മേഖല
കർഷകക്ഷേമം ലക്ഷ്യമിട്ടു കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസുകൾ രാജ്യത്തെ കാർഷിക മേഖലയെക്കാളേറെ ഇടനിലക്കാരെയും കോർപറേറ്റുകളെയുമാകും സഹായിക്കുക
കാർഷിക മേഖലയുടെ സമഗ്രമായ വളർച്ചയ്ക്കു സഹായകമെന്ന് അവകാശപ്പെട്ട് കേന്ദ്ര സർക്കാർ തയാറാക്കിയ മൂന്ന് ഓർഡിനൻസുകൾക്കു കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്. കാർഷികോത്പന്നങ്ങൾ ഇഷ്ടമുള്ളിടത്തു വിൽക്കാൻ കർഷകർക്കു സ്വാതന്ത്ര്യം നൽകുന്നതാണ് ഇതിൽ പ്രധാനം. അരനൂറ്റാണ്ടായി നിലവിലുള്ള അവശ്യവസ്തു നിയമത്തിന്റെ പരിധിയിൽനിന്ന് ധാന്യങ്ങൾ, ഭക്ഷ്യഎണ്ണകൾ, പയർവർഗങ്ങൾ, സവാള, ഉരുളക്കിഴങ്ങ് എന്നിവയെ ഒഴിവാക്കി. ഇവയുടെ ഉത്പാദനം, സംഭരണം, വില്പന എന്നിവയ്ക്കു നിയന്ത്രണമുണ്ടാവില്ല.
"ഒരു രാജ്യം ഒരു കാർഷിക വിപണി' എന്ന ആശയം പ്രാവർത്തികമാക്കുന്നതാണ് രണ്ടാമത്തെ ഓർഡിനൻസ്. ഉത്പന്നങ്ങൾക്കു മികച്ച വില ഉറപ്പാക്കാനും കാർഷികമേഖലയിൽ നിക്ഷേപം ആകർഷിക്കാനും ഇതു സഹായകമാകുമെന്നു കരുതുന്നു. കാർഷിക മേഖലയുടെ ശക്തീകരണത്തിനും സംരക്ഷണത്തിനും സഹായകമാകുന്നതാണു മൂന്നാമത്തെ ഓർഡിനൻസ്. വിത്തു വിതയ്ക്കുന്പോൾതന്നെ വിളയുടെ വില നിശ്ചയിക്കുന്നതിനുള്ള സംവിധാനമാണ് ഇതിലൂടെ സജ്ജമാകുന്നത്. ഇടനിലക്കാരെയും ചൂഷകരെയും ഒഴിവാക്കി കാർഷിക മേഖല സുതാര്യവും കാര്യക്ഷമവുമാക്കാനുള്ള നീക്കങ്ങളായാണിവയെ വിശേഷിപ്പിക്കുന്നത്.
മറ്റു മേഖലകളിലെല്ലാമെന്നപോലെ കാർഷികമേഖലയിലും ബഹുരാഷ്ട്ര കുത്തകകളുടെ നുഴഞ്ഞു കയറ്റം നേരത്തേ തുടങ്ങിയതാണ്. വലിയ കൃഷി ഫാമുകൾ നടത്തുന്ന കന്പനികളുണ്ട്. റിലയൻസ് പോലുള്ള പ്രസ്ഥാനങ്ങൾ കാർഷികമേഖലയിൽ ഇതിനോടകം വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. അവരുടെ ഔട്ട്ലെറ്റകളിലുടെ വിതരണം ചെയ്യുന്നത് സ്വന്തം ഫാമുകളിൽ വിളയുന്ന കാർഷിക വിഭവങ്ങൾ തന്നെയാവും. സർക്കാർ ഉടമസ്ഥതയിലുള്ള വെയർഹൗസുകളും വൻതോതിൽ അവർ ഏറ്റെടുത്തിട്ടുണ്ട്. പുതിയ നിയമനിർമാണം ഇത്തരക്കാരെയാവും കൂടുതൽ സഹായിക്കുക.
ഏതായാലും പുതിയ കേന്ദ്ര നിയമങ്ങൾ കേരളത്തിലെ കർഷകർക്കു വലിയ പ്രയോജനമൊന്നുമുണ്ടാക്കില്ലെന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്. അവശ്യസാധന നിയമത്തിൽനിന്നൊഴിവാക്കിയിരിക്കുന്ന ഉത്പന്നങ്ങളെല്ലാംതന്നെ കേരളത്തിനു പുറത്ത് ഉത്പാദിപ്പിക്കുന്നവയാണ്. അതുകൊണ്ടുതന്നെ ഇവയുടെ സംഭരണത്തിനും വിതരണത്തിനുമുള്ള നിയന്ത്രണം നീക്കുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനു തിരിച്ചടിയായേക്കാം. സംഭരണശേഷിയുള്ള വലിയ കോർപറേറ്റ് സ്ഥാപനങ്ങൾ ഈ ഉത്പന്നങ്ങൾ പൂഴ്ത്തിവച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാനുമിടയുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ചില റെഗുലേറ്ററി സംവിധാനങ്ങൾ കൊണ്ടുവരുന്നുണ്ടെങ്കിലും അത് എത്രമാത്രം ഫലപ്രദമാകുമെന്നു സംശയമുണ്ട്. കാർഷികോത്പന്നങ്ങൾ സംഭരിച്ചുവയ്ക്കാനും കയറ്റുമതി നടത്താനുമുള്ള പൂർണസ്വാതന്ത്ര്യം കർഷകർക്കു മാത്രമല്ല, മൊത്തക്കച്ചവടക്കാർ, സംസ്കരണ മേഖലയിലുള്ളവർ എന്നിവർക്കും ലഭിക്കും.
മികച്ച വില കിട്ടുന്നിടത്ത് ഇഷ്ടമുള്ള സമയത്ത് കർഷകന് ഉത്പന്നം വിറ്റഴിക്കാൻ സാധിക്കുമെന്നു പറയുന്നുണ്ടെങ്കിലും ഉള്ളി, ഉരുളക്കിഴങ്ങ്, ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവയൊക്കെ നിശ്ചിത കാലാവധി കഴിയുന്പോൾ ചീത്തയാകും. ഇവ സംഭരിച്ചു വയ്ക്കാൻ സാധാരണ കർഷകർക്കു കഴിയില്ല. അവിടെയാണ് ഇടനിലക്കാരുടെയും കോർപറേറ്റുകളുടെയും ഇടപെടലുണ്ടാവുക. വൻതോതിൽ കാർഷിക ഉത്പന്നങ്ങൾ സൂക്ഷിക്കാൻ ശേഷിയുള്ളവർക്ക് അതു പൂഴ്ത്തിവയ്ക്കാനും കഴിയും. ഉത്പന്നത്തിനു ദൗർലഭ്യമുണ്ടാകുന്ന അവസരത്തിൽ കൂടിയ വിലയ്ക്ക് അത് വിറ്റഴിക്കാം. കൃത്രിമമായി ദൗർലഭ്യമുണ്ടാക്കാൻ കുത്തകകൾക്ക് അവസരം കിട്ടുകയും ചെയ്യും.
ഉത്പന്നങ്ങൾ കെട്ടിക്കിടന്നു നശിക്കുന്നത് ഒഴിവാക്കാൻ പുതിയ നിയമനിർമാണം സഹായകമാകുമെന്ന് അവകാശപ്പെടുന്പോൾ സംഭരണത്തിനു കർഷകർക്കു നിലവിൽ എന്തു സൗകര്യമുണ്ടെന്നുകൂടി ചിന്തിക്കണം. ഉത്പാദന സ്ഥലത്തുവച്ചുതന്നെ ഉത്പന്നം വിറ്റഴിക്കുന്നവരാണു കർഷകരിൽ ബഹുഭൂരിപക്ഷവും. കേരളത്തിലെ നെൽക്കർഷകർ പാടത്തുനിന്നു നേരിട്ടാണു നെല്ല് സിവിൽ സപ്ലൈസ് കോർപറേഷനു കൈമാറുന്നത്. കൊയ്ത്തിനുശേഷം ഒരു ദിവസംപോലും മഴ പെയ്താൽ പലരുടെയും സ്ഥിതി കഷ്ടമാകും.
രാജ്യത്തു പല സാധനങ്ങൾക്കും ദൗർലഭ്യമുണ്ടായിരുന്ന കാലത്തു നടപ്പാക്കിയതാണ് അവശ്യവസ്തു നിയമം. ഇപ്പോൾ അതിനു പ്രസക്തിയില്ലെന്നാണു കേന്ദ്ര സർക്കാരിന്റെ നിലപാട്. ഗോതന്പ് ഉൾപ്പെടെ ധാന്യങ്ങൾആവശ്യത്തിനു സ്റ്റോക്കുണ്ട്. അവ കയറ്റുമതി ചെയ്യാൻപോലും സാധിക്കുന്നു. താങ്ങുവില പ്രഖ്യാപിച്ചു നടത്തുന്ന സംഭരണം കുറഞ്ഞ പ്രതിഫലം ഉറപ്പാക്കുന്നുണ്ടെങ്കിലും കർഷകർക്ക് അർഹതയുള്ള വരുമാനം പലപ്പോഴും ലഭിക്കുന്നില്ല. പയർവർഗങ്ങൾ , എണ്ണക്കുരുക്കൾ തുടങ്ങിയവ ഇപ്പോഴും കമ്മിയാണെന്ന വസ്തുത സർക്കാർ സൗകര്യപൂർവം മറക്കുന്നു.
ഇതൊക്കെയാണെങ്കിലും കാർഷിക വായ്പകൾക്കുള്ള മോറട്ടോറിയം കാലത്തെ പലിശയെങ്കിലും ഇളവു ചെയ്തു കൊടുക്കണമെന്ന നിർദേശത്തോട് ഇതുവരെയും അനുകൂലമായൊരു പ്രതികരണമുണ്ടായിട്ടില്ല. പലിശ എഴുതിത്തള്ളണമെന്ന ആവശ്യം പരിഗണിക്കരുതെന്നാണു റിസർവ് ബാങ്ക് സുപ്രീംകോടതിയെ ബോധിപ്പിച്ചിരിക്കുന്നത്.
ഉത്തരേന്ത്യയിലെ കർഷകസമൂഹത്തിനു ചില പ്രയോജനങ്ങൾ പുതിയ ഓർഡിനൻസിലൂടെ ലഭിക്കുമെങ്കിലും കോർപറേറ്റുകളാവും യഥാർഥത്തിൽ നേട്ടമുണ്ടാക്കുക. പുതിയ നിയമഭേദഗതി ഗ്രാമീണ കർഷകർക്കൊപ്പം വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്കും പ്രയോജനപ്രദമാണെന്നു കേന്ദ്ര സർക്കാർ പറയുന്നുണ്ടെങ്കിലും ഈ ഉദാരവത്കരണം ഏതുവിധത്തിലാണു കർഷകർക്കു സഹായകമാകുന്നതെന്ന കാര്യം കാലം തെളിയിക്കേണ്ടിയിരിക്കുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം ഭക്ഷ്യവസ്തുക്കളുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതോടൊപ്പം കാർഷികരംഗത്തു വൈവിധ്യവത്കരണം പ്രോത്സാഹിപ്പിക്കുകയും വേണം. കോവിഡനന്തര കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യമുണ്ടാകുമെന്ന മുന്നറിയപ്പ് ഗൗരവത്തിലെടുക്കണം. കേരളത്തിലെ മണ്ണ്, കാലാവസ്ഥ എന്നിവ കണക്കിലെടുത്തുകൊണ്ടുള്ള കൃഷിരീതികളാണു പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്കായി നീക്കിവച്ച 1,60,000 കോടി രൂപയുടെ സംസ്ഥാന വിഹിതം നേടിയെടുക്കാനുള്ള നടപടികളും ഊർജിതമാക്കണം. മാറിവരുന്ന സാഹചര്യങ്ങൾ മനസിലാക്കി കാർഷിക കേരളത്തെ രൂപപ്പെടുത്തുകയാണു പ്രധാനം.