ലോക്ക് ഡൗൺ നീട്ടിയെങ്കിലും ചില ഇളവുകളോടെ അതിനെ നേരിടാൻ കേരളം തയാറെടുക്കുകയാണ്. ഇളവുകൾ ദുരുപയോഗിക്കാതെ, അതു നമുക്കും നാടിനും ഗുണകരമാക്കി, സ്വയം നിയന്ത്രണം പാലിച്ചും നിർദേശങ്ങൾ അനുസരിച്ചും നമ്മെത്തന്നെയും സമൂഹത്തെയും സംരക്ഷിക്കാം
നാലാം ഘട്ട ലോക്ക് ഡൗൺ മേയ് 31 വരെ നീട്ടിയെങ്കിലും ഇളവുകളുടെ കാര്യത്തിൽ സംസ്ഥാനങ്ങൾക്കു ചില തീരുമാനങ്ങളെടുക്കാമെന്ന സ്ഥിതി വന്നിരിക്കുന്നു. കേന്ദ്ര മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടും വളരെ ജാഗ്രതയോടെയും വേണം സംസ്ഥാനങ്ങൾ ഈ സ്വാതന്ത്ര്യം ഉപയോഗിക്കാൻ. ഇളവുകൾ ദുരുപയോഗിക്കാനുള്ള വ്യഗ്രത എല്ലായിടത്തും പ്രകടമാവും. ഓരോ ഇളവും പ്രഖ്യാപിക്കുന്പോൾ അതിന്റെ ഇരട്ടി ഇളവ് എടുക്കാനാവും ശ്രമം. നിയന്ത്രണമൊന്നും തങ്ങൾക്കു ബാധകമല്ലെന്നു കരുതുന്നവരുമുണ്ട്. ക്വാറന്റൈൻ നിർദേശങ്ങൾ അനുസരിക്കാൻപോലും ചിലർക്കു വലിയ പ്രയാസമാണ്. ഇതു തങ്ങൾക്കുകൂടി വേണ്ടിയാണെന്ന ചിന്ത പലർക്കുമില്ല. ഇത്തരം ചിന്താഗതികളിലും ശീലങ്ങളിലും മാറ്റം അനിവാര്യമായിരിക്കുന്നു.
കോവിഡ് രോഗവ്യാപനത്തിലും മരണനിരക്കിലും കേരളം പിന്നാക്കം നിൽക്കുന്നതിനു കാരണം തുടക്കം മുതൽ നാം പ്രകടിപ്പിച്ച ജാഗ്രതയാണ്. അതു നഷ്ടമാകാൻ അധികസമയമൊന്നും വേണ്ട. കോവിഡ് പ്രതിരോധത്തിന്റെ മൂന്നാം ഘട്ടം അതീവ ജാഗ്രത ആവശ്യമുള്ളതാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേരളത്തിൽ ഇന്നലെ 29 പേർക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 21 പേർ വിദേശത്തുനിന്നും ഏഴുപേർ അന്യസംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. കണ്ണൂരിൽ ഒരു ആരോഗ്യപ്രവർത്തകയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ പുതുതായി പ്രഖ്യാപിച്ച ആറ് സ്ഥലങ്ങൾ ഉൾപ്പെടെ 29 ഹോട്ട്സ്പോട്ടുകളാണിപ്പോൾ കേരളത്തിലുള്ളത്. രോഗബാധിതരും ഹോട്ട്സ്പോട്ടുകളും കൂടുന്ന സാഹചര്യംകൂടി കണക്കിലെടുത്തു വേണം സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകളോടു നാം പ്രതികരിക്കേണ്ടത്.
കേരളം ഇന്നലെ പ്രഖ്യാപിച്ച ഇളവുകളിലൊന്ന് പൊതുഗതാഗത രംഗത്താണ്. സ്വകാര്യ വാഹനങ്ങൾക്കു പുറമേ ടാക്സിയും ഓട്ടോറിക്ഷയും ഓടിക്കാൻ അനുമതി നൽകിയിരിക്കുന്നു. ബസ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കും. മദ്യശാലകൾ തുറക്കാനുള്ള തീരുമാനമാണ് മറ്റൊരു പ്രധാന ഇളവ്. ലോക്ക് ഡൗണിനെത്തുടർന്നു മദ്യശാലകൾ അടച്ചിട്ട് ഒന്നര മാസം കഴിഞ്ഞു. ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ മൂന്നാം ഘട്ട ലോക്ക് ഡൗണിൽ മദ്യശാലകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. വലിയ ജനക്കൂട്ടമാണ് അവിടങ്ങളിൽ മദ്യം വാങ്ങാനെത്തിയത്. കോവിഡ് പ്രതിരോധം തകർക്കുന്ന രീതിയിലുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിനു ബലപ്രയോഗം നടത്തേണ്ടിവന്നു.
കേരളം അന്ന് ആ തീരുമാനത്തിൽനിന്ന് ഒഴിഞ്ഞുനിന്നു. വളരെ കരുതലോടെ നാം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ തകരാൻ ഇടയാകരുതെന്ന ചിന്തയാണ് അതിനു പിന്നിലെന്നാണു നാം കരുതിയത്. എന്നാൽ അത്തരമൊരു സദുദ്ദേശ്യമായിരുന്നോ അതിനു പിന്നിലെന്ന് ഇപ്പോൾ സംശയിക്കേണ്ടിയിരിക്കുന്നു. വ്യാപകമായ മദ്യലഭ്യത ഉറപ്പാക്കാനാണിപ്പോൾ നീക്കം. ബിവറേജസ് കോർപറേഷന്റെയും സപ്ലൈകോയുടെയും മദ്യവില്പനശാലകൾക്കു പുറമേ ബാറുകളും ബിയർ, വൈൻ പാർലറുകളും ബുധനാഴ്ച തുറക്കുകയാണ്. അവിടങ്ങളിൽ പാഴ്സലായി മദ്യം വിൽക്കാനാണു പോകുന്നത്.
മൂന്നാം ഘട്ട ലോക്ക് ഡൗൺ മേയ് 17ന് അവസാനിച്ചപ്പോഴും രാജ്യത്ത് കോവിഡ് രോഗവ്യാപനനിരക്കിന്റെ ഗ്രാഫ് മുകളിലേക്കുതന്നെയാണ്. ഇതിനോടകം മൂവായിരത്തിലധികം പേർക്കു ജീവഹാനി നേരിട്ടു. രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്കു കുതിക്കുകയാണ്. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും നിരവധിപേരാണു കേരളത്തിലേക്കു മടങ്ങുന്നത്. ഇനിയുമേറെപ്പേർ മടക്കയാത്രയ്ക്കായി കാത്തിരിക്കുന്നു.
പൊതുഗതാഗതം ഭാഗികമായി ആരംഭിക്കുന്പോഴും വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്പോഴും സർക്കാർ ഓഫീസുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനം പുനരാരംഭിക്കുന്പോഴും ഉണ്ടാകുന്ന പ്രശ്നങ്ങൾ ഭരണകൂടം മുൻകൂട്ടി കാണണം. സ്കൂൾ പ്രവേശനത്തിനുള്ള നടപടികൾ ഇന്നലെ ആരംഭിച്ചിരുന്നു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഈ മാസാവസാനംതന്നെ നടത്തുമെന്നാണു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂലൈയിലേക്കു മാറ്റി. സംസ്ഥാനത്തെ പല സർക്കാർ സ്കൂളുകളും സമൂഹ അടുക്കളയ്ക്കായി ഉപയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ അവ ശുചിയാക്കിയെടുക്കേണ്ടതുണ്ട്. ഇത്തവണ കനത്ത മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളുടെ സുരക്ഷ പ്രത്യേകം ഉറപ്പാക്കണം. ഈ ദിവസങ്ങളിലെ കനത്ത കാറ്റും മഴയും മുന്നറിയിപ്പാണ്. ഇടവപ്പാതിയും കാലവർഷവും ഇത്തവണയും കനക്കുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. മഹാപ്രളയത്തിന്റെ കെടുതികൾ ഓർമയിൽനിന്നു മറഞ്ഞിട്ടില്ല. കോവിഡ് പ്രതിസന്ധി കുറേക്കാലംകൂടി തുടരുമെന്നു ലോകാരോഗ്യസംഘടനയും ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പു തരുന്ന സാഹചര്യത്തിൽ മഴയും കാറ്റും പ്രളയവും ഉണ്ടാക്കാനിടയുള്ള പ്രതിസന്ധിയും കേരളം മുൻകൂട്ടി കാണേണ്ടതുണ്ട്.
തൊഴിൽനഷ്ടവും വരുമാനക്കുറവും ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയാണ്. ശാരീരികവും മാനസികവുമായ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ജനങ്ങൾക്ക് സാധിക്കുന്ന എല്ലാ സഹായവും സാന്ത്വനവും നൽകാൻ സർക്കാരും സമൂഹവും ശ്രമിക്കണം. കോവിഡ് കാലത്തു മദ്യശാലകൾ തുറക്കുന്നതു മൂലമുള്ള സാമൂഹിക പ്രശ്നങ്ങളെയൊക്കെ അവഗണിച്ച സർക്കാർ കർശന നിയന്ത്രണങ്ങളോടെയെങ്കിലും ആരാധനാലയങ്ങൾ തുറക്കുന്നതിനെക്കുറിച്ചു നിശബ്ദത പാലിക്കുകയാണ്. കടുത്ത ഉത്കണ്ഠകളിലൂടെയും വേദനയിലൂടെയും കടന്നുപോകുന്നവർക്ക് ആത്മീയ സാന്ത്വനം ആശ്വാസത്തിനിടയാക്കുമെങ്കിൽ അതിന് അവസരം തീർത്തും നിഷേധിക്കരുത്. സാമൂഹിക അകലം പാലിച്ചും കോവിഡ് പ്രോട്ടോക്കോളിനനുസരിച്ചും ആളുകൾക്ക് ആരാധനാലയങ്ങളെ ആശ്രയിക്കാൻ അവസരം നൽകണം.
പുതിയ ചില ജീവിതരീതികൾ ശീലിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. അതിൽ പ്രധാനം ശുചിത്വംതന്നെ. ആരോഗ്യപാലനത്തിൽ അതിനുള്ള സ്ഥാനം അദ്വിതീയമാണല്ലോ. കോവിഡ് പ്രതിരോധത്തിന് അനിവാര്യമായ സാമൂഹിക അകലം, മാസ്കുകളുടെ ഉപയോഗം, കൈകഴുകൽ തുടങ്ങിയ കാര്യങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുകയാണ്. ഇവയൊക്കെ കൃത്യമായി പാലിക്കേണ്ട ഇപ്പോഴത്തെ സാഹചര്യം മനസിലാക്കി ലോക്ക് ഡൗൺ ഇളവുകളെ സ്വീകരിച്ചാൽ അതു വ്യക്തികൾക്കും സമൂഹത്തിനും ഉപകരിക്കും.