ്മിൽ കൂടുതൽ അടുപ്പിക്കുന്നതായി മാറ്റാൻ സാധിക്കണം.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മാനസികാരോഗ്യപരിരക്ഷയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ലോകാരോഗ്യസംഘടന മാർച്ച് 18നു പുറപ്പെടുവിച്ചിരുന്നു. പിന്നീടും സംഘടന ചില മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചു. കുട്ടികൾ, മുതിർന്ന പൗരന്മാർ, ആരോഗ്യപ്രവർത്തകർ, രോഗികൾ, ക്വാറന്റൈനിൽ കഴിയുന്നവർ, കോവിഡിനുപുറമേ മറ്റു രോഗങ്ങൾകൂടിയുള്ളവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കായി പ്രത്യേകം മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ ആളുകളിൽ ഭയം, ആകുലത, മാനസിക സംഘർഷം തുടങ്ങിയവ വളരാൻ ഇടയുണ്ടെന്നു കണ്ടാണു സംഘടന നിർദേശങ്ങൾ നൽകിയിരിക്കുന്നത്.
കോവിഡ് ഭീതിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധിപേർ ജീവനൊടുക്കിയെന്നതു വളരെ അസ്വാസ്ഥ്യകരമായ കാര്യമാണ്. രോഗം പിടിപെടാത്തവർ പോലും രോഗഭീതിയിൽ സാഹസങ്ങൾ പ്രവർത്തിച്ചു. ഇക്കൂട്ടത്തിൽ ചില മലയാളികളുമുണ്ട്. വിദേശരാജ്യങ്ങളിൽനിന്നു കേരളത്തിലേക്കു മടങ്ങാൻ സാധിക്കാത്തതിനാൽ ധാരാളം പേർ കടുത്ത മാനസിക സമ്മർദത്തിലാണ്. എവിടെയായിരിക്കുന്നുവോ അവിടെ തുടരുക എന്നതായിരുന്നു ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തിൽ പ്രധാനമന്ത്രിയുടെ നിർദേശം. പക്ഷേ, നിരവധിപേർക്ക് അങ്ങനെ ഏറെനാൾ തുടരാൻ കഴിയാത്ത സാഹചര്യമാണുള്ളത് എന്നു സർക്കാർ മനസിലാക്കിയില്ല. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുടിയേറ്റത്തൊഴിലാളികളുടെ സ്ഥിതി ഇങ്ങനെയായിരുന്നു. കുടിയേറ്റത്തൊഴിലാളികളുടെ ദുരിതമയമായ പലായനം പല സംസ്ഥാനങ്ങളിലുമുണ്ടായി.
ഈ സാഹചര്യത്തിൽ ചിലർ മറ്റാളുകളെ മാനസിക സംഘർഷത്തിലാക്കാൻ മനഃപൂർവം ശ്രമിക്കുന്നതായി പോലും കാണുന്നു. ക്വാറന്റൈൻ മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന സമൂഹമാധ്യമ പ്രചാരണത്തിൽ മനംനൊന്ത് ന്യൂമാഹിയിൽ ആരോഗ്യപ്രവർത്തക കഴിഞ്ഞ ദിവസം ജീവനൊടുക്കാൻ ശ്രമം നടത്തി. കഴിഞ്ഞ മൂന്നുമാസമായി വിശ്രമമില്ലാതെ രോഗീശുശ്രൂഷയിൽ ഏർപ്പെട്ടിരുന്ന ഇവരുടെ സ്രവപരിശോധനാഫലം നെഗറ്റീവായിരുന്നു.
കുട്ടികളുടെ പഠനത്തിനു തടസമുണ്ടാകാതിരിക്കാൻ കേരളം ജൂൺ ഒന്നിനുതന്നെ ഓൺലൈൻ പഠനം ആരംഭിച്ചു. അതും ചില പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നാണു റിപ്പോർട്ട്. പുത്തൻ സാങ്കേതികവിദ്യയിലുള്ള പഠനോപകരണങ്ങൾ ലഭ്യമാകാത്തതിലുള്ള വിഷമത്തിൽ ഒരു പെൺകുട്ടി ജീവനൊടുക്കിയ വാർത്ത കേരളത്തിന്റെ മനഃസാക്ഷിയെ പൊള്ളിക്കുന്നതായിരുന്നു. ഇതേത്തുടർന്നു സർക്കാരും സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളുമൊക്കെ, ഡിജിറ്റൽ പഠനസൗകര്യമില്ലാത്ത കുട്ടികൾക്കായി ചില പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഒരു ദുരന്തമുണ്ടായാലേ ഇത്തരം നടപടികൾ ഉണ്ടാവൂ എന്ന സ്ഥിതി മാറണം. നൂതന പദ്ധതികൾ ആവിഷ്കരിക്കുന്പോൾ അവയുടെ സാമൂഹികാഘാതങ്ങൾകൂടി വിലയിരുത്തണം.
സ്കൂൾ കുട്ടികൾക്കു കൗൺസലിംഗ് നടത്തുന്നതിനു പല സംവിധാനങ്ങളും നിലവിലുണ്ട്. പക്ഷേ, അവയുടെ കാര്യക്ഷമതയിൽ സംശയമുണ്ട്. കോവിഡിനു മുന്പുതന്നെ, മാനസിക സമ്മർദങ്ങളനുഭവിക്കുന്ന കുട്ടികൾക്കു മാർഗനിർദേശം നൽകുന്നതിനു സ്കൂളുകളിൽ കൗൺസലർമാരെ നിയോഗിച്ചിരുന്നു. കുട്ടികളുടെ മാനസികാരോഗ്യം വളർത്താനും പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാൻ അവരെ കെല്പുള്ളവരാക്കാനും ഉതകുന്നതാകണം വിദ്യാഭ്യാസ സന്പ്രദായം. വിദ്യാർഥികളുടെ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരുടെയും എല്ലാ പ്രായത്തിലുള്ളവരുടെയും മാനസികാരോഗ്യസംരക്ഷണം പ്രധാനമാണ്. മുതിർന്ന പൗരന്മാർ, തുടർച്ചയായി ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനു ശാസ്ത്രീയ പദ്ധതികൾ ഉണ്ടാവണം.
വിദ്യാഭ്യാസം ഓൺലൈനിലൂടെ ആയിരിക്കുന്പോഴും അധ്യാപകരും വിദ്യാർഥികളും തമ്മിൽ ഊഷ്മളമായ മാനസികബന്ധം നിലനിർത്താവുന്നതാണ്. അധ്യാപകർ കുട്ടികളുമായി ഫോണിലൂടെയോ, സാധിക്കുമെങ്കിൽ നേരിട്ടോ ബന്ധപ്പെട്ട് അവർക്ക് ആശ്വാസവും ആത്മവിശ്വാസവും പകരണം. സ്വകാര്യ ആശുപത്രികൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്കും ജനങ്ങളുടെ മാനസിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കാനാവും. കോവിഡിന്റെ തുടർകാലഘട്ടവും പ്രശ്നസങ്കീർണമായിരിക്കാം. തൊഴിൽരാഹിത്യം, ദാരിദ്ര്യം, സാന്പത്തിക തകർച്ച തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾ നമ്മെ തുറിച്ചുനോക്കുന്നുണ്ട്. ഇവയ്ക്കു മുന്നിൽ ജനം പതറാതിരിക്കാൻ സർക്കാർ പ്രത്യേക പദ്ധതികൾതന്നെ ആവിഷ്കരിക്കണം.