ദാരിദ്ര്യ നിർമാർജനവും പാവപ്പെട്ടവർക്കു തൊഴിൽ ലഭ്യതയും ലക്ഷ്യമിട്ടുള്ള മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പ്രവർത്തനരീതിയിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്നിരിക്കുന്ന പരിഷ്കാരങ്ങൾ കോവിഡ്കാലത്തെ തൊഴിൽമാന്ദ്യവും വരുമാനനഷ്ടവും പരിഹരിക്കാൻ പര്യാപ്തമാകണം
തൊഴിലുറപ്പു പദ്ധതി എന്നറിയപ്പെടുന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിൽദാന പദ്ധതി (എംജിഎൻആർഇജിഎ) ദാരിദ്ര്യ നിർമാർജനത്തിനും തൊഴിൽലഭ്യതയ്ക്കുംവേണ്ടി പ്രത്യേകം ആവിഷ്കരിക്കപ്പെട്ടതായിരുന്നു. തുടക്കത്തിൽ അതു വളരെ ഭാവനാപൂർണമായ ഒന്നായിരുന്നു. എന്നാൽ ഈ പദ്ധതിയിൽ വെള്ളം ചേർക്കപ്പെട്ടു. ബജറ്റ് വിഹിതത്തിൽ കാലാനുസൃതമായ വർധന ഉണ്ടായില്ല. എന്നിരുന്നാലും ഗ്രാമീണമേഖലയിൽ പാവപ്പെട്ട ഏറെ തൊഴിലാളികൾക്ക് പദ്ധതി പ്രയോജനകരമായി. ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ടവരുടെയും അവിദഗ്ധ തൊഴിലാളികളുടെയും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും അവർക്ക് ജീവിതായോധനത്തിനുള്ള വരുമാനം ഉറപ്പാക്കുന്നതിനും ഈ തൊഴിൽദാന പദ്ധതി പ്രയോജനപ്പെട്ടു. സ്ത്രീത്തൊഴിലാളികൾക്ക് ഈ പദ്ധതിയിലൂടെ ലഭിച്ച വരുമാനം അനവധി ഭവനങ്ങളിൽ ദാരിദ്ര്യം മാറ്റി.
തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ചു പല പരാതികളും ഉണ്ടായിരുന്നു. അവ പരിഹരിച്ചു മുന്നോട്ടു പോകുന്നതിനു പകരം പദ്ധതിതന്നെ ഇല്ലായ്മ ചെയ്യുന്നതിനു ചില ശ്രമങ്ങൾ നടന്നു. നരേന്ദ്ര മോദി സർക്കാർ തൊഴിലുറപ്പു പദ്ധതിയുടെ കാര്യത്തിൽ വേണ്ടത്ര താത്പര്യം കാട്ടുന്നില്ലെന്നു പരാതി ഉയർന്നിരുന്നു. തൊഴിലുറപ്പു പദ്ധതിക്കായുള്ള ബജറ്റ് വിഹിതത്തിൽ ആ താത്പര്യമില്ലായ്മ പ്രതിഫലിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി എല്ലാക്കാലത്തേക്കും തുടരാൻ ഉദ്ദേശിക്കുന്നില്ലെന്നു കേന്ദ്ര കൃഷി-ഗ്രാമവികസനമന്ത്രി നരേന്ദ്രസിംഗ് തോമർ കഴിഞ്ഞ ജൂലൈയിൽ പറയുകയും ചെയ്തു. മുൻ സർക്കാർ നടപ്പാക്കിയ പദ്ധതിയെന്നതുകൊണ്ടു തൊഴിലുറപ്പു പദ്ധതി ഇല്ലാതാക്കുന്നത് ഭോഷത്തമായിരിക്കുമെന്ന് അന്നു പലരും ചൂണ്ടിക്കാട്ടി.
ഏതായാലും കോവിഡ് മഹാമാരി ഈ പദ്ധതിയെ രക്ഷിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച സ്വയംപര്യാപ്ത ഭാരത്(ആത്മനിർഭർ ഭാരത്) ഉത്തേജക പാക്കേജിന്റെ അവസാനഘട്ടത്തിൽ തൊഴിലുറപ്പു പദ്ധതിക്കു കൂടുതലായി 40,000 കോടി രൂപകൂടി ധനമന്ത്രി അനുവദിച്ചു. കഴിഞ്ഞ കേന്ദ്രബജറ്റിൽ തൊഴിലുറപ്പു പദ്ധതിക്കുവേണ്ടി നീക്കിവച്ചിരുന്ന 61,000 കോടി രൂപയ്ക്കു പുറമേയാണിത്. ഇതിലൂടെ 300 കോടി തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനാവുമെന്നാണു ധനമന്ത്രി നിർമല സീതാരാമൻ പറയുന്നത്.
തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ജോലികളെ സംബന്ധിച്ചു പരാതികളുണ്ടായിരുന്നു. കാർഷിക മേഖലയുടെ സമഗ്രമായ വികസനത്തിന് ഈ പദ്ധതി ഏറെ പ്രയോജനകരമാകേണ്ടതായിരുന്നു. എങ്കിൽ ഗ്രാമീണ ജനതയുടെ - വിശിഷ്യ, കർഷകരുടെയും തൊഴിലാളികളുടെയും - ജീവിതത്തിൽ അതു കാര്യമായ മാറ്റം ഉളവാക്കുമായിരുന്നു. റബർ കൃഷിയെ തൊഴിലുറപ്പിന്റെ ഭാഗമാക്കുമെന്നു വാഗ്ദാനമുണ്ടായിരുന്നു.
കേന്ദ്രസർക്കാർ തൊഴിലുറപ്പു പദ്ധതിക്കായി കൂടുതൽ പണം നീക്കിവയ്ക്കുകയും പദ്ധതി മെച്ചപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ, പദ്ധതിയുടെ ഗുണഭോക്താക്കളായ കർഷകർക്കും തൊഴിലാളികൾക്കും പ്രതീക്ഷ പകരുന്ന ചില തീരുമാനങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. തൊഴിലുറപ്പു പദ്ധതിയുടെ പ്രവർത്തനരീതി അഴിച്ചുപണിതിരിക്കയാണ്. സുഭിക്ഷകേരളം പദ്ധതിക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനമായിരിക്കും ഇനി തൊഴിലുറപ്പു പദ്ധതിയിലൂടെ നടപ്പാക്കുക. കേരളത്തിൽ കൃഷിയോഗ്യമായ ഭൂമിയുടെ വിസ്തീർണം നാൾക്കുനാൾ കുറഞ്ഞുകൊണ്ടിരിക്കേ തരിശുഭൂമി വികസനത്തിനായി സംസ്ഥാന സർക്കാർ ഇപ്പോൾ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
ആസൂത്രണമില്ലാതെ നടപ്പാക്കിയ വികസനം പലേടത്തും തരിശുഭൂമി സൃഷ്ടിച്ചു. ജലസേചന സൗകര്യം കുറയുകയും നെൽപ്പാടങ്ങൾ കീറിമുറിക്കപ്പെടുകയും ചെയ്തതോടെ അനേകം ചെറിയ പ്ലോട്ടുകളിൽ ആരും കൃഷിയിറക്കാതായി. പലതും കള കയറി കാടായി. വലിയ പാടശേഖരങ്ങൾപോലും കൃഷി ചെയ്യാതെ പാഴ്നിലമായിക്കിടക്കുകയാണ്. തൊഴിലുറപ്പു പദ്ധതിയുടെ പുതിയ മാർഗരേഖ പ്രകാരം തരിശുഭൂമി കൃഷിഭൂമിയാക്കുന്നതിനൊപ്പം മൃഗസംരക്ഷണം, മത്സ്യക്കൃഷി എന്നീ മേഖലകളിലും പദ്ധതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. കാടു വെട്ടിത്തെളിക്കൽ, കിള എന്നിങ്ങനെ ആവർത്തനസ്വഭാവമുള്ള ജോലികൾ അനുവദിക്കേണ്ടതില്ലെന്നാണു തൊഴിലുറപ്പു മിഷൻ തീരുമാനിച്ചിരിക്കുന്നത്.
കൃഷിക്കാവശ്യമായ ജലസേചനം, കൃഷിയിടങ്ങളിലെ കുളങ്ങളുടെ നിർമാണം, കനാലുകളുടെയും തോടുകളുടെയും നിർമാണവും പുനരുദ്ധാരണവും എന്നിവകൂടി തൊഴിലുറപ്പിന്റെ പരിധിയിലേക്കു കൊണ്ടുവരുകയാണ്. പൊതുസ്ഥലങ്ങളിലും സ്വകാര്യഭൂമിയിലും ജലസേചനത്തിനാവശ്യമുള്ള കുളങ്ങൾ, കിണറുകൾ എന്നിവ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി നിർമിക്കും. പൊതുകുളങ്ങളുടെയും ജലസേചന ചാലുകളുടെയും പുനർനിർമാണവും പദ്ധതിയിൽ ഉൾപ്പെടുത്തും. ഓരോ സംസ്ഥാനത്തിന്റെയും കാർഷിക സാഹചര്യവും തൊഴിൽ സാധ്യതകളും കണക്കിലെടുത്തു വേണം ഇത്തരം വലിയ പദ്ധതികൾ സംബന്ധിച്ച മാർഗരേഖ തയാറാക്കാൻ.
കൃത്യമായി പ്രതിഫലം നൽകാതെയും തൊഴിൽദിനങ്ങൾ വെട്ടിക്കുറച്ചുമൊക്കെ തൊഴിലുറപ്പു പദ്ധതിയെ ദുർബലമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതായി പരാതിയുണ്ടായിരുന്നു. പദ്ധതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ കഴിഞ്ഞ നവംബർ അഞ്ചിനു രാജ്ഭവൻ മാർച്ച് നടത്തി. പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന കുടുംബത്തിന് പ്രതിവർഷം നൂറു തൊഴിൽദിനങ്ങളെങ്കിലും നൽകുക എന്നതായിരുന്നു പ്രാരംഭ ലക്ഷ്യം. തുടക്കത്തിൽ ഒരു ലക്ഷം കുടുംബങ്ങൾക്കു നൂറു ദിവസം തൊഴിൽ നൽകാൻ കഴിഞ്ഞിരുന്നു. പിന്നീട് ഗുണഭോക്താക്കളായ കുടുംബങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ഗുണഭോക്താക്കളുടെ എണ്ണം മാത്രമല്ല, തൊഴിൽദിനങ്ങളും കുറഞ്ഞുവരുകയാണ്. രജിസ്റ്റർ ചെയ്തു മാസങ്ങൾ കഴിഞ്ഞിട്ടും തൊഴിൽ കിട്ടാത്ത സാഹചര്യത്തിൽ പലരും മറ്റു വരുമാനമാർഗം തേടിപ്പോയി. ജോലി കിട്ടിയവർക്കുതന്നെ വേതനക്കുടിശികയും വർധിച്ചുവന്നു.
ആസ്തി വികസനവുമായി ബന്ധപ്പെട്ട ജോലികൾക്കു മുൻഗണന നൽകണമെന്ന കേന്ദ്രനിർദേശം നടപ്പാക്കിയതാണു തൊഴിലാളികൾ കൊഴിഞ്ഞുപോകാൻ കാരണമായത്. മണ്ണ്, ജലസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ജോലികൾക്കാണു തൊഴിലുറപ്പുകാരെ പ്രധാനമായും ഉപയോഗിച്ചിരുന്നത്. അതിനാൽ കുളം കുഴിക്കൽ, കാടുതെളിക്കൽ തുടങ്ങിയ ജോലികളാണു മുഖ്യമായി നടന്നത്. കാടുവെട്ട് പരിസര ശുചിത്വത്തിനു സഹായകമാണെങ്കിലും അതിൽ മാത്രം ശ്രദ്ധയൂന്നിയാൽ പദ്ധതിയുടെ പ്രധാന ലക്ഷ്യം പ്രാപിക്കാനാവില്ലല്ലോ. കോവിഡിനുശേഷം കേരളം നേരിടാനിടയുള്ള ഗുരുതരമായ തൊഴിലില്ലായ്മയും വരുമാനനഷ്ടവും ഒരു പരിധിവരെയെങ്കിലും പരിഹരിക്കാൻ തൊഴിലുറപ്പു പദ്ധതി ഉപകരിക്കണം.