രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം മദ്യശാലകളെല്ലാം തുറക്കുന്പോൾ കോവിഡ് പ്രോട്ടോക്കോളൊക്കെ ഉണ്ടെങ്കിലും കച്ചവടം പൊടിപൊടിക്കും. മദ്യമുക്തിക്ക് ഈ ഇടവേള ഉപയോഗിച്ചവരും മദ്യത്തിൽനിന്നു വിട്ടുനിന്ന സ്ഥിരം മദ്യപാനികളും മദ്യാസക്തിയിലേക്കു മടങ്ങാതിരിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തണം
ദിനംപ്രതിയെന്നോണം കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ മദ്യശാലകൾ തുറക്കുകയാണ്. വിർച്വൽ ക്യൂവിലൂടെയാണു മദ്യവിതരണം നടക്കുന്നതെങ്കിലും ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായാൽ, കോവിഡിന്റെ സാമൂഹ്യവ്യാപനം ഇക്കാലമത്രയും തടഞ്ഞുനിർത്തിയ കേരളത്തിന് അതു പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്ത സർക്കാർ മദ്യശാലകൾ തുറക്കുന്നതു കോവിഡ് പ്രതിരോധമൊക്കെ മറന്നുകൊണ്ടാണോ?
മദ്യലഭ്യത ഉറപ്പാക്കുന്ന സർക്കാർ മദ്യമുക്തി ആഗ്രഹിക്കുന്നവർക്ക് അതിനു സഹായം ചെയ്യുകയെന്നതു ധാർമികമായ ഉത്തരവാദിത്വമാണ്. കാരണം, മദ്യത്തിൽനിന്നു മുക്തി പ്രാപിക്കുന്നവർ തങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും കുടുംബത്തിന്റെ ഭദ്രത കാക്കുകയും ചെയ്യുന്നതിലൂടെ നാടിനു വലിയ അനുഗ്രഹമാണു ചെയ്യുന്നത്. വരുമാനത്തിന്റെ നല്ല പങ്കോ വരുമാനം മുഴുവൻ തന്നെയോ മദ്യശാലകളിൽ ചെലവഴിക്കുന്നവർ എത്രയോ ആണ്. ഇത്തരക്കാരുടെ കുടുംബങ്ങളിലെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. അവരുടെ ആരോഗ്യപ്രശ്നങ്ങളും അവരുണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങളും വേറേ. അതുകൊണ്ടുതന്നെ മദ്യമുക്തി ആഗ്രഹിക്കുന്നവർക്ക് അതു സാധ്യമാക്കുന്നതിനും മദ്യാസക്തി അപകടകരമായ നിലയിലെത്തിയവരെ ചികിത്സിക്കുന്നതിനും സർക്കാർ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ചില സന്നദ്ധസംഘടനകളും പ്രസ്ഥാനങ്ങളും ലഹരിമുക്തി കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ലോക്ക് ഡൗൺകാലത്ത് ആ കേന്ദ്രങ്ങളിൽ ധാരാളം പേരെത്തി. അത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പിനു സർക്കാരിന്റെ സഹായവും പ്രോത്സാഹനവുമുണ്ടാകണം.
രണ്ടു മാസക്കാലം മദ്യശാലകൾ അടഞ്ഞുകിടന്നതുകൊണ്ടു സംസ്ഥാന സർക്കാരിനു നികുതി വരുമാനത്തിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്നതു ശരിയായിരിക്കാം. പക്ഷേ, അനേകം കുടുംബങ്ങളിൽ അതുമൂലമുണ്ടായ സമാധാനവും സ്വസ്ഥതയും പറഞ്ഞറിയിക്കാനാവാത്തതാണ്. മദ്യപാനം ശീലമാക്കിയ പലരും മദ്യലഭ്യതയില്ലാതിരുന്ന ഈ സമയം മദ്യമുക്തിക്ക് അവസരമാക്കിയിട്ടുണ്ടെന്ന കാര്യം നിസാരമായി കരുതിക്കൂടാ. മദ്യം കിട്ടാതിരുന്നതുകൊണ്ടു മാത്രമാണു മിക്കവരും ആ ദുശീലം ഉപേക്ഷിച്ചത്. തീർത്തും ചെറിയൊരു ന്യൂനപക്ഷത്തിനു മാത്രമാണ് അതുമൂലം വൈഷമ്യങ്ങൾ ഉണ്ടായത്.
മദ്യം ആവശ്യമുള്ളവർക്ക് അതു ലഭ്യമാക്കാനാണ് ഇപ്പോൾ സർക്കാർ തീരുമാനം. അതനുസരിച്ചു കേരളത്തിലെ ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും ഇന്നലെ മുതൽ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്നുവെങ്കിലും ബാറുകളിലൂടെയുള്ള മദ്യവില്പനയ്ക്കുള്ള നടപടി പൂർത്തിയാകാതിരുന്നതിനാൽ പല മദ്യശാലകളും ഇന്നലെ തുറക്കാൻ കഴിഞ്ഞില്ല. ആ പ്രശ്നം വൈകാതെ പരിഹരിക്കപ്പെടും. ഇതോടെ കേരളത്തിൽ വീണ്ടും മദ്യപ്പുഴയൊഴുകും. മദ്യം പാഴ്സലായി നൽകാൻ ബാറുകൾക്കും ബിയർ- വൈൻ പാർലറുകൾക്കും അനുമതി ലഭിച്ചതിലൂടെ പ്രത്യേക ഫീസൊന്നും ഇല്ലാതെതന്നെ മദ്യവില്പന സ്വകാര്യ മേഖലയിലേക്കുകൂടി വ്യാപിച്ചു. ബിവറേജസ് കോർപറേഷൻ ഈടാക്കുന്ന വിലയ്ക്കു മദ്യം വിൽക്കാൻ ബാറുകൾ തയാറായാൽ സെക്കൻഡ്സ് വില്പന നടക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. ഏതായാലും മദ്യം ലഭ്യമായാൽ എന്തു വിലകൊടുത്തും അതു വാങ്ങിക്കുടിക്കാൻ ആളുണ്ടാവുമെന്നുറപ്പ്. അതുകൊണ്ട്, കോവിഡ് ഭീതി പരക്കുന്പോഴും മദ്യശാലകൾ തുറക്കാൻ സർക്കാരിനു വലിയ ഉത്സാഹമാണ്.
കഴിഞ്ഞ സർക്കാർ അധികാരമൊഴിയുന്പോൾ സംസ്ഥാനത്ത് 29 ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാത്രമാണു ബാറുകൾ ഉണ്ടായിരുന്നത്. പ്രതിവർഷം പത്തു ശതമാനം വീതം ബിവറേജസ് മദ്യവില്പനശാലകൾ അടച്ചുപൂട്ടാനും കഴിഞ്ഞ സർക്കാരിന്റെ കാലത്തു തീരുമാനിച്ചിരുന്നു. അതനുസരിച്ചു കുറെ വില്പനശാലകൾ അടച്ചുപൂട്ടുകയും ചെയ്തു. മദ്യനിരോധനമല്ല, മദ്യവർജനമാണു തങ്ങളുടെ നയമെന്നും ബോധവത്കരണത്തിലൂടെ മദ്യവർജനം സാധ്യമാക്കുമെന്നും പ്രഖ്യാപിച്ച് അധികാരത്തിലേറിയ ഇപ്പോഴത്തെ സർക്കാർ ഘട്ടംഘട്ടമായി മദ്യശാലകൾ തുറന്നു.
വിദേശമദ്യം വിൽക്കാൻ എഫ്എൽ 3 ലൈസൻസുള്ള 594 ബാറുകൾ സംസ്ഥാനത്തുണ്ടെന്നാണു കഴിഞ്ഞ ഫെബ്രുവരിയിൽ എക്സൈസ് മന്ത്രി നിയമസഭയെ അറിയിച്ചത്. ബിയർ, വൈൻ പാർലറുകളും ബെവ്കോ ഔട്ട്ലെറ്റുകളും വേറെ. കോവിഡ് കാലത്തും ബാർ ലൈസൻസ് നൽകിയതായി പരാതി ഉയർന്നിരുന്നു. എന്നാൽ അത് മുന്പുതന്നെ അനുവദിച്ചതാണെന്നു പറഞ്ഞു സർക്കാർ തലയൂരി.
സർക്കാരിന്റെ മദ്യനയം മദ്യോപയോഗം വർധിപ്പിക്കുന്നതാണെന്നു വ്യക്തമാണ്. അതിനു നിരത്തുന്ന ന്യായങ്ങൾ എന്തായാലും അതു സമൂഹത്തെ ദോഷകരമായി ബാധിക്കും. ദിവസവേതനക്കാരും പാവപ്പെട്ടവരും അവരുടെ കുടുംബങ്ങളുമാണ് അതിന്റെ സാന്പത്തികമായ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുക. മദ്യവ്യാപാരം മറ്റു ബിസിനസുകൾപോലെ മൗലികാവകാശമല്ലെന്നും മറ്റുള്ളവരുടെ സ്വകാര്യത ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾ ഇതിന്റെ പേരിൽ ലംഘിക്കപ്പെടരുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.
സർക്കാരിന്റെ മദ്യനയത്തിന്റെ സാംഗത്യം ഇനി ജനങ്ങൾ വിലയിരുത്തട്ടെ. മദ്യവില്പന ന്യായീകരിച്ചു സർക്കാരിനും മദ്യപന്മാർക്കും പലതും പറയാനുണ്ടാകും. പക്ഷേ, മദ്യമുക്തി കാംക്ഷിക്കുന്നവർക്ക് അതിനു സൗകര്യം ചെയ്തുകൊടുക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. ബാർ ലൈസൻസ് ഇനത്തിൽ മാത്രം കഴിഞ്ഞ വർഷം സർക്കാരിന് ഇരുനൂറു കോടിയോളം രൂപ ലഭിച്ചു. ഏറ്റവും കൂടുതൽ നികുതിവരുമാനം ലഭിക്കുന്ന വില്പനയും ഇതുതന്നെ. എന്നിട്ടും ഈ വരുമാനത്തിന്റെ ചെറിയൊരംശംപോലും മദ്യവിരുദ്ധ ബോധവത്കരണത്തിനോ മദ്യാസക്തരെ ചികിത്സിക്കുന്നതിനോ സർക്കാർ ചെലവഴിക്കുന്നില്ല. മദ്യ- ലഹരി വിരുദ്ധ പ്രചാരണമാകട്ടെ സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ കുറുക്കുവഴിയായും തീരുന്നു. മദ്യ- ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി 1.01 കോടി രൂപ മുടക്കി കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിച്ച കാര്യം സർക്കാർ നിയമസഭയെ അറിച്ചിരുന്നു. 500 ബസുകളിലാണു പരസ്യം ചെയ്തത്. സംസ്ഥാന ലഹരിവർജന മിഷൻ നടപ്പാക്കുന്ന വിമുക്തി പദ്ധതിയുമുണ്ട്.
സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നാമമാത്രമാണെങ്കിലും ഈ മേഖലയിൽ ധാരാളം സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ ഡീഅഡിക്ഷൻ സെന്ററുകളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ തയാറാവണം. കുടുംബശ്രീ പ്രവർത്തകരെയും ആശാ വർക്കർമാരെയുമൊക്കെ ഗ്രാമീണതലത്തിൽ പല തരത്തിലുമുള്ള ബോധവത്കരണത്തിനായി നിയോഗിക്കാറുണ്ട്. മദ്യത്തിൽനിന്നു മോചനം നേടാൻ ആഗ്രഹിക്കുന്നവർക്കുകൂടി അവരുടെ സേവനം ലഭ്യമാക്കാവുന്നതാണ്. മദ്യാസക്തർ ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽനിന്ന് കുടുംബങ്ങളെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളും ഇങ്ങനെ നടത്താനാവുമോയെന്ന് ആലോചിക്കണം.