കോവിഡിനെ ചെറുക്കുന്നതോടൊപ്പം കേരളം മഴക്കാല കെടുതികളെക്കൂടി നേരിടേണ്ടിവരുകയാണ്. വ്യക്തിശുചിത്വത്തിനു പുറമേ പരിസരശുചിത്വവും ഉറപ്പുവരുത്താൻ ഓരോരുത്തരും ശ്രമിക്കണം. സ്കൂൾ കുട്ടികളുടെ ഓൺലൈൻ ക്ലാസുകളിൽ ഇത്തരം വിഷയങ്ങളും ഉൾപ്പെടുത്തണം
സംസ്ഥാനത്തു മഴ കനക്കുകയാണ്. പത്തു ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. കോവിഡ് രോഗവ്യാപനം തടയാൻ സംസ്ഥാനം തീവ്രയജ്ഞത്തിലായിരിക്കേ മഴ കൊണ്ടുവരുന്ന ദുരിതങ്ങൾ വലിയ വെല്ലുവിളിയാണ്. ഏറെ തയാറെടുപ്പ് ആവശ്യമുള്ള സന്ദർഭമാണിത്. കോവിഡ് വ്യാപനത്തിൽ ഏറ്റവും കൂടുതൽ പ്രതിദിന വർധന റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും. ഇന്നലെ 86 പേർക്കാണു കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്.
വടക്കുപടിഞ്ഞാറൻ ഇന്ത്യ ഒഴികെ ഒരു പ്രദേശത്തും അധികമഴയുണ്ടാവില്ലെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ(ഐഎംഡി) പ്രവചനമെങ്കിലും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കേരളത്തിലുണ്ടായ അതിതീവ്രമഴ ഇത്തവണയും ഇവിടെ ഉണ്ടാകാമെന്നാണു കണക്കാക്കുന്നത്. മഴ അടുത്തകാലത്തായി പ്രവചനം തെറ്റിക്കുക പതിവാണ്. ഏത് അവസ്ഥയെയും നേരിടാൻ മുൻകരുതൽ എടുക്കുക എന്നതു മാത്രമേ ഇപ്പോൾ കരണീയമായുള്ളൂ. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ചില കർമപദ്ധതികൾ തയാറാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു കൈപ്പുസ്തകം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. പക്ഷേ ഏട്ടിലെ പശു പുല്ലു തിന്നില്ലെന്ന കാര്യം വിസ്മരിക്കരുത്. മാർഗനിർദേശങ്ങളുടെയും പഠനങ്ങളുടെയും അഭാവമല്ല, കാര്യക്ഷമമായ പ്രായോഗിക പ്രവർത്തനങ്ങളുടെ അഭാവമാണു പലപ്പോഴും പ്രശ്നങ്ങൾക്കു കാരണമാകുന്നത്.
കാലാവസ്ഥാ പ്രവചനങ്ങളെല്ലാം കാറ്റിൽ പറന്ന അവസരങ്ങളേറെയാണ്. 2018ൽ ആലുവ പറവൂർ പ്രദേശത്തു മുന്നൂറു മീറ്റർ വീതിയിൽ നദി കരകവിയുമെന്നു പറഞ്ഞിടത്ത് 1500 മീറ്റർ വീതിയിലാണു വെള്ളം പരന്നൊഴുകിയത്. പല വീടുകളുടെയും മേൽക്കൂര വരെ വെള്ളത്തിൽ മുങ്ങി. മുന്നനുഭവങ്ങൾ മുന്നറിയിപ്പുകളായെടുക്കണം. ഈ മഴക്കാലത്തു ജലനിരപ്പു ഗണ്യമായി ഉയർന്നാൽ വൻതോതിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും. മുൻ വർഷങ്ങളിലേതിൽനിന്നു വ്യത്യസ്തമായ പുനരധിവാസമാവും കോവിഡ് കാലത്തു വേണ്ടിവരുക. സ്കൂളുകളും മറ്റും ദുരിതാശ്വാസ കേന്ദ്രങ്ങളാക്കുകയും ജനങ്ങളെ ഇത്തരം ക്യാന്പുകളിൽ കൂട്ടത്തോടെ താമസിപ്പിക്കുകയും ചെയ്യുന്ന പതിവു രീതി ഇത്തവണ സാധ്യമല്ല. അപ്പോൾ പകരം സംവിധാനമുണ്ടാകണം. ദുരിതാശ്വാസ ക്യാന്പുകളിലെ ആരോഗ്യരക്ഷാ പ്രവർത്തനങ്ങൾ മുന്പും വെല്ലുവിളിയായിരുന്നു. കോവിഡ് ഭീഷണി ഈ വെല്ലുവിളിയുടെ മാനം വർധിപ്പിക്കും.
സാമൂഹ്യ അകലപാലനവും മറ്റു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കുറെക്കാലംകൂടി തുടരേണ്ടിവരും. കാലവർഷം നമുക്കു സാവകാശം തരില്ല. ഇത്തവണ ജൂൺ ഒന്നിനുതന്നെ കാലവർഷം ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്തു പലേടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടുകഴിഞ്ഞു. തിരുവനന്തപുരത്തും കൊച്ചിയിലുമൊക്കെ നഗരപരിധിയിലുള്ള മിക്ക ഇടറോഡുകളും കനത്ത മഴയിൽ വെള്ളം നിറഞ്ഞു തോടുകൾപോലെയാവും. മഴക്കാലരോഗങ്ങൾ ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽനിന്നു ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെടുന്നു. പല മഴക്കാല രോഗങ്ങൾക്കും കാരണം ശുചിത്വത്തിന്റെ കുറവാണെന്നു മനസിലാക്കി അതെങ്കിലും പരിഹരിക്കാൻ നാം ശ്രമിക്കണം.
ലോക്ക്ഡൗൺ കേരളത്തിലെ തെരുവുകളെ ഒട്ടൊക്കെ മാലിന്യമുക്തമാക്കിയിരുന്നു. കടകന്പോളങ്ങൾ അടഞ്ഞുകിടന്നതും യാത്രാനിയന്ത്രണവുമൊക്കെയാണിതു സാധ്യമാക്കിയത്. എന്നാൽ ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ സ്ഥിതി മാറുകയായി. നഗരനിരത്തുകളിൽ പഴയതുപോലെ മാലിന്യങ്ങൾ കുന്നുകൂടിത്തുടങ്ങി. ഓടകൾ നിറഞ്ഞുകവിയാനും തുടങ്ങി. വെള്ളക്കെട്ടുകൾ അവിടവിടെ രൂപപ്പെടുന്നു. തെരുവുനായ ശല്യവും രൂക്ഷമാണ്. ഇതു കാൽനടക്കാർക്കു മാത്രമല്ല, ഇരുചക്ര വാഹനങ്ങളോടിക്കുന്നവർക്കും അപകടം വിളിച്ചുവരുത്തുന്നു. ഇടുക്കി, പത്തനംതിട്ട, വയനാടു ജില്ലകളിൽ വന്യജീവികൾ കൂട്ടത്തോടെ നാട്ടുപാതകളിലേക്കിറങ്ങിയിട്ടുണ്ട്. മൂന്നാറിലും പത്തനംതിട്ടയിലും ആനയും കടുവയും കാട്ടുപോത്തുമൊക്കെ നാടു സന്ദർശിക്കാനെത്തി. പത്തനംതിട്ടയിൽ കടുവ ഒരാളെ കൊലപ്പെടുത്തി. ആറളം ഫാമിൽ കാട്ടാന ഒരാളെ കൊന്നു.
ഈ മഴക്കാലത്തും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവുമെന്നു മുന്നറിയിപ്പുണ്ടായിരിക്കേ നാം ഏറെ ജാഗ്രത പുലർത്തേണ്ടതുണ്ട്.കോട്ടയം തലപ്പലം പഞ്ചായത്തിലെ തെക്കേമലയിൽ കനത്ത മഴയിൽ വലിയ മണ്ണിടിച്ചിലുണ്ടായി. രണ്ടു പാറമടകളുടെ മധ്യഭാഗത്താണിതു സംഭവിച്ചത്. ലോക്ക്ഡൗൺ കാലത്തു പാറമടകൾക്ക് അനുമതി കൊടുത്തതിനെക്കുറിച്ചു വിവാദം ഉയർന്നിരുന്നു.
2018ലെ പ്രളയത്തിൽ കുട്ടനാട് മൊത്തം ജലത്തിനടിയിലായി. ജനങ്ങളെ മുഴുവൻ കരയ്ക്കെത്തിക്കേണ്ടിവന്നു. നിരവധിപേർ കരപ്രദേശത്തുള്ള ബന്ധുവീടുകളിൽ അഭയം തേടിയെങ്കിലും ഏറെപ്പേർക്കു ദുരിതാശ്വാസ ക്യാന്പുകളെ ആശ്രയിക്കേണ്ടിവന്നു. ആയിരക്കണക്കിനാളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പാർപ്പിച്ചു. അന്നു കോവിഡ് പോലൊരു മഹാമാരിയെക്കുറിച്ച് ആരും ചിന്തിച്ചിരുന്നുപോലുമില്ല. ഈ വർഷം പ്രളയമുണ്ടാവുകയും ജനങ്ങളെ പുനരധിവസിപ്പിക്കുകയും ചെയ്യേണ്ടിവന്നാൽ വളരെ ഭീഷണമായൊരു വെല്ലുവിളിയാവും നാം നേരിടേണ്ടിവരുക.
കാലവർഷ, തുലാവർഷ കെടുതികൾ നേരിടുന്നതിന് കരയിലും വെള്ളത്തിലും ഒരേസമയം രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന ആംഫിബിയൻ വാഹനം കേരളത്തിലെത്തിക്കണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. അതിർത്തിരക്ഷാസേനയുടെ ഉടമസ്ഥതയിലുള്ളതാണിത്. ബിഎസ്എഫിന്റെ രണ്ടു വാട്ടർവിംഗ് ടീമിനെയും കേരളത്തിലേക്ക് അയയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2018ൽ ആംഫിബിയൻ വാഹനം കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും അതു ഗുജറാത്തിൽനിന്ന് ഇവിടെയെത്തിയപ്പോഴേക്കും രക്ഷാദൗത്യം ഏതാണ്ടു പൂർത്തിയായിരുന്നു. പരിശീലനം സിദ്ധിച്ച ദേശീയ ദുരന്തപ്രതികരണസേനയുടെ 28 ടീമുകളെയാണു കേരളം ഇത്തവണ ആവശ്യപ്പെട്ടിരിക്കുന്നത്.
ശുചീകരണ പ്രവർത്തനങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണം. റോഡുകളിൽ വെള്ളക്കെട്ടുകൾ ഒഴിവാക്കണം. വിവിധ സർക്കാർ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രയത്നം ഉണ്ടെങ്കിൽ മാത്രമേ ഈ പ്രതിസന്ധിയുടെ നാളുകൾ വിജയകരമായി തരണം ചെയ്യാനാവൂ. ഉപയോഗിച്ച മാസ്കുകൾ വലിച്ചെറിയുന്നതു പരിസരമലിനീകരണത്തിനു മാത്രമല്ല, രോഗവ്യാപനത്തിനും കാരണമാകും. ഈ രീതി പൂർണമായി ഉപേക്ഷിക്കണം. സ്കൂൾ കുട്ടികൾക്കായി ഇപ്പോൾ നടക്കുന്ന ഓൺലൈൻ ക്ലാസുകളിൽ ശുചിത്വ പ്രവർത്തനങ്ങളെക്കുറിച്ചു ബോധവത്കരണം നടത്താവുന്നതാണ്.