സംസ്ഥാനത്തു സ്കൂൾ, കോളജ് ക്ലാസുകൾ ഓൺലൈനായി അടുത്തമാസം ആരംഭിക്കുകയാണ്. വർച്വൽ ക്ലാസ് റൂമുകൾ കാലഘട്ടത്തിന്റെ ആവശ്യമെന്നതിലുപരി കോവിഡ് കാലത്ത് അടിയന്തരാവശ്യമായിരിക്കുന്നു
കോവിഡിന്റെ വ്യാപനം ത്വരിതപ്പെട്ടിരിക്കുകയാണെങ്കിലും സംസ്ഥാനത്തു ജനജീവിതം സാധാരണനിലയിലേക്കു മടക്കിക്കൊണ്ടുവരാൻ ശ്രമങ്ങൾ സജീവമാണ്. മുൻകരുതലുകൾ ശക്തമാക്കി ലോക്ക്ഡൗണിൽ ഇളവുകൾ നൽകുന്നു. ജില്ലകൾക്കുള്ളിൽ പൊതുഗതാഗതം ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. പൂർത്തിയാകാനുണ്ടായിരുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നടന്നുവരുന്നു. ചൊവ്വാഴ്ച നടന്ന എസ്എസ്എൽസി പരീക്ഷയിൽ 99.91 ശതമാനം കുട്ടികൾ പങ്കെടുത്തു. സ്കൂൾ, കോളജ് അധ്യയന വർഷം ആരംഭിക്കുകയാണ്. ജൂൺ ഒന്നിനുതന്നെ സ്കൂളുകളുടെ പ്രവർത്തനം ആരംഭിക്കുമെന്നാണു സർക്കാർ നിലപാട്. സാധാരണരീതിയിലുള്ള ക്ലാസുകൾ തുടങ്ങുന്നതുവരെ ഓൺലൈൻ ക്ലാസുകളായിരിക്കും നടക്കുക.
കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ രാജ്യത്തെ കോളജുകളിലെ പുതിയ അധ്യയനവർഷം സെപ്റ്റംബറിൽ ആരംഭിച്ചാൽ മതിയെന്നായിരുന്നു യുജിസി ഉപസമിതിയുടെ ശിപാർശ. എന്നാൽ, നാലാം ഘട്ട ലോക്ക് ഡൗൺ കഴിയുന്നതോടെ സംസ്ഥാനത്തെ കോളജുകൾ പ്രവർത്തിക്കാൻ കോളജ് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞദിവസം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. എല്ലാ കോളജുകളും ജൂൺ ഒന്നിനുതന്നെ പ്രവർത്തനം തുടങ്ങണമെന്നും റെഗുലർ ക്ലാസുകൾ ആരംഭിക്കാൻ സാധിക്കുന്നതുവരെ ഓൺലൈൻ ക്ലാസുകൾ നടത്തണമെന്നുമാണു നിർദേശം. അധ്യാപകർ അക്കഡേമിക് കലണ്ടർ അനുസരിച്ചുതന്നെ ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ടെന്നും വിദ്യാർഥികൾ അതിൽ പങ്കാളികളാകുന്നുണ്ടെന്നും പ്രിൻസിപ്പൽമാർ ഉറപ്പുവരുത്തണം. ഓൺലൈൻ പഠനസൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർഥികൾക്കു ക്ലാസുകൾ സാധ്യമാക്കുന്നതിനു ക്രമീകരണങ്ങൾ ചെയ്യാനുള്ള ചുമതലയും പ്രിൻസിപ്പൽമാർക്കാണ്. ഓൺലൈൻ പഠനരീതിക്കാവശ്യമായ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് വിക്ടേഴ്സ് പോലുള്ള ടിവി ചാനലുകളും ഡിടിഎച്ച്, റേഡിയോ ചാനലുകളും ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യത തേടണമെന്നും സർക്കുലർ നിർദേശിക്കുന്നു.
വിദ്യാഭ്യാസത്തിൽ ആധുനിക സാങ്കേതികവിദ്യകൾ കഴിയുന്നത്ര പ്രയോജനപ്പെടുത്തേണ്ടത് ആവശ്യംതന്നെ. കോവിഡ് അത് അനിവാര്യമാക്കിയിരിക്കുന്നു. പക്ഷേ, ഇത്തരം സാഹചര്യങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. പൊതുവേ സ്വകാര്യ മാനേജ്മെന്റുകൾ സ്കൂളുകളുടെയും കോളജുകളുടെയും ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഏറെ ശ്രദ്ധിച്ചിരുന്നു. അതിൽ വീഴ്ച വരുത്തിയിട്ടുള്ളവരുമുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്തു സർക്കാർ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും സാങ്കേതികവിദ്യാ ഉപയോഗം സാധ്യമാക്കുന്നതിൽ എത്രമാത്രം വിജയിച്ചിട്ടുണ്ടെന്ന കാര്യം വിലയിരുത്തപ്പെടേണ്ടതുണ്ട്, പ്രത്യേകിച്ചു സ്കൂൾ വിദ്യാഭ്യാസ രംഗത്ത്. സ്മാർട്ട് ക്ലാസ് റൂമുകളുടെ എണ്ണവും മറ്റും നിരത്തി അവകാശവാദങ്ങൾ പലതും ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും നമ്മുടെ ഒട്ടുമിക്ക എൽപി, യുപി, ഹൈസ്കൂൾ , ഹയർ സെക്കൻഡറി സ്കൂളുകളിലും ഇത്തരം സൗകര്യങ്ങൾ ഇനിയും എത്തിയിട്ടില്ല.
ഓൺലൈൻ വിദ്യാഭ്യാസം കൂടുതൽ പ്രസക്തമാകുന്ന ഒരു കാലഘട്ടമാണു മുന്നിലുള്ളതെന്ന വസ്തുത വിസ്മരിക്കാനാവില്ല. പക്ഷേ, അതിന്റെ പരിധിയും പരിമിതികളുംകൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്. പരന്പരാഗത വിദ്യാഭ്യാസ സന്പ്രദായങ്ങളെ ഓൺലൈനിൽ പുനരാവിഷ്കരിക്കുക എന്നതു വലിയ വെല്ലുവിളിയാണ്. അധ്യാപകരുടെ ഭൗതികമായ അസാന്നിധ്യവും വിദ്യാർഥികൾ തമ്മിൽ ആശയവിനിമയത്തിന്റെ അഭാവവും വിദ്യാഭ്യാസത്തിന്റെ മൗലിക സ്വഭാവത്തിൽ മാറ്റമുണ്ടാക്കും. പ്രതികരണങ്ങളും സംവാദങ്ങളും സംശയനിവാരണവുമെല്ലാം ബോധനത്തിന്റെ അവശ്യഘടകങ്ങളാണല്ലോ. ചില നൈപുണ്യങ്ങളും മൂല്യങ്ങളും ഇത്തരത്തിൽ കുട്ടികൾക്കു ലഭിക്കാറുണ്ട്.
പരസ്പരാശയവിനിമയമില്ലായ്മ ഓൺലൈൻ കോഴ്സുകളുടെ ഒരു പ്രധാന ന്യൂനതയാണ്. ഇത്തരം പ്രശ്നങ്ങളിൽ ചിലതൊക്കെ പരിഹരിക്കുന്നതിന് ഇപ്പോൾ സാങ്കേതികവിദ്യകൾ ഉണ്ട്. പക്ഷേ, അവ കേരളത്തിലെ എത്ര വിദ്യാർഥികൾക്കു ലഭ്യമാണ്? കംപ്യൂട്ടറോ നെറ്റ് കണക്ഷനോ സ്മാർട്ട് ഫോണോ ഇല്ലാത്ത പതിനായിരക്കണക്കിനു വിദ്യാർഥികൾ ഇവിടെയുണ്ട്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ അഭാവം കേരളത്തിലെ വലിയൊരു ഭാഗം വിദ്യാർഥികളുടെ ഓൺലൈൻ പഠനം ദുസ്സാധ്യമോ അസാധ്യമോ ആക്കുമെന്ന കാര്യം സർക്കാർ ഗൗരവത്തിലെടുക്കണം. സമൂഹത്തിലെ സാധാരണക്കാരായ കുട്ടികളുടെ വിദ്യാഭ്യാസസൗകര്യങ്ങൾ കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിൽ കുറഞ്ഞുപോകാൻ ഇടയാവരുത്. കംപ്യൂട്ടറും സ്മാർട്ട് ഫോണും ഇന്റർനെറ്റ് കണക്ഷനുമൊക്കെ പ്രാപ്യമല്ലാത്ത വിദ്യാർഥികളുടെ പഠനനിലവാരം താഴാതിരിക്കാൻ ശാസ്ത്രീയമായ മാർഗങ്ങൾ കണ്ടെത്താനും അവ നടപ്പാക്കാനും സർക്കാർ ഉത്സാഹിക്കണം. ഭൗതികസൗകര്യങ്ങൾ ഉള്ളവരും ബുദ്ധിവൈഭവം ഏറിയവരും പഠനത്തിൽ ബഹുദൂരം മുന്നോട്ടു പോകുന്പോൾ സാധാരണ നിലവാരത്തിലുള്ള കുട്ടികൾ ഏറെ പിന്തള്ളപ്പെടാൻ ഇടയുണ്ടെന്നതു മറക്കരുത്. സാന്പത്തികവും സാമൂഹ്യവുമായ പിന്നാക്കാവസ്ഥ നേരിടുന്ന വിദ്യാർഥികൾക്കു ഡിജിറ്റൽ വിദ്യാഭ്യാസത്തിനാവശ്യമായ കംപ്യൂട്ടറും മറ്റും സൗജന്യമായി ലഭ്യമാക്കണം. സർക്കാർ സഹായത്തോടെയും സന്നദ്ധ സംഘടനകളുടെയും മറ്റും സ്പോൺസർഷിപ്പിലും ഇതു സാധ്യമാക്കാവുന്നതാണ്. സൗജന്യ വൈഫൈ കണക്ഷനുകളും ഇത്തരം വിദ്യാർഥികൾക്കു ലഭ്യമാക്കണം.
വർച്വൽ വിദ്യാഭ്യാസരംഗത്ത് ദേശീയ നിലവാരത്തേക്കാൾ ഏറെ മെച്ചപ്പെട്ട സാഹചര്യം കേരളത്തിൽ ഉണ്ടെങ്കിലും ഇത്തരം സൗകര്യങ്ങൾ ഇപ്പോഴും പ്രാപ്യമല്ലാത്ത ധാരാളം വിദ്യാർഥികൾ ഇവിടെയുണ്ടെന്നുള്ളതു കണക്കിലെടുത്തുവേണം സർക്കാർ ഡിജിറ്റൽ വിദ്യാഭ്യാസ നയം രൂപവത്കരിക്കാൻ. കേരളത്തിൽ പലേടത്തും സ്മാർട്ട് ഫോൺ വില്പനശാലകളിൽ സ്റ്റോക്ക് തീർന്നതായി റിപ്പോർട്ടുണ്ടായിരുന്നു. പഠനം ഓൺലൈനിലേക്കു മാറുന്നുവെന്ന വാർത്ത വന്നതോടെ വിദ്യാർഥികളും രക്ഷിതാക്കളും അത്തരം പഠനോപകരണങ്ങൾക്കുവേണ്ടി പരക്കം പാച്ചിലായി. ജില്ലാ തലത്തിൽ അധ്യാപകർക്ക് ഓൺലൈൻ അധ്യാപനത്തിനു പരിശീലനം നൽകുന്നുണ്ട്. ഒരേ സമയം നിരവധി വിദ്യാർഥികളുമായി സംവദിക്കാനുതകുന്ന സംവിധാനമാണു സജ്ജമാക്കുന്നത്. സ്കൂൾ പാഠപുസ്തകങ്ങളെല്ലാം തയാറായിട്ടുണ്ടെന്നാണു സർക്കാർ അവകാശപ്പെടുന്നത്. അവയും യഥാസമയം കുട്ടികൾക്കു ലഭ്യമാക്കണം. ഓൺലൈൻ പഠനത്തോടൊപ്പം ആദ്യഘട്ടത്തിൽ പാഠപുസ്തകങ്ങളും വിദ്യാർഥികൾക്കു ലഭ്യമായെങ്കിൽ മാത്രമേ മാറ്റത്തിന്റെ തുടക്കം സുഗമമാകൂ.