നീണ്ടൊരു ഇടവേളയ്ക്കുശേഷം കേരളത്തിൽ മദ്യവില്പന പുനരാരംഭിച്ചതോടെ ക്രൂരമായ കുറ്റകൃത്യങ്ങളും തിരിച്ചുവരുകയാണ്. മദ്യം മടങ്ങിവന്ന് ആദ്യത്തെ
മൂന്നു ദിവസങ്ങൾക്കുള്ളിൽ മദ്യലഹരിയിൽ ഒരു യുവാവ് അമ്മയെയും മറ്റൊരുവൻ പിതാവിനെയും കൊലപ്പെടുത്തിയതായി കേസുകൾ. വാഹനാപകടങ്ങൾ അനേകം.
ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തു മദ്യശാലകൾ തുറന്നതോടെ മദ്യോപയോഗവുമായി ബന്ധപ്പെട്ട അക്രമങ്ങളുടെ വാർത്തകൾ കുറച്ചൊന്നുമല്ല വരുന്നത്. മദ്യവിതരണം പുനരാരംഭിച്ച ദിവസവും അതിനടുത്ത രണ്ടു ദിവസങ്ങളിലുമായി മദ്യലഹരിയിലുണ്ടായ നിരവധി വാഹനാപകടങ്ങളും അതിദാരുണമായ കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ചങ്ങനാശേരിക്കടുത്തു തൃക്കൊടിത്താനത്ത് മദ്യപിച്ചെത്തിയ യുവാവ് അമ്മയെ കറിക്കത്തികൊണ്ടു കഴുത്തറത്തു കൊലപ്പെടുത്തിയതാണ് ഒരു കേസ്. മലപ്പുറത്തു മദ്യലഹരിയിൽ മകൻ തള്ളിവീഴ്ത്തിയതിനെത്തുടർന്നു വയോധികൻ മരിച്ചു. മദ്യപാനവുമായി ബന്ധപ്പെട്ടു മലപ്പുറത്തെ തീരപ്രദേശത്ത് ഈ ദിവസങ്ങളിൽ നടന്ന രണ്ടാമത്തെ ദുരന്തമാണിത്.ഈ സംഭവങ്ങളുടെ പിന്നിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മദ്യത്തിന്റെ സ്വാധീനത്തിലാണ് അവ നടന്നത്. തിരുവനന്തപുരം ബാലരാമപുരത്ത് കഴിഞ്ഞ ദിവസം സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് തലയ്ക്കടിയേറ്റു യുവാവു മരിച്ച സംഭവവുമുണ്ടായി. ഇവിടെയും മദ്യംതന്നെയായിരുന്നു വില്ലൻ. മദ്യം വാങ്ങി മറിച്ചുവിൽക്കുന്ന സംഘത്തിൽപ്പെട്ടവർ തമ്മിൽ പണം പങ്കുവയ്ക്കുന്നതിനെക്കുറിച്ചുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. പത്തനംതിട്ട എആർ ക്യാന്പിൽ മദ്യലഹരിയിൽ അടികലശൽ അരങ്ങേറി.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ മൂന്നാം ഘട്ടത്തിൽ ഡൽഹിയും തമിഴ്നാടും മദ്യവില്പന പുനരാരംഭിച്ചപ്പോൾ കേരളം അതിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ, അതു തകൃതിയായ മദ്യവില്പനയ്ക്കുവേണ്ടിയുള്ള ഒരുക്കം മാത്രമായിരുന്നുവെന്നു വേണം മനസിലാക്കാൻ.
മദ്യവിതരണത്തിനായി സജ്ജമാക്കിയ സാങ്കേതികവിദ്യ പരാതികളില്ലാതെയും ശാസ്ത്രീയമായും വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞില്ല. ബെവ്ക്യു പ്ലാറ്റ്ഫോമിലൂടെ ലഭിക്കുന്ന ടോക്കണുകൾ പരിശോധിക്കാനുള്ള ക്യുആർ കോഡ് സ്കാനിംഗ് സംവിധാനം ഇനിയും ശരിയായിട്ടില്ല. ടോക്കൺ ലഭിച്ചവരുടെ പട്ടിക മദ്യവില്പന നടത്തുന്ന കടകൾക്ക് അയച്ചുകൊടുത്ത് താത്കാലിക പരിഹാരം തേടുകയാണു ചെയ്തത്. ഇതിനിടെ ടോക്കണില്ലാതെയും മദ്യവില്പന നടന്നതായി പറയപ്പെടുന്നു. വർച്വൽ മദ്യവിതരണത്തിന്റെ സാങ്കേതികത്തികവ് സംശയത്തിന്റെ നിഴലിലായെങ്കിലും ശനിയാഴ്ചയും നിരവധിയാളുകൾ മദ്യം വാങ്ങി.
മദ്യം ലഭിക്കാനുള്ള ബെവ്ക്യുആപ് ഇതിനോടകം പതിനഞ്ചു ലക്ഷത്തോളം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. എസ്എംഎസ് വഴിയുള്ള രജിസ്ട്രേഷനും ഇത്രത്തോളം വരും. ടോക്കണിൽ മദ്യം വാങ്ങാനുള്ള സമയം നിർദേശിച്ചിട്ടുണ്ടെങ്കിലും ക്ഷമാശീലരായ മദ്യപർ സമയത്തിനു വളരെമുന്പു സ്ഥലത്തെത്തി ക്യൂവിൽ നിൽക്കുന്നു. പത്തും ഇരുപതും ലക്ഷം രൂപയ്ക്കുള്ള മദ്യമാണ് ഓരോ ബാറിൽനിന്നും ദിവസേന വിറ്റുപോകുന്നത്. എന്തു മഹാമാരി പടർന്നാലും മലയാളിയുടെ മദ്യാസക്തിക്കു വലിയ കുറവൊന്നും ഉണ്ടാകുന്നില്ലെന്നാണു മദ്യവില്പനയുടെ ആദ്യദിനങ്ങൾ വ്യക്തമാക്കുന്നത്.
രണ്ടു മാസത്തിലേറെ നീണ്ട ലോക്ക് ഡൗൺ മൂലം നിരവധിപേർ യാതൊരു വരുമാനവുമില്ലാതെ ക്ലേശിക്കുന്പോഴും മദ്യം വാങ്ങാൻ പലർക്കും പണമുണ്ട്. ടോക്കണുപയോഗിച്ചു പരമാവധി മൂന്നു ലിറ്റർ മദ്യം വാങ്ങാമെന്നിരിക്കേ സ്വരുക്കൂട്ടി വച്ചതോ കടംവാങ്ങിയതോ ആയ പണംകൊണ്ടു മൊത്തം ക്വാട്ടയാണ് ഒട്ടുമിക്കവരും വാങ്ങുന്നത്. ചിലർ സുഹൃത്തുക്കളുമായി മദ്യം പങ്കുവയ്ക്കുന്നുണ്ടെങ്കിലും മറ്റു ചിലർ മുഴുവൻ ക്വാട്ടയും സ്വയം അകത്താക്കുന്നു. അധികമദ്യലഭ്യത പലരുടെയും അമിത മദ്യപാനത്തിനു വഴിയൊരുക്കുമെന്നതിൽ സംശയമില്ല. ഈ പംക്തിയിൽ ഇതിനുമുന്പു പലതവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ മദ്യവ്യാപനം ഉണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും ദാരിദ്ര്യവും കോവിഡിനേക്കൾ വിപത്കരമാണ്.
ലോക്ക് ഡൗണിന്റെ ഭാഗമായി മതപരമായ ചടങ്ങുകൾപോലും നിരോധിച്ചിരിക്കുകയാണ്. ആരാധനാലയങ്ങളും ഹോട്ടലുകളും മാളുകളും തുറക്കുന്നതുൾപ്പെടെയുള്ള ഇളവുകളിലൂടെ മൂന്നു ഘട്ടമായി ലോക്ക് ഡൗൺ അവസാനിപ്പിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞദിവസം രൂപം നൽകിയിട്ടുണ്ട്. കേന്ദ്ര നിർദേശങ്ങളുടെ വെളിച്ചത്തിൽ കേരളത്തിൽ നടപ്പാക്കേണ്ട ഇളവുകൾ സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു.
രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണു മദ്യവിതരണം ആരംഭിച്ചത്. വെർച്വൽ മദ്യവിതരണത്തിലെ പാകപ്പിഴകൾ പരിഹരിച്ചുവെന്നു സർക്കാർ അവകാശപ്പെടുന്പോഴും പാകപ്പിഴകളും ക്രമക്കേടുകളും തുടരുന്നുവെന്ന് ആരോപണമുണ്ട്. ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർഫെഡിന്റെയും വില്പനശാലകൾക്കു പുറമേ ബാറുകളിൽനിന്നുകൂടി മദ്യം വാങ്ങാമെന്നു വന്നതോടെ ബാറുകളുടെ മുന്നിലാണു വലിയ തിരക്ക്. സാമൂഹ്യ അകലം പാലിക്കണമെന്നു സർക്കാർ ജനങ്ങളെ നിരന്തരം ഉദ്ബോധിപ്പിക്കുന്നുണ്ടെങ്കിലും മദ്യവില്പനശാലകളിൽ അതു തെല്ലും പാലിക്കപ്പെടുന്നില്ല. മദ്യം വാങ്ങുന്നവർക്കു സാമൂഹ്യ അകലമൊന്നും പ്രശ്നമല്ലെന്നുണ്ടോ? മാസ്ക് ധരിക്കാത്തവരെയും അക്കൂട്ടത്തിൽ കാണാനായി. ഇതൊന്നും പരിശോധിക്കാൻ പോലീസോ ആരോഗ്യപ്രവർത്തകരോ ഉണ്ടായിരുന്നില്ല, പലയിടത്തും. ഇങ്ങനെയെങ്കിൽ മദ്യശാലകളുടെ പ്രവർത്തനം പുനരാരംഭിച്ചതു കേരളത്തിൽ കോവിഡിന്റെ സാമൂഹ്യ വ്യാപനത്തിനു വഴിതെളിച്ചാൽ അദ്ഭുതപ്പെടേണ്ടതില്ല. മദ്യം വാങ്ങാനെത്തുന്നവർ സാമൂഹ്യ അകലം പാലിക്കുന്നില്ലെങ്കിൽ മദ്യം കഴിച്ചവർ ഏതെങ്കിലും നിയമം പാലിക്കുമെന്നു പ്രതീക്ഷിക്കാനും വയ്യ.
രോഗവ്യാപനം കണ്ണൂരിൽ സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ് എന്നു മുഖ്യമന്ത്രി പറഞ്ഞു. അത്തരം പ്രദേശങ്ങളിൽ മദ്യശാലകൾകൂടി തുറന്നാൽ മുൻകരുതലുകളൊക്കെ കാറ്റിൽ പറക്കും. നിയന്ത്രണങ്ങൾ തങ്ങൾക്കു ബാധകമല്ലെന്ന മട്ടിൽ പലരും പ്രവർത്തിക്കുന്നതായി കണ്ണൂർ കളക്ടർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞു. മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും അവഗണിച്ച് ഒരുകൂട്ടർ സമൂഹത്തെ അപകടത്തിലാക്കാൻ തയാറാകുന്പോൾ അതിനു വഴിയൊരുക്കുന്ന തരത്തിലുള്ള നടപടികൾ സർക്കാരിൽനിന്ന് ഉണ്ടാകുന്നതു കഷ്ടമാണ്.