കുടിയേറ്റത്തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്കു കാൽനടയായും മറ്റും നടത്തുന്ന പ്രയാണം അതീവ ദയനീയമാണ്. അവർക്കുവേണ്ടി സർക്കാരുകൾക്ക് ഒന്നും ചെയ്യാനില്ലെന്നുവരുന്നതു ലജ്ജാവഹം
സ്വതന്ത്ര ഇന്ത്യയുടെ ആദ്യനാളുകളിൽ വിഭജനത്തോടനുബന്ധിച്ചു നടന്ന പലായനത്തെ അനുസ്മരിപ്പിക്കുന്നവയാണ് ഈ കോവിഡ് നാളുകളിൽ ഉത്തരേന്ത്യയിലെ കുടിയേറ്റത്തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്കു നടത്തുന്ന ദുരിതപൂർണമായ യാത്രകൾ. ഇന്ത്യ വിഭജിക്കപ്പെട്ട നാളുകളിൽ ഇന്ത്യയിൽനിന്നു പാക്കിസ്ഥാനിലേക്കും തിരിച്ചും ട്രെയിനുകളിലും ട്രക്കുകളിലും ആളുകളെ കുത്തിനിറച്ചു കൊണ്ടുപോയിരുന്നതിന്റെ മാത്രമല്ല അടുത്തകാലത്തു യുദ്ധകലുഷിതമായ പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്ന് അഭയാർഥികൾ യൂറോപ്പിലേക്കും മറ്റും ജീവൻ പണയംവച്ചു പലായനം നടത്തിയതിന്റെയും ഓർമയെ ഈ തൊഴിലാളികളുടെ ദുരിതമയമായ പ്രയാണം ഉണർത്തുന്നു. ഉത്തരേന്ത്യയിലെ കുടിയേറ്റത്തൊഴിലാളികളുടെ സംസ്ഥാനാന്തര പ്രയാണം കോവിഡിനെയും പട്ടിണിയെയും ഭയന്നു ജീവൻ രക്ഷിക്കാനുള്ള പലായനമാണ്.
ലോക്ക്ഡൗണോടെ കുടിയേറ്റത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടി. ബഹുഭൂരിപക്ഷത്തിനും തൊഴിൽ നഷ്ടപ്പെട്ടു. സർക്കാർ സഹായം പലേടത്തും നാമമാത്രമായിരുന്നു. സ്വന്തം നാട്ടിലേക്കു മടങ്ങുകയല്ലാതെ മിക്കവർക്കും മറ്റൊരു മാർഗം കാണാനില്ലായിരുന്നു. നൂറു കണക്കിനു കിലോമീറ്ററുകൾ കാൽനടയായി താണ്ടി സ്വന്തം ഗ്രാമങ്ങളിലേക്കു പോകുന്നവരുടെ തീവ്രയാതന മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ചിലർ വഴിവക്കിൽ മരിച്ചുവീഴുന്നു. സ്ത്രീകളും കുട്ടികളുമടങ്ങിയ ചെറുതും വലുതുമായ സംഘങ്ങളുടെ മടക്കയാത്ര അതിദയനീയമാണ്.
കിട്ടിയ ട്രക്കുകളിലും ലോറികളിലും അടച്ചുപൂട്ടിയ വാഹനങ്ങളിലുമൊക്കെ കയറി കുറേപ്പേർ നാടുപറ്റി. ലോറിക്കടിയിലെ സ്റ്റെപ്നി ടയറിന്റെ ഇടയിലിരുന്നു തമിഴ്നാട്ടിൽനിന്നു കേരളത്തിലെത്തിയ യുവാവിനെ കൊല്ലത്തുവച്ചു പോലീസ് കണ്ടെത്തി നിരീക്ഷണകേന്ദ്രത്തിലേക്കയച്ചു. ചെങ്കോട്ടയിൽനിന്നാണ് ഇയാൾ ഡ്രൈവർ അറിയാതെ ലോറിയുടെ അടിയിൽ കയറിപ്പറ്റിയത്. ഇത്തരം പലായനങ്ങൾക്കിടെ പലരും അപകടങ്ങളിൽപ്പെട്ടു മരിച്ചു. മഹാരാഷ്ട്രയിൽനിന്നു മധ്യപ്രദേശിലേക്കു റെയിൽപാളത്തിലൂടെ നടന്നുപോയ ഒരു സംഘം പാളത്തിൽ തളർന്നുറങ്ങിയപ്പോൾ ട്രെയിൻ കയറി 16 പേരാണു മരിച്ചത്. ഇന്നലെ യു.പി., മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിൽ മടക്കയാത്രാമധ്യേ വ്യത്യസ്ത വാഹനാപകടങ്ങളിൽ 16 കുടിയേറ്റത്തൊഴിലാളികൾ മരിച്ചു. നൂറു കണക്കിനു കിലോമീറ്ററുകൾ കാൽനടയായിട്ടാണെങ്കിലും യാത്രചെയ്യാൻ ഈ പാവപ്പെട്ട മനുഷ്യർ തയാറാകുന്നുവെങ്കിൽ അതിനു കാരണം ഇപ്പോൾ ആയിരിക്കുന്ന സ്ഥലത്ത് അവർ സുരക്ഷിതരല്ലെന്നതും അവിടെ മുന്പോട്ടുള്ള ജീവിതം കൂടുതൽ ക്ലേശപൂർണമായിരിക്കുമെന്നതുമാണ്. രാജ്യത്തെ ജനസംഖ്യയുടെ 37 ശതമാനം ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്കു കുടിയേറിയവരാണ്. ഇതിൽ കൂലിത്തൊഴിലാളികൾ മുപ്പതു ശതമാനം വരും.
ലോക്ക് ഡൗൺ ഇളവു ചെയ്തു ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചപ്പോൾ കുടിയേറ്റത്തൊഴിലാളികളിൽ കുറെപ്പേർക്കു സ്വന്തം നാട്ടിലെത്താൻ കഴിഞ്ഞു. കേരളത്തിൽനിന്നും അതിഥിത്തൊഴിലാളികളുമായി ഏതാനും ട്രെയിനുകൾ ഇതിനോടകം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കു പോയിട്ടുണ്ട്. ഇനിയുമേറെപ്പേർ ഊഴം കാത്തിരിക്കുന്നു. വേലയും കൂലിയുമില്ലാതെ മടങ്ങുന്ന ഇവരുടെ യാത്രച്ചെലവു വഹിക്കാൻ കേരളത്തിലെ കോൺഗ്രസ് പാർട്ടി മുന്നോട്ടു വന്നെങ്കിലും സംസ്ഥാന സർക്കാർ അതു തിരസ്കരിച്ചു. കുടിയേറ്റത്തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി ആയിരം ബസുകൾ ഏർപ്പാടു ചെയ്തപ്പോൾ അതിന് ഇടങ്കോലിടാൻ യുപി സർക്കാരും ശ്രമിച്ചു.
ഇതിനിടെ വ്യാജസന്ദേശങ്ങളിലൂടെ അതിഥിത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനും കുഴപ്പങ്ങൾ സൃഷ്ടിക്കാനും ശ്രമം നടക്കുന്നുണ്ട്. ഇരുനൂറോളം തൊഴിലാളികൾ കഴിഞ്ഞ ദിവസം പാപ്പിനിശേരിയിൽനിന്നു പത്തു കിലോമീറ്ററോളം റെയിൽ പാളത്തിലൂടെ നടന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിെയെങ്കിലും പോലീസ് അവരെ ബലം പ്രയോഗിച്ചു തിരിച്ചയച്ചു. കോഴിക്കോട് പാറക്കടവിൽ അതിഥിത്തൊഴിലാളികൾ ഇന്നലെ പോലീസുമായി ഏറ്റുമുട്ടി. ഇതിനു മുന്പും കേരളത്തിന്റെ പല ഭാഗങ്ങളിലും അതിഥിത്തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷമുണ്ടായി. നാട്ടിലേക്കു പോകാൻ സൗകര്യമൊരുക്കണമെന്നാണ് ഈ തൊഴിലാളികളുടെ ആവശ്യം.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ അതിഥിത്തൊഴിലാളികൾക്കു മെച്ചപ്പെട്ട സൗകര്യങ്ങളാണു സർക്കാർ ഒരുക്കിയിട്ടുള്ളത്. എന്നിരുന്നാലും കോവിഡ് വ്യാപനം നിയന്ത്രണം വിട്ടാൽ ഇവരുടെ വാസകേന്ദ്രങ്ങൾ സുരക്ഷിതമായിരിക്കില്ല.
എവിടെയായിരിക്കുന്നുവോ അവിടെ തുടരുക എന്നാണു ലോക്ക് ഡൗണിന്റെ ആദ്യഘട്ടം മുതൽ പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടത്. അപ്രകാരം ആയിരിക്കുന്നിടത്തു തുടരണമെങ്കിൽ അവർക്ക് അവിടെ ജീവിക്കാനുള്ള ഭക്ഷണമെങ്കിലും ലഭിക്കണം. എത്ര സ്ഥലങ്ങളിൽ അതു സർക്കാർ നൽകുന്നുണ്ട്? ഉത്തരേന്ത്യയിൽ കടുത്ത വേനലിൽ നൂറുകണക്കിനു കിലോമീറ്റർ നടന്നോ സൗകര്യങ്ങൾ തീരെക്കുറവായ വാഹനങ്ങളിൽ ഇടിച്ചുകയറിയോ ഒക്കെ സ്വന്തം നാട്ടിലെത്താൻ ആളുകൾ ശ്രമിക്കുന്നുവെങ്കിൽ അതിന്റെ കാരണം ഊഹിക്കാവുന്നതേയുള്ളൂ. ജീവിതം വഴിമുട്ടിയിരിക്കുന്നതുകൊണ്ടും ജീവൻ അപകടത്തിലാകുമെന്നു ഭയപ്പെടുന്നതുകൊണ്ടുമാണ് തൊഴിൽസാധ്യത കുറഞ്ഞ സ്വന്തം നാടുകളിലേക്ക് രക്ഷതേടി അവർ പോകുന്നത്. അവരുടെ ഭയമോ അരക്ഷിതാവസ്ഥയോ മാറ്റാൻ ഭരണാധികാരികൾക്കു കഴിയുന്നില്ല. ഭരണകൂടത്തിന്റെ കാര്യക്ഷമതയില്ലായ്മയും ചിലപ്പോൾ മനുഷ്യത്വമില്ലായ്മയുമാണ് അവിടെ വ്യക്തമാകുന്നത്.
കേരളത്തിലേക്കുള്ള പ്രവാസി മടക്കയാത്രയിലും അന്യസംസ്ഥാനങ്ങളിൽനിന്നുള്ള മലയാളികളുടെ തിരിച്ചുവരവിലും അതിഥിത്തൊഴിലാളികളുടെ തിരിച്ചുപോക്കിലുമൊക്കെ ഏറെ തടസങ്ങളാണ് ഇപ്പോഴുള്ളത്. പ്രവാസികളിൽ നല്ലൊരു പങ്കിനും ഇനിയും തിരിച്ചുവരാനായിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തേണ്ടവരെ സംസ്ഥാനം വേണ്ടത്ര ഗൗനിച്ചില്ല. അതിർത്തി കടന്നുപോരാൻ ഇപ്പോഴും കടന്പകൾ ഏറെയാണ്.
കേരളം കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും അടുത്ത ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം കൂടുകയാണ്. പുറത്തുനിന്നു വരുന്നവരാണു രോഗബാധിതരിൽ ഏറെയും. അതിന്റെ പേരിൽ നമ്മുടെ പ്രവാസി സഹോദരങ്ങളെ അകറ്റിനിർത്താനാവുമോ? അവർക്ക് അഭയം നൽകേണ്ട ചുമതല നമുക്കുണ്ട്. അതുകൂടി ഫലപ്രദമായി ചെയ്യാനാവുന്പോഴാണു കോവിഡ് പ്രതിരോധത്തിന്റെ മികവിനെക്കുറിച്ചു കേരളത്തിന് അഭിമാനിക്കാനാവുക. ലോകമെന്പാടുമുള്ള മലയാളികളുടെ സുരക്ഷ ഓരോ കേരളീയന്റെയും ഈ സംസ്ഥാനത്തെ സർക്കാരിന്റെയും ഉത്തരവാദിത്വമാണ്.