ആ കോള്‍ നിങ്ങള്‍ക്കും വരാം; കരുതിയിരിക്കുക
ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശിനിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. വിളിക്കുന്ന ആള് മുംബൈ ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തിക്കൊണ്ട് സംസാരം തുടങ്ങി. മുംബൈയിലെ പ്രമുഖ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ ഗൂഗിള്‍ പേ വഴി തെറ്റി അയ്യായിരം രൂപ യുവതിയുടെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നായിരുന്നു ഹിന്ദിയിലുള്ള സംഭാഷണം.
അങ്ങനെ വരാന്‍ വഴിയില്ലല്ലോയെന്നു യുവതി പറഞ്ഞപ്പോള്‍ ലിങ്ക് അയച്ചിട്ടുണ്ട്, അതൊന്നു പരിശോധിച്ച് പണം തിരിച്ചിടണമെന്നു വളരെ സൗമ്യതയോടെ അങ്ങേത്തലയ്ക്കല്‍നിന്ന് ഉദ്യോഗസ്ഥന്റെ സംസാരം തുടര്‍ന്നു. കോട്ടയം സ്വദേശിനി മെസേജുകള്‍ പരിശോധിച്ചപ്പോള്‍ അത്തരത്തിലുള്ള ഒരു സന്ദേശം വന്നതായി കണ്ടു. സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് കേട്ടിട്ടുള്ളതിനാല്‍ അവര്‍ അതത്ര കാര്യമാക്കിയില്ല. എന്നാല്‍ തുടര്‍ച്ചയായി മുംബൈ ആര്‍ടി ഓഫീസറുടെ കോളെത്തിയതോടെ തന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്ന് യുവതി പറഞ്ഞു.
അതോടെ ഉദ്യോഗസ്ഥന്റെ സംസാരം ഇംഗ്ലീഷിലായി. പണം ഉടന്‍ തിരിച്ചിട്ടില്ലെങ്കില്‍ തുടര്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും ജയിലില്‍ പോകേണ്ടിവരുമെന്ന ഭീഷണിപ്പെടുത്തലുമാണ് പിന്നീട് ഉണ്ടായത്. എന്നാല്‍ അതൊന്നു കാണട്ടെയെന്ന് യുവതി അറിയിച്ചതോടെ കോള്‍ കട്ടായി. ഓണ്‍ലൈന്‍ പേമെന്റ് ആപ് വഴി അക്കൗണ്ടിലേക്ക് വരുന്ന തുകയുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘം സജീവമാണെന്നതിന് തെളിവാണ് ഈ സംഭവം.